എറണാകുളം: കടലേറ്റം രൂക്ഷമായ ചെല്ലാനം മേഖലയിലെ കടല്‍ഭിത്തി നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജലവിഭലമന്ത്രി റോഷി അഗസ്റ്റിന്. എറണാകുളം ആശീര്‍ഭവനില്‍ നടക്കുന്ന കെആര്‍എല്‍സിസി 43-ാം ജനറല്‍ അസംബ്ലിയുടെ സമാപന ദിവസം പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
344 കോടി രൂപയുടെ പദ്ധതിയാണ് ആദ്യഘട്ടമായി ഇവിടെ നടപ്പിലാക്കിയത്. ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണം കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ പഠനപ്രകാരം സംസ്ഥാന തീരത്ത് കണ്ടെത്തിയിട്ടുള്ള 5 ഹോട് സ്പോട്ടുകള്‍ ഉള്‍പ്പെടെ കടലേറ്റം രൂക്ഷമായ സ്ഥലങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മാണത്തിനു വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി പഠന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശത്തിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ക്രൈസ്തവ പിന്നാക്കാവസ്ഥ പഠികകാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടനെ പഠിച്ച് നടപ്പാക്കാനുളള ശ്രമങ്ങള്‍ ഉണ്ടാകും.
സംസ്ഥാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമാകുകയാണ്. ഭൂഗര്‍ഭജലം വളരെയധികം കുറഞ്ഞുവരുന്നു. റീച്ചാര്‍ജ്ജ് പദ്ധതികള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.
കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായിരുന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ ജോസഫ് ജൂഡ്, സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോ.ജനറല്‍ സെക്രട്ടറി റവ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ് ട്രഷറര്‍ ബിജു ജോസി, കെഎല്‍സിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്,
കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.