ഡോ. ഗാസ്പര്‍ സന്ന്യാസി
വാരഫലം എന്നത് അത്രയ്ക്ക് യോജിച്ച തലക്കെട്ടല്ല. സാഹിത്യവാരഫലക്കാരന്റെ കുറിപ്പടികള്‍ മാറ്റിവച്ചാല്‍, പിന്നെ വരുന്നതെല്ലാം ഭാവിയും ഭൂതവും തന്നെ. എന്നാലും ചില വാരഫലരേഖകള് പറയാതെ വയ്യ – പ്രത്യേകിച്ച് നിയമസഭാ സമ്മേളനം കത്തിക്കയറുന്ന കാലത്ത്.
ആദ്യത്തെ രേഖ, അങ്ങ് കേന്ദ്രക്കമ്മിറ്റി വകയാണ്.’പശുവും ചത്തു; മോരിലെ പുളിയും പോയി’ എന്ന പഴഞ്ചൊല്ലൊക്കെ എന്ത്?! ലോക്സഭാ തിരഞ്ഞെടുപ്പും കഴിഞ്ഞു, മന്ത്രിസഭയും വന്നു; പ്രതിപക്ഷ നേതാവും വന്നു; പാര്‍ലമെന്റ് സമ്മേളനവും തുടങ്ങി. എന്നിട്ടും വളരെ സിംപിളായ ചോദ്യത്തിന് – പാര്‍ട്ടി എന്തുകൊണ്ടു തോറ്റു – ഇതുവരെ ഉത്തരത്തിലേക്കെത്താന്‍ പാര്‍ട്ടിക്ക് പറ്റുന്നില്ല. പറ്റാഞ്ഞിട്ടല്ല – അങ്ങോട്ടേയ്ക്ക് എത്തുന്നില്ല. കയ്യില്‍ മണിയുണ്ട്, കഴുത്തുള്ള പൂച്ചയുമുണ്ട്. പക്ഷേ, കൈ നീളുന്നില്ല – അത്രയ്ക്ക് ലളിതം. പക്ഷേ, വിചിത്രയുക്തികള്കൊണ്ട് തോല്‍വിയുടെ യഥാര്‍ത്ഥ കാരണം മറച്ചുപിടിക്കലാണ് രേഖയിലെ ഫലം പറച്ചിലുകള്‍ കാണിക്കുന്നത്. മുസ്ലീം പ്രീണനം നടത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടില്ലായെന്ന കണ്ടെത്തലിലാണ് ഈ വിചിത്ര വാദമുള്ളത്.
വാദമിതാണ്: ഇക്കാര്യത്തില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നിലപാടുകളെല്ലാം ജനാധിപത്യ-മതേതര കാഴ്ചപ്പാടുകളില്‍ ഊന്നിയുള്ളതാണ്. തൊട്ടുപിന്നാലെ പറയുന്നു: എന്നാല്‍, ക്രൈസ്തവസഭകള്‍ക്ക് അകത്ത് വളര്‍ന്നുവരുന്ന മുസ്ലീം വിരോധം ബിജെപി മുതലാക്കുകയും ചെയ്തു. ഇതെന്തൊരു വാദമാണ് പാര്‍ട്ടി സുഹൃത്തുക്കളേ? ജനാധിപത്യ-മതേതര മൂല്യങ്ങളുള്ള ഈ രാജ്യത്ത്, തങ്ങളുടെ സമുദായത്തിന്റെ ജനാധിപത്യ അവകാശങ്ങളെപ്പറ്റി ഒരു മതവിഭാഗം പറയുന്നത് എങ്ങനെയാണ് ഇതരമതവിദ്വേഷമായി മാറുന്നത്? മതവ്യത്യാസങ്ങളെയും സമുദായ വ്യത്യസ്തതകളെയും സഹോദര ഭാവേന കാണുമ്പോള്‍ത്തന്നെ, അവരവരുടെ അവകാശങ്ങള്‍ക്കു വേണ്ടിക്കൂടി പറയുന്നത് എങ്ങനെയാണ് ഇതരമതവിദ്വേഷമാകുന്നത്? പാര്‍ട്ടി പറയുമ്പോള്‍ അത് മതേതരവും ജനാധിപത്യവും, മതവിശ്വാസികള്‍ പറയുമ്പോള്‍ അത് ഇതര മതവിദ്വേഷമാകുന്നതെങ്ങനെയാണ്? ഇതിനെയാണ് ഇരട്ടത്താപ്പെന്ന വിചിത്രവാദമായി പൊതുസമൂഹം വിലയിരുത്തുന്നത്.
അങ്ങാടിയില്‍ തോല്‍ക്കുന്നതിന് ആരാന്റെ നെഞ്ചത്തുകുത്തി, ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം എന്നുപറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? അരിയെത്ര എന്നതിന് പയറഞ്ഞാഴിയെന്നോ, റോഡു പൊളിഞ്ഞതിന്, കൂടോത്രത്തിന് കുഴിതോണ്ടിയതെന്നോ പറഞ്ഞിട്ട് കാര്യമില്ലല്ലോ! തോറ്റതിനെ ചൊല്ലി മുഖ്യമന്ത്രി ഒളിഞ്ഞ് പറഞ്ഞ കാര്യങ്ങള്‍ക്ക് കമ്മിറ്റി തെളിച്ചം നല്കിയതാകാം.
കൂടോത്രമാണ്, വാരത്തിലെ മറ്റൊരു പ്രധാന ഫലം. മൊത്തത്തില്‍ പ്രതിരോധത്തിലാകുമ്പോള്‍ എവിടെനിന്നോ ഉയര്‍ന്നുവരുന്ന ഇത്തരം അമര്‍ചിത്രകഥകള്‍ക്ക് ഒരിക്കലും ഈ നാട്ടില്‍ പഞ്ഞമുണ്ടായിട്ടില്ലല്ലോ? പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഭവനത്തില്‍നിന്നും ഔദ്യോഗിക ആലയത്തില്‍ നിന്നും കണ്ടെടുത്ത കൈകാല്‍-ആള്‍രൂപങ്ങള്‍, ‘മിഥുനം’ സിനിമയിലെ കഥാപാത്രം പറയുംപോലെ, ഇപ്പോള്‍ പൊട്ടുമെന്ന നിലയില്‍ വന്നെങ്കിലും, സംഗതി ആന്‍ഡി ക്ലൈമാക്സിലൊതുങ്ങി. മാധ്യമ ചര്‍ച്ചകളിലെ ഹാസ്യപ്രകടനങ്ങളില് വേണ്ടത്ര ശോഭിക്കാതെ പോയവര്‍ ഇളിഭ്യരായി. ചിന്തകനായ ജെ.എസ്. മില്ലിന്റെ ‘എക്സിപെരിമെന്റല്‍ മെത്തേഡ്’ തിയറിയനുസരിച്ച്, കൂടോത്രക്കഷണങ്ങള്ക്കൊപ്പം കോമണായി കണ്ട ‘ഉണ്ണിത്താന്’ പ്രതിഭാസംമാത്രം ബാക്കിയായി. തിരഞ്ഞെടുപ്പുകാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും, നിമിത്തങ്ങളിലും അക്ഷരവാരഫല
ങ്ങളിലും പശുത്തൊഴുത്തു നിര്‍മാണത്തിലും പൂമൂടലിലും സത്സംഗങ്ങളിലുമെല്ലാം വിശ്വാസിക്കുകയും ഗൗരവത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന മലയാളികളായ രാഷ്ട്രീയ-സിനിമാ-സാംസ്ക്കാരിക പ്രമുഖരെല്ലാം കൂടിച്ചേര്‍ന്നാണല്ലോ ‘മോണ്സന് മാവുങ്കല്‍’ പ്രതിഭാസമൊക്കെ നാട്ടില്‍ നാമ്പിടുന്നത്.
യു.പി.യിലെ ഹഥ്റാസ് ദുരന്തത്തിനുശേഷം നടന്ന അന്വേഷണങ്ങളില്‍ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിത്തറകളിലേക്ക് ‘ഭോല്ബാബ’യുടെ പ്രസ്ഥാന വേരുകള്‍ നീണ്ടതോടെ അന്വേഷണം ഇഴയാന്‍ തുടങ്ങി. (എന്താണെന്നറിയില്ല, സത്സംഗ് എന്ന വാക്ക് പെട്ടെന്ന് അപ്രത്യക്ഷമാകുകയും പ്രാര്‍ഥനാ സമ്മേളനം എന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, മാതൃഭൂമി പത്രത്തില്‍! ഭാഷാസ്നേഹം മാത്രമല്ലെന്ന് വ്യക്തം). കൂടോത്രം വെറും സയന്റിഫിക്ക് ടെംപറിന്റെ കുറവുമാത്രമല്ലെന്ന് അബിന്‍ വര്‍ക്കിയും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കമുള്ള യൂത്തന്മാര് അധികം വൈകാതെ അറിയാനിരിക്കുന്നതേയുള്ളൂ.
കോട്ടയത്തെ ആകാശപ്പാതയുടെ ചുവട്ടില്‍ തിരുവഞ്ചൂര്‍ ഉപവാസ സമരം പ്രഖ്യാപിച്ചിട്ട് രണ്ടു ദിവസമായി. ആകാശപ്പാതയുടെ ചോട്ടില് പടവലത്തിന്റെ തൈനട്ട് ജോസ് മാണിവക കേരള കോണ്‍ഗ്രസ്സ് മലക്കം മറിഞ്ഞെങ്കിലും തിരുവഞ്ചൂര്‍ മറിയില്ല. ബാര്‍ മുതലാളിമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന് എന്ന മകന്റെ വക കൂടോത്രത്തെ ആകാശപ്പാതയിലൂടെ ഒഴിപ്പി
ക്കേണ്ടത് അച്ഛന്- ധര്‍മ്മമാണ്.
വാഷിംഗ്മെഷീന് തിയറിയനുസരിച്ച്, കാപ്പ ചുമത്തപ്പെട്ടിരുന്ന ശരണ്ചന്ദ്രന് എന്ന യുവനേതാവിനെ പാര്‍ട്ടിയിലേക്ക് ചുവപ്പുകൊടി നല്കി സത്സംഗ് നടത്തി വരവേറ്റ ആരോഗ്യമന്ത്രിയുടെ വക കൂടോത്രം എങ്ങനെ ഒഴിപ്പിക്കുമെന്നാണ് ഇടത് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വേവലാതി. ഏതായാലും കൂടോത്രത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആര്‍ക്കെങ്കിലും ധാരണക്കുറവുണ്ടെങ്കില്‍ സമകാല കേരള രാഷ്ട്രീയ പകര്‍ച്ചപ്പനി നോക്കിയാല്‍ മതി.
പിന്കുറിപ്പ്: നാലരവര്ഷത്തിന്റെ പൊടിതട്ടിക്കളഞ്ഞ് ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് ലീക്ക് ചെയ്തുതുടങ്ങി. അധികം നാറ്റം വരാതിരിക്കാന്‍ പ്രമുഖ പേരുകള്‍ ഒഴിവാക്കിയെന്നാണ് മുന്‍കൂര്‍ പ്രഖ്യാപനം. അതുപിന്നെ അങ്ങനെയല്ലേ വരൂ. സാംസ്ക്കാരിക മന്ത്രിയെ കൂവിയ ആലപ്പുഴയിലെ കള്ളുകുടിയനെ അറസ്റ്റ് ചെയ്ത് അഡ്രസ്സും ആധാരവും വെളിപ്പെടുത്തുന്നപോലെ പ്രമുഖരുടെ പേര് പറയാന്‍ പറ്റുമോ? ശ്ശെ! മോശം!