ജോബി ബേബി
ഏറ്റവും വെറുക്കപ്പെട്ട രോഗം-എന്ന് ലോകം വിധിയെഴുതിയ രോഗങ്ങളിലൊന്നാണ് കുഷ്ഠം (Leprosy). പണ്ട് കാലങ്ങളിൽ ഒരാൾക്ക് കുഷ്ഠരോഗം വരുന്നത് അയാളുടെ പാപത്തിന്റ ഫലമായെന്നാണ് വിശ്വസിച്ചിരുന്നത്.അതിനാൽ കുഷ്ഠരോഗികൾക്ക് അതിക്രൂരമായ നിന്ദനങ്ങളും പീഡനങ്ങളുമാണ് സമൂഹത്തിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്.എന്നാൽ, ഈ ആധുനിക കാലഘട്ടത്തിൽ കുഷ്ഠരോഗത്തിന് നൂതനവും ഫലപ്രദവുമായ ചികിത്സകൾ ലഭ്യമാണ്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ കുഷ്ഠരോഗത്തെ പൂർണ്ണമായും ചികിത്സിച്ചു മാറ്റാം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം, കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ മേൽനോട്ടത്തിൽ 2005ൽ കുഷ്ഠരോഗ നിവാരണം എന്ന ലക്ഷ്യം കേരളം കൈവരിച്ചിരുന്നു.എന്നാൽ, ഈ രോഗം വീണ്ടും തിരിച്ചു വരുന്നുവരുന്നുവെന്ന വാർത്തകൾ ആശങ്ക ഉളവാക്കുന്നതാണ്.കേരളത്തിൽ ഇപ്പോൾ എട്ട് ജില്ലകളിൽ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ(ഒരു ലക്ഷത്തിൽ ഒരു രോഗി)കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.2022-23വർഷം 123സ്ത്രീകളും 25കുട്ടികളും ഉൾപ്പെടെ 489ആളുകൾക്കാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടും 2019ൽ രണ്ട് ലക്ഷം കുഷ്ഠരോഗ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇതിൽ ഏകദേശം 57ശതമാനം കേസുകളും നമ്മുടെ ഭാരതത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടന്ന കാര്യം നമ്മെ അല്പം അമ്പരപ്പിക്കുന്നതാണ്.ഇതിന്റെ ഗൗരവം കണക്കിലെടുത്തു മഹാത്മാഗാന്ധിയുടെ ചരമദിനമായ ജനുവരി 30ന് ഭാരതത്തിൽ കുഷ്ഠരോഗ നിർമ്മാർജ്ജന ബോധവത്കരണ ദിനമായി ആചരിക്കുന്നു.
രോഗം വരുന്ന വഴി
‘മൈകോ ബാക്ടീരിയം ലെപ്രേ’(Mycobacterium Leprae)എന്ന ബാക്റ്റീരിയയാണ് കുഷ്ഠരോഗത്തിന്റെ കാരണക്കാരൻ.പ്രധാനമായും ശ്വാസകോശത്തിലൂടെയാണ് ഈ ബാക്റ്റീരിയ മനുഷ്യരിലെത്തുന്നത്. പ്രതിരോധശേഷി(Immunity Power)കുറഞ്ഞവരിലാണ് ഈ ബാക്റ്റീരിയ പെട്ടെന്ന് ചേക്കേറുന്നത്.സാധാരണ രീതിയിലുള്ള സമ്പർക്കം കൊണ്ട് കുഷ്ഠരോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നില്ല.എന്നാൽ ചികിത്സ എടുക്കാത്ത കുഷ്ഠരോഗികകളുമായി ദീർഘനാൾ അടുത്തിടപെഴുകുന്നവർക്കിടയിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ പെട്ടന്നൊന്നും രോഗലക്ഷണങ്ങൾ(Symptoms)കാണിക്കില്ല.ഏകദേശം അഞ്ചോ അതിലധികമോ വർഷങ്ങൾ കഴിഞ്ഞാണ് ഒരാളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുക.തൊലി, ഞരമ്പുകൾ, കണ്ണുകൾ ഇവയിലൊക്കെയാണ് കുഷ്ഠരോഗം ബാധിക്കുക.ചില കേസുകളിൽ അന്തരീകാവയവങ്ങളേയും കുഷ്ഠരോഗം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ രോഗം സ്ഥിതീകരിച്ച ഒരു രോഗിയിൽ മരുന്ന് നൽകി കഴിഞ്ഞു ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ അവരിൽ നിന്ന് മറ്റൊരാൾക്ക് രോഗം പകരനുള്ള സാധ്യതകൾ പൂർണ്ണമായും ഇല്ലാതാകുന്നതാണ്.അതിനാൽ നേരെത്തെതന്നെ രോഗം കണ്ടു പിടിക്കുക എന്നുള്ളതാണ് പ്രധാനമായിട്ടുള്ളത്. നേരെത്തെ സൂചിപ്പിച്ചിട്ടുള്ളത് പോലെ കുഷ്ഠരോഗമുള്ള ഒരാളുടെ കൂടെ ഇരിക്കുകയാ സ്പർശിക്കുകയോ ചെയ്യുന്നത് കൊണ്ട് രോഗം പകരുകയില്ല.ചികിത്സ എടുക്കാത്ത രോഗികളുമായുള്ള ദീർഘകാലത്തെ സമ്പർക്കം രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
രോഗനിർണ്ണയം
ബയോപ്സി(Biopsy)സ്മിയർ(Smear)എന്നീ പരിശോധനകൾ മുഖേനയാണ് ഒരാൾക്ക് കുഷ്ഠരോഗമുണ്ടോ എന്ന് നിർണ്ണയിക്കുന്നത്.എവിടെയാണോ രോഗലക്ഷണമുള്ളത് അതിൽ നിന്നുമാണ് ബയോപ്സി എടുത്തു പരിശോധനയ്ക്കയക്കുക.രോഗത്തിന്റെ തീവ്രതയനുസരിച്ചും, എത്രയധികം പാടുകൾ(Patches)ഉണ്ട് എന്നെല്ലാമനുസരിച്ചാണ് ചികിത്സാരീതികളും ചികിത്സാകാലയളവുമൊക്കെ തീരുമാനിക്കുന്നത്.
രോഗലക്ഷണങ്ങൾ
ശരീരത്തിൽ വെളുത്ത പാടുകളോ, തടിപ്പുകളോ ഉണ്ടാവുക,തൊലിയിൽ സ്പർശനശേഷി കുറവായിരിക്കുക, കൈകാലുകളുടെ ബലക്കുറവ്, തരിപ്പ് ഇവയാണ് സാധാരണയായി കുഷ്ടരോഗലക്ഷണങ്ങളായി കണക്കാക്കുന്നത്.രോഗം കണ്ണുകളെ ബാധിക്കുമ്പോൾ കണ്ണുകൾക്ക് ചുവന്ന നിറം, വേദനയൊക്കെ അനുഭവപ്പെടുന്നു.
ചികിത്സാസൗകര്യങ്ങൾ
കുഷ്ഠരോഗത്തിനുള്ള മരുന്നുകൾ എല്ലാ ഗവണ്മെന്റ് ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.ലോകാരോഗ്യസംഘടന നോവർട്ടിസ് (Novartis)എന്ന കമ്പനി വഴിയാണ് കുഷ്ഠരോഗത്തിനുള്ള മരുന്നുകൾ ലഭ്യമാക്കുന്നത്.മൾട്ടി ഡ്രഗ് തെറാപ്പി(Multi drug therapy) എന്നാണ് ഇതിനു പറയുക.രോഗത്തിന്റെ തീവ്രതയനുസരിച്ച് മൾട്ടി ബാസിലറി(Multi Bacillary)പൗസി ബാസിലറി(Pauci Bacillary)എന്നീ രണ്ട് വിഭാഗങ്ങളാക്കി, അതിനനുസരിച്ചാണ് ഏത് തരം ചികിത്സയാണ് രോഗിക്ക് വേണ്ടതെന്നു നിശ്ചയിക്കുന്നത്.ആറു മാസം മുതൽ ഒരു വർഷം വരെയാണ് ചികിത്സാ കാലാവധി.മരുന്ന് കഴിക്കുമ്പോൾ നിശ്ചയിക്കുന്ന കാലാവധി വരെ കൃത്യമായ അളവിൽ കഴിക്കണമെന്ന് നിർബന്ധമാണ്.ഇടയ്ക്ക് വെച്ച് നിർത്തരുതെന്ന് പ്രത്യേകമായി ഓർമ്മിപ്പിക്കുന്നു.നിർത്തിയാൽ ഫലപ്രാപ്തി ലഭിക്കുകയില്ല എന്ന് മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്
കുഷ്ഠരോഗം ചികിത്സിച്ചു ഭേദമാക്കിയാലും ചിലർക്ക് ഞരമ്പുകളിലൊക്കെ നന്നായി ബാധിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ചെറിയ രീതിയിലുള്ള തരിപ്പുകളും ബലക്കുറവുകളുമൊക്കെ കണ്ടേക്കാം.അങ്ങനെയുള്ളവർക്ക് പ്രത്യേക പരിചരണം ആവശ്യമാണ്.കൈ കാലുകൾ എപ്രകാരം ശ്രദ്ധിക്കണം? സ്പർശന ശേഷി കുറവായാൽ എന്ത് ചെയ്യണം?തുടങ്ങിയവയൊക്കെ അറിയുന്നത് പ്രധാനമാണ്.ഇവർക്ക് ഉൾപ്രതലം മർദ്ദവമുള്ള MCR ടൈപ്പ് ചെരുപ്പുകളാണ് ഉത്തമം.എന്നാൽ കൂടുതൽ ബലക്കുറവുണ്ടെങ്കിൽ ഫിസിയോതെറാപ്പിയെക്കുറിച്ചും ചിന്തിക്കാവുന്നതാണ്
കേരളത്തിന്റെ ആശങ്കകൾ
ആരംഭത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ അംഗവൈകല്യത്തിലേക്കും വൈരൂപ്യത്തിലേക്കും അതുവഴി സാമൂഹിക ഭ്രഷ്ടിയിലേക്കും എത്തിക്കുന്ന രോഗമാണിത്.രോഗിക്ക് ബുദ്ധിമുട്ടില്ലാത്ത പ്രാരംഭ ലക്ഷണങ്ങളാണ് ആദ്യം പ്രത്യക്ഷപ്പെടുക.അപ്പോൾ തന്നെ കണ്ട് പിടിച്ചു, ചികിത്സിച്ചു സുഖപ്പെടുത്തണമെങ്കിൽ ഈ രംഗത്ത് വൈദഗ്ധ്യമുള്ള ജീവനക്കാർ തന്നെ വേണം.ലഭ്യമായ കണക്കുകൾ അനുസരിച്ച് ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടി (NLEP)പൊതുജനാരോഗ്യ വകുപ്പുമായി സംയോജിപ്പിച്ചത് 80 ജീവനക്കാരെ നിലനിർത്തിക്കൊണ്ടായിരുന്നു.ഈ തസ്തികകളിൽ ഇപ്പോൾ 29 ഓളം പേർ മാത്രമാണ് സർവീസിലുള്ളത്. 2026ൽ ഈ തസ്തികകളിലെ ജീവനക്കാർ മുഴുവൻ പെൻഷൻ ആകുന്നത്തോടെ കുഷ്ഠരോഗ നിർമാർജ്ജന പ്രവർത്തനങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാർ ഇല്ലാതാവുകയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും. പുതിയ പകർച്ച വ്യാധികളുടെ വരവോടെ, ഉച്ചത്തിലുള്ള ശബ്ദകോലാഹലങ്ങൾക്കിടയിൽ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആളില്ലാതെ അവഗണിക്കപ്പെടും.ഇത്തരം അവഗണനകളുടെ ഫലമാണ് ഇന്ന് കാണുന്ന പകരുന്ന കുഷ്ഠരോഗത്തിന്റെ വർധനയും കുട്ടികളിലെ വർധിച്ചുവരുന്ന രോഗനിരക്കും.
2027ൽ കുട്ടികളിലെ രോഗബാധയും അംഗവൈകല്യ നിരക്കും ഇല്ലാതാക്കി, തുടർച്ചയായി മൂന്ന് വർഷം തൽസ്ഥിതി നിലനിർത്തി കുഷ്ഠരോഗ നിർമാർജ്ജനം എന്ന ലക്ഷ്യം നേടുക എന്നതാണ് കേന്ദ്ര സർക്കാർ നയം.സംസ്ഥാന-ജില്ലാ-അർബൻ ലെപ്രസി യൂണിറ്റുകൾ ഇല്ലാതായാൽ ഈ ലക്ഷ്യം നേടാനാവുകയില്ല.കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്റ്റാജിക് പ്ലാൻ ആൻഡ് റോഡ് മാപ്പ് ഫോർ ലപ്രസി 2023-2027 പ്രകാരം ഒഴിഞ്ഞു കിടക്കുന്ന എല്ലാ വേക്കൻസികളിലും ജീവനക്കാരെ നിയമിച്ച്, സംസ്ഥാന-ജില്ലാ തലത്തിൽ ട്രെയിനർമാരെ നിയോഗിച്ച്, ആരോഗ്യ വകുപ്പിലെ മുഴുവൻ ഫീൽഡ് വിഭാഗം ജീവനക്കാർക്കും ഓരോ മൂന്ന് മാസത്തിലും പരിശീലനം നൽകേണ്ടതുണ്ട്.
എന്നാൽ, കേരളത്തിലുള്ള തസ്തികകൾ പോലും ഇല്ലാതാക്കുകയാണ്. പകരുന്ന തരം കുഷ്ഠരോഗബാധിതർ ചികിത്സയെടുത്തു രോഗശമനം ഉണ്ടായാലും രണ്ട് വർഷക്കാലത്തേക്ക് രോഗിയെയും കുടുംബങ്ങങ്ങളെയും നിരീക്ഷിക്കേണ്ടതുണ്ട്.ഇത്തരത്തിലുള്ള “സർവയലൻസ് യൂണിറ്റുകൾ” ഇല്ലാത്ത ഏക സംസ്ഥാനവും കേരളമാണ്.കുഷ്ഠരോഗ നിർമജന പരിപാടിയെ പാതിവഴിയിൽ ഉപേക്ഷിച്ച് പോകരുതെന്ന് അധികാരികളോട് അഭ്യർത്ഥിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യരാശിയെ പേടിപ്പിക്കുന്ന രോഗത്തെ വൈദ്യശാസ്ത്രത്തിന്റെയും സർക്കാരുകളുടെയും തീവ്ര ശ്രമത്തിന്റെ ഫലമായി ഇല്ലാതാകുന്ന പ്രവർത്തനത്തിൽ നാം വിജയിച്ചെങ്കിലും ഈ നേട്ടം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്.
(കുവൈത്ത് മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ രജിസ്റ്റേർഡ് നഴ്സായി ജോലി നോക്കുന്നു ലേഖകൻ.ഇമെയിൽ വിലാസം-jobybaby1989@gmail.com ).