ഡോ. ആഡ്രിൻ കൊറയ
ഈ ബുദ്ധി നമുക്ക് എന്തുകൊണ്ട് നേരത്തെ…
1950, രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് മാനവരാശി ഒന്നാകെ തിരിച്ചുവരവിലേക്ക് നടക്കുന്ന കാലം. നാസീ പടയുടെ നീക്കങ്ങൾ നിഗൂഢ സന്ദേശമാക്കി അയക്കാൻ സഹായിക്കുന്ന എനിഗമ മെഷീൻ എന്ന യന്ത്രത്തിന്റെ പ്രവർത്തനം മനസ്സിലാക്കി യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റിയ അലൻ ട്യുറിങ് വീണ്ടും ഒരു പുതിയ ആശയവുമായി വന്നു. ഒരു യന്ത്രത്തിന് ബുദ്ധി വികസിച്ചാൽ എങ്ങനെ അതിനെ ഒരു മനുഷ്യനിൽ നിന്ന് വേർത്തിരിച്ച് അറിയാൻ സാധിക്കും എന്നതിന് ഒരു പരീക്ഷ. ട്യുറിങ് പരീക്ഷ പാടുള്ളതല്ല, സംവാദം വഴി താൻ സംസാരിക്കുന്നത് ഒരു മനുഷ്യനോടാണ് എന്ന പ്രതീതി ജനിപ്പിച്ചാൽ മതി. അങ്ങനെ ആദ്യത്തേതെന്ന് വിഷേശിപ്പിക്കാവുന്ന കമ്പൂട്ടർ കണ്ടുപിടിച്ച് ഒരു വ്യാഴവട്ടം തികയുന്നതിനു മുന്നേ മെഷീൻ ലേണിങ് എന്ന ആശയം ഉണ്ടായി. പിന്നീട് യന്ത്രങ്ങളുടെ പ്രക്രിയശേഷി ക്രമാതീതമായി വർദ്ധിച്ച് ഏറെക്കുറെ 2050 ആകുമ്പോൾ പ്രതീക്ഷിക്കാം എന്ന് കണക്കുകൂട്ടിയിരുന്ന നിർമിത ബുദ്ധി ഇന്ന് നമ്മുടെയൊക്കെ ഫോണിൽ വരെ വരികയും ചെയ്തു. ഇപ്പോൾ ട്യൂറിങ് ടെസ്റ്റ് ചരിത്രത്തിന്റെ വെറും ഒരു ഭാഗം മാത്രം.
ചെസ്സ് കളിക്കാൻ ബുദ്ധി വേണം
ഗാരി കാസ്പറോവ് എന്ന വിശ്വവിഖ്യാതനായ ചെസ്സ് ഗ്രാൻറ്മാസ്റ്ററിനെ 1997ൽ ഡീപ് ബ്ലൂ എന്ന കമ്പ്യൂട്ടർ പരാജയപ്പെടുത്തിയത് വാർത്ത ആയിരുന്നു. അതിനു ശേഷം കമ്പ്യൂട്ടറുകളുടെ പ്രവർത്തനശേഷി പതിനായിരം മടങ്ങിനു മേലെ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാലും ഇവയ്ക്ക് പഴയ ബുദ്ധി അല്ല ഇപ്പോൾ ഉള്ളത്. ചെസ്സ് കളിക്കാൻ എതിരാളിയുടെ ഓരോ നീക്കത്തിനും ലക്ഷകണക്കിന് പ്രതിക്രിയകൾ കണക്കുകൂട്ടി കളിക്കുവാൻ അന്ന് മനുഷ്യർതന്നെ പ്രോഗ്രാം എഴുതണം. എന്നാൽ ഇന്നത്തെ അവസ്ഥയിൽ അറിയപ്പെടുന്ന ഏതൊരു കളിക്കും “പോയി പഠിച്ചിട്ടു വരൂ” എന്ന ഒറ്റ ആജ്ഞയിൽ സ്വയം പഠിക്കുന്ന തരത്തിൽ നിർമിത ബുദ്ധി വളർന്നു കഴിഞ്ഞു. ഇതിന് സഹായിക്കുന്ന ലേണിങ് അൽഗോറിഥം മാത്രമാണ് പിന്നാമ്പുറത്ത് ചേർത്ത് കൊടുക്കേണ്ടത്. അതിസങ്കീർണമായ ഈ നിർദേശങ്ങൾ തന്നെ ആണ് പടം വരക്കാനും പാട്ട് എഴുതുവാനുമെല്ലാം നിർമിത ബുദ്ധിക്ക് കഴിവ് നൽകുന്നത്.
കാണാൻ ലുക്കില്ലന്നെ ഉള്ളൂ
മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് ഒരു കാര്യം പഠിച്ച് പ്രാവർത്തികമാക്കുന്നത് പോലെ നിർമിത ബുദ്ധിക്ക് ട്രെയിനിങ് കൊടുക്കുന്ന ഏത് കാര്യവും ഒരു നില കഴിഞ്ഞ് കാര്യക്ഷമമായി ചെയ്യാൻ പഠിക്കുന്നു. ഇതുകൊണ്ട്തന്നെ ഓരോ കാര്യത്തിനും ട്രെയിനിങ് നേടിയ പല തരത്തിലുള്ള നിർമിത ബുദ്ധി ഉണ്ട്. ഇവയെല്ലാം കൃത്യമായ ആജ്ഞകൾ കൊടുത്ത് എപ്പോൾ, എങ്ങനെ ഉപയോഗിക്കാം എന്നത് ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു വൈദഗ്ധ്യമായി തൊഴിലിടങ്ങളിൽ കണക്കാക്കപ്പെടുന്നു. എന്നാൽ, വരും നാളുകളിൽ ഇവയെല്ലാം ഏകോപ്പിച്ച് എല്ലാത്തിനും പോന്ന ഒരു നിർമിത പൊതു ബുദ്ധി എന്ന ആശയം അടുത്ത് തന്നെ പ്രാവർത്തികമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് ബുദ്ധിയുടെ കൂടെ ബോധവും സ്വത്വവും ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് വളരേയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആണ്.
വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി
നിർമിത ബുദ്ധി നിലവിലുള്ള തൊഴിലവസരങ്ങൾ കവർന്നെടുക്കും എന്ന ഒരു ഭയം അസ്ഥാനത്തല്ല. ഇതിന് മുന്നേ ട്രാക്ടർ, കമ്പ്യൂട്ടർ എന്നിവ വന്നപ്പോൾ ഇതുപോലെ ജോലികൾ നഷ്ടപ്പെട്ടെങ്കിലും അതിലും അധികം അവസരങ്ങൾക്ക് അവ വഴിഒരുക്കി. എന്നാൽ നിർമിത പൊതു ബുദ്ധിയുടെ വരവ് കാത്തിരുന്നു കാണേണ്ടത് തന്നെയാണ്. അതിന്റെ അതിമാനുഷബുദ്ധി നമ്മുടെ ജീവിതത്തെയും സമൂഹത്തെയും വളരെ അധികം മാറ്റിമറിക്കും എന്നത് തീർച്ച. എന്നാൽ വിദഗ്ധർ അപ്രതീക്ഷിതമായ പലതും പ്രവചിക്കുന്നുണ്ട്. എല്ലാം അറിയുകയും എന്തും ചെയ്യാൻ സാധിക്കുന്നതുമായ ഒരു ശക്തി നല്ലതോ മോശമോ എന്ന് വരുംകാലം തെളിയിക്കും. അതുവരെ ഡീപ് ഫേക് പോലെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളിൽ നിന്ന് ഒഴിവായി നില്ക്കാൻ നമുക്ക് ശ്രദ്ധിക്കാം.
*നിർമിത ബുദ്ധിയുടെ ഒരു കൈസഹായത്തോടെ രചിച്ചത്