ജെക്കോബി
ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പതിനെട്ടാമത് ലോക്സഭയ്ക്ക് രാഹുല്‍ ഗാന്ധി എന്ന കരുത്തനായ പ്രതിപക്ഷ നേതാവിനെ സമ്മാനിച്ച കേരളത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കം കുറിക്കാന്‍ നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്ന് മറ്റൊരു ദേശീയ താരം വരുന്നു. തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുമായി വിസ്മയനീയമായ രൂപഭാവസാദൃശ്യമുള്ള പ്രിയങ്ക ഗാന്ധിയെ, സഹോദരന് രാഹുല്‍ ഗാന്ധി ഒഴിയുന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ആറുമാസത്തിനകം നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ട താമസം, കേരളത്തിലെ ആരാധകവൃന്ദങ്ങള്‍ ‘ഇന്ദിരയുടെ രണ്ടാം വരവ്’ പ്രഘോഷിച്ചുതുടങ്ങി.
കളിക്കളത്തിലിറങ്ങാത്ത ക്യാപ്റ്റനെ പോലെ കഴിഞ്ഞ 26 വര്‍ഷമായി ദേശീയ രാഷ് ട്രീയത്തിന്റെ പിന്നാമ്പുറത്ത്, ഹിന്ദി ഹൃദയഭൂമിയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രപ്രധാന മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അടവുനയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരരംഗത്തു നിന്ന് ഒഴിഞ്ഞുമാറിയ പ്രിയങ്ക, ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവില്‍ തെന്നിന്ത്യയില്‍ നിന്ന് ലോക്സഭയിലെത്താനുള്ള നിയോഗം ഏറ്റെടുക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഗാന്ധി കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ റായ്ബരേലി രാഹുല്‍ ഗാന്ധിക്കു വിട്ടുകൊടുത്ത് സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി. തലമുറകളായി ഹൃദയബന്ധമുള്ള അമേഠി പോലും കൈവിട്ടുപോയ ആപല്സന്ധിയില് തന്നെയും പാര്‍ട്ടിയെയും കാത്തുരക്ഷിച്ച കേരളത്തോടും വയനാടിനോടുമുള്ള കടപ്പാട് ഒരിക്കലും മറക്കില്ല എന്നു പറയുന്ന രാഹുല്‍ ഗാന്ധി ഇന്നത്തെ ദേശീയ രാഷ് ട്രീയ സാഹചര്യത്തില്‍ യുപിയില്‍ നിലയുറപ്പിക്കേണ്ടതിനാല്, വയനാട് മണ്ഡലം തന്റെ അനുജത്തിയെ ഭരമേല്പിക്കുന്നു. വനിതാ വോട്ടര്‍മാരുടെയും ന്യൂനപക്ഷങ്ങളുടെയും വര്‍ധിച്ച പിന്തുണയോടെ പ്രിയങ്കയ്ക്ക് തകര്‍പ്പന്‍ വിജയം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
”വയനാട് എന്റെ കുടുംബമാണ്, ഒരിക്കലും ഉപേക്ഷിക്കില്ല” എന്ന വാക്കു പാലിക്കാതെയാണ് രാഹുല്‍ ഗാന്ധി ചുരമിറങ്ങുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. വയനാട് ലോക്സഭാ സീറ്റ് ഉപേക്ഷിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ രാഷ് ട്രീയ വഞ്ചനയെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. വയനാട്ടില്‍ തനിക്കു വോട്ടുചെയ്തവരെയും ഇന്ത്യ കൂട്ടായ്മയുടെ രാഷ്ട്രീയത്തെയും വഞ്ചിച്ചു, കോണ്‍ഗ്രസിന്റെ ദേശീയ നേതാവ് ഇന്ത്യാ കൂട്ടായ്മയിലെ ഘടകകക്ഷിയോട് മത്സരിക്കുന്നത് ഒഴിവാക്കാനുള്ള വിവേകം കാണിച്ചില്ല എന്നു മാത്രമല്ല, വയനാടിന്റെ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി തികഞ്ഞ പരാജയമായിരുന്നെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പതിനേഴാം ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ ഹാജര്‍ നില 50 ശതമാനമായിരുന്നുവെന്നും ലോക്സഭയില്‍ എട്ടു ചര്‍ച്ചകളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്, സിപിഎമ്മിന്റെ ആലപ്പുഴ എംപി എ.എം ആരിഫ് 113 ചര്‍ച്ചകളില്‍ പങ്കെടുത്തു; രാഹുല്‍ 99 ചോദ്യങ്ങളാണ് ചോദിച്ചത്, ആരിഫ് 224 ചോദ്യങ്ങള്‍ ചോദിച്ചുവെന്നും മറ്റുമുള്ള സ്റ്റാറ്റിസ്റ്റിക്സും അവര്‍ നിരത്തുന്നുണ്ട്. ഇതൊന്നും നോക്കാതെയാണ് ആലപ്പുഴക്കാര് ആരിഫിനെ 63,513 വോട്ടിനു തോല്പിച്ചതും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 3.6 ലക്ഷം വോട്ടിന്റെ തകര്‍പ്പന്‍ വിജയം വീണ്ടും സമ്മാനിച്ചതും!
മണ്ഡലം ഒഴിയുമെന്നു പറഞ്ഞുകൊണ്ടുവേണമായിരുന്നു രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കേണ്ടിയിരുന്നതെന്നാണ് അവിടെ രണ്ടാം സ്ഥാനത്ത് എത്തിയ സിപിഐ നേതാവ് ആനി രാജ പറയുന്നത്. ഏതായാലും ഉപതിരഞ്ഞെടുപ്പിന് ഒരു വനിതയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുന്നത് സ്വാഗതം ചെയ്യേണ്ടതാണെന്നും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഇന്ത്യാ സഖ്യത്തിലെ ആ വനിതാ നേതാവ് അഭിജാത മഹാമനസ്കതയോടെ സമ്മതിക്കുന്നുമുണ്ട്. രമ്യ ഹരിദാസിന്റെ അഭാവത്തില്‍ ലോക്സഭയില്‍ കേരളത്തെ പ്രതിനിധാനം ചെയ്യാന്‍ മറ്റൊരു വനിത വരുന്നതില്‍ സംസ്ഥാനത്തെ മഹിളാ കോണ്‍ഗ്രസുകാര്‍ക്കു മാത്രമല്ല സന്തോഷം!
എണ്‍പത് ലോക്സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഇക്കുറി ബിജെപിയെ 62 സീറ്റില്‍ നിന്ന് 33 സീറ്റിലേക്ക് ഒതുക്കാന്‍ ഇന്ത്യാ സഖ്യത്തിനു കഴിഞ്ഞു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി 37 സീറ്റ് നേടി. പതിനേഴ് മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടത്തു ജയിച്ചു. 2019-ല്‍ റായ്ബരേലിയില്‍ സോണിയാ ഗാന്ധിയുടെ വിജയം മാത്രമാണ് കോണ്‍ഗ്രസിന് അവകാശപ്പെടാനുണ്ടായത്. റായ്ബരേലിയില്‍ ഇതുവരെ നടന്നിട്ടുള്ള 20 തിരഞ്ഞെടുപ്പുകളില്‍ 17 എണ്ണത്തിലും നെഹ്റു-ഗാന്ധി കുടുംബത്തിലെ സ്ഥാനാര്‍ഥികള്‍ ജയിച്ച ചരിത്രമാണുള്ളത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചതെങ്കില്‍, റായ്ബരേലിയില്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്പിച്ചത് 3,90,030 വോട്ടിനാണ്.
ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയോടു നേര്‍ക്കുനേര്‍ പോരാടാതെ ദക്ഷിണേന്ത്യയിലെ സുരക്ഷിത സങ്കേതത്തിലേക്ക് ഒളിച്ചോടുന്നു എന്ന രാഷ് ട്രീയ ആരോപണത്തെ നേരിടാന്‍ രാഹുല്‍ ഗാന്ധി യുപിയില്‍ ഉറച്ചുനിന്ന് സുപ്രധാനമായ ആ തട്ടകത്തില്‍ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനു നേതൃത്വം നല്‍കേണ്ടതുണ്ട്.
വയനാട്ടില്‍ നിന്നുള്ള എംപിയായാല്‍ പ്രിയങ്കയ്ക്ക് കേരള രാഷ് ട്രീയത്തെ സ്വാധീനിക്കാനും, തെന്നിന്ത്യയിലെ കോണ്‍ഗ്രസിന്റെ സംഘടനാശക്തിയെ ഏകോപിപ്പിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിലും തുടര്‍ന്നു വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിലും, ഏറ്റവും പ്രധാനമായി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രിയങ്കയുടെ സാന്നിധ്യം യുഡിഎഫിന് ഏറെ ഗുണം ചെയ്യും. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുസ് ലിം ലീഗില്‍ നിന്നു ലഭിച്ച ശക്തമായ പിന്തുണ പ്രിയങ്കയ്ക്കും കരുത്താകും. ലീഗിന് ദേശീയതലത്തില്‍ അതിനു തക്കതായ അംഗീകാരം ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷത്തിന്റെ രക്ഷക വേഷത്തില്‍ സിപിഎം കൈക്കൊള്ളുന്ന പ്രീണനത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് വെല്ലുവിളി ഉയരും. കേരളത്തിലും തമിഴ്നാട്ടിലും തെലങ്കാനയിലും രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ബിജെപിയുടെ തന്ത്രങ്ങളെ ഫലവത്തായി നേരിടാനും പ്രിയങ്കയ്ക്കാകും.
21 മാസത്തെ അടിയന്തരാവസ്ഥയ്ക്കു ശേഷം, 1977 മാര്‍ച്ചിലെ തിരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ റായ്ബരേലിയില്‍ തോറ്റ ഇന്ദിരാ ഗാന്ധി ഒരു വര്‍ഷത്തെ വനവാസം കഴിഞ്ഞ് 1978 നവംബറില്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തിയത് കര്‍ണാടകയിലെ ചിക്കമഗളൂരിലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ്. 1980-ലെ തിരഞ്ഞെടുപ്പില്‍ റായ്ബരേലിയിലും ആന്ധ്രപ്രദേശിലെ മേഡക്കിലും മത്സരിച്ച ഇന്ദിര മേഡക്കില്‍ രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സഞ്ജയ് ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മണ്ഡലമായിരുന്ന അമേഠിയില്‍ 1999-ല്‍ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ് ട്രീയത്തിലിറങ്ങിയ സോണിയ ഗാന്ധി കര്‍ണാടകയിലെ ബെല്ലാരിയിലും അന്ന് മത്സരിച്ചു. ബിജെപിയുടെ സുഷമ സ്വാരാജിനെ ബെല്ലാരിയിലും അരുണ്‍ നെഹ്റുവിനെ അമേഠിയിലും തോല്പിച്ച സോണിയ ലോക്സഭയില്‍ യുപിയുടെ ജനപ്രതിനിധിയായിരിക്കാനാണ് തീരുമാനിച്ചത്.
രാജീവ് ഗാന്ധിയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവായിരുന്ന അരുണ്‍ നെഹ്റു, സ്വീഡനിലെ ബോഫോഴ്സ് ആയുധനിര്‍മാതാക്കളില്‍ നിന്ന് 410 ഹൊവിറ്റ്സര്‍ പീരങ്കിതോക്കുകള് വാങ്ങിയതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തെ തുടര്‍ന്ന് രാജീവുമായി തെറ്റിപ്പിരിഞ്ഞ് വി.പി സിങ്ങിനൊപ്പം ചേര്‍ന്ന് പിന്നീട് ബിജെപി സ്ഥാനാര്‍ഥിയായി അമേഠിയില്‍ രാജീവ് ഗാന്ധിയുടെ വിധവയെ നേരിട്ട ആ തിരഞ്ഞെടുപ്പിലാണ് പ്രിയങ്ക ഗാന്ധി തന്റെ അമ്മയ്ക്കുവേണ്ടി, കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി, ആദ്യമായി രാഷ് ട്രീയ പ്രചാരണരംഗത്തിറങ്ങിയത്. ഇന്ദിരയുടെ കൊച്ചുമകള്‍, രാജീവ് ഗാന്ധിയുടെ മകള്‍ സാധാരണ ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിക്കുന്ന നൈസര്‍ഗിക രീതി അന്നേ ജനിതക പുണ്യമായി വാഴ്ത്തപ്പെട്ടിരുന്നു.
സരളമായ ശുദ്ധ ഹിന്ദിയില്‍, അരുണ്‍ നെഹ്റുവിന്റെ ചതിയുടെ രാഷ്ട്രീയം തുറന്നുകാട്ടി, ക്ഷോഭമോ ആക്രോശമോ ഒന്നുമില്ലാതെ, യുവത്വത്തിന്റെ നൈര്‍മല്യത്തോടെ ജനങ്ങളുമായി ഹൃദയഭാഷണം നടത്തുന്ന പ്രിയങ്കയുടെ സവിശേഷ ശൈലി അമ്മയുടെ കമ്യൂണിക്കേഷന്‍ പരിമിതികള്‍ക്കുള്ള പ്രതിവിധി കൂടിയായിരുന്നു. അന്നുതൊട്ട് അമേഠിയിലും റായ്ബരേലിയിലും അമ്മയുടെയും ജ്യേഷ്ഠന്റെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ക്കും പിന്നില്‍ എന്നും പ്രിയങ്കയുമുണ്ടായിരുന്നു.
1984-ല്‍ പ്രിയങ്കയ്ക്ക് 12 വയസുള്ളപ്പോഴാണ് മുത്തശ്ശി ഇന്ദിരാഗാന്ധി രക്ഷാഭടന്റെ വെടിയേറ്റു മരിച്ചത്. ഏഴു വര്‍ഷം കഴിഞ്ഞ് അച്ഛന് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനുഷ്യബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പ്രിയങ്കയ്ക്ക് അന്ന് പ്രായം 19. രാജീവ് ഗാന്ധിയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുമ്പോള്‍ തന്നെ പ്രിയങ്കയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടുത്ത ദേശീയ നേതാവായി ചിലര്‍ കണ്ടുവച്ചതാണ്. എന്നാല്‍ അന്ന് സോണിയയും രാഹുലും പ്രിയങ്കയും പൊതുരംഗത്തു നിന്നു പിന്‍വലിയുകയാണുണ്ടായത്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ജീസസ് ആന്‍ഡ് മേരി കോളജില്‍ നിന്ന് പ്രിയങ്ക മനഃശാസ്ത്രത്തില്‍ ബിഎയും ബൗദ്ധപഠനത്തില് മാസ്റ്റര്‍ ബിരുദവും നേടി. ബുദ്ധമത സ്വാധീനത്തില്‍ വിപാസന ധ്യാനമുറയും അഭ്യസിച്ചു. 25-ാം വയസിലായിരുന്നു വ്യവസായി റോബര്‍ട്ട് വാധ്രയുമായുള്ള വിവാഹം. അവര്‍ക്ക് രണ്ടു മക്കളുണ്ട്.
2019 ജനുവരിയിലാണ് പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പൊതുരംഗത്തിറങ്ങുന്നത്. 2019-ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ കിഴക്കന്‍ മേഖലയില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ചുമതലയേറ്റു. പ്രിയങ്ക പ്രയാഗ്രാജില് നിന്ന് മിര്സാപുരിലേക്ക് ഗംഗയിലൂടെ ബോട്ടുയാത്ര നടത്തി പാര്‍ട്ടി പ്രവര്‍ത്തകരെ സംഘടിപ്പിച്ചു. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിങ്ക് ടീഷര്‍ട്ടും ട്രൗസേഴ്സും അണിഞ്ഞ് പ്രിയങ്ക സേന എന്ന പേരില്‍ റോഡ്ഷോയില്‍ ഒപ്പംചേര്‍ന്നു. ഉന്നാവില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ഇരുപത്തിമൂന്നുകാരിയെ ചുട്ടുകൊന്ന കേസിലും, പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ഒരു ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്യുകയും അവളുടെ പിതാവ് കൊല്ലപ്പെടുകയും ചെയ്ത കേസിലും, ഹാഥ് രസില്‍ 19 വയസുള്ള ദളിത യുവതി കൂട്ടബലാത്സംഗത്തിനിരയായി മരിച്ചിട്ട് അവളുടെ ജഡം പൊലീസ് വീട്ടുകാരെ അറിയിക്കാതെ ദഹിപ്പിച്ച കേസിലും, ലഖിംപുര്‍ഖേരിയില്‍ കര്‍ഷകപ്രക്ഷോഭത്തിനിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയുടെ വാഹനവ്യൂഹം ഇടിച്ചുകയറി വഴിയോരത്തു നിന്ന കര്‍ഷകര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട കേസിലും, സോന്‍ഭദ്രയില്‍ സവര്‍ണ വിഭാഗക്കാര്‍ മൂന്ന് സ്ത്രീകളെ ഉള്‍പ്പെടെ 10 ആദിവാസികളെ വെടിവച്ചുകൊന്ന കേസിലും മറ്റും ഇടപെട്ട് പ്രിയങ്ക ജനകീയ പ്രക്ഷോഭങ്ങള്‍ നയിച്ചു. അതുകൊണ്ടൊന്നും 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലോ 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിലോ പാര്‍ട്ടിക്ക് യുപിയില്‍ ഒരു മുന്നേറ്റവുമുണ്ടാക്കാനായില്ല. എങ്കിലും ആരും പ്രിയങ്കയെ കുറ്റംപറഞ്ഞില്ല.
‘ലഡ്കീ ഹും, ലഡ് സക്തീ ഹും’ (പെണ്‍കുട്ടിയാണ് ഞാന്‍, പോരാടാന്‍ എനിക്കു കഴിയും) എന്ന മുദ്രാവാക്യം ഉയര്‍ത്തി യുപിയിലെ സ്ത്രീശക്തിയെ ഉണര്‍ത്താന്‍ ശ്രമിച്ച പ്രിയങ്ക അമേഠിയിലോ റായ്ബരേലിയിലോ വാരാണസിയിലെ മത്സരിക്കുമെന്ന പ്രതീക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടങ്ങളൊന്നും വകവയ്ക്കാതെ പ്രധാനമന്ത്രി മോദി നടത്തിയ ഘോരമായ വിദ്വേഷപ്രചാരണത്തിനും അസത്യപ്രസ്താവനകള്ക്കും അപ്പൊഴപ്പോള്‍ നല്ല ഭാഷയില്‍, ശുദ്ധ ഹിന്ദിയില്‍ ചുട്ടമറുപടി കൊടുത്ത് രാജ്യത്തെ ഭരണഘടനയിലും ഇന്ത്യാ കൂട്ടായ്മയുടെ നന്മയിലും കരുത്തിലും ജനവിശ്വാസം വര്‍ധിപ്പിക്കാനുള്ള ദൗത്യത്തില്‍ മുഴുകിയ പ്രിയങ്ക എന്ന താരപ്രചാരകയെ ഒരു മണ്ഡലത്തില്‍ ഒതുക്കാന്‍ പാര്‍ട്ടി ആഗ്രഹിച്ചില്ല. ഇക്കുറി 16 സംസ്ഥാനങ്ങളിലായി 108 തിരഞ്ഞെടുപ്പു റാലികളിലും റോഡ്ഷോകളിലും പ്രിയങ്ക തിളങ്ങി.
”ഹൃദയത്തിലെ സ്നേഹവും സത്യവും കാരുണ്യവും കൊണ്ട് പോരാടിയവന്, നുണകളുടെയും വിദ്വേഷത്തിന്റെയും പ്രചണ്ഡ പ്രചാരണങ്ങള്‍ക്കിടയിലും തല ഉയര്‍ത്തിനിന്നു പൊരുതി, കോപത്തിനും വെറുപ്പിനും തന്നെ കീഴ്പ്പെടുത്താന്‍ അനുവദിക്കാത്ത ഏറ്റവും ധീരനായവന്‍” എന്നാണ് തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ പ്രിയങ്ക സഹോദരന് രാഹുലിന് എഴുതിയ കുറിപ്പില്‍ വിശേഷിപ്പിച്ചത്.
പ്രതീക്ഷയറ്റ് എല്ലാവരും ഏതാണ്ട് എഴുതിതള്ളിയ ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന് ഒരു ഉയിര്ത്തെഴുന്നേല്പിനുള്ള തന്ത്രമൊരുക്കിയതില് ഈ ഉടപ്പിറപ്പുകളുടെ കൂട്ടുകെട്ട് എത്രത്തോളം വിജയിച്ചു എന്നതിന്റെ തെളിവാകും മുഗള്‍ പേര്‍ഷ്യന്‍ പദാവലി ഉപയോഗിച്ച് മോദി നിരന്തരം ആക്ഷേപിച്ചുവന്ന ആ ‘രാജകുടുംബം’ ഒന്നടങ്കം – രാജ്യസഭയില്‍ സോണിയ ഗാന്ധിയും ലോക്സഭയില്‍ രാഹുലും പ്രിയങ്കയും – മോദിയുടെ ചെങ്കോല്‍ പ്രതിഷ്ഠയുള്ള പാര്‍ലമെന്റില്‍ ശക്തി ക്ഷയിച്ച ആ അവതാര പുരുഷനെ അഭിമുഖീകരിക്കുന്ന വിശേഷ കാലസന്ധി.