ഷാജി ജോര്‍ജ്
ഈയാഴ്ച പുസ്തകക്കുറിപ്പ് അല്ല; മലയാളം എക്കാലവും ഓര്‍ത്തിരിക്കേണ്ട പ്രമുഖനായ ഒരു പ്രസാധകന്റെ ഓര്‍മ്മകളിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. നേരില്‍ കാണാത്ത കെ.എ. പോള്‍ സാറിന്റെ അനുസ്മരണയോഗത്തിലേക്ക് പോകാന്‍ വലിയ ഉത്സാഹമുണ്ടായിരുന്നു. എറണാകുളം കലൂരിലുള്ള കണ്ണന്‍നായര്‍ സാംസ്കാരികകേന്ദ്രമാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. (സഖാവ് കണ്ണന്‍നായര്‍ ദേശാഭിമാനിയുടെ മാനേജരായിരുന്നു) കൊച്ചിയുടെ മുന്‍ മേയറും ജിസിഡിഎ ചെയര്‍മാനുമായിരുന്ന കെ. ബാലചന്ദ്രനായിരുന്നു പ്രധാന സംഘാടകന്‍. പ്രശസ്തനായ പ്രസാധകനും എഴുത്തുകാരനും വിവര്‍ത്തകനും പത്രാധിപരുമായിരുന്ന കെ.എ. പോളിനെ അനുസ്മരിക്കാന്‍ പ്രസാധകനായ എനിക്ക് അര്‍ഹതയുണ്ടെന്ന് തോന്നി. ചെറിയ അഹങ്കാരം തന്നെ. ആറടി ഉയരവും അതിനൊത്ത ശരീരവുമുള്ള കെ.എ. പോളിന്റെ രൂപവും സ്വഭാവവും സാംസ്കാരികകേന്ദ്രത്തിന്റെ രക്ഷാധികാരിയായ ബാലചന്ദ്രന് വിവരിച്ചപ്പോള്‍ അഹങ്കാരത്തിന്റെ കൂമ്പൊടിഞ്ഞു.
1947ല്‍ കെ.എ. പോള്‍ ആരംഭിച്ച പ്രസാധക പ്രസ്ഥാനമാണ് സാഹിത്യനിലയം. ഇന്നത്തെ കലൂര്‍ ദേശാഭിമാനി റോഡില്‍ വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച സാഹിത്യനിലയം പ്രസ്സിലാണ് പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്.
25 കൊല്ലം സത്യനാദകാഹളം വാരികയില്‍ പത്രാധിപരായി ജോലി ചെയ്തതിനുശേഷമാണ് അദ്ദേഹം സാഹിത്യനിലയം ആരംഭിച്ചത്. കൊല്ലംപറമ്പില്‍ കുടുംബത്തില്‍ 1896 ഏപ്രില്‍ 8ന് ജനിച്ച അദ്ദേഹം പൊറ്റക്കുഴി ഇടവകാംഗമായിരുന്നു. ചെറുപ്പകാലം മുതല്‍ പുസ്തകവായനയിലും ഭാഷാപഠനത്തിലും അതീവ താല്പര്യം പ്രകടിപ്പിച്ചു.
ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യാധികമായ അറിവ് സ്വപ്രയത്നത്താല്‍ കെ.എ. പോള്‍ നേടി. ചാത്യാത്ത് എല്‍എംസിസി സ്കൂളില്‍ കുറച്ചുകാലം അധ്യാപകനായും സേവനമനുഷ്ഠിച്ചു. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ‘പോള്‍മാസ്റ്റര്‍’ എന്നദ്ദേഹത്തെ സ്നേഹപുരസ്പരം വിളിച്ചു.
ധര്‍മ്മദീപിക, കേരള ടൈംസ് തുടങ്ങിയ പത്രങ്ങളുടെ മാര്‍ഗ്ഗദര്‍ശകനും ഉപദേശകനുമായിരുന്നു. അദ്ദേഹത്തിന്റെ വസതിയോടനുബന്ധിച്ച് സ്ഥാപിച്ച സാഹിത്യ നിലയം പ്രസ് അക്കാലത്തെ കലൂരിലെ ഒരു ലാന്‍ഡ്മാര്‍ക്കും വലിയ പ്രശസ്തിയുള്ള സ്ഥാപനവുമായിരുന്നു.
വിവര്‍ത്തനവും ജീവചരിത്ര രചനകളുമായിരുന്നു, സാഹിത്യനിലയം പ്രസിദ്ധീകരിച്ച പ്രധാന പുസ്തകങ്ങള്‍. അവയാകട്ടെ വിശ്വസാഹിത്യത്തിലെ വിഖ്യാതകൃതികളും. യവന ഇതിഹാസ കാവ്യമായ അന്ധകവി ഹോമറിന്റെ ”ഇലിയഡ്” മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
”സോക്രട്ടീസ് സംസാരിക്കുന്നു” എന്ന പുസ്തകം ഗ്രീക്കുചിന്തകന് പ്ലേറ്റോയുടെ ‘പ്ലാറ്റോയുടെ ഡയലോഗുകള്‍’ വിവര്‍ത്തനം ചെയ്തതാണ്. മറ്റു ഇന്ത്യന്‍ ഭാഷകളില്‍ ഇതൊന്നും വിവര്‍ത്തനം ചെയ്യുന്ന കാര്യം അക്കാലത്ത് ആരും ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല. ”എന്റെ ജീവിത കഥ”യെന്ന ഹെലന് കെല്ലറിന്റെ ആത്മകഥയും പ്രധാന വിവര്‍ത്തനഗ്രന്ഥം തന്നെയാണ്. രാജകേസരി ശക്തന് തമ്പുരാന്, മഹാനായ അലക്സാണ്ടര്‍, ജോര്‍ജ് വാഷിംഗ്ടന്‍, എബ്രഹാം ലിങ്കണ്, ഹെന് റി ഫോഡ്, മാഡം ക്യുറി, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, ഫാദര്‍ ഡാമിയന്‍ എന്നിവയാണ് ജീവചരിത്രഗ്രന്ഥങ്ങളില്‍ പ്രധാനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം കൊയ്ത മഹാന്മാരുടെ ജീവ ചരിത്രങ്ങള്‍, ”ടാഗോറിന്റെ കൊച്ചുരത്നങ്ങള്, ലിയോ ടോള്‍സ്റ്റോയി, മോപ്പസാങ്, വില്യം ഷേക്സ്പിയര് തുടങ്ങിയവരുടെ സൃഷ്ടികളെ ആസ്പദമാക്കി രചിച്ച സ്വതന്ത്ര വിവര്‍ത്തനങ്ങളും പല നാടോടി കഥകളും ഉള്‍പ്പെടുന്ന ആറടി മണ്ണ്, കഥാലതിക, കല്യാണഗാനം, കൊച്ചു ന്യായാധിപന്, വില്യം ഷേക്സ്പീയര് കഥകള്‍, ഗ്രാമത്തലക്കല് തുടങ്ങി ഒട്ടേറെ കൃതികള്‍ സാഹിത്യനിലയത്തില് നിന്ന് കൈരളിയ്ക്ക് ലഭിച്ചു. അവയില്‍ ചിലത് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളുമായി.
പാപ്പമാരുടെ വിശ്വലേഖനങ്ങളുടെ വിശ്വസ്ത പരിഭാഷകനെന്ന നിലയില്‍ അദ്ദേഹം കത്തോലിക്കാസഭയുടെ പ്രശംസയ്ക്കും ആദരവിനും അര്‍ഹനായി. ചാക്രിക ലേഖനങ്ങളുടെ ആധ്യാത്മികഗരിമ ഒട്ടും ചോര്‍ന്നുപോകാതെയും ആശയസ്ഖലിതം അണുവിട അനുവദിക്കാതെയും വിവര്‍ത്തനം ചെയ്യുക ക്ലേശം നിറഞ്ഞ ജോലിയാണ്. ക്ലാസ്സിക് ഭാഷകളുടെ ഘടനാദാര്ഢ്യവും പദസമാസങ്ങളും ശില്പഭദ്രതയും വേറൊരു ഭാഷയിലാക്കുക വലിയൊരു വെല്ലുവിളിയാണ്. സന്ന്യാസോചിതമായൊരു മനസ്സോടെ കെ.എ. പോള്‍ അതു സാധിച്ചു. അത്രമേല്‍ വിപുലവും അത്യഗാധവുമായ മതസംസ്കാര പശ്ചാത്തലം സ്വായത്തമാക്കാത്ത ഒരാള്‍ക്കിത് ചിന്തിക്കാവുന്നതുപോലുമല്ല.
ലിയോ പതിമൂന്നാമന്‍ പാപ്പായുടെ വിപ്ലവമുണര്ത്തിയ ചാക്രികലേഖനത്തിന്റെ (റേരും നൊവാരും) അന്തസ്സാരമഹിമ മലയാളി മനസ്സിലാക്കുന്നത് കെ.എ. പോളിന്റെ തര്‍ജ്ജമയിലൂടെയാണ്. ജോണ്‍ 23-ാമന്‍ പാപ്പയുടെ പ്രസിദ്ധമായ ചാക്രികലേഖനങ്ങള്‍; ഭൂമിയില്‍ സമാധാനം, നമ്മള് സഹോദരങ്ങള്‍ എന്നിവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. 1959 ഫെബ്രുവരി മൂന്നാം തീയതി ജോണ്‍ 22-ാമന്‍ പാപ്പ ‘പ്രോ എക്ളേസിയേ ഏത്ത് പൊന്തിഫിച്ചേ’ ബഹുമതി കെ.എ. പോളിന് സമ്മാനിച്ചു. 1968 ഫ്രെബ്രുവരി 17ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വെള്ളേപ്പറമ്പില്‍ കുടുംബാംഗം സിസിലിയായിരുന്നു ഭാര്യ. ഒന്‍പത് മക്കള്‍ പോള്‍ – സിസിലി ദമ്പതികള്‍ക്കുണ്ടായിരുന്നു. അതില്‍ ഇളയ രണ്ടു പേര് ജീവിച്ചിരിക്കുന്നുണ്ട്. കലൂരിലെ തറവാട്ടില്‍ താമസിക്കുന്ന സില്‍വെസ്റ്ററും ഇറ്റലിയില്‍ സേവനമനുഷ്ഠിക്കുന്ന ബ്രിജിറ്റിയിന് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ പെട്രീഷ്യയും. സാമൂഹിക ധാര്‍മികതയും നീതിബോധവും വിശ്വാസ സ്ഥൈര്യവും മാതൃഭാഷയോടുള്ള അതിരുകളില്ലാത്ത സ്നേഹവും സമഞ്ജസിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു സാഹിത്യ നിലയം കെ.എ. പോള്‍.