ജെക്കോബി
കച്ചവടം നടത്തി ജീവിക്കാനുള്ള മൗലികാവകാശത്തിനുവേണ്ടി സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി 1950-ല്‍ സുപ്രീം കോടതിയെ സമീപിച്ച റഷീദ് അഹമ്മദ് ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കൈരാനാ ജുമാ മസ്ജിദ് ബസാറില്‍ പച്ചക്കറി മൊത്തക്കച്ചവടത്തിന്റെ കമ്മിഷന് ഏജന്റായിരുന്നു. കൈരാനാ മുനിസിപ്പല്‍ ബോര്‍ഡ് അവിടത്തെ പച്ചക്കറി മൊത്തക്കച്ചവടത്തിനുള്ള ലൈസന്‍സ് 72,750 രൂപയ്ക്ക് മൂന്നു വര്‍ഷത്തേക്ക് ഒരാള്‍ക്കു മാത്രമായി ലേലം ചെയ്ത് കൊടുത്തപ്പോള്‍, വഴിമുട്ടുമെന്നു കണ്ട് റഷീദ് ഭരണഘടനയുടെ 19(1)ജി വകുപ്പിന്റെ സംരക്ഷണം തേടി പരമോന്നത കോടതിയിലെത്തി. ഹര്ജിക്കാരന് ലൈസന്‍സും കോടതിച്ചെലവും നല്‍കാനായിരുന്നു വിധി. ഇതേ മുസഫര്‍നഗറില്‍ ഭക്ഷണപാനീയങ്ങളും പഴങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന മുസ് ലിം നാമധാരികളായ കച്ചവടക്കാരെ വര്‍ഗീയമായി തരംതിരിച്ച് കെട്ടുകെട്ടിക്കാന്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പൊലീസിനെ നിയോഗിച്ചിരിക്കെ, സുപ്രീം കോടതിയുടെ ഒരു സ്റ്റേ ഉത്തരവ് അവര്‍ക്ക് ഇടക്കാല ആശ്വാസമായിരിക്കയാണ്.
ഉത്തരേന്ത്യയിലെ ശിവഭക്തര്‍ ശ്രാവണമാസത്തില്‍ വ്രതാനുഷ്ഠാനങ്ങളോടെ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗൗമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കും ബിഹാറിലെ സുല്ത്താന്ഗഞ്ചിലേക്കും തീര്‍ഥാടനം നടത്തി കുടങ്ങളില്‍ ഗംഗാജലം നിറച്ച് മുളന്തണ്ടിന്റെ കാവടിയായി ഏന്തിക്കൊണ്ട് തങ്ങളുടെ നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന് അഭിഷേകത്തിനു സമര്‍പ്പിക്കുന്ന ‘കാവഡ്’ യാത്രയുടെ പശ്ചാത്തലത്തിലാണ് പടിഞ്ഞാറന്‍ യുപിയില്‍ ആദ്യം മുസഫര്‍നഗറിലും തുടര്‍ന്ന് സഹാരന്‍പുരിലും ശാമലിയിലും പൊലീസ് ‘കാവഡിയ’ തീര്‍ഥാടകര്‍ക്ക് ‘ശുദ്ധ സാത്വിക സസ്യാഹാരം’ ഉറപ്പുവരുത്തുന്നതിന് ചായക്കടകളിലും റസ്റ്ററന്റുകളിലും ധാബകളിലും മറ്റു ഭോജനാലയങ്ങളിലും പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ഉന്തുവണ്ടികളിലും വരെ ഉടമകളുടെയും തൊഴിലാളികളുടെയും പേര് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന തീട്ടൂരം ഇറക്കിയത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയില്‍, കാവഡിയ തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ മുസ് ലിം ഭക്ഷണശാലകളെ വേര്‍തിരിച്ചുകാട്ടുക എന്നത് ഒട്ടും നിഗൂഢമല്ലാത്ത ഒരു തന്ത്രമാണ്.
ഹരിദ്വാറില്‍ നിന്ന് ഗംഗാജലം നിറച്ച കുടങ്ങളുടെ കാവഡുമായി വരുന്ന നാലു കോടി തീര്‍ഥാടകരില്‍ രണ്ടര കോടി ആളുകള്‍ മുസഫര്‍നഗറിലെ ഖാലാപാര് മീനാക്ഷി ചൗക്കിലൂടെ കടന്നുപോകുന്നുവെന്നാണ് കണക്ക്. സഹാരന്പുര്, മുസഫര്‍നഗര്‍, ബിജ്നോര്‍ എന്നിവ ഉള്‍പ്പെടെ ഹരിദ്വാറിലേക്കുള്ള 230 കിലോമീറ്റര്‍ വരുന്ന പ്രധാന റൂട്ടിലെ മുസ് ലിംകളുടെ ഭക്ഷണശാലകള്‍ക്ക് ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 19 വരെ നീളുന്ന കാവഡ് യാത്രയുടെ വമ്പന്‍ സീസണില്‍ ‘വ്രതശുദ്ധിക്കു ഭീഷണി’ എന്ന പേരില്‍ ഭ്രഷ്ട് കല്പിക്കപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള വിദ്വേഷപ്രചാരണം മുറയ്ക്ക് നടക്കുന്നുണ്ടായിരുന്നു. മുസഫര്‍നഗറിലെ ബഘരയില് യോഗാശ്രമം നടത്തുന്ന യശ്വീര് മഹാരാജ് എന്ന സ്വാമി, കൊവിഡ് മഹാമാരിക്കുശേഷം കാവഡ് യാത്ര പുനരാരംഭിച്ചപ്പോള്‍ മുസഫര്‍നഗര്‍ പൊലീസിന് 50 ധാബകളുടെ ഒരു ലിസ്റ്റ് നല്കി. ‘ശുദ്ധ സസ്യാഹാരം’ എന്ന് എഴുതിവച്ച് മുസ് ലിംകള്‍ നടത്തുന്ന ആ ധാബകള്‍ തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിച്ച് സാത്വികമല്ലാത്ത ഭക്ഷണമാണ് വിളമ്പുന്നതെന്നായിരുന്നു പരാതി. കഴിഞ്ഞ സീസണില്‍ മുസ് ലിംകളുടെ പല ധാബകളും ഈ സ്വാമിയുടെ സമ്മര്‍ദംകൊണ്ട് അടച്ചിടേണ്ടിവന്നു. മുസ് ലിംകളുടെ ചില ധാബകള്‍ ഹിന്ദു ദേവതകളുടെ പടങ്ങളും പേരുകളും വച്ചുകൊണ്ടാണ് നടത്തുന്നതെന്ന ആരോപണവുമായി മുസഫര്‍നഗറിലെ ബിജെപി എംഎല്‍എയും സംസ്ഥാന സഹമന്ത്രിയുമായ കപില്‍ദേവ് അഗര്‍വാള്‍ തന്നെ ഇക്കുറി രംഗത്തുവന്നു.
ഭക്ഷണശാലകളുടെ പേരുകള്‍ മാറ്റാന്‍ പല മുസ് ലിം ഉടമകളും നിര്‍ബന്ധിതരായി. മുസ് ലിംകളും ഹിന്ദുക്കളും നടത്തുന്ന ധാബകളിലെയും മറ്റും മുസ് ലിം തൊഴിലാളികള്‍ക്ക് ഈ സീസണില്‍ പണിയില്ലാതായി. ജൂതരുടെ സ്ഥാപനങ്ങള്‍ തിരിച്ചറിയാന്‍ ദാവീദിന്റെ നക്ഷത്രം അടയാളപ്പെടുത്തണമെന്ന നാസി ജര്‍മനിയിലെ വംശഹത്യാ തന്ത്രത്തിന്റെ മോദീയുഗ പതിപ്പായാണ് പടിഞ്ഞാറന്‍ യുപിയിലെ ഭക്ഷണശാലകളിലെ ‘നാമാവലി’ നിബന്ധനയെ ചില പ്രതിപക്ഷ നേതാക്കള്‍ കണ്ടത്.
കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനെ പിന്താങ്ങുന്ന ചില എന്‍ഡിഎ സഖ്യകക്ഷികളും കാവഡ് തീര്‍ഥയാത്രയുടെ പേരിലുള്ള വര്‍ഗീയ ധ്രൂവീകരണ രാഷ് ട്രീയത്തെ എതിര്‍ത്തുകൊണ്ട് പരസ്യപ്രസ്താവന നടത്തി. ബിഹാറിലെ നിതീഷ് കുമാറിന്റെ ജനതാ ദള്‍ (യു) വക്താവ് കെ.സി ത്യാഗി, ലോക് ജന്‍ശക്തി പാര്‍ട്ടി (രാംവിലാസ്) നേതാവും കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രിയുമായ ചിരാഗ് പസ്വാന്, യുപിയിലെ രാഷ് ട്രീയ ലോക് ദള്‍ പ്രസിഡന്റും കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ, വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരി, മഹാരാഷ്ട്രയിലെ എന്‍സിപി (അജിത് പവാര്‍) നേതാവ് പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ ബിജെപിയുടെ വിഭജന രാഷ് ട്രീയത്തെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു. മുസഫര്‍നഗറിലെ ഖത്തൗലിയിലെ മാക്ഡൊണാള്‍ഡ്സ്, ബര്‍ഗര്‍ കിങ് ഫ്രാഞ്ചൈസികളുടെ പേരറിയേണ്ടേ എന്നാണ് കേന്ദ്രമന്ത്രി ജയന്ത് ചൗധരി ചോദിച്ചത്.
ദേശീയതലത്തില്‍ ഇത്രയൊക്കെ വിമര്‍ശനം ഉയര്‍ന്നിട്ടും യുപി മുഖ്യമന്ത്രി ”കാവഡ് യാത്രയുടെ പവിത്രത കാക്കുന്നതിന്” തീര്‍ഥാടനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ മേഖലകള്‍ക്കും ബാധകമാംവണ്ണം ജാതിപേരുവിവരപ്പട്ടിക നിര്‍ബന്ധമാക്കി ഉത്തരവിറക്കി. തീര്‍ഥാടകരുടെ സഞ്ചാരപാതയില്‍ ഇറച്ചി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളും പ്രഖ്യാപിച്ചു. ക്ഷീരോത്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍, ലഘുഭക്ഷണം, ഭക്ഷ്യഎണ്ണ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കോസ്മെറ്റിക്സ് എന്നിവയ്ക്ക് ഹലാല്‍ മുദ്ര വയ്ക്കുന്നത് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിനു വിരുദ്ധമാണെന്ന് യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് വകുപ്പ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചതാണ്.
മുസഫര്‍നഗര്‍ പൊലീസിന്റെ മാതൃക പിന്തുടര്ന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും പൊലീസ് കടയുടമയുടെയും ജീവനക്കാരുടെയും ഐഡന്റിറ്റി പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിറക്കി. നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ പേരുകളുടെ വേരിഫിക്കേഷനെ ഭയക്കുന്നതെന്തിനെന്ന ചോദ്യവുമായി ബിജെപി മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധമ്മി വിമര്‍ശകരെ നേരിട്ടു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ മഹാകുംഭമേള നടക്കാറുള്ള ഉജ്ജൈയിനിലെ മുനിസിപ്പല്‍ കോര്‍പറേഷനും നഗരത്തിലെ കടകളുടെ ഉടമകളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും പ്രദര്‍ശിപ്പിക്കണമെന്നും വീഴ്ചവരുത്തുന്നവര്‍ക്ക് 5000 രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്നും ഉത്തരവിറക്കി.
സമാജ് വാദി പാര്‍ട്ടിയുടെ യുവനേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2013-ല്‍ മുസഫര്‍നഗറില്‍ രൂക്ഷമായ വര്‍ഗീയ ലഹളയ്ക്ക് കളമൊരുക്കിയാണ് ബിജെപി യുപിയില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയത്. യോഗി ആദിത്യനാഥ് 2017-ല്‍ ഭരണത്തിലേറിയപ്പോള്‍ കാവഡ് യാത്രയില്‍ ഹിന്ദുത്വ മുന്നേറ്റത്തിന്റെ സാധ്യതകള്‍ കണ്ടിരുന്നു. പശ്ചിമ യുപിയിലെ മുസ് ലിം ഭൂരിപക്ഷ മേഖലകളിലൂടെ കാവഡിയ തീര്‍ഥാടകസംഘങ്ങള്‍ വലിയ ഒച്ചപ്പാടുമായി കടന്നുപോകുമ്പോള്‍ സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് അഖിലേഷ് യാദവ് നിരോധിച്ച ‘ഡിജെ സംഗീതം’ യോഗി തിരിച്ചുകൊണ്ടുവന്നു. ഭജനകളും സിനിമാഗാനങ്ങളുമൊക്കെയായി യാത്രയ്ക്ക് ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ബൈക്കിന് ഇന്ധനം കിട്ടുകയില്ല എന്ന ചട്ടം കാവഡ് യാത്രികര്‍ക്ക് ബാധകമല്ലാതാക്കി. കാവഡ് തീര്‍ഥാടകരെ ഹെലികോപ്റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടിയോടെ വരവേല്‍ക്കാന്‍ ജില്ലാ ഭരണാധികാരികളെ യോഗി ചുമതലപ്പെടുത്തി. യാത്രികരുടെ പാതയില്‍ മദ്യശാലകളോ ഇറച്ചിവെട്ടുകടകളോ ഉണ്ടാകരുതെന്ന് ഉത്തരവിടുകയും ചെയ്തു.
കാവഡ് തീര്‍ഥാടകരില്‍ ബഹുഭൂരിപക്ഷവും ദളിതരും മറ്റു കീഴാളരുമാണ്. സവര്‍ണ വിഭാഗങ്ങളോടൊപ്പം ഹിന്ദുത്വ രാഷ് ട്രീയത്തിന്റെ മുഖ്യധാരയില്‍ ഇടം കിട്ടാന്‍ കൊതിക്കുന്ന തൊഴിലില്ലാത്ത, അധഃകൃതരായ ചെറുപ്പക്കാരുടെ വലിയ പടക്കൂട്ടം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യയിലും പടിഞ്ഞാറന്‍ യുപിയിലും അടക്കം യോഗിയുടെ ഹിന്ദുത്വ ബുള്‍ഡോസര്‍ രാഷ് ട്രീയം കനത്ത തിരിച്ചടി നേരിട്ടതിന് സംസ്ഥാനത്ത് ഭരണനേതൃത്വത്തിനെതിരെ ബിജെപിയില്‍ ആഭ്യന്തര കലാപം മുറുകുമ്പോള്‍, കാവഡ് തീര്‍ഥാടനത്തിലൂടെ മുസ് ലിം വിരുദ്ധ വികാരം ആളിപ്പടര്‍ത്തി കീഴാളരുടെ ഹിന്ദുത്വ ഏകീകരണം ശക്തമാക്കാനാണ് യോഗി ശ്രമിക്കുന്നത്.
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മുന്നില്‍ നിര്‍ത്തി അമിത് ഷായും കൂട്ടരും തനിക്കെതിരെ നടത്തുന്ന പടനീക്കങ്ങളെ ചെറുക്കാന്‍ യോഗി മോദിയെ അതിശയിക്കുന്ന ഹിന്ദുത്വം കളിക്കുകയാണ്.
മുസ് ലിംകള്‍ക്കും ദളിതര്‍ക്കും അയിത്തം കല്പിച്ച് സാമ്പത്തിക ബഹിഷ്കരണം നടപ്പാക്കുകയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതിനെതിരെ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എന്ന എന്‍ജിഒയും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ അപൂര്‍വാനന്ദ് ത്സായും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ മുന്‍ മേധാവി ആകാര്‍ പട്ടേലും സമര്‍പ്പിച്ച ഹര്‍ജികളില്‍, ഭക്ഷണശാലകളില്‍ ഉടമയുടെയും തൊഴിലാളികളുടെയും പേരു പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ പൊലീസിന് അധികാരം നല്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവോ ചട്ടങ്ങളോ ഉണ്ടോ എന്നാണ് ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജാതിവിഭജന നാമകരണം സ്റ്റേ ചെയ്ത സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞത്. വെജിറ്റേറിയനോ നോണ്‍-വെജിറ്റേറിയനോ ഏതുതരം വിഭവങ്ങളാണ് വിളമ്പുന്നതെന്ന ബോര്‍ഡ് നിര്‍ബന്ധമാക്കാം, എന്നാല്‍ ഉടമയുടെയും ജീവനക്കാരുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എസ്.വി ഭട്ടി എന്നിവരുടെ ബെഞ്ച് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
യോഗിക്കുവേണ്ടി വാദിക്കാന്‍ സൊളിസിറ്റര്‍ ജനറലോ അഡീഷണല്‍ സൊളിസിറ്റര്‍ ജനറലോ കോടതിയില്‍ ഹാജരാകാഞ്ഞതിനു പിന്നിലും അമിത് ഷായുടെ നിഴല്‍ ചില നിരീക്ഷകര്‍ കാണുന്നുണ്ട്. ‘ഹലാല്‍ ജിഹാദ്’ പോലുള്ള വിദ്വേഷപ്രചാരണത്തിലൂടെ ഒരു ജനസമൂഹത്തിന്റെ ഭക്ഷ്യസംസ്കാരത്തെയും ശുചിത്വബോധത്തെയും ഹോസ്പിറ്റാലിറ്റി ബിസിനസ് സംരംഭങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന ഹിന്ദുത്വവാദികള്‍ക്ക് തീരെ ദഹിക്കാനിടയില്ലാത്ത ഒരു അനുഭവസാക്ഷ്യം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ഭട്ടി പങ്കുവച്ചു: കേരളത്തില്‍ ഹിന്ദുക്കള്‍ നടത്തുന്ന നല്ല വെജിറ്റേറിയന്‍ ഹോട്ടലുകളുണ്ട്, എങ്കിലും താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ദുബായ് ബന്ധമുള്ള ഒരു മുസ് ലിമിന്റെ ഹോട്ടലിലെ വെജിറ്റേറിയന്‍ ഭക്ഷണമാണ്. ശുചിത്വത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ രാജ്യാന്തര നിലവാരമാണവിടെ!
യോഗിയുടെ വര്‍ഗീയ നഞ്ചിന്റെ കാവടി ദാ കിടക്കുന്നു ധരണിയില്‍! കാവഡിയയുടെ ഗംഗാജലത്തിന്റെ മട്ക ഭൂമിയില്‍ സ്പര്‍ശിക്കരുതെന്നാണ് സങ്കല്പം.