ഷാജി ജോര്‍ജ്
2024 ജൂലൈ 5, വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമ വാര്‍ഷികമാണ്. ബേപ്പൂര്‍ സുല്‍ത്താന്റെ മരണശേഷം പുറത്തിറങ്ങിയ അദ്ദേഹത്തിന്റേതായ ഏക പുസ്തകം യാ ഇലാഹിയാണ്. ബഷീറിന്റെ അവസാനകാലത്ത് അദ്ദേഹം ഒന്നും എഴുതിയിരുന്നില്ല. രോഗാതുരമായിരുന്നതിനാല് അദ്ദേഹത്തിന് നേരത്തെ എഴുതിവച്ച പലതിനെക്കുറിച്ചും ഓര്‍മ്മയും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷം കണ്ടെടുത്ത രചനകള്‍ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. കഥകളും ലേഖനങ്ങളുമുണ്ട്.
ബഷീറിന്റെ കൃതികളില്‍ കഥയേത്? ലേഖനമേത്? എന്ന് തിരിച്ചറിയാനാവാത്ത സവിശേഷതയുണ്ട്. ബഷീറിയന്‍ തനിമ നൂറു ശതമാനവും ഉള്‍ക്കൊള്ളുന്നവയും അണപൊട്ടി ഒഴുകുന്ന നര്‍മ്മം കിന്നരിപിടിപ്പിച്ചവയുമാണ് പുസ്തകത്തിലെ കഥകള്‍. തത്വചിന്തയുടെയും ആത്മീയ അന്വേഷണങ്ങളുടെയും അഗാധതയില്‍ നിന്ന് മുങ്ങിയെടുത്ത മുത്തുകളാണ് ലേഖനങ്ങള്‍. ചിന്താപരതയുടെ ചക്രവാളങ്ങളിലും ബഷീറിയന്‍ നര്‍മ്മത്തിന്റെ സുഗന്ധം പരക്കുന്നു. വളരെ പ്രധാനമായ ഒരു കാര്യം ബഷീര്‍ എഴുതിയ കവിത ഈ പുസ്തകത്തിലുണ്ട് എന്നതത്രേ. ബഷീര്‍ കവിത എഴുതിയിട്ടുണ്ടോ എന്ന ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാകും ആ കവിത.
ലേഖനം ഏത്? കഥയേത്? എന്ന് തരം തിരിക്കാതെ; ഇടകലര്‍ന്നാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്താണ് അതിന് കാരണം എന്ന് ചോദിച്ചാല്‍ പ്രസാധകന് ഡിസി കിഴക്കേമുറി ഉത്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ശങ്കിടിമുങ്കന് എന്ന പുസ്തകം ആദ്യമായി പുറത്തിറങ്ങുന്ന അവസരത്തില്‍ പുസ്തകത്തിന് കഥാസമാഹാരം എന്ന് വര്‍ഗ്ഗീകരിക്കാന്‍ വിഷമം തോന്നി. കാരണം അതില്‍ ലേഖനങ്ങള്‍ ഉണ്ടായിരുന്നു. ഈ പ്രതിസന്ധിയില്‍ ഞാന്‍ ബഷീറിനെ വിളിച്ചു. മറുപടി രസകരമായിരുന്നു. ഡീസി പുസ്തകം മുഴുവന്‍ വായിച്ചിട്ട് കണ്ണടച്ചിരിക്കുക. അപ്പോള്‍ എല്ലാം കഥയായി മാറും.
‘അനശ്വരപ്രകാശം’ എന്നാണ് കവിതയുടെ പേര്.
‘അതിരില്ലാത്ത
ആരംഭമില്ലാത്ത
ഇവിടെയും അവിടെയും എവിടെയും
എന്നും
എന്നും
നിലനില്‍ക്കുന്ന
നിത്യചൈതന്യമായി
കാരുണ്യനിര്ഭരവും
അമ്പരപ്പിക്കുന്ന
അതിശയങ്ങളുടെ എല്ലാം
അമ്പരപ്പുമായി
അദ്ഭുതങ്ങളുടെ എല്ലാം
വന്അദ്ഭുതമായി
അനാദിയായ
മഹാവികസ്വര
വികസ്വര
ശൂന്യതയിലെ
നിത്യ
സനാതന
ചൈതന്യമായി
അങ്ങിനെയങ്ങിനെ’
ഇങ്ങനെ നീണ്ടുപോകുന്ന വരികള്‍.
പുസ്തകത്തില്‍ ‘വൈക്കം മുഹമ്മദ് ബഷീര്‍’ മരിച്ചു എന്നൊരു ലേഖനം ഉണ്ട്.
വൈക്കം മുഹമ്മദ് ബഷീര്‍ മരിച്ചു!” ”എപ്പോഴാണ്?”
”ഇന്ന് ഉച്ചയ്ക്ക്.”
ഇങ്ങനെ ഒരു ന്യൂസ്. ഫോണിലൂടെയാണ് വിളിച്ചു പറഞ്ഞത്. മാധ്യമം ദിനപത്രം ഓഫീസില്‍. അവരെന്നെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഞാന്‍ പറഞ്ഞു ‘വളരെ സന്തോഷം! അങ്ങിനെ സുന്ദരമായി ഞാന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞല്ലോ. ആരാണ് ഈ വാര്‍ത്തയറിയിച്ചത്?’
”ആരാണ്?” എന്നു ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. ഫോണ്‍ വച്ചുകളഞ്ഞു. ഇത് പത്രത്തില്‍ കൊടുക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?’
”ഞാന്‍ കമ്പ്ളീറ്റായിട്ട് മരിച്ചിട്ടില്ല. കുറേശ്ശ മരിച്ചുകൊണ്ടിരിക്കുന്നു.” ഫോണ്‍ വയ്ക്കേണ്ട താമസം. ഉടനെ മലയാള മനോരമയില്‍നിന്ന് ചോദ്യം. എന്റെ ആരോഗ്യസ്ഥിതിയെപ്പറ്റിയാണ്. പതിവില്ലാത്ത ചോദ്യം. എനിക്ക് കാര്യം മനസ്സിലായി. എന്റെ മരണവാര്‍ത്ത അവിടെയും എത്തിയിട്ടുണ്ട്. ഞാന്‍ പറഞ്ഞു:
”സന്തോഷം. ചോദ്യങ്ങള്‍ക്ക് നന്ദി. പരിപൂര്‍ണ്ണമായി ഞാന്‍ മരിച്ചിട്ടില്ല. കുറേശ്ശ മരിച്ചുകൊണ്ടിരിക്കയാണ്. വേഗം തീരും. മംഗളം.
പുസ്തകത്തിന്റെ അനുബന്ധത്തില്‍ ബഷീറിനെ പറ്റിയുള്ള രണ്ട് ലേഖനങ്ങളും അഭിമുഖങ്ങളും ഉണ്ട്.
പി. ദാമോദരന്റെ ലേഖനത്തില്‍ തന്റെ ജീവിതകഥ ബഷീര്‍ വിവരിക്കുന്ന ഭാഗം ഇങ്ങനെയാണ്. ‘ഗാന്ധിജിയെ തൊട്ടില്ലായിരുന്നെങ്കില്…. വീട്ടില്‍നിന്ന് ഒളിച്ചോടിയില്ലായിരുന്നെങ്കില്‍.. നായര്‍യുവതിയെ പ്രേമിച്ചില്ലായിരുന്നെങ്കില്. ഇല്ലായിരുന്നെങ്കില്‍….? ”ഞാന്‍ വൈക്കം മുഹമ്മദ് ബഷീറാവുമായിരുന്നില്ല.”
ആരാകുമായിരുന്നു?
‘വെറും ഒരു ബഷീര്‍. ആരും ഓര്‍ക്കാത്ത, ആരും അറിയാത്ത പതിനായിരങ്ങളില്‍ ഒരുവന്….’ ബഷീര്‍ വാചാലനായി.
ബേപ്പൂരില്‍ വൈലാലില്‍ വീട്ടിന്റെ ഉമ്മറത്തു പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ‘മാങ്കോസ്റ്റയിന്‍’ മരത്തിന്റെ ചുവട്ടില്‍ ചാരുകസാലയില്‍ ചാഞ്ഞിരിക്കുകയാണ് കഥാസമ്രാട്ട്. മുമ്പില്‍ മുത്തശ്ശിയുടെ ചുററും കഥ കേള്‍ക്കാനിരിക്കുന്ന കൗതുകത്തോടെ രണ്ടു ശ്രോതാക്കള്‍ -കവിയും എഴുത്തുകാരനുമായ പി.ടി.അബ്ദുറഹ്മാനും ഞാനും.
‘ബഷീറിന്റെ യാത്രാമൊഴികള്‍’ എന്ന അനുബന്ധത്തിലെ അഭിമുഖത്തില്‍ നിന്നുള്ള ചോദ്യവും ഉത്തരവും കൂടി ചേര്‍ത്തുകൊണ്ട് മുപ്പതാം ചരമവാർഷികത്തിൽ മലയാളത്തിന്റെ സുല്‍ത്താനെ ഹൃദയപൂര്‍വ്വം പ്രണമിക്കുന്നു. ആദരവിന്റെ മുല്ലപ്പൂക്കള്‍ അര്‍പ്പിക്കുന്നു.
ചോദ്യം: ബഷീറിന് ഏറ്റവുമധികം അടുപ്പം തോന്നിയ വ്യക്തി ആരാണ്?
ഉത്തരം: അതിപ്പോള്‍ അങ്ങനെ പറയാനൊക്കുമോ? ഒരുപാട് ആളുകളുണ്ട്. മാതാപിതാക്കളുണ്ട്. എനിക്ക് അവരുമായി വലിയ ബന്ധമായിരുന്നു. വളരെ വലിയ ബന്ധം. ബാപ്പാ മരിക്കുമ്പോള്‍ ഞാന്‍ തൃശൂരിലാണ്. കൂടെ ചങ്ങമ്പുഴയുണ്ട്. മുണ്ടശ്ശേരിയുമുണ്ട്. ഞങ്ങള്‍ ചുമ്മാ വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ്. പെട്ടെന്ന് എന്റെ നെഞ്ചിലൊരു പിടുത്തം, ക്രൂരമായ വേദന. ചങ്ങമ്പുഴ ചോദിക്കുന്നുണ്ട് – ‘എന്തു പറ്റിയെടോ, എന്തു പറ്റിയെടോ?’ എനിക്ക് മിണ്ടാന്‍ ഒക്കുന്നില്ല. ചങ്കിനാരോ പിടിച്ചിരിക്കുന്നതുപോലെ. പിറ്റേന്നു വിവരം കിട്ടി – ബാപ്പാ മരിച്ചുപോയി. അദ്ദേഹം മരിച്ചുകൊണ്ടിരിക്കുന്ന നേരത്താണ് എനിക്ക് ആ പരവേശമൊക്കെ വന്നത്. ആ മരണം ഞാന്‍ അതു നടക്കുമ്പോള്‍ തന്നെ അറിഞ്ഞു. ഇത് ബന്ധം കൊണ്ടുതന്നെയാകണം.