ജെക്കോബി
നീതിക്കുവേണ്ടി കാത്തുനില്ക്കുന്ന ഇരകളുടെ ആവലാതികളും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും ജയിലുകളിലെ വിചാരണ തടവുകാരുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കെ, രാജ്യത്തെ ക്രിമിനല്‍ നിയമവ്യവസ്ഥയില്‍ സമഗ്രമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് നിയമജ്ഞരും സാമൂഹികശാസ്ത്രജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഭരണതന്ത്രജ്ഞരുമെല്ലാം സമ്മതിക്കുന്നുണ്ട്. ജനാധിപത്യ രാജ്യത്തെ പൗരജീവിതത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിതിക്കും ആധാരം ഭരണഘടനയും അതിന്റെ നിര്വചനാഖ്യാനങ്ങളും വ്യവഹാരപാദങ്ങളുമാണ്. എന്നാല്‍, 163 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷാ നിയമവും 126 വര്‍ഷം പഴക്കമുള്ള ക്രിമിനല്‍ നടപടിച്ചട്ടവും 151 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ തെളിവു നിയമവും ‘പൊളിച്ചെഴുതി’ ബ്രിട്ടീഷ് കൊളോണിയല്‍ മേല്‍ക്കോയ്മയുടെ ശേഷിപ്പുകള്‍ മായ്ച്ചുകളയുന്നുവെന്ന് അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു ന്യായസംഹിതകള്‍ നടപ്പാക്കാന്‍ കാട്ടിയ തിടുക്കം ജുഡീഷ്യല്‍, പൊലീസ് സംവിധാനങ്ങളിലും അഭിഭാഷകരുടെയും വ്യവഹാരികളുടെയും തട്ടകത്തിലും മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ആഴം നാം കാണാനിരിക്കുന്നതേയുള്ളൂ.
ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെ ഹിന്ദി-സംസ്കൃത പേരുകളിട്ട്, ഐപിസി, സിആര്‍പിസി, ഐഇഎ സെക് ഷന് നമ്പറും ക്രമവും മാറ്റിമറിച്ചാല്‍ ഇംഗ്ലീഷ് ജൂറിസ്പ്രൂഡന്‍സ് സമ്പുടന്യായത്തില് കെട്ടിപ്പടുത്ത ഇന്ത്യയിലെ ക്രിമിനല്‍ നീതിന്യായവ്യവസ്ഥ ‘ഭാരതവത്കരിക്കപ്പെടുമോ?’
ഫെഡറല്‍ നിയമങ്ങള്‍ക്ക് ഹിന്ദി ശീര്‍ഷകം വേണമെന്ന് ശഠിക്കുന്നത് ഭാഷാപരമായ അധീശത്വ മനോഭാവമാണ്. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിനു ചേര്‍ന്നതല്ല അത്. കോടതിവ്യവഹാരഭാഷ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധവുമാണത്. ഇത്രയുംകാലത്തെ കോടതിവിധികളുടെയും നിയമവ്യാഖ്യാനങ്ങളുടെയും അടയാളവാക്യമായ നിയമവകുപ്പുകളുടെ സൂചിക അടങ്ങുന്ന റഫറന്‍സ് ഗ്രന്ഥങ്ങള്‍ അസാധുവാകുംവിധമാണ് പുതിയ സംഹിതകളിലെ ബിഎന്‍എസ്, ബിഎന്‍എസ്എസ്, ബിഎസ്എ വകുപ്പുകള്‍ കടന്നുവരുന്നത്. മൊഴിപകര്‍പ്പ് എഴുതുന്ന പൊലീസും കേസ് വിസ്തരിക്കുന്ന പ്രോസിക്യൂട്ടറും എതിര്‍കക്ഷിയുടെ വക്കീലും മജിസ്ട്രേട്ടും ജഡ്ജിയുമെല്ലാം അനുഭവിക്കാന്‍ പോകുന്ന പങ്കപ്പാട് ചില്ലറയല്ല.
പുതിയ ന്യായസംഹിതകള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ ഒന്നിനു മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ നടപടിക്രമങ്ങള്‍ പഴയ പീനല്‍ കോഡിനെ ആധാരമാക്കി തുടരണം. ഒരേസ്വഭാവമുള്ള കേസുകള്‍ വ്യത്യസ്ത നിയമസംഹിതകളുടെ വകുപ്പുകള്‍ വച്ചുകൊണ്ട് കൈകാര്യം ചെയ്യേണ്ടിവരും. തുടക്കം തൊട്ടേ പ്രോസിക്യൂഷന് നടപടികള്‍ അവതാളത്തിലാകുന്ന സാഹചര്യമാണുള്ളതെന്ന് ബാര്‍ കൗണ്‍സിലുകള്‍ മുന്നറിയിപ്പു നല്കുന്നു.
പഴയ നിയമസംഹിതയുടെ ഉള്ളടക്കം 95 ശതമാനവും നിലനിര്‍ത്തി വകുപ്പു നമ്പറുകള്‍ മാറ്റുകയും നിര്‍വചനങ്ങളും ശീര്‍ഷകങ്ങളും പുനഃക്രമീകരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത്രയ്ക്ക് ആശയക്കുഴപ്പമുണ്ടാക്കാതെ, പുതിയ കുറ്റകൃത്യങ്ങളുടെ പട്ടിക നിയമഭേദഗതിയായി അവതരിപ്പിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ‘കൊളോണിയല്‍ ബാക്കിപത്രം’ എന്നു വിശേപ്പിക്കാവുന്ന ഭാഗങ്ങളത്രയും സ്വാതന്ത്ര്യലബ്ധി തൊട്ട് നിരവധി ലോ കമ്മിഷനുകള്‍ പരിശോധിച്ച് നീക്കം ചെയ്തിട്ടുണ്ട്. ലോ കമ്മിഷനുകള്‍ 13 വര്‍ഷം പഠിച്ച് പരിഷ്കരിച്ചതാണ് 1973-ല്‍ പാര്‍ലമെന്റ് പാസാക്കിയ സിആര്‍പിസി. അതുതന്നെ 18 തവണ ഭേദഗതി ചെയ്തു. ഐപിസി 75 തവണയും തെളിവു നിയമം 26 തവണയും ഭേദഗതി ചെയ്തിട്ടുണ്ട്. അപകോളനിവത്കരണത്തിന് ബാക്കിയെന്തുണ്ടാകാനാണ്!
രണ്ടാം മോദി സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ പാര്‍ലമെന്റില്‍ 146 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നാളുകളിലാണ് ശബ്ദവോട്ടോടെ മൂന്നു ന്യായസംഹിതകളും പാസാക്കിയത്. ബില്ലുകളിന്മേല് നടന്ന നാമമാത്ര ചര്‍ച്ചയില്‍ 34 അംഗങ്ങളാണ് പങ്കെടുത്തത്. പ്രതിപക്ഷത്തു നിന്ന് അതിനെ എതിര്‍ക്കാന്‍ അകാലിദളിന്റെ രണ്ട് എംപിമാരും ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസിയും മാത്രമാണുണ്ടായിരുന്നത്. ക്രിമിനല്‍ നിയമത്തില്‍ പുതുതായി ചേര്‍ത്ത ഭാഗങ്ങള്‍ താരതമ്യേന വളരെ കുറവാണെങ്കിലും, ഫാസിസ്റ്റ് സമഗ്രാധിപത്യ അജന്‍ഡയുടെ അനുപേക്ഷണീയ ഉപായങ്ങളൊക്കെയും അതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. കൂട്ടിച്ചേര്‍ത്ത പല വകുപ്പുകളും ഭരണഘടനാ തത്ത്വങ്ങള്‍ക്കും സുപ്രീം കോടതി വിധികള്‍ക്കും വിരുദ്ധവുമാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി പുതിയൊരു അധ്യായംതന്നെയുണ്ട്. കൂട്ടബലാത്സംഗ കേസുകള്‍ക്കെല്ലാം 20 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വകുപ്പുണ്ട്; പതിനെട്ടു വയസു തികയാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാല് വധശിക്ഷയോ ജീവപര്യന്തം തടവോ ആകാം. ഭീകരവാദം, സംഘടിത കുറ്റകൃത്യം, ആള്‍ക്കൂട്ടക്കൊല, വ്യാജവാഗ്ദാനങ്ങള്‍ നല്കി ലൈംഗിക ചൂഷണം എന്നിങ്ങനെ ന്യായസംഹിതയില്‍ പുതുതായി 20 കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 33 കുറ്റങ്ങള്‍ക്ക് ശിക്ഷാകാലാവധി കൂട്ടി, 83 കുറ്റകൃത്യങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ചു, 23 കുറ്റങ്ങള്‍ക്ക് ചുരുങ്ങിയ ശിക്ഷ നിര്‍ബന്ധമാക്കി. ചെറുമോഷണം, മദ്യപിച്ചു ശല്യംചെയ്യല്‍, അപകീര്‍ത്തി, ആത്മഹത്യാശ്രമം തുടങ്ങി ആറുതരം ‘ലഘു’ കുറ്റങ്ങള്‍ക്ക് തടവിനു പകരം കമ്യൂണിറ്റി സര്‍വീസ് വ്യവസ്ഥ ചെയ്യുന്നു.
ആള്‍ക്കൂട്ടക്കൊല കേസില്‍ വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ അഞ്ചോ അതിലധികമോ വ്യക്തികളുടെ ഒരു സംഘം കൊലപാതകം നടത്തുകയാണെങ്കില്‍ സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ ജീവപര്യന്തം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നു. പ്രോസിക്യൂട്ടര്‍ക്ക് ഓരോ പ്രതിയുടെയും വ്യക്തിപരമായ വിശ്വാസം എന്തെന്നു തെളിയിക്കാനാവുമോ? സംഘടിത കുറ്റകൃത്യങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, വാഹനമോഷണം, പണംപിടിച്ചുപറിക്കല്, ഭൂമി തട്ടിയെടുക്കല്‍, വാടകക്കൊല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ഗുരുതരമായ സൈബര്‍ കുറ്റങ്ങള്‍, വേശ്യാവൃത്തിക്കോ മോചനദ്രവ്യത്തിനായോ മനുഷ്യക്കടത്ത്, ലഹരിമരുന്ന് കടത്ത്, അനധികൃത ചരക്കുകടത്ത്, ആയുധ ഇടപാട് മുതലായവ ഉള്‍പ്പെടുന്നു.
സംഘടിത കുറ്റകൃത്യവും ഭീകരപ്രവര്‍ത്തനവും ഐപിസിയില്‍ ഇല്ലായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്റെ (യുഎപിഎ) പരിധിയില്‍ വരുന്ന ഈ കുറ്റങ്ങള്‍ പുതിയ സംഹിതയിലേക്കും സംക്രമിക്കുന്നതിന്റെ രാഷ്ട്രീയ ന്യായം വ്യക്തമാണ്: പൊലീസിന്റെ അധികാരപരിധി വര്‍ധിപ്പിക്കുക, ഭരണകൂടത്തിനെതിരായ ഏതു നീക്കത്തെയും അമര്‍ച്ച ചെയ്യുക. ഒരേ കേസ് കേന്ദ്ര അന്വേഷണ ഏജന്‍സിയും സംസ്ഥാന പൊലീസും അന്വേഷിക്കുന്ന സ്ഥിതിയുണ്ടാകും. ഭീകരപ്രവര്‍ത്തനത്തിന് വധശിക്ഷയോ പരോളില്ലാതെ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാം.
രാജ്യദ്രോഹം സംബന്ധിച്ച ഐപിസി 124എ വകുപ്പ് പ്രഥമദൃഷ്ട്യാ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. രാജ്യദ്രോഹത്തിനു പകരമായി പുതിയൊരു കുറ്റകൃത്യം ബിഎന്‍എസ് 152-ാം സെക് ഷനില്‍ കൊണ്ടുവന്നിട്ടുണ്ട്: ”അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്ന, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നടപടി.” അട്ടിമറി പ്രവര്‍ത്തനങ്ങള്‍, വിഘടനവാദ വികാരങ്ങള്‍ എന്നിവ വ്യക്തമായി നിര്‍വചിക്കാത്ത സാഹചര്യത്തില്‍ പൊലീസിന് അത് എങ്ങനെയും വ്യാഖ്യാനിക്കാം.
രാജ്ദ്രോഹ് (സെഡിഷന്) എന്നതിനു പകരം ദേശ്ദ്രോഹ് (ട്രീസണ്‍) എന്ന സംജ്ഞയിലാണ് കളിമാറുന്നത്. സര്‍ക്കാരിനെതിരെ ഉപവാസ സത്യഗ്രഹം നടത്തുന്നതു പോലും ദേശദ്രോഹമാകും, എല്ലാ രാഷ് ട്രീയ പ്രക്ഷോഭവും ക്രിമിനല്‍കുറ്റവും. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു എന്നതിനും ആരെയും പിടിച്ച് അകത്തിടാം.
പ്രതിയെ ചോദ്യം ചെയ്യുന്നതിന് പരമാവധി 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരുന്നത്. പുതിയ സംഹിതയില്‍ 90 ദിവസം വരെ പൊലീസ് കസ്റ്റഡി നീളാന്‍ വകുപ്പുണ്ട്. പ്രതിക്ക് മൂന്നു മാസത്തേക്ക് ജാമ്യം ലഭിക്കാനിടയില്ല. കോടതിയുടെ ഇടപെടല്‍ ഇല്ലാതെ വിവിധ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വിവേചനാധികാരം ഉപയോഗിച്ച് കുറ്റാരോപിതനെ കൈയാമം വയ്ക്കാനും വകുപ്പുണ്ട് – സാമ്പത്തിക കുറ്റവാളിയെ മാത്രം കൈവിലങ്ങില്‍ നിന്ന് ഒഴിവാക്കുന്നുമുണ്ട്! കുറ്റാരോപിതന്റെ സ്വത്തും വസ്തുവകകളും കണ്ടുകെട്ടാനുള്ള അധികാരവും പൊലീസിനു പ്രയോഗിക്കാം. കള്ളപ്പണം വെളുപ്പിച്ചതിനുള്ള യുഎപിഎ കേസില്‍ 180 ദിവസത്തേക്ക് വസ്തുവകകള്‍ അറ്റാച്ച് ചെയ്യണമെങ്കില്‍ ട്രൈബ്യൂണല്‍ ഉത്തരവും മറ്റും വേണം.
മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കൊഗ്നൈസബിള്‍ കുറ്റകൃത്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് പ്രാഥമിക അന്വേഷണം നടത്താന്‍ പൊലീസിന് 14 ദിവസം പുതിയ നിയമത്തില്‍ അനുവദിക്കുന്നു. അറിവു ലഭിച്ചാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒട്ടും വൈകരുതെന്നാണ് സുപ്രീം കോടതി 2013-ലെ ഉത്തരവില്‍ നിര്‍ദേശിച്ചത്. ഒരു കേസ് വിചാരണയ്ക്കു വിടണോ എന്നു പൊലീസിനു തീരുമാനിക്കാമെന്നു വന്നിരിക്കുന്നു. ഇതുവരെ ജഡ്ജിക്കായിരുന്നു അതിനുള്ള അധികാരം. ജുഡീഷ്യല്‍ അധികാരം കൂടി പൊലീസിനു കൈവരുന്നു.
പൊലീസ് സ്റ്റേഷനില്‍ നേരിട്ടു പോകാതെ ഓണ്‍ലൈനായി ഇ-എഫ്ഐആര്‍ ഫയല്‍ ചെയ്യാം, കുറ്റകൃത്യം നടന്ന സ്റ്റേഷന്റെ പരിധി നോക്കാതെ രാജ്യത്തെ ഏതു പൊലീസ് സ്റ്റേഷനിലും സീറോ-എഫ്ഐആര്‍ എടുക്കാം, വിസ്താരം വീഡിയോ-കോണ്‍ഫറന്‍സിങ് മുഖേനയാകാം, എസ്എംഎസിലൂടെ കോടതി സമന്‍സ് അയക്കാം, ഏഴുവര്‍ഷത്തിലേറെ ശിക്ഷ ലഭിക്കാന്‍ ഇടയുള്ള കേസില്‍ ഫോറന്‍സിക് പരിശോധന നിര്‍ബന്ധം, വലിയ കുറ്റകൃത്യങ്ങളുടെ ക്രൈം സീനുകള്‍ വീഡിയോഗ്രാഫ് തെളിവുകള്‍ ശേഖരിച്ചിരിക്കണം എന്നിങ്ങനെ പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള കേസന്വേഷണവും തെളിവു ശേഖരണവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും ഡീപ് ഫെയ്ക്കിന്റെയും ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍, ഇലക്ട്രോണിക് തെളിവുകള്‍ എങ്ങനെയെല്ലാം കെട്ടിച്ചമയ്ക്കപ്പെടും എന്ന് ഒരു നിശ്ചയവുമില്ല. കേസന്വേഷണത്തിനുള്ള ഫോറന്‍സിക് വിദഗ്ധരെ നിയമിക്കാന്‍ ചില സംസ്ഥാനങ്ങള്‍ അഞ്ചുവര്‍ഷത്തെ സാവകാശമാണ് ചോദിക്കുന്നത്. ഫോറന്‍സിക് തെളിവില്ല എന്ന കാരണത്താല്‍ അതിനിടെ എത്ര കേസുകള്‍ തള്ളേണ്ടിവരും!
ജെന്‍ഡര്‍ ന്യൂട്രല്‍ ഭാഷ ഉപയോഗിക്കുമ്പോഴും, വൈവാഹിക ബലാത്സംഗം, പുരുഷന്മാര്ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമം, മൃഗങ്ങള്‍ക്കുനേരെയുള്ള പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നിവ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗര്‍ഭച്ഛിദ്രം കുറ്റകൃത്യമാണ്. ദയാവധത്തിന് നിയമസാധുതയുണ്ട്. വധശിക്ഷയാകട്ടെ ഒരു ദയാദാക്ഷിണ്യവുമില്ലാതെയും! ഭരണഘടനാപരമായ ധാര്‍മികത ഇതില്‍ എങ്ങനെയൊക്കെ വായിച്ചെടുക്കാം?
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിനു ചുവട്ടില്‍ ഉന്തുവണ്ടിയില്‍ കുടിവെള്ളവും സിഗരറ്റും വിറ്റിരുന്ന ബിഹാറുകാരനായ വഴിയോര കച്ചവടക്കാരനെതിരെയാണ് പുതിയ ന്യായസംഹിത പ്രകാരം രാജ്യത്ത് ഏറ്റവും ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എന്ന് ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ കമലാ മാര്‍ക്കറ്റ് പൊലീസ് ആ എഫ്ഐആര്‍ റദ്ദാക്കിയെന്നും, ഗ്വാളിയോറിലെ ബൈക്ക് മോഷണക്കേസാണ് ആദ്യത്തേതെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരിച്ചത് എന്‍ഡിഎ കൂട്ടുകക്ഷി നിതീഷ്കുമാറിന്റെ നാട്ടുകാരനായ പാവപ്പെട്ടവനെ മോദിയുടെ പുത്തന്‍ ന്യായരാജിന്റെ ആദ്യ ഇരയാക്കി എന്ന നരേറ്റീവ് ഭയന്നാകുമോ!