ജോബി ബേബി, കുവൈത്ത് jobybaby1989@gmail.com
മനുഷ്യ മനഃസാക്ഷിയെ ഏറെ ദുഃഖത്തിൽ ആഴ്ത്തിയ സംഭവമായിരുന്നു കുവൈത്തിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ലേബർ ക്യാമ്പിലെ തീപ്പിടുത്തം. മലയാളികൾ ഉൾപ്പെടെ ഏകദേശം 50 ഓളം പേരാണ് അപകടത്തിനിരയായത്.നിരവധി പേർക്ക് ഗുരുതര പരിക്കുകളേൽക്കുകയും ചെയ്യ്തു.കെട്ടിടം പൂർണ്ണമായി കത്തിനശിച്ചു.കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന സെക്യൂരിറ്റി ക്യാബിനിലെ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ പ്രാഥമിക കാരണമായി കരുതപ്പെടുന്നത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷക്കണക്കിന് പ്രവാസികളായി ഫ്ലാറ്റിൽ താമസിക്കുന്ന അംഗങ്ങൾ ഇത്തരത്തിലുള്ള അപകടങ്ങളുടെ കാരണങ്ങളെപ്പറ്റി,അവയിൽ നിന്ന് രക്ഷപെടാനുള്ള സുരക്ഷാനിർദ്ദേശങ്ങളെപ്പറ്റി അറിഞ്ഞിരിക്കേണ്ടതുണ്ട്.അവയെപ്പറ്റി വിവരിക്കുകയാണ് ചുവടെ.
അപകട കാരണങ്ങൾ
അശാസ്ത്രീയമായ കെട്ടിട നിർമ്മാണം
പ്രവാസലോകത്ത് ദിനവും നിരവധി കെട്ടിടങ്ങളാണ് ഉയർന്നു വരുന്നത്.എന്നാൽ മിക്കവയിലും ആവശ്യത്തിന് സൗകര്യങ്ങൾ കുറവാണ്.വലിയ സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റുകൾക്ക് വലിയ വാടകയാണ് കൊടുക്കേണ്ടി വരിക. അത്തരത്തിലുള്ള വലിയ ഫ്ലാറ്റുക്കൾ ഉയർന്ന ശമ്പളം ഉള്ളവർ മാത്രമേ തിരഞ്ഞെടുക്കൂ.എന്നാൽ ലേബർ ക്യാമ്പുകളുടെ സ്ഥിതി വ്യത്യസ്തമാണ്.വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലേബർ ക്യാമ്പുകളിൽ ഉള്ളൂ. ഒരു മുറിയിൽ തന്നെ അഞ്ചു മുതൽ ആറു വരെ ആളുകൾ കാണും. ഒന്ന് നിന്ന് തിരിയാൻ പോലും ഇടം കിട്ടാത്ത അവസ്ഥകളുമുണ്ട്. ഇത്തരത്തിൽ ഒരു ഫ്ലോറിൽ ആറു മുറികൾ വരെ ഉണ്ടാകാറുണ്ട്. ഈ മുറികളിൽ പലതും വലിയ കാർബോർഡുകൾ കൊണ്ട് വിഭജിച്ചിരിക്കും. ഒരു ഫ്ലോറിൽ ഒരു ടോയ്ലറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ. എന്തെങ്കിലും പകർച്ചവ്യാധികൾ ഒരാൾക്ക് വന്നാൽ ആ റൂമിലുള്ള മുഴുവൻ ആളുകൾക്കും അത് പടരുന്നതിന് ഇടയാക്കും. ചില ഫ്ലോറുകളിൽ അടുക്കള സൗകര്യങ്ങൾ ഉണ്ടാകും.ഇത്തരത്തിൽ വലിയ കാർബോർഡുകൾ ഉപയോഗിച്ചു റൂമുകൾ വേർതിരിക്കുന്നത് തീ പോലെയുള്ള അപകടം ഉണ്ടാകുമ്പോൾ വേഗത്തിൽ കത്തുന്നതിന് ഇടയാക്കും.
വിദേശ രാജ്യങ്ങളിലെ മിക്ക കെട്ടിടങ്ങളുടെയും ഏറ്റവും താഴത്തെ നില വലിയ അടുക്കളയും മെസ്സ് ഹാളുകളും ആയിരിക്കും.അവിടെ ഗ്യാസ്, എക്ട്രിക് എന്നിവയുടെ ഉപയോഗം ശരിയായ രീതിയിലുള്ളതല്ലെങ്കിൽ തീ പടരുന്നതിനും പൊട്ടിത്തെറിക്കും ഇടയാക്കും.ഈ ഏറ്റവും താഴത്തെ നിലയിലേക്ക് പോകാനായി ഒട്ടു മിക്ക കെട്ടിടങ്ങൾക്കും ഒരു വാതിൽ മാത്രമേ കാണാറുള്ളൂ.അത് കൊണ്ട് തന്നെ എന്തെങ്കിലും സംഭവിച്ചാൽ വേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങളെ ഇത് സാരമായി ബാധിക്കും.പതിവായി കാണുന്ന മറ്റൊരു കാര്യം മിക്ക കെട്ടിടങ്ങളുടെയും ഏറ്റവും താഴത്തെ നില വേറെ പല കാര്യങ്ങൾക്കും നൽകിയിരിക്കുന്നതായിരിക്കും ഉദാഹരണത്തിന് പാർട്ടി ഹാൾ, പ്രാർത്ഥനാ ഹാൾ, ഹോട്ടൽ ഹാൾ, ജിം തുടങ്ങിയവ. എന്നാൽ ഇവയിൽ പലതിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഇതും അപകടത്തിന് വഴിവെയ്ക്കും.മറ്റൊരു പ്രധാന പ്രശ്നം പല കെട്ടിടങ്ങൾക്കും അസംബ്ലി പോയിന്റ് ഇല്ല എന്നുള്ളതാണ്. ഇത് ഇല്ലാത്തത് മൂലം എന്തെങ്കിലും അടിയന്തര ഘട്ടത്തിൽ ആളുകൾക്ക് ഒരുമിച്ച് കൂടുന്നതിന് സാധിക്കാതെ വരികയും ചിതറിപ്പോയി സുരക്ഷാ ഏകോപനത്തെ അത് ബാധിക്കുകയും ചെയ്യുന്നു.അഥവാ അസംബ്ലി പോയിന്റ് ഉണ്ടെങ്കിൽ തന്നെ കെട്ടിടത്തിലെ താമസ്സക്കാർക്ക് അതിനെപ്പറ്റി അറിവുണ്ടാകില്ല. ഇതും ഒരു പ്രശ്നമായി കാണാറുണ്ട്.
എമർജൻസി സാധനങ്ങളുടെ കുറവ്
ക്യാമ്പുകളിലും ഫ്ലാറ്റുകളിലും സാധാരണയായി കണ്ട് വരുന്ന ഒരു പ്രധാന പ്രശ്നമാണ് പലയിടത്തും അടിയന്തര സുരക്ഷാ ഉപകരണങ്ങളുടെ കുറവ്.ഉദാഹരണത്തിന് തീ ഉണ്ടാകുമ്പോൾ അണയ്ക്കുന്നതിനുള്ള ഫയർ എക്സ്റ്റിംഗ്ഗുഷർ, പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള ഫസ്റ്റ്എയ്ഡ് കിറ്റ്, തീ അല്ലെങ്കിൽ പുക അധികമാകുമ്പോൾ ആവശ്യമാകുന്ന ഫയർ അലാറം, ആവശ്യകാര്യങ്ങൾ വിളിച്ചുപറയുന്നതിനുള്ള മൈക്രോ ഫോൺ, എമർജൻസി കോൺടാക്ട് നമ്പർ, തീ അണയ്ക്കുന്നതിനുള്ള വാട്ടർ സ്പിഗ്ലർ തുടങ്ങിയവ.പിന്നീട് സർവ്വ സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്നമാണ് കെട്ടിടങ്ങളുടെ അല്ലെങ്കിൽ ക്യാമ്പുകളുടെ നടക്കുന്ന പടികളിൽ തുണി ഉണക്കുന്ന സ്റ്റാണ്ടുകൾ നിരത്തിയിരിക്കുന്നത്.ഇത്തരത്തിൽ തുണിനിരത്തിയ സ്റ്റാണ്ടുകൾ അത്യാവശ്യ ഘട്ടങ്ങളിൽ ആളുകളുടെ രക്ഷപ്പെടലിനെ തടസ്സപ്പെടുത്തും.
നിർദ്ദേശങ്ങൾ
ഗൾഫ് നാടുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് കെട്ടിടങ്ങൾക്കുള്ളിൽ ഉണ്ടാകുന്ന തീപ്പിടുത്തം. ഗ്യാസ് സിലണ്ടർ, മൈക്രോ ഓവൻ അപകടത്തിൽ പെടുന്നതോ, വൈദ്യുതി ഷോർട്ട് ആകുന്നത് മൂലമോ ആണ് സാധാരണയായി ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്.തീ പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ നിങ്ങൾ അകപ്പെട്ടിരിക്കുമ്പോൾ അവിടെ ഉണ്ടാകുന്ന തീപ്പിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ വേഗത്തിലുള്ളതും നിർണായകവുമായ നടപടികൾ ആവശ്യമാണ്.അത്തരത്തിൽ അപ്രതീക്ഷിതമായി തീ മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും സുരക്ഷിതമായി ഒഴിഞ്ഞുമാറാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ചില കാര്യങ്ങൾ വിവരിക്കുന്നു.
- വളരെ ശാന്തമായി എന്നാൽ വേഗത്തിലും വ്യക്തതയോടെയും പ്രവർത്തിക്കുക.
- മറ്റുള്ളവരെ അറിയിക്കുക: കെട്ടിടത്തിനുള്ളിലെ ഫയർ അലാറംഓൺ ആക്കുകയോ കെട്ടിടത്തിലെ മൈക്രോ ഫോണിലൂടെ വിളിച്ചു പറയുകയോ ചെയ്യുക.കൂടാതെ എല്ലാവരും അത് അറിഞ്ഞെന്നു ഉറപ്പാക്കുകയും ചെയ്യുക.
- സാഹചര്യത്തെപ്പറ്റി വിലയിരുത്തുക: അതിനായി തീ എപ്രകാരം ഉണ്ടായി,അതിന്റെ വലിപ്പം,സ്ഥാനം തുടങ്ങിയവ നോക്കാം.തീ ഒരു മുറിക്കുള്ളിലാണെങ്കിൽ അതിന്റെ വാതിലുകൾ തുറക്കുന്നതിന് മുൻപ് വാതിൽപ്പടി അഥവാ പൂട്ട് കൈ ഉപയോഗിച്ചു തൊട്ട് നോക്കുക.തൊടുമ്പോൾ തണുപ്പാണ് അനുഭവപ്പെടുന്നതെങ്കിൽ വാതിലുകൾ പതിയെ തുറന്നതിന് ശേഷം പുകയും തീയും ശ്രദ്ധിക്കുക.അല്ല തൊടുമ്പോൾ ചൂടാണ് /പുക പുറത്തേക്ക് ഒഴുകുന്നതാണ് അനുഭവപ്പെടുന്നതെങ്കിൽ വാതിലുകൾ തുറക്കാൻ പാടുള്ളതല്ല മറിച്ച് മുറിക്കുള്ളിൽ കടക്കാൻ വേറെ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
- രക്ഷപ്പെടുത്തുന്നയാൾ: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നയാൾ ആദ്യം സ്വയം സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തുകയും അതിനു ശേഷം മറ്റുള്ളവരെ രക്ഷിക്കുന്നതിന് ശ്രമിക്കുകയും വേണം.
- മുറികൾക്കുള്ളിലെ പാചകം ഒഴിവാക്കുക. തീ, ഭൂകമ്പം തുടങ്ങിയ അവസരങ്ങളിൽ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക.
- അടിയന്തര സുരക്ഷാമാർഗ്ഗത്തിൽ ബന്ധപ്പെടുക: ഉടനടി തന്നെ നാം താമസിക്കുന്ന മേഖലകളിൽ ഉള്ള സർക്കാർ സഹായ നമ്പറുകളിൽ ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുക (ഉദാഹരണത്തിന് 112 പോലുള്ളവ).
- നിലത്തിരിക്കുകയും ശ്വാസം സംരക്ഷിക്കുകയും ചെയ്യുക: പുക പടരുമ്പോൾ നിലത്തുകൂടെ കൈയും കാൽമുട്ടുകളും ഉപയോഗിച്ചു ഇഴയുന്നതിലൂടെ അശുദ്ധ പുക ശ്വസിക്കുന്നത് ഒഴിവാക്കാനാകും.രണ്ടാമതായി മൂക്കും വായും തുണി ഉപയോഗിച്ചു(നനഞ്ഞതാണെങ്കിൽ നന്ന്)പൊതിഞ്ഞു സൂക്ഷിക്കുക. ഇത് വായു ഫിൽറ്റർ ചെയ്യുന്നതിന് സഹായിക്കും.
- കെട്ടിടത്തിന്റെ പുറത്തേക്ക് വരിക: ആദ്യമേ ഏറ്റവും എളുപ്പമുള്ള സമീപത്തെ വഴിയിലൂടെ പുറത്തു കടക്കുക.ലിഫ്റ്റ് ഉപയോഗിക്കാൻ പാടുള്ളതല്ല.എക്സിറ്റ് ബോർഡുകൾ നോക്കിവേണം പുറത്തുവരാൻ.
- രക്ഷപെടുന്നതിന് ബദൽ വഴികൾ ഉണ്ടായിരിക്കണം:അതിന് ജനാലകളുടേയോ,പ്രത്യേകം തയ്യാറാക്കിയ ഏണികളുടെയോ സഹായം ഉപയോഗിക്കാം.നിങ്ങൾ താഴത്തെ നിലയിൽ ആണെങ്കിൽ ജനാലകൾ വഴി സുരക്ഷിതമാണെങ്കിൽ രക്ഷപെടാം മുകളിലെ നിലകൾ ആണെങ്കിൽ ജനാലകൾ വഴി പുറത്തേക്ക് തുണി വീശുകയോ, ഫ്ലാഷ് ലൈറ്റ് വീശുകയോ ചെയ്യാം.പ്രത്യേകം തയ്യാറാക്കിയ ഏണികൾ ഉപയോഗിച്ചു സാവധാനം മുകളിൽ നിന്നും താഴേക്ക് ഇറങ്ങാവുന്നതാണ്.
- അപകടം നടക്കുന്ന കെട്ടിടത്തിനുള്ളിൽ നിങ്ങൾ കുടുങ്ങിയാൽ:പ്രാഥമികമായി പുക നിങ്ങളുടെ മുറിക്കുള്ളിൽ കയറുന്നത് ഒഴിവാക്കുക. അതിനായി ബെഡ് ഷീറ്റുകൾ,തുണികൾ, ടവലുകൾ ഉപയോഗിച്ചു പുക മുറിക്കുള്ളിലേക്ക് വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയ്ക്കുക.അതിന് ശേഷം മുറിക്കുള്ളിലെ ജനലുകൾ വഴി പുറത്തേക്ക് സഹായത്തിനായി വിളിക്കുക.
- ഒരു സുരക്ഷിത സ്ഥലത്തേക്ക് എത്തുക:പ്രശ്ന ബാധിതമായ കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയാൽ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറി നിൽക്കുക, കാരണം കെട്ടിടത്തിനുള്ളിൽ നിന്നും പൊട്ടിത്തെറികൾ ഉണ്ടാകാൻ ഇടയുണ്ട്.
- സംഭവം നടന്ന കെട്ടിടത്തിനുള്ളിലേക്ക് തിരിച്ചു കയറാൻ ശ്രമിക്കാതിരിക്കുക:സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പിന്നീട് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ.
- അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതും നാം താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ്, എക്സിറ്റ് വഴികൾ, എമർജൻസി നമ്പറുകൾ,അസംബ്ലി പോയിന്റ് എന്നിവയെപ്പറ്റി അറിഞ്ഞിരിക്കണം.
(ലേഖകൻ കുവൈത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ നഴ്സായി ജോലി നോക്കുന്നു.)