ജെക്കോബി
ചൈനയിലെ ഷാമെന്‍ തുറമുഖത്തു നിന്നു കയറ്റിയ 1930 കണ്ടെയ്നറുകള്‍ അദാനി പോര്‍ട്സിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് വാര്‍ഫില്‍ കൊണ്ടുവന്നിറക്കി, 607 കണ്ടെയ്നറുകള്‍ അവിടെ നിന്നു കയറ്റി ഡെന്മാര്ക്കിലെ മെര്‍സ്ക് ഗ്രൂപ്പിന്റെ സാന്‍ ഫെര്‍ണാണ്ടോ എന്ന 300 മീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയും 12.1 മീറ്റര്‍ താഴ്ചയുമുള്ള മദര്‍ഷിപ് കൊളംബോയിലേക്കു തിരിച്ചു. രാജ്യാന്തര കപ്പല്‍ച്ചാലിനോട് ഏറ്റവും അടുത്ത – പത്തു നോട്ടിക്കല്‍ മൈല്‍ മാത്രമാണ് അകലം – 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള, രാജ്യത്തെ ആദ്യത്തെ ഓട്ടോമേറ്റഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് വെസല്‍ ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിക്കുന്ന ആഴക്കടല്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലായി വിഴിഞ്ഞം ‘പരിമിതമായ വാണിജ്യപ്രവര്ത്തനത്തിന്റെ’ ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുന്നു. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ആറു വര്‍ഷം വൈകിയാണെങ്കിലും ഈയാണ്ടുവട്ടത്തില് കമ്മിഷന് ചെയ്യാനാകും എന്നത് ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2015 ഏപ്രില്‍ മാസം അന്തിമ കരാറിലെത്തിച്ചേര്ന്ന വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്കു വിരുദ്ധമായി അദാനി ഗ്രൂപ്പിന് 5000 കോടി രൂപയുടെ ഭൂമി ഉള്‍പ്പെടെ വന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന ‘കടല്‍ക്കൊള്ള’ ആണെന്ന് മുറവിളികൂട്ടി അതിന്റെ നിര്‍മാണോദ്ഘാടനം ബഹിഷ്കരിച്ച പിണറായി വിജയനും കൂട്ടരും ഇപ്പോള്‍ ആ ‘സ്വപ്നപദ്ധതിയുടെ’ ക്രെഡിറ്റ് മുഴുവന്‍ അവകാശപ്പെടുന്നതിലെ വിരോധാഭാസം രാഷ് ട്രീയ വങ്കത്തത്തിന്റെ കൊടിയ അശ്ലീലമായി മാറുന്നതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും തമസ്കരിച്ച്, പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി ആഘോഷമാക്കിയ ആ ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ കേരളം കണ്ടത്.
തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യബന്ധന ഗ്രാമങ്ങളിലെ തുറകളിലെ കടല്‍പ്പണിക്കാരുടെ ജീവിതവും ഉപജീവനവും, തീരത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതയും ആവാസവ്യവസ്ഥയുമെല്ലാം ആപല്സന്ധിയിലാക്കുന്ന തുറമുഖ പദ്ധതിയുടെ ആഘാതങ്ങളും കെടുതികളും ലഘൂകരിക്കുന്നതിനോ കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരവും ദുരിതാശ്വാസവും ഉറപ്പുവരുത്താനോ ഒരു മുന്‍ഗണനയും നല്‍കാതെ അദാനിയുടെ വരാനിരിക്കുന്ന 20000 കോടിയുടെ നിക്ഷേപങ്ങളെക്കുറിച്ച് ഊറ്റംകൊള്ളുന്ന ഇടതുമുന്നണി ഭരണനേതൃത്വത്തിന്റെ ആഘോഷതിമിര്പ് ഇത്രമേല്‍ പരിഹാസ്യമാക്കുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്.
ഇന്ത്യയില്‍ 13 തുറമുഖങ്ങള്‍ സ്വന്തമാക്കിയതിനു പുറമെ ശ്രീലങ്കയിലും ഇസ്രയേലിലും ടാന്‍സാനിയയിലും വിയറ്റ്നാമിലും തുറമുഖ നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ള അദാനി പോര്‍ട്സ് ഗ്രൂപ്പ് രാജ്യാന്തര സമുദ്രവാണിജ്യ മേഖലയില്‍ ചുവടുറപ്പിക്കുന്നതിനു മുന്‍പ് ആറു ഭൂഖണ്ഡങ്ങളിലായി 40 രാജ്യങ്ങളില്‍ എണ്‍പതോളം കടല്‍, ഉള്‍നാടന്‍ തുറമുഖ ടെര്‍മിനലുകളുടെ ശൃംഖല വികസിപ്പിച്ചിരുന്ന ദുബായ് എമിരേറ്റിന്റെ ഡിപി വേള്‍ഡ് ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളിലൊന്നായ കൊച്ചിന് പോര്‍ട്ടിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്ത്, വല്ലാര്‍പാടത്ത് പ്രത്യേക സാമ്പത്തിക മേഖലയില്‍ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ കപ്പല്‍ച്ചാലിന് ആഴം 14.5 മീറ്റര്‍ മാത്രമായിരുന്നിട്ടും 13 കൊല്ലം മുന്‍പ്, 2011 ജൂലൈയില്‍ സിംഗപ്പൂരില്‍ നിന്ന് 319 മീറ്റര്‍ നീളവും 6478 ടിഇയു ശേഷിയുമുള്ള അന്നത്തെ ഏറ്റവും വലിയ മെര്‍സ്ക് ലൈന്‍ കപ്പല്‍ വന്നടുത്തത് വിഴിഞ്ഞത്തെ ഉത്സാഹ കമ്മിറ്റിക്കാര് ഓര്‍ക്കുന്നുണ്ടാവില്ല. കൊളംബോ തുറമുഖത്ത് ട്രാന്സ്ഷിപ്മെന്റിനു പോകുന്നതും വരുന്നതുമായ ഇന്ത്യയുടെ ചരക്കെല്ലാം വല്ലാര്‍പാടത്ത് എത്തുമെന്നാണ് ഡിപി വേള്‍ഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നും ഇന്ത്യയുടെ 30 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യുന്നത് കൊളംബോയിലും സിംഗപ്പൂരിലുമായാണ്.
വല്ലാര്‍പാടം ടെര്‍മിനലിന്റെ 40 ശതമാനം ശേഷി പോലും ഇന്നേവരെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ ഇന്നും വഴിയാധാരമാണ് എന്നത് തീരദേശത്തെ മറ്റൊരു ദുരന്തകഥ.
മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ 400 മീറ്റര്‍ നീളമുള്ള മദര്‍ഷിപ് വിഴിഞ്ഞത്ത് ട്രയല്‍ ഓപ്പറേഷന് എത്തുമ്പോഴും ചൈനീസ് ക്രെയിനുകള്‍ കൊണ്ടുവന്നിറക്കിയതിനെ വരവേറ്റതുപോലുള്ള ആഘോഷം പ്രതീക്ഷിക്കാം. കൊളംബോയില്‍ സമരം മൂലം ചരക്കു കെട്ടിക്കിടക്കുന്നതും ചെങ്കടലിലെ സുരക്ഷാപ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സിംഗപ്പൂരിലും ചരക്കുനീക്കത്തിന് സമ്മര്ദമേറുന്നതും മൂലം വിഴിഞ്ഞത്തേക്ക് കൂടുതല്‍ കപ്പലുകള്‍ തിരിച്ചുവിടാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. വല്ലാര്‍പാടം ടെര്‍മിനലിനെ നേര്‍ക്കുനേര്‍ വെല്ലുവിളിച്ച് വിഴിഞ്ഞത്ത് അദാനി പോര്‍ട്ട്സ് 15 വര്‍ഷത്തേക്ക് കേരളത്തിന് ലാഭവിഹിതത്തില്‍ നിന്ന് ഒരു പൈസ പോലും നല്‍കാതെ കൊഴുക്കട്ടെ; അതു കഴിഞ്ഞ് ലാഭവിഹിതത്തില്‍ ഒരു ശതമാനം നമുക്ക് കിട്ടിത്തുടങ്ങുമല്ലോ!
സമയബന്ധിതമായി പണി പൂര്ത്തിയാക്കാഞ്ഞതിന് അദാനി കമ്പനിയില്‍ നിന്ന് 911 കോടി രൂപ പിഴ ഈടാക്കാനുള്ള ആര്ബിട്രേഷന് നടപടി പിന്‍വലിച്ചതുപോലെ, സര്‍ക്കാര്‍ ആസ്തികള്‍ ഈടുവയ്ക്കാനുള്ള അനുമതി, സബ് ലീസ് കാലയളവ്, ഇളവുകളുടെ അന്ത്യത്തിലെ ടെര്‍മിനേഷന്‍ പേയ്മെന്റ്, തുറമുഖനിര്‍മാണത്തിലെ അധിക ഇളവുകള്‍ എന്നിങ്ങനെ 2016, 2017 വര്‍ഷങ്ങളിലെ സിഎജി റിപ്പോര്‍ട്ടുകളില്‍ എണ്ണിപ്പറഞ്ഞ അദാനി പ്രീണനത്തിനായുള്ള വഴിവിട്ട ഏര്‍പ്പാടുകള്‍ ഇനിയും അഭംഗുരം തുടരട്ടെ!
പാരിസ്ഥിതികാഘാത പഠന റിപ്പോര്‍ട്ട് അവഗണിച്ച് വിഴിഞ്ഞത്ത് തുറമുഖനിര്‍മാണം ആരംഭിച്ചതിനുശേഷം തിരുവനന്തപുരം തീരമേഖലയിലുണ്ടായ തീരശോഷണത്തെക്കുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പുനെയിലെ കേന്ദ്ര ജല-ഊര്‍ജ ഗവേഷണ കേന്ദ്രം (സിഡബ്ല്യുപിആര്‍എസ്) മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം.ഡി കുഡാലെ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ‘അജ്ഞാത കാരണങ്ങളാല്‍’ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. സര്‍ക്കാര്‍ അതു വിശദമായി പരിശോധിച്ചുവരികയാണെന്നാണ് തുറമുഖ മന്ത്രി നിയമസഭയില്‍ പറഞ്ഞത്. വിഴിഞ്ഞത്തു നിന്ന് 20 കിലോമീറ്റര്‍ വടക്കായി തീരശോഷണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 128 പേര് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുദ്രവച്ച കവറിലാണ് ആ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പുലിമുട്ടുകള്‍ നിര്‍മിച്ചാല്‍ തീരശോഷണമുണ്ടാകും എന്നു സ്ഥിരീകരിക്കുന്ന ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെ പഠനങ്ങളെ ആധാരമാക്കിയുള്ള ഡോ. കുഡാലെയുടെ 2010-ലെ മറ്റൊരു റിപ്പോര്‍ട്ട് കോടതിക്കു മുന്പാകെയുണ്ട്. തീരശോഷണവുമായി വിഴിഞ്ഞം തുറമുഖത്തിന് ബന്ധമില്ലെന്നാണ് കുഡാലെ കമ്മിറ്റിയുടെ കണ്ടെത്തലെങ്കില്‍ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അത് എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലത്തിലെങ്കിലും എടുത്തുവീശേണ്ടതായിരുന്നു.
അദാനി പോര്‍ട്സ് നിയോഗിച്ച ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയുടെ പഠന റിപ്പോര്‍ട്ടിലും വിഴിഞ്ഞത്ത് തീരശോഷണമുണ്ടെന്നത് അംഗീകരിച്ചിരുന്നു. കോവളം, ശംഖുമുഖം ബീച്ചുകളും കടല്പ്പാലമുണ്ടായിരുന്ന വലിയതുറ, പൂന്തുറ തീരവും നാമാവശേഷമായത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്നു പറയാന്‍ നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു പഠന റിപ്പോര്‍ട്ടും ആവശ്യമില്ല. കേരളതീരത്ത് ഏറ്റവും കൂടുതല്‍ (46%) ലിറ്റൊറല്‍ ഡ്രിഫ്റ്റ് (കാറ്റും തിരമാലകളുമായി ബന്ധപ്പെട്ട് തീരത്തെ എക്കലിന്റെയും അവശിഷ്ടങ്ങളുടെയും സ്വാഭാവിക ചലനം) കാണുന്ന മേഖല തിരുവനന്തപുരമാണ്. കടലില്‍ മൂന്നു കിലോമീറ്ററോളം നീളത്തില്‍ പുലിമുട്ട് നിര്‍മിച്ചാല്‍ അതിന് ഒരു പ്രത്യാഘാതവും ഉണ്ടാവില്ലെന്നാണോ? വിഴിഞ്ഞത്ത് ആഡംബര കപ്പലുകള്‍ക്ക് പ്രത്യേക ടെര്‍മിനല്‍ ഒരുക്കുമ്പോഴും കോവളം, പൂവാര്‍ ടൂറിസം മേഖലയുടെ അവസ്ഥ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തുറമുഖത്തിന്റെ ആഘാതത്തിന് ഇരകളാകുന്നവര്‍ക്കായി ഉമ്മന്‍ ചാണ്ടി 2015-ല്‍ 475 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. പിണറായി സര്‍ക്കാര്‍ ഒരു ആഘാതവും കാണാത്തതിനാല്‍ ആ പാക്കേജിനെക്കുറിച്ച് മിണ്ടുന്നതേയില്ല. വിഴിഞ്ഞം പദ്ധതിയില്‍ അദാനിയുടെ താല്പര്യങ്ങള് സംരക്ഷിക്കാനായി ഉമ്മന്‍ ചാണ്ടി അഴിമതി കാട്ടി എന്ന ആരോപണം ബലപ്പെടുത്തുന്നതിന് തെളിവുകള്‍ കണ്ടെത്തുന്നതിന് പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന് 2019-ല്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് ആര്‍ക്കുമറിയില്ല.
കടലേറ്റത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് വര്‍ഷങ്ങളായി വലിയതുറയില്‍ സിമന്റ് ഗോഡൗണുകളിലും മറ്റും കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് വിഴിഞ്ഞത്തെ ട്രയല്‍ റണ്‍ ഉദ്ഘാടന മാമാങ്കത്തിന്റെ പരസ്യപ്രചാരണത്തിനു പാഴാക്കിയ പണംതന്നെ ധാരാളമാകുമായിരുന്നല്ലോ. വാടകവീടുകളിലേക്കു മാറുന്നതിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 5500 രൂപ മാസവാടക ക്ഷേമപെന്ഷന് പോലെ വല്ലപ്പോഴും കിട്ടുന്ന അവസ്ഥയാണ്. നാനൂറില്‍പ്പരം പേരുടെ പുനരധിവാസം ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണ്. പത്തും പതിനഞ്ചും സെന്റ് പുരയിടം കടലെടുത്തുപോയവരും ഒരു നിവൃത്തിയുമില്ലാതെ സര്‍ക്കാരിന്റെ 10 ലക്ഷം രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് അപേക്ഷിക്കുന്നുണ്ട്. നഷ്ടപ്പെട്ട സ്ഥലത്തിന് തത്തുല്യമായ നഷ്ടപരിഹാരം നല്‍കാതെ 550 ചതുരശ്ര അടി വീടുവയ്ക്കാന്‍ പരമാവധി 10 ലക്ഷം രൂപ തവണകളായി നല്‍കുന്നതിലെ നീതികേട് ആരെയും വ്യാകുലപ്പെടുത്തുന്നില്ല!
മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിക്കുന്ന 192 ഫ്ളാറ്റുകളുടെ ശോച്യാവസ്ഥ കാണേണ്ടതാണ്. കടലേറ്റത്തിലും തീരശോഷണം മൂലവും ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിന് തിരുവനന്തപുരം അതിരൂപത സര്‍ക്കാരിനു കൈമാറിയ കൊച്ചുവേളിയിലെ രണ്ട് ഏക്കര്‍ ഭൂമിയില്‍ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല.
വിഴിഞ്ഞത്തു നിന്ന് 39 കിലോമീറ്റര്‍ വടക്കായി മുതലപ്പൊഴി ഫിഷറീസ് ഹാര്‍ബറില്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 73 മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട പൊഴിമുഖത്ത് അപകടത്തിന് ഇടയാക്കുന്ന മണല്‍തിട്ടകളും കല്ലുകളും ഡ്രെജ് ചെയ്തു നീക്കുന്നതിന് 2018-ല്‍ ഒപ്പുവച്ച എംഒയു വ്യവസ്ഥകള്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് കമ്പനി പാലിക്കാത്തതിന്റെ ദുരന്തഫലങ്ങള്‍ ഇപ്പോഴും നാം കണ്ടുകൊണ്ടിരിക്കയാണ്. മുതലപ്പൊഴി ഹാര്‍ബറില്‍ നിന്ന് ബാര്‍ജുകളില്‍ വിഴിഞ്ഞത്തേക്ക് കരിങ്കല്ലുകള്‍ കൊണ്ടുപോകുന്നതിന് അവിടത്തെ പുലിമുട്ടിന്റെ ഒരു ഭാഗം പൊളിച്ചുനീക്കി വാര്‍ഫ് നിര്‍മിച്ച അദാനി കമ്പനി, അവരുടെ കാര്യം സാധിച്ചതോടെ ഡ്രെജിങ് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറി. ഇത്രയേറെ മരണങ്ങള് സംഭവിച്ചിട്ടും സംസ്ഥാന ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് ഡ്രെജിങ്ങിന് ബദല്‍ സംവിധാനം ഒരുക്കിയിട്ടില്ല, സര്‍ക്കാരാകട്ടെ അദാനി കമ്പനിയെ ന്യായീകരിക്കുകയും ചെയ്യുന്നു. കരിങ്കല്ലുകള്‍ ശേഖരിക്കാനായി പെരുമാതുറ ബീച്ചില്‍ സ്റ്റോക്ക് യാര്‍ഡിനും ബാര്ജുകള്ക്കായുള്ള വാര്‍ഫ് നിര്‍മാണത്തിനുമായി സര്‍ക്കാര്‍ ഭൂമി എടുത്തതിനു പകരമായാണ് അദാനി കമ്പനി മുതലപ്പൊഴിയിലെ ഡ്രെജിങ് നടത്താന്‍ സമ്മതിച്ചത്. ആ ധാരണാപത്രത്തിനു പകരം പുതിയ കരാറുണ്ടാക്കി അടിയന്തരമായി ഡ്രെജിങ് നടത്താന്‍ വ്യവസ്ഥ ചെയ്യണം.
കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് മുതലപ്പൊഴി വിഷയത്തില്‍ താല്പര്യമെടുക്കുന്നതില് രാഷ് ട്രീയം കാണേണ്ടതില്ല. മുതലപ്പൊഴി ഹാര്‍ബര്‍ സുരക്ഷിതമായ തൊഴിലിടമാക്കുന്നതിന് സിഡബ്ല്യുപിആര്‍എസ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ 164 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചാലും പുലിമുട്ടുകളുടെ പുനര്‍നിര്‍മാണത്തിനും മറ്റും സംസ്ഥാന ഫിഷറീസ് മന്ത്രി പറയുന്നതുപോലെ 18 മാസമെങ്കിലുമെടുക്കും. അടിയന്തരമായി ഡ്രെജിങ് നടത്തുകയും സാന്‍ഡ് ബൈപാസിങ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താല്‍ അപകടങ്ങള്‍ കുറെയൊക്കെ ഒഴിവാക്കാനാകും.
കടല്‍ക്ഷോഭം മുന്‍നിര്‍ത്തിയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പേരില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസങ്ങളോളം തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കുന്നതിന് നല്കിയ ഉറപ്പുകളുടെ കൂട്ടത്തില്‍ പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ വ്യവസ്ഥയൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഏതാനും ദിവസത്തേക്കു പരിമിതപ്പെടുത്തിയാണ് ഇതുവരെ ഈ നഷ്ടപരിഹാരം അനുവദിച്ചിട്ടുള്ളത്. മീന്‍പിടുത്ത വള്ളങ്ങളുടെ മണ്ണെണ്ണ എന്ജിന് മാറ്റി പകരം പെട്രോള്‍-ഡീസല്‍ എന്‍ജിനാക്കി മാറ്റുന്നതിനുള്ള ട്രയല്‍ ആലപ്പുഴയിലെ ‘പരപ്പന്കടലില്’ നടത്തിയതല്ലാതെ തിരുവനന്തപുരത്തെ ആഴക്കടലില്‍ ഇതേവരെ നടത്തിയിട്ടേയില്ല.
തീരദേശം കോര്‍പറേറ്റ് വമ്പന്‍ തീറെഴുതിയതോടെ തീരവും തീരദേശവാസികളും നേരിട്ട അതിജീവന പ്രതിസന്ധിക്കു പരിഹാരം തേടി വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി സമൂഹം അഞ്ചുമാസം സമാധാനപരമായി നടത്തിയ സഹനസമരത്തെ ആദ്യം പുച്ഛിച്ചുതള്ളുകയും പിന്നീട് രാജ്യാന്തര ഗൂഢാലോചനയും രാജ്യദ്രോഹവും ഭീകരവാദവും മറ്റും ആരോപിച്ച് ക്രിമിനല്‍വത്കരിക്കുകയും ഒടുവില്‍ പ്രാദേശികതലത്തില്‍ വര്‍ഗീയശക്തികളെയും പാര്ട്ടിഗുണ്ടകളെയും പൊലീസിനെയും രംഗത്തിറക്കി അക്രമത്തിലും അകാജകത്വത്തിലും കൊണ്ടുചെന്നെത്തിച്ച് നിരപരാധരെ വേട്ടയാടി തല്ലിച്ചതച്ച പിണറായി ഭരണകൂടം ലത്തീന്‍ സഭാമേലധ്യക്ഷന്മാരെയും വൈദികരെയും സംഘടനാ നേതാക്കളെയുമെല്ലാം പ്രതിചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത 199 കേസുകളില്‍ 157 എണ്ണം കഴിഞ്ഞ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പായി റദ്ദാക്കുന്നതായി മുഖ്യമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് അറിയിപ്പുണ്ടായി.
സംഭവസ്ഥലത്തില്ലാതിരുന്ന ശ്രേഷ്ഠ ആചാര്യന്മാര്ക്കെതിരെ ചാര്‍ത്തിയ ഗുരുതരമായ ക്രിമിനല്‍ കേസുകളുടെ കാര്യത്തില്‍ കോടതികള്‍ക്കേ എന്തെങ്കിലും ചെയ്യാനാവൂ എന്ന നിലപാടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. എത്ര ഉദാത്തമായ നീതിബോധവും രാഷ് ട്രീയ ധാര്‍മികതയുമാണ് നമ്മുടെ ധീരസഖാക്കള്‍ക്ക്!
വിഴിഞ്ഞത്ത് ട്രയല്‍ റണ്‍ തുടങ്ങുന്നതിനു മുന്‍പുതന്നെ തീരക്കടലിലെ പാരുകളിലേക്ക് കടല്‍പ്പണിക്കാര്‍ക്ക് അടുക്കാന്‍ പറ്റാത്ത സ്ഥിതിയായി. കപ്പലുകള്‍ ചാനല്‍ കടക്കുമ്പോഴല്ലാതെ മത്സ്യബന്ധനയാനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്ന് ഫിഷറീസ് മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും ഫിഷിങ് നിരോധിത മേഖലയിലെന്ന പോലെ മത്സ്യത്തൊഴിലാളികളെ ആ ചുറ്റുവട്ടത്തുനിന്ന് ആട്ടിപ്പായിക്കുകയാണ് കോസ്റ്റല്‍ പൊലീസ്. മദര്‍ഷിപ്പും ഫീഡര്‍ കപ്പലുകളും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ എത്തുമ്പോഴൊക്കെ മീന്‍പിടുത്തക്കാര്‍ കരപറ്റണം എന്നു വന്നാല്‍ വിഴിഞ്ഞം ഫിഷിങ് ഹാര്‍ബറിന്റെ ഗതിയെന്താകും! വിഴിഞ്ഞം പദ്ധതി മൂലം ഉപജീവനം മുടങ്ങിയ 262 കരമടിക്കാര് അടക്കം 2,697 മത്സ്യത്തൊഴിലാളികള്‍ക്ക് 106.93 കോടി രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കിയത്രെ. കടല്സമൂഹത്തിന്റെ ആവാസവ്യവസ്ഥയുടെ ഉന്മൂലനാശത്തിനുള്ള മൂല്യം അത്രയേയുള്ളോ?