കൊളംബോ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടീം ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾ ഉൾപ്പെടുന്ന ഇന്ത്യയുടെ ആദ്യ പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. രാത്രി ഏഴിനാണ് മത്സരം.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകൻ ഗൗതം ഗംഭീറിനും ഇന്ത്യൻ ടീമിനൊപ്പം ഇന്ന് ആദ്യ മത്സരമാണ്. ശുഭ്മാൻ ഗില്ലായിരിക്കും വൈസ്ക്യാപ്റ്റൻ. സിംബാബ് വെയിൽ നടന്ന പരമ്പര ഇന്ത്യൻ യുവനിര 4-1ന് സ്വന്തമാക്കിയിരുന്നു. ശുഭ്മാൻ ഗില്ലായിരുന്നു സിംബാബ്വെ പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. ശ്രീലങ്കക്കെതിരേയുള്ള ടി20 പരമ്പരക്ക് ശേഷം ഇന്ത്യ മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയും ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ഏകദിനത്തിൽ രോഹിത് ശർമയാകും ഇന്ത്യൻ സംഘത്തെ നയിക്കുക. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ടെങ്കിലും താരം ഇന്ന് ആദ്യ ഇലവനിൽ ഉൾപ്പെടുമോ എന്ന കാര്യം വ്യക്തമല്ല.
യുവതാരങ്ങളാ റിങ്കു സിങ്, റിയാൻ പരാഗ്, ഓൾ റൗണ്ടർമാരായ അക്സർ പട്ടേൽ, ഹർദിക് പാണ്ഡ്യ എന്നിവരും നീലപ്പടയിലെ നിറസാന്നിധ്യങ്ങളാണ്. ബൗളർമാരായ അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി, ഖലീൽ അഹ്മദ് എന്നിവരാണ് ടീമിലുൾപ്പെട്ടിട്ടുള്ളത്. ടി20 ലോകകപ്പിന് ശേഷം ശ്രീലങ്കയുടെ ആദ്യ പരമ്പരയാണ് ഇന്നത്തേത്.