ജെയിംസ് അഗസ്റ്റിന്
കൊച്ചിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അനേകം യഹൂദവംശജര്‍ തങ്ങളുടെ പൂര്‍വദേശത്തേക്കു മടങ്ങുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചു ഇസ്രായേലില്‍ എത്തി കൃഷിയില്‍ ഏര്‍പ്പെട്ടു. അവരുടെ കൃഷിയിടങ്ങളിലെ വേലിയില്‍ തൂക്കിയിട്ടിരുന്ന ടേപ്റെക്കോര്‍ഡുകളില്‍ നിന്നും മലയാളം പാട്ടുകള്‍ ഒഴുകിയെത്തുന്നു. മെഹ്ബൂബും കോഴിക്കോട് യേശുദാസും പാടിയ പാട്ടുകള്‍. സ്വന്തദേശത്തു മടങ്ങിയെത്തിയപ്പോഴും തങ്ങളുടെ നെഞ്ചോട് ചേര്‍ത്തിരുന്നു പാട്ടുകളെ കൂടെ കൊണ്ട് പോയൊരു ജനത. സംഗീതത്തിന്റെ മാസ്മരികയാണിത്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് ജോണ്‍ പോള്‍ ആണിത് രേഖപ്പെടുത്തിയിട്ടുള്ളത്.
നാലു തന്ത്രികള്‍ നല്കിയ സൗഭാഗ്യം
കരോള്‍ ജോര്‍ജ്

ഇന്ത്യയിലെ പ്രശസ്തനായ വയലിനിസ്റ്റ് തുടര്‍ച്ചയായി അഞ്ചു വര്‍ഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ തന്ത്രിവാദ്യത്തില്‍ ഒന്നാം സ്ഥാനം നേടി വരവറിയിച്ചു. 2012 – ല്‍ ഗോവയില്‍നടന്ന അഖിലേന്ത്യാ വെസ്റ്റേണ്‍ ക്ലാസ്സിക്കല്‍ വയലിന് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.
2007 മുതല്‍ സിംഫണി ഓര്‍ക്കസ്ട്ര ഓഫ് ഇന്ത്യയുടെ ഫസ്റ്റ് വയലിനി്സ്റ്റും ചേംബര്‍ ഗ്രൂപ്പിന്റെ അസി.കോണ്‍സെര്‍ട് മാസ്റ്ററായും സേവനം ചെയ്യുന്നു. റോയല്‍ സ്കൂള്‍ ഓഫ് മ്യൂസിക് ലണ്ടനില്‍ നിന്നും എല്‍.ആര്.എസ്.എം. ഉന്നത നിലയില്‍ വിജയിച്ചു. പ്രശസ്ത ബാന്‍ഡായ ഓര്‍ഫിയോയുടെ പ്രധാന വയലിനിസ്റ്റ്. വരാപ്പുഴ അതിരൂപതയിലെ വാടേല്‍ സെന്റ് ജോര്‍ജ് ഇടവകാംഗം. പരേതരായ അറക്കല്‍ ജോര്‍ജിന്റെയും രമണി ജോര്‍ജിന്റെയും മകന്. ഭാര്യ : ജെന്നിഫര്‍ കാരള്‍. മക്കള്‍:സൂസന്ന കാരള്‍, ജാക്വിലിന് കാരള്‍.
‘എനിക്ക് മൂന്നു വയസ്സ് പ്രായമുള്ളപ്പോള്‍ ടി.വി.യില്‍ വന്നൊരു പരസ്യത്തില്‍ കണ്ടൊരു തബലിസ്റ്റ് ഉണ്ടായിരുന്നു. തബല വായിക്കുന്നതിനൊപ്പം തലയാട്ടുമ്പോള്‍ അദ്ദേഹത്തിന്റെ മുടിയിഴകളും താളത്തിനൊത്തു ഇളകിയാടുന്നു. ഞാന്‍ വളര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവിരലുകളുടെ വേഗം എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി. പിന്നീട് വയലിന് പഠിച്ചു തുടങ്ങിയപ്പോഴാണ് അത് വിശ്വപ്രസിദ്ധ തബലിസ്റ്റ് സാക്കിര്‍ ഹുസൈന് ആണെന്ന് മനസ്സിലാക്കുന്നത്. അദ്ദേഹത്തെ ടി.വി. യില്‍ കാണുമ്പോഴൊക്കെ ആ വിരലുകളുടെ പെരുക്കത്തില്‍ എല്ലാം മറന്നു നിന്നുപോയിട്ടുണ്ട്. ഒരിക്കലെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചിരുന്നു.
ആ വിരലുകള്‍ കൊണ്ട് എന്റെ ചുമലില്‍ തലോടുന്ന സാക്കിര്‍ ഹുസൈന്. എനിക്ക് ഹസ്തദാനം ചെയ്തു സ്വീകരിക്കുന്നു. എന്നെ ആലിംഗനം ചെയ്യുന്നു. ഒരുമിച്ചു ഫോട്ടോ എടുക്കുന്നു. സാക്കിര്‍ ഹുസൈനോടൊപ്പം സംഗീതപരിപാടി അവതരിപ്പിക്കുന്നു. ഇന്ത്യയിലെ വേദികളില്‍ മാത്രമല്ല യൂറോപ്പിലും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലും അദ്ദേഹത്തോടൊപ്പം യാത്രചെയ്യുന്നു . അദ്ദേഹമെന്നെ പേരെടുത്തു വിളിക്കുന്നു. സ്വകാര്യ സംഭാഷണത്തിനായി സമയം കണ്ടെത്തുന്നു. ഇതൊന്നും സ്വപ്നമായിരുന്നില്ല. ആശകള്ക്കപ്പുറത്തും ദൈവം നമ്മെ കൈപിടിച്ചെത്തിക്കുമെന്നു നമ്മെ വിശ്വസിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇതൊക്കെ. താളത്തിന്റെ ലോകത്തു നിറുകയില്‍ നില്‍ക്കുമ്പോഴും ഏറ്റവും വിനയാന്വിതനായി മാറണമെന്ന സന്ദേശം തന്റെ പെരുമാറ്റത്തിലൂടെ കലാലോകത്തിനു നല്കുന്ന ഉസ്താദ് സാക്കിര്‍ ഹുസൈനോടൊപ്പം ലോകപര്യടനം നടത്താന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിന്റെ പുണ്യമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്റെ കൂടെ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യ, സിത്താര്‍ മാന്ത്രികന് നീലാദ്രി കുമാര്‍ എന്നിവരുമുണ്ട്.
സംഗീതയാത്രകളില്‍ ഏറ്റവും മഹനീയമായൊരു വിസ്മയക്കാഴ്ച ദൈവം ഒരുക്കിവച്ചിരുന്നു. ലോകസംഗീതഭൂപടത്തില് ഇടം നേടിയ സുബിന് മേത്തയോടൊപ്പം വേദിയില്‍ വയലിന് വായിക്കാന്‍ കഴിഞ്ഞു. സിംഫണികളുടെ കണ്ടക്ടര്‍ എന്ന നിലയില്‍ ഇതിഹാസമായി തലയുയര്‍ത്തി നില്ക്കുന്ന സുബിന് മേത്തയെ ദൂരെ നിന്ന് ഒന്ന് കാണാന്‍ കൊതിച്ചിരുന്ന എനിക്ക് അദ്ദേഹത്തോടൊപ്പം വേദിയില്‍ നില്ക്കാന് കഴിയുന്നതു സ്വപ്നമാണോ എന്ന് പോലും ഞാന്‍ സംശയിച്ചു. ഇന്ത്യയുടെ അഭിമാനമായ സുബിന് മേത്ത അതീവ വാത്സല്യത്തോടെ എന്നെ പരിഗണിച്ചത് നന്ദിയോടെ ഓര്‍ക്കുകയാണ്.

എ.ആര്. റഹ്മാന്റെ പാട്ടുകള്‍ സംഗീതവിദ്യാര്ഥികള്ക്കു എന്നും അദ്ഭുതവും കൗതുകവും പകരുന്നവയാണ്. കുട്ടിക്കാലത്തു എ. ആര്. റഹ്മാന് എന്ന പ്രതിഭാസത്തെ ഓരോ പാട്ടുകളിലൂടെയും മനസ്സില്‍ കുടിയിരുത്തുകയായിരുന്നു. ഗാനമേളകളില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കായി വയലിന് വായിക്കുമ്പോള്‍ പോലും ഒരു പ്രത്യക ‘ഫീല്‍’ അനുഭവിക്കുമായിരുന്നു. എന്നെങ്കിലും ഈ പ്രതിഭാസത്തെ നേരില്‍ കാണാന്‍ കഴിഞിരുന്നെങ്കില് എന്ന് ആഗ്രഹിച്ചു. അങ്ങനെ മനസ്സില്‍ പ്രതിഷ്ഠിച്ചുപോയ എ.ആര്. റഹ്മാന്റെ സൗണ്ട് എന്‍ജിനീയറുടെ ഒരു ഫോണ്‍ കാള്‍ എനിക്ക് ഒരു ദിവസം വന്നു. എം.ടി.വിക്കു വേണ്ടി റഹ്മാന് സാറിന്റെ പാട്ടുകള്‍ക്കായി സ്ട്രിംഗ് ക്വാഡ്രേറ്റ് ഒരുക്കാമോ എന്നാണ് ചോദിച്ചത്. ‘യെസ് ‘ എന്നല്ലാതെ എന്ത് പറയാന്‍ ? മുംബൈയിലായിരുന്നു റെക്കോര്‍ഡിങ്.
ഒരാളിലുള്ള കലയുടെ വ്യാപ്തി കൂടുംതോറും അയാള്‍ കൂടുതല്‍ എളിമയുള്ളവനായി മാറുമെന്ന് റഹ്മാന് സാറില്‍ നിന്ന് പഠിക്കാനാകും. കൂടെ നിന്നു ഒരു ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ച ഞങ്ങളോടൊപ്പം എണ്ണമില്ലാത്ത ഫോട്ടോകള്‍ക്കായി അദ്ദേഹം പോസ് ചെയ്തു.
റെക്സ് മാസ്റ്ററിന്റെ അനുചരന്മാരാണെന്നു പറഞ്ഞതോടെ സ്നേഹവും പരിഗണനയും കൂടി. പിന്നീട് റഹ്മാന് സാറിന്റെ ഓര്‍ക്കസ്ട്രയിലെ സ്ഥിരം അംഗങ്ങളായി ഞങ്ങള്‍ മാറി. അദ്ദേഹത്തോടൊപ്പം അനേകം വേദികള്‍, റെക്കോര്‍ഡിങ്ങുകള്‍, യാത്രകള്‍ എല്ലാം നാലു തന്ത്രികള്‍ തന്ന പുണ്യം. ഗുരുക്കന്മാരുടെയും മാതാപിതാക്കളുടെയും അനുഗ്രഹവും പ്രാര്‍ഥനയും ഇവിടെ വരെയെത്തിച്ചു.
മഞ്ചാടിയില്‍ നിന്നും മരക്കാറിലേക്ക്
റോണി റാഫേല്‍

മഞ്ചാടിയിലെയും കാത്തുവിലെയും പൂപ്പിയിലെയും പാട്ടുകള്‍ കുട്ടികള്‍ ആവര്‍ത്തിച്ചു കേള്‍ക്കും. ഈ പാട്ടുകള്‍ക്ക് സംഗീതം നല്കിയ റോണി റാഫേല്‍ മഞ്ചാടിയില്‍ നിന്നും മരക്കാരിലേക്കും അവിടെ നിന്നും ബോളിവുഡിലേക്കും എത്തിച്ചേര്‍ന്നു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീത സംവിധായകന് പ്രിയദര്ശന് സിനിമകളുടെ പശ്ചാത്തലസംഗീത സംവിധായകന്. വിഖ്യാത ഡ്രമ്മര്‍ ശിവമണിയുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്. തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 80 സിനിമകള്‍ക്കായി പ്രവര്‍ത്തിച്ചു. പ്രശസ്ത സംഗീത സംവിധായകന് ഒവിആര്‍ എന്ന ഒ.വി റാഫേലിന്റെയും റാണി റാഫേലിന്റെയും മകന്. റോണിയുടെ ഭാര്യ പ്രെറ്റി നര്‍ത്തകിയും ഗാനരചയിതാവുമാണ്. പ്രെറ്റി ഒരു സിനിമയ്ക്കായി എഴുതിയ ഗാനത്തിന്റെ റെക്കോര്‍ഡിങ് നടന്നു വരുന്നു. മക്കള്‍: റോണ്‍, റയാന്. റോണ്‍ ഗായകനാണ് . തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ഇടവകാംഗം സ്വപ്നപാതയില്‍ ദൈവം വഴി നടത്തിയ അനുഭവങ്ങള്‍ റോണി റാഫേല്‍ പങ്കുവയ്ക്കുന്നു.
‘ഞങ്ങളുടെ വീട്ടില്‍ സംഗീതം ഒഴിഞ്ഞൊരു നിമിഷമില്ലായിരുന്നു. സംഗീതസംവിധായകനായ ഒവിആര്‍ എന്ന എന്റെ ഡാഡി തന്നെയാണ് എന്റെ ആദ്യഗുരു. ഡാഡി പകര്‍ന്നു തന്ന സംഗീതവും അനുഗ്രഹവുമാണ് ഇന്നും എന്നും എന്നെ നയിക്കുന്നത്. എനിക്ക് സംഗീതം പഠിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ അതിയായ സന്തോഷത്തോടെയാണ് ഡാഡിയും മമ്മിയും അനുവാദം നല്‍കിയത്.
ഹാന്‍വീവ് എന്ന സ്ഥാപനത്തിനായാണ് ആദ്യം ഒരു ജിംഗിള്‍ ചെയ്യുന്നത്. സി-ഡിറ്റിന്റെ പരസ്യങ്ങള്‍ക്കായി വരെ ജിംഗിളുകള്‍ ചെയ്യുന്ന കാലത്തു സംഗീത സംവിധായകന് അര്ജുനന് മാസ്റ്ററുടെ മകന് അനിച്ചേട്ടന് (അനില്‍ അര്ജുനന് )എന്നെ അര്ജുനന് മാസ്റ്ററുടെ അടുക്കലെത്തിച്ചു. അര്ജുനന് മാസ്റ്ററുടെ സംവിധാനസഹായിയായി അദ്ദേഹത്തിന്റെ മരണം വരെ ഞാന്‍ കൂടെ നിന്നു. സ്വന്തം മകനായി എന്നെയും അദ്ദേഹം സ്നേഹിച്ചു. വാത്സല്യവും കലയും പകര്‍ന്നു തന്നു. അദ്ദേഹത്തിന്റെ അനേകം നാടക-സിനിമാ ഗാനങ്ങളുടെ റെക്കോഡിങ്ങുകളില്‍ സംവിധാനസഹായിയായി കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. വൈപ്പിന്‍ സുരേന്ദ്രന് എന്ന സംഗീത സംവിധായകനോടൊപ്പവും പ്രവര്‍ത്തിക്കാന്‍ ആ ദിനങ്ങളില്‍ എനിക്കു ഭാഗ്യമുണ്ടായി.
‘ഏറ്റവും കൂടുതല്‍ സിനിമകളില്‍ കൂടെ പ്രവര്‍ത്തിച്ചത് മോഹന്‍ സിത്താരയോടൊപ്പമാണ്. ഔസേപ്പച്ചന് സാര്‍, ഞാന്‍ ചേട്ടന് എന്നു വിളിക്കുന്ന എം.ജി ശ്രീകുമാര്‍, ഡ്രമ്മര്‍ ശിവമണി എന്നിവരോടൊപ്പം റെക്കോര്‍ഡിങ്ങുകളില്‍ പങ്കാളിയായി . 2004- ലാണ് ഒരു സിനിമയ്ക്ക് സംഗീതം നല്കാന് എനിക്ക് അവസരം ലഭിക്കുന്നത്. കല്യാണക്കുറിമാനം എന്ന സിനിമയ്ക്കായി എട്ടു പാട്ടുകള്‍ക്ക് ഞാന്‍ സംഗീതം നല്കി. 2010-ല്‍ കോളജ് ഡേയ്സ് എന്ന സിനിമയില്‍ ശ്രീനിവാസ് പാടിയ വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്‍ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ എനിക്ക് കൂടുതല്‍ സിനിമകളില്‍ അവസരം ലഭിച്ചു.
സിനിമകള്‍ക്കായി പാട്ടുകള്‍ ഒരുക്കുന്നുണ്ടെങ്കിലും വലിയൊരു സിനിമയുടെ, മലയാളത്തിന്റെ അഭിമാനങ്ങളായ സംവിധായകരോടൊപ്പം ഒരു സിനിമയെന്ന സ്വപ്നം സഫലീകരിക്കുന്നതിനു എം.ജി. ശ്രീകുമാര്‍ വഴിയൊരുക്കുകയായിരുന്നു. എം.ജി. ശ്രീകുമാര്‍ സംഗീതം നല്കിയ കാഞ്ചീവരം, അറബീം ഒട്ടകവും മാധവന് നായരും, ആമയും മുയലും എന്നീ സിനിമകളില്‍ സംഗീതസംവിധാന സഹായി ആയി പ്രവര്‍ത്തിച്ചു. ആ ദിനങ്ങളിലൊന്നില്‍ പ്രിയദര്ശന് സാറിന്റെ ഫോണില്‍ നിന്നും ഒരു വിളി വന്നു. ഒപ്പം എന്ന സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് നീയാണ് എന്ന സന്തോഷ വാര്‍ത്തയുമായി വന്ന ഫോണ്‍ കാള്‍ കട്ട് ആയെങ്കിലും ഞാന്‍ കുറെ നേരം അങ്ങനെ തന്നെ നിന്നു.
പ്രിയദര്ശന് സാറിന്റെ സിനിമയ്ക്കായി പശ്ചാത്തലസംഗീതം ഒരുക്കാനുള്ള വിളി എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. സ്വപ്നങ്ങള്‍ സഫലീകരിക്കപ്പെടുകയാണല്ലോ ദൈവമേ എന്ന് ഞാന്‍ നന്ദിയോടെ ഓര്‍ത്തു.
ഒപ്പം എന്ന സിനിമയുടെ ജോലികള്‍ നടക്കുന്നതിനിടെ പ്രിയദര്ശന് സാര്‍ എനിക്കൊരു വാക്കു തന്നു. എന്റെ അടുത്ത രണ്ടു സിനിമകളിലും നീ തന്നെയായിരിക്കും എന്ന വാഗ്ദാനം വീണ്ടും എനിക്ക്അ ദ്ഭുതമാകുകയായിരുന്നു. അദ്ദേഹം വാക്കു പാലിച്ചു. നിമിര്‍ എന്ന തമിഴ് സിനിമയിലും അനാമിക എന്ന ഹിന്ദി സിനിമയിലും അദ്ദേഹം എന്നെ കൂടെ ചേര്‍ത്തു നിര്‍ത്തി.
അനാമിക എന്ന സിനിമയുടെ റെക്കോര്‍ഡിങ്ങുകള്‍ നടക്കുന്നതിനിടെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു. മനസ്സില്‍ വെറുതെ ഒരു മോഹമുദിച്ചു. മോഹന്‍ലാല്‍ നായകനാകുന്ന ആ സിനിമയില്‍ ഒരു ഗാനത്തിനെങ്കിലും സംഗീതം നല്കാന് അവസരം ലഭിച്ചിരുന്നെങ്കില്‍….
അറിയാതെ പ്രാര്‍ഥനയായി ദൈവമേ, ഒരു ഗാനം ….
ആരായിരിക്കും സിനിമയിലെ പാട്ടുകള്‍ ഒരുക്കുന്നത് എന്നറിയാന്‍ എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. ചെന്നൈയില്‍ പ്രിയദര്ശന് സാറിനോടൊപ്പമുള്ള ഒരു രാത്രിയില്‍ അദ്ദേഹം നേരിട്ട് എന്നോട് പറഞ്ഞു. അഞ്ചു പാട്ടുകള്‍ ഉണ്ട്. അതില്‍ രണ്ടു പാട്ടുകള്‍ റോണി ചെയ്യണം. ഇതില്‍പ്പരം സന്തോഷവാര്‍ത്ത എന്താണുണ്ടാവുക ? അതിലും വലിയ സന്തോഷം വരാനിരിക്കുന്നുണ്ടായിരുന്നു . അഞ്ചു പാട്ടുകളും റോണി തന്നെ ചെയ്താല്‍ മതിയെന്ന് പ്രിയദര്ശന് സാര്‍ തീരുമാനിച്ചു. മോഹന്‍ലാല്‍ സാറിന്റെ സ്നേഹവും വാത്സല്യവും ഈ സിനിമയുടെ ഷൂട്ടിങ് ദിനങ്ങളില്‍ ഏറ്റു വാങ്ങാനും എനിക്ക് ഭാഗ്യമുണ്ടായി. പ്രിയദര്ശന് സാറിന്റെ അടുത്ത ഹിന്ദി സിനിമയായ ഹങ്കാമ 2 വിലും എനിക്ക് തന്നെ അവസരം ലഭിച്ചു.
വിവിധ ഭാഷകളിലായി യേശുദാസ്, ജയചന്ദ്രന്, ശങ്കര്‍ മഹാദേവന്, ഉദ്ധിത് നാരായണ്‍, ചിത്ര, സുനീധി ചൗഹാന്, സുജാത, ശ്രേയാ ഘോഷാല്‍, കാര്‍ത്തിക്ക്, സത്യപ്രകാശ്, ചിന്മയി എന്നിവരൊക്കെ ഞാന്‍ സംഗീതം നല്കിയ പാട്ടുകള്‍ പാടിയതോര്ത്തു ഞാന്‍ വീണ്ടും പറയുന്നു: എല്ലാം ദൈവാനുഗ്രഹം. മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രാര്‍ഥനകളുടെ ഫലം’.
മമ്മൂട്ടിയുടെ ക്ഷണം ലഭിച്ച നിമിഷം
ക്രിസ്റ്റോ സേവ്യര്‍

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടി. ഭ്രമയുഗം, ടര്‍ബോ എന്നീ സിനിമകളിലെ സംഗീതം ക്രിസ്റ്റോയെ മലയാളസിനിമയുടെ പ്രകാശവാലയത്തിലേക്കെത്തിച്ചു. സ്വന്തം സംഗീതത്തില്‍ കൂടുതല്‍ പാട്ടുകളും ക്രിസ്റ്റോ തന്നെയാണ് പാടിയിട്ടുള്ളത്. ഭ്രമയുഗത്തിലെ എല്ലാ പാട്ടുകളും ക്രിസ്റ്റോയുടെ സ്വരത്തില്‍ തന്നെയാണ് നാം കേട്ടത് .
അലയാള സിനിമയുടെ പുതിയ സംഗീതപ്രതിഭ സംഗീതാനുഭവങ്ങള്‍ പറയുന്നു. വരാപ്പുഴ അതിരൂപതയിലെ തോമസ്പുരം ഇടവകാംഗം. തുണ്ടത്തില്‍ ടി.സി. സേവ്യറിന്റെയും ആല്‍ബി സേവ്യറിന്റെയും മകന്.
യൂട്യൂബില്‍ നിന്നും പഠിക്കാം
‘പത്താം ക്ലാസ്സു പഠനം കഴിഞ്ഞപ്പോള്‍ എനിക്ക് പാട്ടുകള്‍ക്ക് സംഗീതം നല്‍കണമെന്ന് ആഗ്രഹമുണ്ടായി. വരികള്‍ സംഘടിപ്പിച്ചു. ഈണമിട്ടു കേട്ടപ്പോള്‍ എനിക്ക് തന്നെ തൃപ്തിയായി. കൊള്ളാമല്ലോ എന്ന തോന്നലുണ്ടായി. മ്യൂസിക് പ്രൊഡക്ഷനും റെക്കോര്‍ഡിങ്ങും പഠിക്കണമെന്ന ചിന്തകള്‍ക്ക് ആ കോഴ്സുകളുടെ ഫീസിന്റെ കനം കേട്ടപ്പോള്‍ തന്നെ കര്‍ട്ടനിട്ടു. പിന്നെ ഫീസില്ലാതെ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റിയായ യുട്യൂബ് തുറന്നു. യുട്യൂബിലെ വിശാലമായ ക്ലാസ് മുറികളില്‍ നിന്നും സൗജന്യപഠനം എനിക്ക് വലിയ ആകാശം തുറന്നു തന്നു.
ആര്.എല്‍. വി കോളജില്‍ സംഗീതത്തില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട സംഗീതസംവിധായകനായ സുഷിന് ശ്യാമിനെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഞാന്‍ തയ്യാറാക്കിയ ട്രാക്കുകള്‍ അദ്ദേഹത്തെ കേള്‍പ്പിച്ചു. എന്റെ ട്രാക്കുകള്‍ ഇഷ്ടപ്പെട്ട സുഷിന് ശ്യാം എന്നെ അസിസ്റ്റന്റ് ആയി സ്വീകരിച്ചു’.
അദ്ദേഹത്തോടൊപ്പം ട്രാന്‍സ്, കപ്പേള, മാലിക്ക്, മിന്നല്‍ മുരളി, കുറുപ്പ്, ഭീഷ്മ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭീഷ്മയുടെ ടീസര്‍ ചെയ്യുന്നത് സുഷിന് ശ്യാമും ഞാനും ചേര്‍ന്നായിരുന്നു. എന്റെ പേര് ഒരു സിനിമയോടൊപ്പം വരുന്നതും ശ്രദ്ധിക്കപ്പെടുന്നതും അന്നാണ്.
സ്വതന്ത്രമായി ഒരു സിനിമയ്ക്ക് സംഗീതം നല്‍കിയത് സൂരജ് വെഞ്ഞാറമ്മൂട് നായകനായി 2023 -ല്‍ ഇറങ്ങിയ മദനോത്സവം എന്ന സിനിമയ്ക്കാണ്. സുധീഷ് ഗോപിനാഥായിരുന്നു സംവിധാനം. അരുണ്‍ ടി. ജോസ് സംവിധാനം ചെയ്ത ജേര്‍ണി ഓഫ് ലവ് 18 പ്ലസ് എന്ന സിനിമയ്ക്കാണ് ഞാന്‍ പിന്നീട് ഗാനങ്ങള്‍ ഒരുക്കിയത്. നസ്ലെനും മാത്യുവും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു ജേര്‍ണി ഓഫ് ലവ്.
എന്റെ മൂന്നാമത്തെ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി ഒരു ഹൊറര്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നതായിരുന്നു ഹൈലൈറ്റ്. ഭ്രമയുഗത്തിലെ പാട്ടുകള്‍ പാടിയതും ഞാന്‍ തന്നെയാണ്. ഭ്രമയുഗത്തിലെ പാട്ടുകള്‍ കേട്ടിട്ടു സിനിമ രംഗത്തു നിന്നും പല പ്രമുഖരുടെയും അഭിനന്ദനങ്ങള്‍ ലഭിച്ചു.
ഭ്രമയുഗത്തിനായി ഒരുക്കിയ പാട്ടുകള്‍ മമ്മൂക്കയ്ക്ക് അതിയായി ഇഷ്ടപ്പെട്ടിരുന്നു. പോറ്റി എന്ന കഥാപാത്രത്തിനായി ഒരുക്കിയ തീം മ്യൂസിക് വളരെ നന്നായിരിക്കുന്നു എന്ന് ലൊക്കേഷനില്‍ വച്ച് പരസ്യമായി പറയാനും അദ്ദേഹം തയ്യാറായി.
അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഭ്രമയുഗം പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. കുറച്ചു ദിവസം കഴിഞ്ഞൊരു ഫോണ്‍ വന്നു. മമ്മൂക്ക എന്നെ കാണണമെന്നു പറഞ്ഞു. നേരില്‍ ചെന്ന് കണ്ടു. ടര്‍ബോ എന്ന സിനിമയ്ക്ക് പാട്ടുകള്‍ ഒരുക്കാന്‍ ക്രിസ്റ്റോ തന്നെ വേണമെന്ന് പറഞ്ഞു. എങ്ങനെ സന്തോഷിക്കാതിരിക്കും ? മലയാളത്തിന്റെ മഹാനടന് എന്നെ ഒരു സിനിമയ്ക്കായി സംഗീതം നല്കാന് നേരിട്ട് ക്ഷണിക്കുന്നു. ഒരു തുടക്കക്കാരന് സംഗീതം നല്കിയ സൗഭാഗ്യം.