കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്ക് തുടക്കമായി
എറണാകുളം: കാലഘട്ടത്തിനനുസൃതമായി സ്വകാര്യവിദ്യാഭ്യാസമേഖലയില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുന്നതിനും സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് അംഗീകാരം നല്കുന്നതിനുമുള്ള ബില്‍ ഉടന്‍ സംസ്ഥാനമന്ത്രിസഭ പരിഗണിക്കുമെന്ന് വ്യവസായവകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 43-മത് ജനറല്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെല്ലാനം, വൈപ്പിന്‍ തീരദേശമേഖലയുടെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ കെആര്‍എല്‍സിസി മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി സൗഹാര്‍ദപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ചെല്ലാനത്തെ ടെട്രാപോഡ് പദ്ധതിയുടെ ആദ്യഘട്ടം വിജകരമായി പൂര്‍ത്തീകരിച്ചുവെങ്കിലും അത് തുടര്‍ന്നുകൊണ്ടുപോകുന്നതിന് കിഫ്ബിയുടെ വായ്പാസഹായം ലഭിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടായി. തീരപരിപാലനം ദേശസുരക്ഷയുടെകൂടിഭാഗമാണെങ്കിലും കേന്ദ്രഗവണ്മെന്റ് വര്‍ഷങ്ങളായി അതിനുവേണ്ടി ഒരു വിഹിതവും നല്‍കുന്നില്ല. അതേസമയം കിഫ്ബിയെ ഇഡിയുടെയും മറ്റും നിയമക്കുടുക്കുകളില്പ്പെടുത്തി സംസ്ഥാനത്തിന്റെ സാമ്പത്തികസ്രോതസ്സ് തടസ്സപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. കെആര്‍എല്‍സിസി മുഖ്യമന്ത്രിക്ക് സമര്പ്പിച്ചനിവേദനത്തിലെ 12 ആവശ്യങ്ങളില്‍ ചെയ്യാവുന്നതൊക്കെ ഗവണ്മെന്റ് സൗഹാര്‍ദപൂര്‍വം പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തികഞെരുക്കമാണ് പലപദ്ധതികളും നടപ്പാക്കുന്നതില്‍ നമുക്ക് പരിമിതിയായിട്ട് വരുന്നത്. കടമെടുക്കാനുള്ള പരിധിയും നികുതി വിഹിതത്തിന്റെ കുറവും നമ്മെ സാരമായി ബാധിക്കുന്നുണ്ട്.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാണ് ഗവണ്മെന്റ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഗവണ്മെന്റിന് നിര്‍ദേശം നല്കാന് മാത്രമേ കഴിയൂ. തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ജെ.ബി കോശി കമ്മീഷന് ശുപാര്‍ശകള്‍ ഓരോ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ സഹിതം ക്രോഡീകരിച്ച് ഉടന്‍ നടപ്പാക്കും. ജാതി സെന്‍സസ് നടത്തേണ്ടത് കേന്ദ്രഗവണ്മെന്റാണ്. സംസ്ഥാനത്തിന് സര്‍വേ നടത്താന്‍ മാത്രമേ സാധിക്കൂ. ജാതി സെന്‍സസിന് അനുകൂലമായ നിലപാടാണ് സംസ്ഥാനത്തിനുള്ളത്. സിആര്‍ഇസഡ് ആനുകൂല്യങ്ങള്‍ പലതും ലഭ്യമാക്കുന്നതില്‍ കേന്ദ്രത്തില്‍ സംസ്ഥാനം സമ്മര്‍ദ്ധം ചെലുത്തുന്നുണ്ട്. വൈപ്പിന്‍ തീരദേശ മേഖലക്കായി 141 കോടിയുടെ പദ്ധതി കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. വന്യജീവി പ്രശ്നം നേരിടുന്നതിനും ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി (കെആര്‍എല്‍സിബിസി) പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. നഗരമേഖലയില്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്നു നിലയില്‍ കഴിയുന്നവരും വോട്ട് രേഖപ്പെടുത്തുന്നതില്‍ വിമുഖത കാണിച്ചുവെങ്കിലും ഇന്ത്യയിലെ സാധാരണജനങ്ങള്‍ ജനാധിപത്യപ്രക്രിയയില്‍ കൃത്യമായി ഇടപെട്ട് ഭരിക്കാന്‍ മാത്രമുള്ള ഭൂരിപക്ഷം പരിമിതപ്പെടുത്തി ആരെ അധികാരത്തില്‍ കൊണ്ടുവരണമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ഈ വര്‍ഷം നമ്മുടെ രാജ്യത്ത് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ജനാധിപത്യം ക്ഷീണിതാവസ്ഥയിലാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത് ബിഷപ് ചക്കാലക്കല്‍ അനുസ്മരിച്ചു.
വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ ഡോ. ആന്റണി വാലുങ്കലിനെ ചടങ്ങില്‍ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദിയും പറഞ്ഞു. കെആര്‍എല്‍സിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ആര് ക്രിസ്തുദാസ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, അസോസിയേറ്റ് ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, വൈസ് പ്രസിഡന്റ് സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സെക്രട്ടറിമാരായ പ്രബലദാസ്, മെറ്റില്‍ഡ മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് പ്രസിദ്ധീകരിക്കുന്ന ‘മഹിതപൈതൃകം’ എന്ന പുസ്തകം ബിഷപ് ഡോ. ആന്റണി വാലുങ്കലിന് നല്കി ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പ്രകാശനം ചെയ്തു.
ഉച്ചയ്ക്ക് 12 നു ചേര്‍ന്ന ആദ്യസെഷനില്‍ ‘സമകാലിക സമൂഹത്തിലെ സഭയും സമുദായവും’ എന്ന വിഷയത്തില്‍ കാര്‍മ്മല്‍ഗിരി സെമിനാരി പ്രഫസര്‍ റവ. ഡോ.ജോഷി മയ്യാറ്റില്‍ മുഖ്യപ്രഭാഷണം നടത്തി.
ഉച്ചയ്ക്കു ശേഷം 2.30ന് ചേരുന്ന രണ്ടാമത്തെ സെഷനില്‍ മതബോധനം സമുദായശാക്തീകരണം എന്ന വിഷയത്തില്‍ ഫാ. സൈറസ് തോമസും, വര്‍ത്തമാനകാല വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തോമസ് കെ. സ്റ്റീഫനും സംസാരിക്കും. റവ.ഡോ. ലിന്സണ് കെ.ആറാടന്‍ നിജസ്ഥിതി പഠനവും ബോബന് ക്ലീറ്റസ് പ്രായോഗിക നിര്‍ദേശങ്ങളും സമര്‍പ്പിക്കും. ബെഥനി സിസ്റ്റേഴ്സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജൂഡി വര്‍ഗീസ് ബിഎസ് മോഡറേറ്ററായിരിക്കും. വൈകിട്ട് 3.30ന് ഗ്രൂപ്പ് ചര്‍ച്ച. 5.30ന് ഗ്രൂപ്പുകളുടെ റിപ്പോര്‍ട്ട് അവതരണം. ഒസിഡി സഭ സൗത്ത് കേരള പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ടോണി മുത്തപ്പന് ഒസിഡി മോഡറേറ്ററായിരിക്കും. വൈകീട്ട് 7ന് ദിവ്യബലി. രാത്രി 8.45ന് കെആര്‍എല്‍സിസി വര്‍ത്തമാനവും ഭാവിയും – ഗ്രൂപ്പ് ചര്‍ച്ച.
ശനിയാഴ്ച രാവിലെ മാധ്യമ പുനരുജ്ജീവനം സാമുദായിക മുന്നേറ്റത്തിന് എന്ന സെഷനില്‍ മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തും. ജിയോ ജോസഫ്, പ്രവീണ്‍ ജോസഫ് എന്നിവര്‍ മീഡിയ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ കപ്പിസ്താന്‍ ലോപ്പസ്, വത്തിക്കാന്‍ റേഡിയോ മലയാളവിഭാഗം മുന്‍മേധാവി ഫാ. വില്യം നെല്ലിക്കല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.
സമാപനദിനമായ ഞായറാഴ്ചരാവിലെ സമ്മേളനത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പ്രസംഗിക്കും. രാഷ്ട്രീയകാര്യസമിതി റിപ്പോര്‍ട്ട് അഡ്വ. ഷെറി ജെ. തോമസ് അവതരിപ്പിക്കും. ബിനു ഫ്രാന്‍സിസ് ഐഎഎസ്, കേരള ടെയ്ലറിംഗ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എലിസബത്ത് അസ്സീസി എന്നിവരെ ആദരിക്കും.