തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തിലെ കോളറ വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു .
അതിനിടെ സ്ഥാപനത്തിലെ എട്ട് പേര് കൂടി കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. നിലവില്‍ 21 പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിയുളളവര്‍ക്കായി നടത്തുന്ന ശ്രീകാരുണ്യ മിഷന് ചാരിറ്റബിള്‍ സ്കൂള്‍ സൊസൈറ്റിയിലാണ് കോളറ വ്യാപനമുണ്ടായത്. നേരത്തെ സ്ഥാപനത്തിലെ അന്തേവാസിയായ അനു മരിച്ചത് കോളറ മൂലമാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. അനുവിനു കോളറ സ്ഥിരീകരിക്കാനോ സ്രവ സാംപിള്‍ ഉള്‍പ്പെടെ പരിശോധിക്കാനോ സാധിച്ചിരുന്നില്ല. പിന്നാലെ 10 വയസുകാരനു കോളറ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വിശദ പരിശോധന നടത്തിയത്.