വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാന്‍
എറണാകുളം: രൂപതകളുടെ മാതാവ് എന്നറിയപ്പെടുന്ന വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനും അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്റെ സ്ഥാനികമെത്രാനുമായി ജൂണ്‍ 30ന്, ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്കയില്‍ മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി.
”ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും” എന്ന പ്രമാണവാക്യം മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ച പുതിയ ഇടയന്റെ അഭിഷേക കര്‍മങ്ങള്‍ ബസിലിക്ക അങ്കണത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു. അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ അഭിഷേക കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന് ഡോ. ജോസഫ് കാരിക്കശേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയൂസ് ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍. റാഫേല്‍ തട്ടില്‍, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ എബ്രഹാം ജൂലിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന് മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോഷ്വ ഇഗ്നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, എബ്രാഹം മാര്‍ ജൂലിയോസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വൈകീട്ട് നാലു മണിയോടെ ചടങ്ങുകള്‍ക്കു തുടക്കമായി. വിപരീത കാലാവസ്ഥയിലും, പന്തലില്‍ ജനങ്ങള്‍ നേരത്തെതന്നെ തിങ്ങിക്കൂടിയിരുന്നു. അവതാരകനായ ഫാ. ആന്റണി റാഫേല്‍ കൊമരഞ്ചാത്ത് പുതിയ മെത്രാനെക്കുറിച്ച് ചെറുവിവരണം നല്കി. അപ്പോള്‍ മെത്രാഭിഷേകത്തിന്റെ സൂചനയായി എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലെ മണികള്‍ മുഴങ്ങി.
വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നും കേരള പൊലീസിന്റെയും പേപ്പല്‍ പതാകവാഹകരുടെയും അകമ്പടിയോടെ ബസിലിക്കയുടെ മുഖ്യകവാടത്തില്‍ എത്തിയ ആര്‍ച്ച്ബിഷപ് കളത്തിപറമ്പില്‍, നിയുക്തമെത്രാന് മോണ്‍. ആന്റണി വാലുങ്കല്‍ എന്നിവരെ ബസിലിക്ക റെക്ടര്‍ റവ. ഡോ. ജെറോം ചമ്മിണികോടത്തിന്റെ നേതൃത്വത്തില്‍ ഇടവകജനം സ്വീകരിച്ചാനയിച്ചു. ബിഷപ്പായി നിയമിതനാകുന്നതിനു മുമ്പ് ബസിലിക്കയുടെ റെക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു മോണ്‍. ഡോ. ആന്റണി വാലുങ്കല്‍.
ഇടയന് നല്ലൊരിടയന്‍..’ എന്ന സ്വാഗതഗീതി സിഎസി ഡയറക്ടര്‍ ഫാ. ടിജോ തോമസ് കോലോത്തുംവീട്ടില്‍ നേതൃത്വം നല്കി കെസ്റ്ററും, ഗാഗുല്‍ ജോസഫും നയിച്ച 70 അംഗ ക്വയര്‍ സംഘം ആലപിച്ചു. നിയുക്ത മെത്രാനും, മുഖ്യകാര്‍മികനും, മുഖ്യസഹകാര്മികരും, വൈദികരും ബലിവേദിയിലേക്ക് പ്രദക്ഷിണമായി എത്തി. തുടര്‍ന്ന് ‘അണയൂ ദൈവജനമേ’ എന്ന പ്രവേശകഗാനം ഗായകസംഘം ആലപിച്ചു.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആമുഖപ്രസംഗത്തോടെ ദിവ്യബലി ആരംഭിച്ചു.
വിശ്വാസസത്യത്തിന്റെ വിശ്വസ്ത പരിപാലകനായി ദൈവജനത്തെ നയിക്കാന്‍ നിയുക്ത മെത്രാന് സാധിക്കട്ടെയെന്ന് ആമുഖ സന്ദേശത്തില്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും, വരാപ്പുഴ രൂപതയുടെ മുന്‍ സഹായമെത്രാനും കോട്ടപ്പുറം രൂപതാ ബിഷപ്പുമായിരുന്ന എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യസഹകാര്‍മികരായി.
തിരുകര്‍മങ്ങളില്‍ അത്യുന്നതനെ പാടി പുകഴ്ത്തുന്ന ‘ഗ്ലോറിയ’, ഗായകസംഘത്തോടൊപ്പം വിശ്വാസസമൂഹവും ഒരുമിച്ചുപാടി. നിയുക്ത മെത്രാനുവേണ്ടി മുഖ്യകാര്മികന് സമാഹാരണ പ്രാര്‍ഥന ചൊല്ലി. നിയുക്ത മെത്രാന്റെ സഹോദരി സിസ്റ്റര്‍ ജാന്‍സി ഒ കാം ,
കെഎല്‍സിഎ സംസ്ഥാനപ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ് എന്നിവര്‍ ദൈവവചന വായനകള്‍ നടത്തി. ഗാഗുല്‍ ജോസഫ് സങ്കീര്‍ത്തനം ആലപിച്ചു. – സുവിശേഷ പാരായണം നടത്തി.ദൈവവചനപ്രഘോഷണത്തിനും സുവിശേഷവായനയ്ക്കും ശേഷം മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിച്ചു.
പരമ്പരാഗത ലത്തീന്‍ പരിശുദ്ധാത്മ ഗീതമായ ‘ വേനി ക്രിയേറ്റര്‍ സ്പിരിത്തൂസ്’ എന്നു തുടങ്ങുന്ന ഗാനമപ്പോള് ഭക്തിസാന്ദ്രമായി അഭിഷേക വേദിയില്‍ മുഴങ്ങി. അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍, മുഖ്യകാര്‍മികനോട് ”ഏറ്റവും അഭിവന്ദ്യ പിതാവേ, വരാപ്പുഴ അതിരൂപതയിലെ സഭ, ബഹുമാനപ്പെട്ട ആന്റണി വാലുങ്കല്‍ അച്ചനെ മെത്രാന്റെ വിശുദ്ധ ശുശ്രൂഷയിലേക്ക് അഭിഷേകം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്ന് പറഞ്ഞു. ”അതിനായി നിങ്ങള്‍ക്ക് അപ്പസ്തോലിക സിംഹാസനത്തില്‍ നിന്നുള്ള അംഗീകാരപത്രം ലഭിച്ചിട്ടിണ്ടോ ? ” എന്ന് ആര്‍ച്ച്ബിഷപ് കളത്തിപറമ്പില്‍ ചോദിച്ചു. ”ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്” എന്ന് മറുപടി. ”എന്നാല്‍ അതിപ്പോള്‍ വായിക്കട്ടെ” എന്നു കാര്മികന് പറഞ്ഞു.
മോണ്‍. ആന്റണി വാലുങ്കലിനെ വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പായുടെ ബൂള (നിയമനപത്രം) ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ ലത്തീനിലും വൈസ് ചാന്‍സലര്‍ ഫാ.ലിക്സണ്‍ അസ്വേസ് മലയാളത്തിലും വായിച്ചു. ഇതിനു ശേഷം കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷന്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചന പ്രഘോഷണം നടത്തി. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം ദര്‍ശിക്കാന്‍ ദൈവജനത്തിന് കഴിയുന്ന മെത്രാനായിരിക്കും ഡോ. ആന്റണി വാലുങ്കലെന്ന് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.
തുടര്‍ന്ന് സന്നദ്ധത പ്രകാശന കര്‍മം നടന്നു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിയുക്ത മെത്രാനോട് ”മെത്രാനായി അഭിഷേകം ചെയ്യപ്പെടേണ്ടയാള്‍ സത്യവിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കുകയും കടമകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കുകയും ചെയ്യുമെന്നുള്ള ദൃഢനിശ്ചയം ബഹുജനസമക്ഷം പ്രഖ്യാപിക്കണമെന്നു സഭാപിതാക്കന്മാരുടെ പരമ്പരാഗതമായ പതിവ് അനുശാസിക്കുന്നതിനാല്‍ മെത്രാനടുത്ത കടമകള്‍, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്താല്‍, ജീവിതാന്ത്യം വരെ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ സന്നദ്ധനാണോ” എന്നു തിരക്കി. നിയുക്ത മെത്രാന് സന്നദ്ധത അറിയിച്ചു.
ക്രിസ്തുവിന്റെ സുവിശേഷം വിശ്വസ്തതയോടും നിരന്തരമായും പ്രഘോഷിക്കാനും, വിശ്വാസസമ്പത്ത് സമ്പൂര്‍ണമായും അഭംഗുരമായും കാത്തുസൂക്ഷിക്കാന്‍ സന്നദ്ധനാണോ, വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ പരിശുദ്ധ പിതാവിന്റെ പരമാധികാരത്തിന് വിധേയമായി തിരുസഭയുമായി ഐക്യം പുലര്‍ത്താനും വിശ്വസ്തതയോടെ അനുസരിക്കാനും, വൈദികരോടും ഡീക്കന്മാരോടും ചേര്‍ന്ന് ദൈവജനത്തെ പരിപാലിക്കാനും രക്ഷയുടെ മാര്‍ഗത്തില്‍ നയിക്കാനും സന്നദ്ധനാണോ, ദരിദ്രരോടും പരജനങ്ങളോടും ആംലബഹീനരോടും കരുണയും സഹാനുഭൂതിയും പ്രദര്‍ശിപ്പിക്കാന്‍ സന്നദ്ധനാണോ, ജനങ്ങള്‍ക്കു വേണ്ടി സര്‍വശക്തനായ ദൈവത്തോട് അവിരാമം പ്രാര്‍ഥിക്കാനും മഹാപുരോഹിതന്റെ കടമകള്‍ നിര്‍വഹിക്കാനും സന്നദ്ധനാണോ എന്ന ചോദ്യങ്ങള്‍ ആര്‍ച്ച്ബിഷപ് ചോദിക്കുകയും നിയുക്ത മെത്രാന് തന്റെ സന്നദ്ധത വ്യക്തമാക്കുകയും ചെയ്തു.
അപ്പോള്‍ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു. ഈ സമയം മോണ്‍. ആന്റണി വാലുങ്കല്‍ സാഷ്ടാംഗ പ്രണാമം ചെയ്തു. കാര്‍മികരും ദൈവജനവും മുട്ടുകുത്തി ദീര്‍ഘമായ സകലവിശുദ്ധരുടെ പ്രാര്ഥനാമഞ്ജരിയില് പങ്കുചേര്‍ന്നു.
പ്രാര്‍ഥനയ്ക്കു ശേഷം കൈവയ്പ്പു ശുശ്രൂഷാ കര്‍മം നടന്നു. നിയുക്തമെത്രാന് പ്രധാനകാര്മികനു മുന്നില്‍ മുട്ടുകുത്തി നിന്നു. പ്രധാനകാര്മികനും തുടര്‍ന്ന് മറ്റു മെത്രാന്മാരും അദ്ദേഹത്തിന്റെ ശിരസില്‍ കൈകള്‍ വച്ച് മൗനമായി പ്രാര്‍ഥിച്ചു. ഡോ. കളത്തിപ്പറമ്പില്‍ മടിയില്‍ ഉല്സംഗശീല (Gremial) വിരിച്ചു. തന്റെ മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന നിയുക്തമെത്രാന്റെ ശിരസില്‍ വിശുദ്ധ പ്രതിഷ്ഠാപന തൈലം പൂശുകയും, ദൈവവചന പ്രഘോഷണത്തിന്റെ സൂചനയായി സുവിശേഷഗ്രന്ഥദാനം നടത്തുകയും ചെയ്തു.
പുതിയ മെത്രാനെ വിശ്വസ്തതയുടെ മുദ്രയായി മോതിരമണിയിക്കുകയും ശിരസില്‍ വിശുദ്ധിയുടെ പ്രതീകമായ അംശമുടി അണിയിക്കുകയും ദൈവജനപാലനാധികാരത്തിന്റെ ചിഹ്നമായി അധികാരദണ്ഡു നല്‍കുകയും ചെയ്തു. മെത്രാഭിഷേകം പൂര്‍ത്തിയായതോടെ ബിഷപ് ആന്റണി വാലുങ്കലിനെ പ്രധാന ഇരിപ്പിടത്തിലേക്ക് (ഭദ്രപീഠാധ്യാസനം) മുഖ്യകാര്മികന് ആനയിച്ച് ഇരുത്തി. സ്ഥാനാരോഹണത്തിന്റെ പ്രതീകമായിരുന്നു ഈ ചടങ്ങ്. ഈ സമയം ദൈവജനം കരഘോഷം മുഴക്കി. തുടര്‍ന്ന് എല്ലാ മെത്രാന്മാരും പുതിയ ഇടയന് സമാധാന ചുംബനം നല്കി.
രൂപതയിലെ വൈദികരും സന്ന്യസ്തരും അല്മായ പ്രതിനിധികളും പുതിയ മെത്രാന്റെ മോതിരം ചുംബിച്ച് ആദരവും വിധേയത്വവും പ്രകടിപ്പിച്ചു. കാഴ്ചവയ്പ് പ്രദക്ഷിണത്തില്‍ ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ കുടുംബാംഗങ്ങളും രൂപതയിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കുചേര്‍ന്നു. നൈവേദ്യ പ്രാര്‍ഥനയ്ക്കു ശേഷം ബിഷപ് ഡോ. ആന്റണി വാലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി തുടര്‍ന്നു.
ദിവ്യഭോജന പ്രാര്‍ഥനയ്ക്കു ശേഷം ‘ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു അങ്ങേക്കായെന്നും സ്തോത്രങ്ങള്‍’ എന്ന കൃതജ്ഞതാസ്തോത്രഗീതം ആലപിക്കുമ്പോള്‍, ബിഷപ് ആന്റണി വാലുങ്കല്‍ ജനമധ്യത്തിലൂടെ നടന്ന് അവരെ ആശീര്‍വദിച്ചു.
തുടര്‍ന്ന് അദ്ദേഹം സമാപനാശീര്‍വാദം നല്കി.തിരുകര്‍മങ്ങള്‍ക്കു ശേഷം ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍. റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നീതി ന്യായ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ബിഷപ് ഡോ. ആന്റണി വാലുങ്കല്‍ നന്ദി പ്രകാശിപ്പിച്ചു. സാന്ത്വനശുശ്രൂഷയുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി പുതിയ മെത്രാന് തന്റെ അജപാലന ദൗത്യപ്രഖ്യാപനം നടത്തി. മത-രാഷ്ട്രീയ-സാംസ്കാരിക പ്രമുഖര്‍, ജനപ്രതിനിധികള്‍, പതിനായിരത്തില്പരം വിശ്വാസികള്‍ എന്നിവരുടെ നിറഞ്ഞ സാന്നിധ്യത്തിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.
മോണ്‍. ആന്റണി വാലുങ്കല്‍ എരൂര്‍ സെന്റ് ജോര്‍ജ് ഇടവകയില്‍ പരേതരായ മൈക്കിളിന്റെയും ഫിലോമിനയുടെയും മകനായി 1969 ജൂലൈ 26ന് ജനിച്ചു. 1984 ജൂണ്‍ 17ന് വൈദികപരിശീലനത്തിനായി മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനവും മംഗലപ്പുഴ സെമിനാരിയില്‍ ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കി. 1994 ഏപ്രില്‍ 11-ന് ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കലില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.