ഡോ. ആഡ്രിൻ കൊറയ
മരുഭൂമിയിലെ കണ്ടുമുട്ടല്‍
1974, നവംബര്‍ 2, എത്യോപ്പിയയിലെ ഹദാര്‍ മരുഭൂമിയിലെ പൊതുവേ തണുപ്പുള്ള ഒരു പൊള്ളുന്ന ദിവസം ജോഹാന്‍സണ്‍ ലൂസിയെ കണ്ടുമുട്ടി. അവളുടെ വലതുകൈ പിടിച്ച് എഴുന്നേല്പിച്ചു നെറ്റിയിലെ വിയര്‍പ്പ് നനഞ്ഞ കൈകൊണ്ട് അവളുടെ മുഖത്ത് പറ്റിയിരുന്നു പൊടി തുടച്ചുനീക്കിയിട്ടുണ്ടാവും. ലൂസിയുടെ അസ്ഥിപഞ്ജരം മുഴുവനും അന്നേ കണ്ടെത്തിയെങ്കിലും രണ്ടാഴ്ച എടുത്തു ആ പ്രയത്നം മുഴുമിപ്പിക്കാന്‍. ഏതാണ്ട് 31.8 ലക്ഷം വര്‍ഷം മുന്നേ ആകാലമൃതി തേടിവന്ന ആ യുവതി മനുഷ്യന്റെയും വാലില്ലാകുരങ്ങിന്റെയും ഇടയിലുള്ള കണ്ണിയായി കണക്കാക്കപ്പെടുന്നു. സഹസ്രാബ്ദങ്ങളുടെ പരിണാമ ചക്രങ്ങള്‍ക്ക് ശേഷം ഇന്ന് നാം കൈവെള്ളയില്‍ പിടിച്ച് ഈ കഥ വായിക്കുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടായ കാതലായ വ്യത്യാസങ്ങള്‍ കുറച്ച് മാത്രം. മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം ആ മാറ്റങ്ങളില്‍ പെട്ടില്ല എന്നത് ഒരു വാസ്തവം ആണ്. എന്നാല്‍ കഴിഞ്ഞ വെറും രണ്ട് നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയും ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളും മൂലം മനുഷ്യായുസ് ഒരു മുഴം വര്‍ദ്ധിച്ചിട്ടുണ്ട്.
ഒരു മനുഷ്യായുസ്സ്
സാധാരണയായി ഒരാള്‍ മധ്യവയസ് എത്തി എന്ന് പറയുമ്പോള്‍ നാം ഏറെക്കുറെ 50 വയസ്സ് പ്രതീക്ഷിക്കും. അതായത് മുഴുവന്‍ ആയുസ് 100 എന്ന് നിഗമിക്കും. എന്നാല്‍ ഇന്നത്തെ ആഗോള ശരാശരി ആയുര്‍ദൈര്‍ഘ്യം ഏകദേശം 71 വര്‍ഷം മാത്രമാണ്. ഇതില്‍ ഒരു നല്ല പങ്ക് കുട്ടികാലമായും പിന്നീട് പ്രായാധിക്യത്തിലുമാണ് ചിലവാക്കുന്നത്. ചുരുക്കത്തില്‍ ഏതാണ്ട് 40 വര്‍ഷം അഥവാ 15000 ദിവസം മാത്രം ആണ് യുവത്വവും മധ്യവയസുമായി കിട്ടുന്നത്. ഇതില്‍ മൂന്നിലൊന്ന് ആയുസ് ഉറങ്ങിയും തീരുന്നു. എന്നാല്‍ ജീവിതത്തിലൂടെ നേടുന്ന കഴിവുകളും ജ്ഞാനവും ഉപയോഗിച്ച് മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാനും സമൂഹത്തിലേക്ക് സംഭാവന നല്‍കാനും ചിയലപ്പോള് സമയം തികയാതെ വരുന്നു. ഈ യുഗത്തില്‍ ജീവിതശൈലി വിളിച്ചുവരുത്തിയ രോഗങ്ങള്‍ കണക്കുകൂട്ടാതിരുന്നാല് മനുഷ്യായുസ്സ് വളരെയെറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനു പുറമെ, പുതിയ മരുന്നുകള്‍, ക്യാന്‍സര്‍, ആല്ഷിമെര്സ് പോലെ ഉള്ള മാരക രോഗങ്ങളില്‍ ഉണ്ടായ ഗവേഷണം, ശരീരശാസ്ത്രത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ എന്നിവ ഇതിന് അനുപൂരകമാണ്.
സൂക്ഷിച്ചാല്‍ സന്തോഷിക്കാം
ഏതൊരു യന്ത്രവും പോലെ ശരീരത്തിന് അതിന്റേതായ ശക്തികളും പരിമിതകളും ഉണ്ട്. ഇതെല്ലാം യുഗങ്ങളായി നമുക്ക് പരിണാമം വഴി കൈമാറി വന്നതുകൊണ്ട് ഇന്നത്തെ കാലത്ത് ഇവയില്‍ പലതും ഉപയോഗപ്രദമല്ല, ചിലത് ദോഷമായും ഭവിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഈ കാര്യങ്ങളെ കുറിച്ച് അറിയുകയും അവയ്ക്കുള്ള മറുമരുന്നുകള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടത് അത്യന്താപേഷിതമാണ്. മനുഷ്യന് പൂര്‍ണമായി ഇരുകാല് നടത്തം തുടങ്ങിയിട്ട് 20 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ. ഇതുകാരണം നട്ടെല്ലിന് വരുന്ന ആയാസം വളരെ അധികമാണ്. ഇതുപോലെ കൃഷി തുടങ്ങിയിട്ട് വെറും 12,000 വര്‍ഷം ആവുന്നതേ ഉള്ളൂ എന്നതുകൊണ്ട് ഭക്ഷണക്രമം ശരീരവുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളൂ. ഇതിനുപുറമെ ഈ തലമുറയുടെ ഉദാസീനമായ ജീവിതശൈലി ഈ പ്രശ്നങ്ങളെ പെരുപ്പിക്കുന്നു. ഇതുപോലെ പലതുണ്ടെങ്കിലും അവ പുതിയ കണ്ടുപിടിത്തങ്ങള്‍ ആയതുകൊണ്ടും വിവരിക്കാന്‍ വളരെയധികം ഉള്ളതുകൊണ്ടും ഇവിടെ ചേര്‍ക്കുന്നില്ല. പൊതുവേ, നമ്മുടെ ശരീരത്തിന്റെ കുറവുകള്‍ മനസ്സിലാക്കി കൃത്യമായി ”മെയ്ന്റ്റനെന്സും” ”സര്‍വീസും” ചെയ്താല്‍ സ്വസ്ഥമായി ഒരു ആയുഷ്കാലം ആസ്വദിക്കാം. ഭക്ഷണം, വ്യായാമം, ചികിത്സ എന്നിവ നിരന്തരം നിരീക്ഷിക്കുന്നത് ഇതിനു മുഖ്യമാണ്.
ഭാവിയുടെ വര്‍ത്തമാനം
2050 ആകുമ്പോഴേക്കും മനുഷ്യായുസ് ഏതാണ്ട് 125 വയസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഇതിന് വഴിയൊരുക്കുന്ന പല കണ്ടുപിടിത്തങ്ങളും ഇപ്പോള്‍ തകൃതിയായി നടക്കുന്നു. ജീന്‍ തെറാപ്പി, മസ്തിഷ്ക്കവും നട്ടെല്ലും സംബന്ധിച്ച ഗവേഷണം, വാര്‍ധക്യം വൈകിക്കുന്ന മരുന്നുകള്‍, ഇങ്ങനെ പലതും. ആര്‍ക്കറിയാം! അതിനുശേഷം നമ്മുടെ മനസ് ഇന്റര്‍നെറ്റില്‍ അപ്പ്ലോഡ് ചെയ്ത് ശരീരം ഇല്ലാത്ത ഓണ്‍ലൈന്‍ ആയുള്ള ജീവിതം ആയിരിക്കാം പിന്നീടുള്ള ഭാവി!
*ലൂസി എന്ന പേര് ഓസ്ട്രലോഫിത്തേക്കസ് അഫറെന്‍സിസ് എന്ന സ്പീഷിസില്‍ പെട്ട മനുഷ്യസ്വരൂപിയായ യുവതിയുടെ അസ്ഥിപഞ്ജരത്തിന് വീഴാന്‍ കാരണം, ഇത് ഉത്ഖനനം ചെയ്ത സംഘം വൈകുന്നേരങ്ങളില്‍ ”ലൂസി ഇന്‍ ദ് സ്കൈ” എന്ന ബീറ്റില്‍സ് ഗാനം പാട്ടുപെട്ടിയില്‍ വയ്ക്കുന്ന പതിവ് ഉണ്ടായിരുന്നതു കൊണ്ടാണ്.