പ്രൊഫ. ഷാജി ജോസഫ്
Turtles Can Fly (Iran/98 minutes/2004)
Director: Bahman Ghobadi
ഇറാന്, ഇറാക്ക്, സിറിയ, ടര്‍ക്കി, അര്‍മേനിയ എന്നീ രാജ്യങ്ങളില്‍ ചിതറിക്കിടക്കുന്ന കുര്‍ദുകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കണക്കില്ല. രാസായുധങ്ങള്‍ വിതറിയും, ബോംബ് വര്‍ഷിച്ചും കുര്‍ദുകളെ വംശഹത്യയിലൂടെ ഇല്ലാതാക്കാന്‍ മത്സരിക്കുന്ന ലോകം. പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലിനു കാരണമായ കുടിപ്പകകളാണ് കുര്‍ദുകളും ഇറാഖികളും തമ്മിലുള്ളത്. പ്രദേശത്തെ എണ്ണയില്‍ നോട്ടമിട്ട മുതലാളിത്ത രാജ്യങ്ങള്‍ ഇതില്‍ നേരിട്ട് ഇടപെട്ട് വംശഹത്യക്ക് കുടപിടിച്ചു. ബഹ്മാന് ഗൊബാദി സംവിധാനം നിര്‍വഹിച്ച ‘ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ’ ബാല്യങ്ങളുടെ കണ്ണുകളിലൂടെ യുദ്ധത്തിന്റെ നഗ്നയാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു ചിത്രമാണ്. 2003-ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് തൊട്ടുമുമ്പ് ഇറാഖി-ടര്‍ക്കിഷ് അതിര്‍ത്തിയിലെ കുര്‍ദിഷ് അഭയാര്‍ഥി ക്യാമ്പിന്റെ പശ്ചാത്തലത്തില്‍, സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ അനാഥ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി എടുത്ത ചിത്രം.
സാറ്റലൈറ്റ് (സോറന് ഇബ്രാഹിം), എന്നാണ് അവന്റെ വിളിപ്പേര്. അവന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം കുര്‍ദിഷ് കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ. അമേരിക്കന്‍ ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസ്സൈന്റെ പതനത്തെക്കുറിച്ചുള്ള വാര്‍ത്തകളറിയാന്‍ ഗ്രാമവാസികള്‍ ആകാംക്ഷയിലാണ്. യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമത്തിലെ വീടുകളില്‍ ടിവി കാണാനായി ആന്റിന ഘടിപ്പിച്ചു കൊടുക്കുന്ന ജോലിയാണ് അവനു പ്രധാനമായി.
സദ്ദാം ഹുസ്സൈന്റെ വലിയ കല്പ്രതിമ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ടിവിയിലൂടെ കാണുന്ന ഗ്രാമീണര്‍ക്ക് ദൃശ്യങ്ങളെ തന്റെ മുറി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിക്കൊടുക്കുന്നുണ്ട് സാറ്റലൈറ്റ്. അവന് ഒരു നേതാവ് മാത്രമല്ല, മാര്‍ഗനിര്‍ദേശത്തിനും സംരക്ഷണത്തിനും വേണ്ടി, തന്നെ ആശ്രയിക്കുന്ന മറ്റ് കുട്ടികള്‍ക്ക് പ്രതീക്ഷയുടെ പ്രതീകം കൂടിയാണ്, ഗ്രാമത്തിലെ നൂറുകണക്കിന് അഭയാര്‍ത്ഥി കുട്ടികളുടെ നേതാവും.
പ്രതികൂലസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന കുട്ടികളുടെ പ്രതിരോധശേഷിയും ചാതുര്യവും ഉയര്‍ത്തിക്കാട്ടുന്നു സാറ്റലൈറ്ററിന്റെ നേതൃപാടവം.
കുട്ടികളുടെ കളിസ്ഥലങ്ങള്‍ മൈന്‍ പാടങ്ങള്‍ക്കരികെ ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട സൈനീക കവചിത വാഹനങ്ങള്ക്കകമാണ്. യുദ്ധമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട മൈനുകള്‍ നിര്‍വീര്യമാക്കി ശേഖരിച്ചു വില്‍പ്പന നടത്തുന്ന കുട്ടികള്‍. മലയിടുക്കുകളില്‍ വിതച്ചിട്ട മൈനുകള്‍ പൊട്ടി നിരവധി കുട്ടികള്‍ അംഗവിഹീനരായിട്ടുണ്ട്.
ഹെന്‍ഗോവ് (ഹിരേഷ് ഫെയ്സല്‍ റഹ്മാന്) എന്ന ആണ്‍കുട്ടിയുടെയും അവന്റെ സഹോദരി അഗ്രിന്‍ (അവാസ് ലത്തീഫ്) എന്നിവരുടെ ക്യാമ്പിലേക്കുള്ള വരവ് ആഖ്യാനത്തിന് സങ്കീര്‍ണ്ണതയുടെ പുതിയ പാളികള്‍ സമ്മാനിക്കുന്നു. കുഴിബോംബ് സ്ഫോടനത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട ഹെന്‍ഗോവിന് ഭാവി പ്രവചിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്. അവന്റെ സഹോദരി അഗ്രിന്‍ അമേരിക്കന്‍ പട്ടാളത്തിന്റെ പീഠനം ഏറ്റുവാങ്ങിയ ഭൂതകാലത്താല്‍ എല്ലാം നഷ്ടപെട്ടവളാണ്. പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട അവള്‍ക്ക് രണ്ടു വയസ്സായ മകനുമുണ്ട്, അന്ധനായ കുഞ്ഞു ‘റിഗ’. കൗമാരം കടന്നിട്ടില്ലാത്ത അഗ്രിന്‍ ആ കുഞ്ഞൊരു ഭാരമാണ്. അവള് എപ്പോഴും വേറേയേതോ നിഗൂഢമായ ലോകത്തിലായിരിക്കും. പീഡനത്തിന്റെ ഓര്‍മ്മകള്‍ അത്രയേറെ അവളെ വേട്ടയാടിക്കൊണ്ടിരുന്നു. റിഗയെ സ്വന്തം കുഞ്ഞെന്ന രീതിയില്‍ സ്വീകരിക്കാനും അവള്‍ക്കാകുന്നില്ല. അതിനെ ഉപേക്ഷിക്കാന്‍ അവള് സഹോദരനോട് ആവശ്യപ്പെടുന്നുണ്ട്. അവള് രക്ഷപ്പെടാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ ആഴത്തിലുള്ള വൈകാരിക മുറിവുകളും അവരുടെ അസ്തിത്വത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങളും വെളിപ്പെടുത്തുന്നു.
ക്യാമ്പ് ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ യാഥാര്‍ത്ഥമായ വികാരങ്ങളും പ്രകടമായ ലാന്‍ഡ്സ്കേപ്പും ഒപ്പിയെടുക്കുന്ന ഗൊബാദിയുടെ സംവിധാനം മികവുറ്റതാണ്. പരിസ്ഥിതിയുടെ കാഠിന്യത്തെയും കുട്ടികളുടെ നിഷ്കളങ്കതയെയും വ്യത്യസ്തമാക്കിക്കൊണ്ട് ഷഹരിയാര്‍ അസ്സാദിയുടെ ഛായാഗ്രഹണം മനോഹരമാണ്. സ്വാഭാവിക വെളിച്ചത്തിന്റെയും വൈഡ് ആംഗിള്‍ ഷോട്ടുകളുടെയും ഉപയോഗം കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിന് ഊന്നല്‍ നല്കുന്നു, അതേസമയം ക്ലോസപ്പുകള്‍ അവരുടെ വേദനയും നിശ്ചയദാര്‍ഢ്യവും ഉള്‍ക്കൊള്ളുന്നു.
സിനിമയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന് യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ നേരിട്ടുള്ള ചിത്രീകരണമാണ്. കുടുംബാംഗങ്ങളുടെ നഷ്ടം, ശാരീരിക പരിക്കുകള്‍, അല്ലെങ്കില്‍ മാനസിക ആഘാതം എന്നിവയിലൂടെ ക്യാമ്പിലെ കുട്ടികളിലെല്ലാം വ്യത്യസ്ത രീതികളില്‍ സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. പ്രദേശത്തെ കുഴിബോംബുകളുടെ സാന്നിധ്യം അവര്‍ ദിനംപ്രതി നേരിടുന്ന അപകടങ്ങളുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു. യുദ്ധത്തിന്റെ ക്രൂരമായ യാഥാര്‍ഥ്യങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്ന് സിനിമ പിന്തിരിയുന്നില്ല, എന്നാല്‍ കഥാപാത്രങ്ങളുടെ പോരാട്ടങ്ങളെ കൂടുതല്‍ വെളിപ്പെടുത്തുന്നു.
യുദ്ധമുഖത്തു ജീവിതം പിടിച്ചു നിര്‍ത്താന്‍ പാടുപെടുന്ന ബാല്യങ്ങളുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമാണ്. സോറന് ഇബ്രാഹിം, പ്രത്യേകിച്ച് സാറ്റലൈറ്റ് എന്ന കഥാപാത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഹിരേഷ് ഫെയ്സല്‍ റഹ്മാന്, ആവാസ് ലത്തീഫ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് തീവ്രത കൊണ്ടുവരുന്നു. ‘ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ ‘ എന്നത് യുദ്ധത്തെക്കുറിച്ചുള്ള ഒരു സിനിമ മാത്രമല്ല; അതിജീവനം, പ്രത്യാശ, എന്നിവയെക്കുറിച്ചുള്ള ഒരു അന്വേഷണം കൂടിയാണിത്. സാറ്റലൈറ്റിന്റെ നേതൃത്വ കഴിവിലൂടെയോ, ഹെന്ഗോവിന്റെ പ്രവചന കഴിവുകളിലൂടെയോ, അല്ലെങ്കില്‍ അഗ്രിന്റെ രക്ഷപ്പെടാനുള്ള സ്വപ്നങ്ങളിലൂടെയോ, തങ്ങളുടെ സാഹചര്യങ്ങളെ നേരിടാനുള്ള വഴികള്‍ സിനിമയിലെ കുട്ടികള്‍ കണ്ടെത്തുന്നു. സങ്കല്‍പ്പിക്കാനാകാത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും അവരുടെ സഹിഷ്ണുത പ്രചോദനവും ഹൃദയഭേദകവുമാണ്.
‘ആമകള്‍ക്ക് പറക്കാന്‍ കഴിയും’ എന്ന ചിത്രത്തിന്റെ പേര് രൂപകമാണ്, ഇത് പ്രത്യാശയുടെ ആശയവും മറികടക്കാനാവാത്ത പ്രതിബന്ധങ്ങളെ കടന്നു മുന്നേറാനുള്ള സാധ്യതയും നിര്‍ദ്ദേശിക്കുന്നു. സാധാരണഗതിയില്‍ സാവധാനത്തില്‍ സഞ്ചരിക്കുന്ന ആമകള്‍, അവരവരുടെ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന ക്യാമ്പിലെ കുട്ടികളെ പ്രതീകപ്പെടുത്തുന്നു.
അഭിമുഖീകരിക്കുന്ന അമിതമായ വെല്ലുവിളികള്‍ക്കിടയിലും, അവര്‍ പറക്കുന്നു എന്ന ആശയം അവരുടെ സ്വപ്നങ്ങളെയും മെച്ചപ്പെട്ട ഭാവിക്കായുള്ള അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു.
പ്രസിദ്ധ സംവിധായകനായ അബ്ബാസ് കിയരോസ്തമിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഗൊബാദി. 2000-ല്‍ ഗൊബാദി സ്ഥാപിച്ച മിജ് ഫിലിം കമ്പനി, ഇറാനിലെ വ്യത്യസ്ത വംശീയ വിഭാഗങ്ങളെക്കുറിച്ചുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നു. ഇറാനില്‍ നിര്‍മ്മിച്ച ആദ്യത്തെ കുര്‍ദ്ദിഷ് ചിത്രമായ’എ ടൈം ഫോര്‍ ഡ്രങ്കന്‍ ഹോഴ്സെസ്(2000)’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചര്‍ ഫിലിം. ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ‘ഗോള്‍ഡന്‍ ക്യാമറ’ അവാര്‍ഡ് നേടി. അദ്ദേഹം ഇപ്പോള്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങളെയും, അഭിപ്രായ സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്നതില്‍ സജീവമായി പങ്കെടുക്കുകയും സിനിമകള്‍ എഴുതുകയും സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. കാന്‍, ബെര്‍ലിന്‍, ടോക്കിയോ തുടങ്ങിയവയുള്‍പ്പെടെയുള്ള അന്താരാഷ്ര ചലച്ചിത്രോത്സവങ്ങളില്‍ നിന്നും 58 വിജങ്ങളും 29 നോമിനേഷനുകളും ലഭിച്ചിട്ടുണ്ട്.
‘ടര്‍ട്ടില്‍സ് കാന്‍ ഫ്ളൈ ‘ എന്നത് കുട്ടികളില്‍ യുദ്ധം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാട് നല്കുന്ന ഒരു സിനിമയാണ്. ബഹ്മാന് ഗൊബാദിയുടെ സംവിധാനവും, അതിശയിപ്പിക്കുന്ന ഛായാഗ്രഹണവും ചേര്‍ന്ന് അവിസ്മരണീയമായ ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുന്നു. പശ്ചിമേഷ്യയിലെ ദുരിതങ്ങള്‍ക്കു അവസാനമില്ല.
തീവ്രവാദവും ആഭ്യന്തര കലാപങ്ങളും യുദ്ധങ്ങളും മനുഷ്യരുടെ, പ്രത്യേകിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അന്ത്യമില്ല. ഇപ്പോഴും തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന ദുരവസ്ഥ. ദേശത്തിനും ഭാഷക്കും അതീതമായ ഈ വിഷയം സിനിമ നമ്മോട് വിളിച്ചു പറയുന്നു.