ജോബി ബേബി, കുവൈത്ത് jobybaby1989@gmail.com
വൈദ്യശാസ്ത്രം എന്നും വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ്. പഠന,ഗവേഷണങ്ങളുടെ ഫലമായി പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകുന്നു. രോഗങ്ങളെ കീഴടക്കാനും നിയന്ത്രിക്കാനുമുള്ള വഴി തെളിയുന്നത് ഇതിലൂടെയാണ്.ഗൗരവമുള്ളതും അപകടകാരികളുമായി കരുതിയിരുന്ന പല രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്ന സാഹചര്യം ഇന്നുണ്ട്. ഇത്തരത്തിൽ ശ്രദ്ധേയമായ പഠനഫലങ്ങൾ ഈയടുത്ത കാലത്തുണ്ടായി.ചില പുതിയ കുതിപ്പുകൾ…മനുഷ്യരാശിക്ക് പ്രതീക്ഷ പകരുന്ന മുന്നേറ്റങ്ങൾ…
നട്ടെല്ല് തകർന്ന് തളർന്നയാൾ നടക്കുന്നു
തകർന്ന സുഷുമ്ന നാഡിയെ പുനരുജ്ജീവിപ്പിക്കാൻ വഴി തെളിയുന്നു!സ്വപനമല്ല, വൈദ്യശാസ്ത്രത്തിന്റെ സ്വപ്നസമാനമായ മുന്നേറ്റം. നട്ടെല്ലിനേൽക്കുന്ന പരിക്കുകൾ പലപ്പോഴും മാരകമായിരിക്കും.ഒരാളുടെ ജീവിതത്തെ അതു തകർത്തുകളയും. നട്ടെല്ലിനുള്ളിലെ സുഷുമ്നാ നാഡി അറ്റുപോയാൽ അതു പഴയതു പോലെ ആക്കാൻ മാർഗമില്ല എന്നതാണ് കാരണം.വൈദ്യശാസ്ത്രം തലകുനിക്കുന്ന മേഖലയാണിത്.സുഷുമ്നാ നാഡിക്ക് പരിക്കേറ്റ് കഴുത്തിന് താഴെ തളർന്നു കിടക്കുന്ന ആയിരക്കണക്കിന് ആളുകളുണ്ട് ലോകമെമ്പാടും. ഇവർക്ക് പ്രതീക്ഷ പകരുന്ന ഒരു വാർത്ത അടുത്തിടെ പുറത്തു വന്നു. സുഷുമ്നയ്ക്ക് പരിക്കേറ്റ് കഴുത്തിനു താഴെ തളർന്നു കിടക്കുകയായിരുന്ന പോളണ്ടുകാരൻ നടക്കുന്നു! ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന 38കാരനായ ഡരക് ഫിദ്യക് രണ്ടാം ജന്മത്തിലെന്നപോലെയാണിപ്പോൾ. ഇനിയൊരിക്കലും നടക്കാനാകുമെന്ന് ഡരക് കരുതിയിരുന്നില്ല. കത്തികുത്തേറ്റ് നാല് വർഷമായി ശരീരം തളർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.കുത്തേറ്റപ്പോൾ സുഷുമ്നയിൽ പരിക്കേറ്റു. നേർത്ത വിടവ് വന്നു. അതോടെ നെഞ്ചിനു താഴെ തളർന്നു.
മൂക്കിലെ ചില പ്രത്യേക കോശങ്ങൾ ഡരക്കിന്റെ പരിക്കേറ്റ സുഷുമ്നാ നാഡിയിൽ വെച്ചു പിടിപ്പിച്ചാണ് ഡോക്ടർമാർ ചരിത്രം രചിച്ചത്. മണം തിരിച്ചറിയാൻ സഹായിക്കുന്ന ഓൾഫാക്ടറി എൻഷീത്തിങ് സെൽസ് (ഒ.ഇ. സി)ആണ് പരീക്ഷണ ചികിത്സയിൽ ഉപയോഗിച്ചത്. മൂക്കിലെ നാഡീകോശങ്ങളെ നിരന്തരം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന സവിശേഷ കോശങ്ങളാണിത്. നാഡീകോശങ്ങളിൽ ജീവിതകാലം മുഴുവൻ പുനർജനിക്കാൻ കഴിവുള്ള കോശങ്ങളാണ് ഓൾഫാക്ടറി എൻഷീത്തിങ് സെൽസ്. ചികിത്സയുടെ ആദ്യ ഘട്ടത്തിൽ രോഗിയുടെ മൂക്കിലെ ഒരു ഓൾഫാക്ടറി ബൾബ് നീക്കി. ഓൾഫാക്ടറി എൻഷീത്തിങ് കോശങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് ഓൾഫാക്ടറി ബൾബിലാണ്. അതിൽ നിന്ന് ഒ. ഇ. സി.നീക്കി കൾച്ചർ ചെയ്തു. അതുവഴി ഒരു തുള്ളി കോശം വളർത്തിയെടുത്തു. രണ്ടാഴചയ്ക്കു ശേഷം ഈ കോശങ്ങൾ സുഷുമ്നയിലേക്ക് മാറ്റിവെച്ചു. പരിക്കേറ്റ സ്ഥലത്തിന് മുകളിലും കീഴിലുമായി നൽകിയ മൈക്രോ ഇഞ്ചക്ഷനുകൾ വഴിയാണ് പ്രത്യേക കോശങ്ങൾ സുഷുമ്നയിൽ എത്തിച്ചത്. സുഷുമ്നയിലെ വിടവുള്ള സ്ഥലത്ത് നാഡീകലകളുടെ ഗ്രാഫ്റ്റും സ്ഥാപിച്ചു.ഒ. ഇ. സി. യുടെ സവിശേഷ സ്വാധീനത്താൽ സുഷുമ്നയിലെ കോശങ്ങൾ നാഡീകോശങ്ങൾക്ക് വളരാൻ വഴിതെളിച്ചു.അവ പുനർജനിച്ചു, വികസിച്ചു. പോളണ്ടിലെ സർജൻമാരാണ് ലണ്ടനിലെ വൈദ്യശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ നട്ടെല്ലിന്റെ പരിക്കിനുള്ള ചികിത്സയിൽ അത്ഭുതകരമായ ഈ വിജയം കൈവരിച്ചത്.
രക്തത്തിൽ നിന്ന് രക്തകുഴൽ
രക്തത്തിൽ നിന്ന് രക്തകുഴൽ നിർമിക്കുക-ആശയം ആശ്ചര്യകരമാണ്. പക്ഷേ,അതു സാധ്യമാണെന്നു തെളിയിച്ചു വൈദ്യശാസ്ത്ര ഗവേഷകർ. ഇങ്ങനെ നിർമ്മിച്ച രക്തക്കുഴൽ വിജയകരമായി രണ്ടു കുട്ടികളിൽ വെച്ചു പിടിപ്പിക്കുകയും ചെയ്തു. ദഹന വ്യവസ്ഥയിൽ നിന്ന് കരളിലേക്കു പോകുന്ന സിര ഇല്ലാതിരുന്ന രണ്ട് കുട്ടികളിലാണ് പുതിയ രക്തക്കുഴൽ വെച്ചു പിടിപ്പിച്ചത്. രണ്ടു സ്പൂൺ രക്തത്തിൽ നിന്നാണ് പുതിയ രക്തക്കുഴൽ പിറന്നത്.വെറും ഏഴു ദിവസം കൊണ്ട്.മൂലകോശങ്ങൾ ഉപയോഗപ്പെടുത്തി നടക്കുന്ന ഗവേഷണങ്ങളുടെ മറ്റൊരു വിജയകഥയാണ് സ്വീഡനിൽ നിന്നും വന്നത്.രോഗിയുടെ അസ്ഥി മജ്ജയിലെ മൂലകോശത്തിൽ നിന്ന് ഈ ഗവേഷകർ നേരെത്തെ രക്തക്കുഴൽ വികസിപ്പിച്ചിരുന്നു.മജ്ജയിൽ നിന്നും രക്തകോശങ്ങൾ സ്വീകരിക്കൽ അല്പം പ്രയാസകരവും വേദനാജനകവുമാണ്. ഈ മാർഗത്തിലൂടെ രക്തക്കുഴൽ വികസിപ്പിക്കാൻ ഒരു മാസം വേണം.രക്തത്തിൽ നിന്നു തന്നെ ധമനി വികസിപ്പിക്കുമ്പോൾ സൗകര്യങ്ങൾ ഏറെയുണ്ട്.25മില്ലി ലിറ്റർ രക്തം മാത്രമാണ് പുതിയ രക്തക്കുഴലിന് ആവശ്യമായി വന്നത്.രോഗിയുടെ മൂലകോശത്തിൽ നിന്നു തന്നെ രക്തക്കുഴൽ വികസിപ്പിക്കുമ്പോൾ അവയവങ്ങളുമായി സഹകരിച്ചു പോകും എന്നത് നേട്ടമാണ്.ഗോത്തൻബർഗ് സർവകലാശാലയ്ക്ക് കീഴിലെ സഹൽഗ്രൻസ്ക ആസ്പത്രിയിലെ ഗവേഷകരാണ് വലിയ മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന കണ്ടുപിടിത്തം നടത്തിയത്.ഡോക്ടർമാരായ മൈക്കൽ ഒലോസൻ, സുചിത്ര സുമിത്രൻ ഹോഗേഴ്സനുമാണ് ഈ നേട്ടത്തിന്റെ ക്രെഡിറ്റ്.ഡോ. സുചിത്ര ഇന്ത്യൻ വംശജയുമാണ്.
ബ്രെയിൻ ട്യൂമർ നശിപ്പിക്കാൻ കില്ലിങ് മെഷീൻ
തലച്ചോറിലെ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിയുന്ന മൂലകോശങ്ങളെ ഒരു സംഘം ഗവേഷകർ വികസിപ്പിച്ചതോടെ പുതിയ പ്രതീക്ഷകൾ ഉണരുകയാണ്.ജനിതകമാറ്റം വരുത്തിയ മൂലകോശങ്ങളാണ് കാൻസറിനതിരെ ഉപയോഗിക്കുക.കാൻസർ ബാധിച്ച കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ചു നശിപ്പിക്കാൻ കഴിയുന്ന രാസവസ്തുക്കൾ ഈ മൂലകോശങ്ങൾക്ക് ഉത്പാദിപ്പിക്കാനാവും.കില്ലിങ് മെഷീൻ എന്നാണ് ജനിതക മാറ്റം വരുത്തിയ ഈ മൂല കോശങ്ങളെ വിശേഷിപ്പിക്കുന്നത്.ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കുകയില്ലെന്നത് ഇതിന്റെ നേട്ടമാണ്. ട്യൂമറിനെ നശിപ്പിക്കുന്ന രാസവസ്തുക്കളാകട്ടെ മൂലകോശങ്ങൾക്ക് ഹാനികരമാകുന്നതുമില്ല.മൂല കോശങ്ങളെ ഉപയോഗിച്ചു ട്യൂമറിനെ നശിപ്പിക്കാൻ സഹായിക്കുന്ന വിഷവസ്തുക്കൾ മൂലകോശങ്ങളെയും നശിപ്പിച്ചു കളയുന്നതാണ് തടസ്സമായത്.എന്നാൽ ട്യൂമറിനെതിരെ പ്രവർത്തിക്കുന്ന വിഷവസ്തുവിനാൽ നശിപ്പിക്കപ്പെടാത്ത മൂലകോശങ്ങളെ വികസിപ്പിക്കുന്നതിൽ ശാസ്ത്രലോകം വിജയിച്ചു. എലികളിലെ പരീക്ഷണം വിജയമായതോടെ ഇനി മനുഷ്യരിൽ പരീക്ഷണം ആരംഭിക്കും.
പന്നിയുടെ ഹൃദയം ഇനി മനുഷ്യർക്ക്
‘ചേറ്റിൽ കിടക്കുന്ന പന്നിത്തടിയനും’ഒരു കാലം വന്നു എന്നാണ് ശാസ്ത്ര രംഗത്തു നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.ഒരു പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റി വച്ച് ചരിത്രം കുറിക്കുകയായിരുന്നു ജനുവരി 2022ൽ.2022ജനുവരി 7ന് അമേരിക്കയിലെ മേരിലാൻഡിൽ 57വയസ്സുള്ള ഡേവിഡ് ബെന്നറ്റാണ് ജനിതകമാറ്റം വരുത്തിയ ഒരു പന്നിയുടെ ഹൃദയം സ്വീകരിച്ചത്.മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ പരീക്ഷനാടിസ്ഥാനത്തിൽ നടത്തിയ ഒരു സംരംഭം ആയിരിന്നു ഇത്. സാധാരണ ഗതിയിൽ അനുയോജ്യമായ മറ്റൊരു മനുഷ്യ ഹൃദയം സ്വീകരിക്കുക എന്നതായിരുന്നു പോംവഴി.ബെന്നെറ്റിനെ സംബന്ധിച്ച് ഇതിന് ചില തടസ്സങ്ങൾ ഉണ്ടായത് കാണാമായിരുന്നു ഈ നടപടി.നിന്ദനീയരെന്ന് കരുതിയിരുന്ന പന്നികൾ പെട്ടന്നു മനുഷ്യ വർഗ്ഗത്തിന്റെ രക്ഷകരായി എത്തുക എന്നതാണിവിടെ സംഭവിച്ചത്.പത്തിലധികം തവണ ജനിതകമാറ്റം വരുത്തിയ പന്നി ഹൃദയമാണ് ശസ്ത്രക്രിയക്ക് ഉപയോഗിച്ചത്. ഇതിലൂടെ പന്നികളിലെ ചില ജീനുകളെ നിർവീര്യമാക്കാനായി.മനുഷ്യ ശരീരത്തിലെത്തിയാൽ അന്യഹൃദയത്തെ തിരസ്കരിക്കാനുള്ള സ്വാഭാവികപ്രവണതയെ ഒഴിവാക്കാൻ ഇത് സഹായിച്ചു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിലവിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ തന്നെയാണ് ഈ ശസ്ത്രക്രിയക്കും ഉപയോഗിച്ചത്. മറ്റ് പ്രത്യേക സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.1960കളിൽ തന്നെ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള അവയവമാറ്റങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്.1969 കാലയളവിൽ അമേരിക്കൻ സർജനായിരുന്ന ചാൾസ് ഹഫ്നഗൽ പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യനിലേക്ക് വിജയകരമായി മാറ്റി വെച്ചിട്ടുണ്ട്.പന്നിയുടെ വൃക്കകൾ മനുഷ്യനിലേക്ക് മാറ്റി വെച്ചുകൊണ്ടുള്ള ശാസ്ത്രക്രിയകൾ 2021ൽ നടന്നിരുന്നു.
അവയവങ്ങളുടെ ലഭ്യത ഒരു പ്രശ്നമായതു കൊണ്ട് അതിനുള്ള മറ്റൊരു പോംവഴിയായി ഈ പുതിയ പരീക്ഷണങ്ങളെ നമുക്ക് കാണാം.മാത്രമല്ല മനുഷ്യർ തമ്മിലുള്ള അവയവ മാറ്റങ്ങളിൽ സമ്മതപത്രം ഒരു പ്രധാന ഘടകമാണ്.അത് മൃഗങ്ങളെ സംബന്ധിച്ച് ഒഴിവാക്കപ്പെടുകയും ചെയ്യും. ധാർമികതയുടെയും വൈദ്യശാസ്ത്ര നൈതികതയുടെയും പ്രശ്നങ്ങൾ മറുവശത്തുണ്ട്.മൃഗസ്നേഹികളുടെ എതിർപ്പും ഒട്ടും കുറവല്ല.1977ൽ ഇന്ത്യയിൽ ആസ്സാമിലെ ഡോ. ധനി റാം ബറുവാ പന്നിയുടെ ഹൃദയം ഒരു മനുഷ്യനിൽ തുന്നിച്ചേർക്കുകയുണ്ടായി.ഏഴു ദിവസത്തിന് ശേഷം രോഗി മരിക്കുകയും ഡോക്ടർ നിയമ നടപടികൾക്ക് വിധേയമാവുകയും ചെയ്തു.ഒരു കാര്യം ഉറപ്പാണ്,മരണത്തെ കൈയകലത്തു നിർത്താനുള്ള മനുഷ്യന്റെ ത്വരയും ജീവൻ നീട്ടി കൊണ്ടുപോകാനുള്ള ശ്രമങ്ങളും, അത് അവസാനിക്കുന്നില്ല.
മസ്തിഷ്കത്തിൽ ചിപ്
മനുഷ്യമസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പൂർണമായും വയർലെസ് ആയ സംവിധാനമാണു ഇലോൺ മസ്ക് സൃഷ്ടിച്ച ന്യൂറലിങ്ക് അഥവാ മസ്തിഷ്കത്തിനുള്ളിൽ ചിപ് ഘടിപ്പിക്കുക എന്നുള്ളത്. മനുഷ്യ മസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ–മെഷീൻ ഇന്റർഫേസ് എന്ന ആശയം വർഷങ്ങളായിട്ടുള്ളതാണ്. ഇതിന്റെ പല രൂപങ്ങൾ പല വർഷങ്ങളിലായി നാം കണ്ടിട്ടുമുണ്ട്. വയേഡ് കണക്ഷനുപയോഗിച്ചുള്ള ഉപകരണങ്ങളുപയോഗിച്ചായിരുന്നു പലതും.തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ മനസ്സിലാക്കി കംപ്യൂട്ടറിലെ കർസർ ചലിപ്പിക്കുക,ഫോൺ പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇവയെല്ലാം വയേഡ് ആയിരുന്നുവെന്നതാണ് ന്യൂനത. പൂർണമായും വയർലെസ് ആയ സംവിധാനമാണു മസ്കിന്റെ ന്യൂറലിങ്ക്. അതായത് ശിരസ്സിനെ വയറുകൾ ഉപയോഗിച്ച് ബന്ധിപ്പിക്കേണ്ടതില്ല. തലച്ചോറിലെ ന്യൂറോണുകളിൽ നിന്നുമുള്ള സിഗ്നലുകൾ (സ്പൈക്കിങ് ആക്ടിവിറ്റി) ഒപ്പിയെടുത്ത്, അവ മനസ്സിലാക്കുകയെന്നതാണ് ഇത്തരം സംവിധാനങ്ങളുടെ അടിസ്ഥാനം. ഇത് അതീവസങ്കീർണമാണ്.
ഇതുവരെയുള്ള ഗവേഷണങ്ങളിൽ ഒപ്പിയെടുത്തതിന്റെ പല മടങ്ങ് കൂടുതൽ വിവരങ്ങൾ ന്യൂറലിങ്കിന് ഒപ്പിയെടുക്കാനാകുമെന്നാണ് ഇലോൺ മസ്ക് അവകാശപ്പെട്ടിരിക്കുന്നത്.ന്യൂറോണുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ചാനലുകളിൽ നിന്നാണ് ഇതുവരെ സിഗ്നലുകൾ ശേഖരിച്ചിരുന്നതെങ്കിൽ ന്യൂറലിങ്കിനു രണ്ടായിരത്തിലേറെ ചാനലുകളിൽ നിന്ന് വിവരം ശേഖരിക്കാനാകുമെന്നാണ് പറഞ്ഞിരിക്കുന്നത്.ഇത്രയും വലിയൊരു അവകാശവാദം ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.ഇതു ശരിയെങ്കിൽ നിർണായക വഴിത്തിരിവാണ്.ചിപ്പ് തലച്ചോറിൽ ഘടിപ്പിക്കാനായി റോബോട്ടിക് സർജറി രീതിയും ന്യൂറലിങ്ക് വികസിപ്പിച്ചിട്ടുണ്ട്.എൻജിനീയറിങ് മികവ് ഇതിൽ പ്രകടമാണ്.തലച്ചോറിലെ സിഗ്നലുകൾ ഒപ്പിയെടുത്ത് കംപ്യൂട്ടർ,മൊബൈൽ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സഹായിക്കുകയാണ് ന്യൂറലിങ്ക് ചെയ്യുന്നത്. ഭാവിയിൽ, തിരിച്ച് തലച്ചോറിലെ ന്യൂറോണുകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനവും വന്നേക്കാം.
ഇത് പല മസ്തിഷ്ക രോഗങ്ങളെയും ചികിത്സിക്കാൻ പര്യാപ്തമാണ്. തലച്ചോറിലെ വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് അപസ്മാരത്തിന്റെ കാരണം. അപസ്മാരമുള്ള ഒരു വ്യക്തിയുടെ തലച്ചോറിൽ ഇത്തരമൊരു ചിപ്പ് ഉണ്ടെങ്കിൽ വൈദ്യുതതരംഗങ്ങളിലുണ്ടാകുന്ന വ്യത്യാസം നിരീക്ഷിക്കാനും ന്യൂറോണുകളെ നിയന്ത്രിക്കാനും കഴിഞ്ഞേക്കും. ഇതിനുള്ള ഗവേഷണങ്ങൾ ലോകമെങ്ങും നടക്കുന്നുണ്ട്. രോഗങ്ങൾക്കുള്ള ചികിത്സയ്ക്കു പുറമേ തലച്ചോറിനെ കൂടുതൽ മെച്ചപ്പെടുത്താനും ഓർമശക്തി വർധിപ്പിക്കാനുമൊക്കെ ബ്രെയിൻ ചിപ് ഘടിപ്പിക്കുന്ന കാലം വരുമോയെന്ന് ഏതായാലും പറയാനുള്ള സമയമായിട്ടില്ല.
കാഴ്ചയില്ലാത്തവർക്കും ഇനി കണ്ണ് കാണാം
കാഴ്ച ഇല്ലാത്തവർക്ക് കാഴ്ച നൽകാൻ സാധിക്കുന്ന ഒരു ചിപ്സെറ്റ് കണ്ടുപിടിയ്ക്കാനാണ് താൻ അടുത്തതായി ശ്രമിക്കുന്നത് എന്ന് ന്യൂറലിങ്ക് സൃഷ്ടിച്ച ഇലോൺ മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്. അതിനായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു.ബ്ലൈന്റ് സെറ്റ് എന്നായിരിക്കും ഈ ചിപ്പിന് ന്യൂറോലിങ്ക് നൽകുന്ന പേര്.എന്നാൽ ഈ സാങ്കേതിക വിദ്യയ്ക്ക് ഇനിയും പരീക്ഷണം ആവിശ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
രോഗങ്ങൾ, അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരിക്കുകൾ,ജന്മനായുള്ള വൈകല്യങ്ങൾ തുടങ്ങിയവയൊക്കെ മനുഷ്യന്റെ സുഖകരമായ ജീവിതത്തെ ദുരിതക്കയങ്ങളിലേക്ക് തള്ളി വിടുന്നതായി നാം പലപ്പോഴും കാണാറുണ്ട്.ഈ പശ്ചാത്തലത്തിലാണ്,ശരീരത്തിനോ ശരീരഭാഗങ്ങൾക്കോ സംഭവിക്കുന്ന കേടുപാടുകൾ പൂർവസ്ഥിതിയിൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ മനുഷ്യരുടെ ക്ലേശങ്ങളുടെ തീവ്രത കുറയ്ക്കാനാവുമല്ലോ എന്ന് ശാസ്ത്രലോകം ചിന്തിക്കാൻ തുടങ്ങിയത്.അത്തരത്തിലുള്ള ചിന്തകളാണ് പുതിയ പരീക്ഷണങ്ങൾക്ക് വഴിയിരിക്കുന്നതും.അനുദിനം നിരവധി കണ്ടുപിടിത്തങ്ങൾ വൈദ്യശാസ്ത്ര മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നു.പ്രതീക്ഷകളുമായി നമുക്ക് കാത്തിരിക്കാം.
(ലേഖകൻ കുവൈത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ നഴ്സായി ജോലി നോക്കുന്നു.)