ഷാജി ജോര്‍ജ്
നിലച്ചുപോയ ഒരു പ്രസിദ്ധീകരണത്തിന്റെ ഏറ്റവും സവിശേഷമാര്‍ന്ന ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കിയ കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രവര്‍ത്തനം അഭിനന്ദനീയമാണ്. 2009 ലാണ് മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ മാനേജിങ് എഡിറ്ററായും ഡോ. ജോണ്‍ ഓച്ചന്തുരുത്ത് എഡിറ്ററായും വോക്സ് നോവ പ്രസിദ്ധീകരണം ആരംഭിച്ചത്. പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ എറണാകുളത്ത് ചേര്‍ന്ന യോഗത്തില്‍ മലയാളത്തില്‍ പുതിയ ശബ്ദം എന്ന അര്‍ത്ഥമുള്ള ‘വോക്സ്നോവ’ എന്ന പേര് നിര്‍ദ്ദേശിച്ചത് ഇന്നത്തെ കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയാണ്. ജോണ്‍ ഓച്ചന്തുരുത്തിന്റെ ത്യാഗവും തീക്ഷണതയും മോണ്‍.ജോര്‍ജ് വെളിപ്പറമ്പിലിന്റെ നേതൃപാടവവും പ്രസിദ്ധീകരണത്തിന്റെ മൂലധനമായിരുന്നു. വോക്സ് നോവയുടെ അച്ചടി ഏറ്റെടുത്തുകൊണ്ടിരുന്നതിനാല് അതിന്റെ ഉയര്‍ച്ചതാഴ്ചകള്‍ എനിക്ക് അടുത്തറിയാം. 32പേജില്‍ കുറയാത്ത ത്രൈമാസിക നല്ല ഓളങ്ങള്‍ വായനക്കാരില്‍ ഉണ്ടാക്കി. ലത്തീന്‍ സമുദായത്തിന്റെ മഹനീയചരിത്രവും പൈതൃകവും വോക്സ് നോവ വീണ്ടും ഓര്‍മ്മപ്പെടുത്തി.
ഡോ. ജോണ്‍ ഓച്ചന്തുരുത്തിന്റെ നിര്യാണംമൂലം കുറച്ചുനാള്‍ ഇറങ്ങാതിരുന്നെങ്കിലും പിന്നീട് ഷെവലിയര്‍ പ്രഫ. ഡോ. എബ്രഹാം അറക്കല്‍ എഡിറ്ററായി വോക്സ് നോവ വീണ്ടും വായനക്കാരിലെത്തി. പക്ഷേ, മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലിന്റെ വേര്‍പാടോടുകൂടി പ്രസിദ്ധീകരണം വീണ്ടും നിലച്ചു.
വോക്സ് നോവയുടെ പഴയ ലക്കങ്ങളിലെ പ്രധാനപ്പെട്ട ലേഖനങ്ങള്‍ ആണ് ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ ഹെറിറ്റേജ് കമ്മീഷന് സെക്രട്ടറി റവ. ഡോ.ആന്റണി പാട്ടപ്പറമ്പിലിന്റെയും കെഎല്‍സിഎച്ച്എയുടെ പുതിയ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍, പ്രഫ. ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് എന്നിവരുടെയും നേതൃത്വത്തില്‍ ‘മഹിത പൈതൃകം’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പതിനാറ് ലേഖനങ്ങളും തിരഞ്ഞെടുത്ത എഡിറ്റോറിയുകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹെറിറ്റേജ് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ അവതാരികയുമുണ്ട്. ഭാരതത്തിലെ പ്രഥമ റോമന്‍ കത്തോലിക്ക മിഷന് (മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍), ആദ്യകാല ജനപ്രതിനിധി സഭകളും ലത്തീന്‍ കത്തോലിക്കരും (ഷെവ. പ്രഫ. എബ്രഹാം അറക്കല്‍),വെട്ടത്തു രാജാവിന്റെ മാനസാന്തരവും (ഡോ. ജോണ്‍ ഓച്ചന്തുരുത്ത്), തിരുവനന്തപുരം രൂപത ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ സാമൂഹ്യപശ്ചാത്തലം (ഡോ. എസ്. റയ്മണ്‍), ഈശോസഭയും കോഴിക്കോടും ഫ്രാന്‍സിസ് സേവ്യറിന്റെ പാതയിലൂടെ (ഫാ. എ. അടപ്പൂര് എസ്. ജെ.), കണ്ണൂരിലെ ലത്തീന്‍ സമുദായരൂപീകരണം (ഡോ. ജോണ്‍ ഓച്ചന്തുരുത്ത് ), പുനരൈക്യപ്രസ്ഥാനവും ബെന്‍സിഗര്‍ പിതാവും (ഫാ. റൊണാള്‍ഡ് എം. വര്‍ഗീസ്), പൗളിനോസ് പാതിരിയും നാടോടി സംസ്കാരപഠനവും (ഡോ. ജോണ്‍ ഓച്ചന്തുരുത്ത്), ലത്തീന്‍ കത്തോലിക്കരുടെ ഭക്ഷണ വിഭവങ്ങള്‍ (ഷീല മാത്യു ചക്കാലക്കല്‍), ലത്തീന്‍ കത്തോലിക്കരുടെ വസ്ത്രധാരണരീതിയും ആഭരണങ്ങളും (ഷീല മാത്യു ചക്കാലക്കല്‍), ലത്തീന്‍കാരുടെ സാമൂഹ്യജീവിതം (ഷീല മാത്യു ചക്കാലക്കല്‍), വിദ്വാന് വറുഗീസ് തലക്കെട്ടി (ജോസ് ഫ്രാന്‍സിസ്കോ എന്ന വടക്കുംതല), സമ്പാളൂരിന്റെ ജെസ്യൂട്ട് പൈതൃകം (ഡോ. ജോണ്‍ ഓച്ചന്തുരുത്ത് ), ലത്തീന്‍ സമുദായം നേരിട്ട മതപീഡനങ്ങള്‍ (പീറ്റര്‍ കുരിശിങ്കല്‍), യുഗപുരുഷനായ വേലിയാത്ത് ദുമിങ്ക് അസുവെസ് (ഡോ. ജോണ്‍ ഓച്ചന്തുരുത്ത്), മലബാറിലേക്കുള്ള ക്രിസ്ത്യന്‍ കുടിയേറ്റം (ഡോ. ജോണ്‍ ഓച്ചന്തുരുത്ത്) എന്നീ 16 ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്.
വിപുലമായ പഠനങ്ങള്‍ ഉണ്ടായിട്ടുള്ള സമുദായ ചരിത്രത്തോടൊപ്പം കാലം മറവിയിലേക്ക് മാറ്റിനിര്‍ത്തിയ വിദ്വാന് വര്‍ഗീസ് തലക്കെട്ടി, വേലിയാത്ത് ദുമിങ്ക് അസുവെസ് എന്നീ മഹാന്മാരെ ഉയര്‍ത്തി കാണിച്ചത് ഉചിതമായി. ഈ മഹാന്മാരുടെ സംഭാവനകളില്‍ ചിലത് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത് എടുത്ത് പറയട്ടെ. ദുമീങ്ക് വേലിയാത്ത് അസുവൈസിന്റെ നേത്യത്തില്‍ മറ്റ് നാലു സുഹൃത്തുക്കള്‍ തുടക്കം കുറിച്ച സമുദായോദ്ധാരണ പ്രസ്ഥാനം ഒരു മഹാസംരഭമായി വളരുകയായിരുന്നു. വിദേശികളായ കര്‍മലീത്ത മിഷണറിമാരെപ്പോലും സ്വാധീനിച്ച ഈ ‘കോര്‍ ഗ്രൂപ്പി’ന്റെ തീക്ഷ്ണമായ പ്രവര്‍ത്തനം ആഡംബരവും ധൂര്‍ത്തും അവസാനിപ്പിക്കാനും വിദ്യാഭ്യാസം നേടി വിമോചനം കൈവരിക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്യാന്‍ മെത്രാന്മാരെപ്പോലും സ്വാധീനിച്ചു എന്നതിനു തെളിവാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും വരാപ്പുഴ മെത്രാസനമന്ദിരത്തില്നിന്ന് ഇറക്കപ്പെട്ട ഇടയലേഖനങ്ങള്‍. കോര്‍ ഗ്രൂപ്പില്‍പ്പെട്ട ഓച്ചന്തുരുത്തിലെ കാട്ടാശ്ശേരി ജൂസ്സേയുടെ മകള്‍ എലിസബത്ത് അതിരൂപതയിലെ ആദ്യത്തെ വനിത ഗ്രാജേറ്റും കലൂരിലെ ജോസഫ് മാസ്റ്ററുടെ മകള്‍ ആലീസ് രണ്ടാമത്തെ വനിത ഗ്രാജേറ്റുമായി അറിയപ്പെടുന്നു. ദുമീങ്കോ വേലിയാത്തിന്റെ മൂത്ത മകന് തോമസ് വേലിയാത്തായിരുന്നു അടുത്ത ബിരുദധാരി. ദുമീങ്കോ വേലിയാത്തിന്റെ മൂത്ത മകള്‍ തെരേസ വിവാഹശേഷം പഠിച്ച് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി സമുദായത്തിലെ ആദ്യത്തെ വനിതാ ഡോക്ടറായി. പില്ക്കാലത്ത് വഴികാട്ടികളായ ആദ്യ പഞ്ചവരുടെ എല്ലാ മക്കളും അവരുടെ സന്തതിപരമ്പരകളും ഉന്നത വിദ്യാഭ്യാസം നേടി ജീവിതവിജയം കൈവരിച്ചവരാണെന്ന് കാണാം.
സത്യത്തില്‍ മേല്‍പ്പറഞ്ഞ പഞ്ചമഹാപ്രതിഭകളില് നിന്നു പൊട്ടിപ്പുറപ്പെട്ട ഐക്യബോധവും കൂട്ടായ്മയുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വരാപ്പുഴ അതിരൂപതാ കാത്തലിക് അസോസിയേഷന്റെ രൂപീകരണത്തില്‍ കലാശിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള മുറവിളിക്കു പുറമേ വരാപ്പുഴ അതിരൂപതയില്‍ വിദേശി മെത്രാപ്പോലീത്തമാരുടെ ഭരണത്തിന് അറുതി വരുത്തണമെന്നുള്ള ആവശ്യം ആദ്യമായി ശക്തമായി ഉന്നയിച്ചതും വേലിയാത്ത് ദുമീങ്ക് അസുവെസിന്റെ നേതൃത്വത്തിലുള്ള സമുദായനേതാക്കളായിരുന്നു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 1891-ല്‍ ദുമീങ്ക് അസുവെസ് തയ്യാറാക്കിയ പടിയോല സമുദായപ്രതിനിധികളുടെ കൈയൊപ്പോടെ റോമിലേക്കയച്ചിരുന്നു. മേലധികാരികളുടെ എതിര്‍പ്പു വകവയ്ക്കാതെ ഈ ആവശ്യവുമായി പില്ക്കാലത്ത് മുമ്പോട്ടു പോയത് കൊച്ചി സംസ്ഥാനത്തെ പൊലീസ് സൂപ്രണ്ടായിരുന്ന വരേക്കാട്ട് ആന്റണി പാസ്കള്‍, തിരുക്കൊച്ചി വിദ്യഭ്യാസമന്ത്രിയായിരുന്ന പ്രഫ. എല്‍. എം പൈലി, ഫാ. തോമസ് റോച്ച മനയില്‍, ഫാ. മൈക്കിള്‍ നിലവരേത്ത്, അഗസ്റ്റിന് പാപ്പാളി, ഒ.ആര്. ചുമ്മാര്‍ തുടങ്ങിയവരായിരുന്നു. ലത്തീന്‍ മെത്രാപ്പോലീത്തമാരുടെ തദ്ദേശവത്കരണത്തിന് വഴികാട്ടിയായി നിന്നു പ്രവര്‍ത്തിച്ച ദുമീങ്ക് വേലിയാത്ത് ‘അസുവെസ്’ എന്ന തന്റെ പോര്‍ച്ചുഗീസ് കുടുംബനാമം തന്നെ ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നീക്കംചെയ്തു.
ചരിത്ര സംഭവങ്ങളും വ്യക്തിവിശേഷങ്ങളും ചരിത്രന്വേഷകനായ ഒരു പത്രാധിപരുടെ ദര്‍ശനങ്ങളും കൂടികലര്ന്നുകിടക്കുന്ന വ്യത്യസ്തമായ ഒരു പുസ്തകമാണ് മഹിത പൈതൃകം.