തൃശൂർ: തൃശൂർ മടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 310 പന്നികളെ ശാസ്ത്രീയമായി കൊന്നൊടുക്കും. കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലാ കലക്ടറിന്റെ ഉത്തരവ് പ്രകാരം ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് കള്ളിങ് പ്രക്രിയ നടപ്പാക്കുന്നത്. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും വിലക്കി. രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടുമാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും.
ആഫ്രിക്കൻ പന്നിപ്പനി എച്ച് വൺ എൻ വൺ പനിയുടെ പ്രതിരോധത്തിൽ നിന്നും വ്യത്യസ്തമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ ആഫ്രിക്കൻ പന്നിപ്പനി മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു.