ജോബി ബേബി, കുവൈത്ത് jobybaby1989@gmail.com
ഈ മാസം ജൂൺ 14 ലോക രക്തദാന ദിനമായി ലോകം മുഴുവൻ ആചരിച്ചു. “രക്തദാനത്തിന്റെ 20 വർഷം:രക്തദാതാക്കൾക്ക് നന്ദി”ഇതാണ് 2024ലെ രക്തദാന ദിന സന്ദേശം. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും മഹത്വം ഉൾക്കൊണ്ട് കൊണ്ട് 2004 ലാണ് ലോകാരോഗ്യസംഘടന രക്തദാന ദിനം ആചരിക്കാൻ ആരംഭിച്ചത്. ലോക രക്തദാന ദിനത്തിന്റെ 20ആം വാർഷികം ആഘോഷിക്കുന്ന ഈ വർഷം ലോകമെമ്പാടുമുള്ള രക്തദാതാക്കൾക്ക് ജീവൻ രക്ഷിക്കാൻ അവർ നൽകിയ സംഭാവനകൾക്ക് നന്ദി പറയുന്നതിനോടൊപ്പം രക്തദാനത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും സുരക്ഷിതമായ രക്തദാനം ഏവർക്കും സാധ്യമാക്കുന്നതിനും ശ്രമിക്കുകയുമാണ് ഈ ദിനം ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ കഴിഞ്ഞ 20വർഷമായി നടത്തിവന്ന രക്തദാന പരിപാടികളുടെ നേട്ടങ്ങളും വെല്ലുവിളികളും പഠിക്കുകയും അതിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ മറ്റുള്ളവരുമായി പങ്കിടുകയും ചെയ്യുന്നു. പ്രതിഫലം കൂടാതെയുള്ള സുരക്ഷിതമായ രക്തദാനത്തിന് ഏവരെയും പ്രോത്സാഹിപ്പിക്കുകയും രക്തദാനത്തിൻ്റെ തുടർച്ചയായ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുക. യുവാക്കൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും പതിവായി സന്നദ്ധ രക്തദാന സംസ്കാരം പ്രോത്സാഹിപ്പിക്കുകയും രക്തദാതാക്കളുടെ കൂട്ടായ്മകളുടെ സുസ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുക.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
എ, ബി, എബി, ഒ എന്നിവയാണ് സാധാരണയായി കണ്ടു വരുന്ന രക്തഗ്രൂപ്പുകൾ. ഇവയുടെയെല്ലാം പോസിറ്റീവ്, നെഗറ്റീവ് ഗ്രൂപ്പുകൾ കണ്ടു വരാറുണ്ട്. കൂടാതെ ഗോൾഡൻ ബ്ലഡ് (Rh null), ബോംബെ ഗ്രൂപ്പ് എന്നീ രക്തഗ്രൂപ്പുകളും ഉണ്ട്. നല്ല ആരോഗ്യമുള്ള വ്യക്തികൾ, പ്രായം18 – 60 വയസിനു ഇടയിലുള്ളവർ, ശരീരഭാരം 45-50 കിലോയ്ക്ക് മുകളിലുള്ളവർ, ഹീമോഗ്ലോബിൻ ലെവൽ പുരുഷന്മാർക്ക് 12 ഗ്രാം, സ്ത്രീകൾക്ക് 12.5 ഗ്രാം ഉള്ളവർക്കുമാണ് രക്തം ദാനം ചെയ്യാൻ കഴിയുക. അസാധാരണമായ രക്തസ്രാവം, ഹൃദയം, വൃക്ക, കരൾ തകരാറ്, തൈറോയ്ഡ് ഡിസോർഡർ, അപസ്മാരം, മാനസിക വൈകല്യങ്ങൾ, ക്ഷയം, കുഷ്ഠം, ആസ്ത്മ, കാൻസർ, പ്രമേഹരോഗികൾ, അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദമുള്ളവർ എന്നീ അസുഖങ്ങൾ ഉള്ളവർക്ക് രക്തദാനം സാധ്യമല്ല.
ശസ്ത്രക്രിയ ഉടനെ കഴിഞ്ഞവർ, ടൈഫോയ്ഡ് ബാധിച്ചവർ, നായയുടെ കടിയേറ്റ വ്യക്തികൾ, വിശദീകരിക്കാൻ കഴിയാത്ത ഭാര നഷ്ടം ഉള്ളവർ, തുടർച്ചയായ ലോ ഗ്രേഡ് പനി ബാധിച്ചവർക്കും 1 വർഷത്തേക്ക് രക്തദാനത്തിന് സാധിക്കുന്നതല്ല. പച്ചകുത്തൽ അല്ലെങ്കിൽ ശരീരം തുളയ്ക്കൽ, ഡെന്റൽ എക്സ്ട്രാക്ഷൻ, റൂട്ട് കനാൽ ചികിത്സ എന്നിവ ചെയ്തവർക്ക് 6 മാസത്തേക്ക് രക്തദാനത്തിന് സാധിക്കുന്നതല്ല. ഗർഭകാലത്ത്, പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ ഓരോരുത്തരുടെയും ആരോഗ്യത്തെ ആശ്രയിച്ച്, മുലയൂട്ടുന്ന സമയത്ത്, ആർത്തവ സമയത്ത് സുഖമില്ലെങ്കിൽ തുടങ്ങിയവയാണ് സ്ത്രീ ദാതാക്കൾക്ക് രക്തം ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ.
രക്തദാനത്തിന് മുൻപും ശേഷവും
നിങ്ങളുടെ ശരീരത്തിന്റെ 7ശതമാനം രക്തമാണ് (5-6 ലിറ്റർ). അതിൽ നിന്നും 350-400 ml മാത്രമേ ദാനം ചെയ്യുന്നുള്ളൂ. നിരവധി രക്തപരിശോധനകൾ നടത്തിയതിന് ശേഷം സുരക്ഷിതമാണെന്ന് കണ്ടെത്തിയാൽ മാത്രമേ രക്തം വേറൊരാൾക്ക് നൽകുകയും രക്തബാങ്കിൽ സൂക്ഷിക്കുകയും ചെയ്യുകയുള്ളൂ. രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം / ഉറക്കവും അനിവാര്യമാണ്. കൂടാതെ നല്ല ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. മാനസികമായി തയ്യാറാകുക. രക്തം ദാനം ചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക.
രക്തദാനത്തിനുശേഷം അടുത്ത 24 മണിക്കൂർ ധാരാളം വെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക. കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക. രക്തദാനത്തിന് ശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്. വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.തലകറക്കം തോന്നുന്നുവെങ്കിൽ, കിടന്ന് കാലുകൾ ഉയർത്തി വയ്ക്കുക. 5-10 മിനിറ്റിനുള്ളിൽ ശരിയാകും. 4 മണിക്കൂറിന് ശേഷം ബാൻഡ് എയ്ഡ് നീക്കംചെയ്യുക.
ആരോഗ്യവാനായ ഒരാൾക്ക് 3 മാസത്തിലൊരിക്കലും, ആരോഗ്യവതിയായ സ്ത്രീക്ക് 4 മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാവുന്നതാണ്. ഭിന്നശേഷിക്കാർക്കും രക്തം ദാനം ചെയ്യാം.ലോകത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം രക്തദാനമാണ്. നമുക്കും പങ്കാളിയാകാം…ആ അമൂല്യമായ സമ്മാനം നൽകികൊണ്ട്.
(കുവൈത്തിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ നഴ്സായി ജോലി നോക്കുന്നു ലേഖകൻ.)