മോൺ. റോക്കി റോബി കളത്തില്‍
തയ്യാറെടുപ്പുകള്‍
പലയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും വൈദീകരായ ഞങ്ങള്‍ നാലുപേര്‍ക്ക് വളരെ വ്യത്യസ്തമായിരുന്നു ജമ്മുവിലേക്കും ലഡാക്കിലേക്കും നടത്തിയ 22 ദിനങ്ങള്‍ നീണ്ട 9000 കിലോമീറ്ററുകള്‍ പിന്നിട്ട ആ യാത്ര . കാതങ്ങള്‍ അകലെയുള്ള വാര്‍ത്തകളില്‍ മാത്രം കേട്ടുപരിചയമുള്ള ജമ്മുവിലേക്കും ലഡാക്കിലേക്കും കാറില്‍ യാത്രചെയ്തപ്പോള്‍ അത് ഇന്ത്യയെക്കുറിച്ചുള്ള ഞങ്ങളുടെ സങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതുന്നതായിരുന്നു. ഇതുവരെ മറ്റ് യാത്രകള്‍ക്ക് നടത്താത്ത കുറെ തയ്യാറെടുപ്പുകള്‍ ഈ യാത്രയ്ക്ക് വേണ്ടി ഞങ്ങള്‍ നടത്തി. യൂട്യൂബിലെല്ലാം തപ്പി അവിടേക്ക് പോയിട്ടുള്ള ആളുകളുടെ യാത്രാവിവരണങ്ങളെല്ലാം കേട്ടു. യാത്ര കാറില്‍ ആയതിനാല്‍ യാത്ര ചെയ്യേണ്ട നാലുപേരും ഒരുമിച്ചു കൂടി എങ്ങനെ ഒരുങ്ങണം , ഏതുവഴി പോകണം ,ഇവിടെയെല്ലാം താമസിക്കണം , എന്തെല്ലാം ചെയ്യണം എന്നതിനെക്കുറിച്ചെല്ലാം ചര്‍ച്ച നടത്തി.
കാശ്മീരിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിട്ടുള്ള തൃശ്ശൂര്‍ പുത്തന്‍പള്ളിക്ക് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന അഫീസ് ഇക്കയെ പോയി കണ്ടു .ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹവുമായി വിശദമായി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഞങ്ങളുടെ യാത്രയെ സംബന്ധിച്ചുള്ള ചിന്തകളും പോകാന്‍ ഉദ്ദേശിക്കുന്ന വഴികളുമെല്ലാം അദ്ദേഹത്തോട് പറഞ്ഞു. തന്റെ അനുഭവസമ്പത്തില്‍ നിന്ന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നല്കി.
യാത്രചെയ്യാനുള്ള ഫാ. സിമോന്‍ കാഞ്ഞിത്തറ,ഫാ. വില്‍സണ്‍ പെരേപ്പാടന് .ഫാ. സനീഷ് തെക്കേതല, ഫാ. റോക്കി റോബി കളത്തില്‍ എന്നീ നാലു പേരെയും കൂട്ടിച്ചേര്‍ത്ത് ഫാ.സനീഷ് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. യാത്രയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഓരോരുത്തരും അതില്‍ പങ്കുവെച്ചു .മുന്‍പ് കാശ്മീരിലേക്ക് പോയിട്ടുള്ളവരുടെ അനുഭവങ്ങള്‍ യൂട്യൂബില്‍ നിന്ന് ആ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. യാത്ര ചെയ്യേണ്ട ദിവസങ്ങളും തിരിച്ചെത്തേണ്ട സമയവുമെല്ലാം കൃത്യമായി നിശ്ചയിച്ചു . ഓരോ ദിവസവും ഗ്രൂപ്പില്‍ അതിന്റെ ചര്‍ച്ചകളും പങ്കുവെക്കലുകളും നടന്നു.ഞങ്ങള്‍ സേവനം ചെയ്യുന്ന പള്ളികളിലും സ്ഥാപനങ്ങളിലും യാത്രാ ദിനങ്ങളിലേക്ക് ആവശ്യമായ ബഥല്‍ ക്രമീകരണങ്ങള്‍ നടത്തി. കുര്‍ബാനയും മറ്റ് ആരാധനക്രമപരമായ കാര്യങ്ങളുമെല്ലാം മറ്റ് വൈദീകരെ ഏല്‍പ്പിച്ചു.
യാത്രക്കുള്ള ദിവസങ്ങള്‍ അടുത്തു കൊണ്ടിരുന്നു. ഫാ.സീമോന്‍ കാഞ്ഞിത്തറ യാത്രയ്ക്ക് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി .കാരണം പണസംബന്ധമായ കൈകാര്യം അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. യാത്രയില്‍ ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍ മുന്നില്‍ കണ്ട് അദ്ദേഹം മരുന്നുകളും വാങ്ങി കരുതിവച്ചു .
ഓണ സദ്യയുമുണ്ട് ഒരു യാത്ര
2023 ആഗസ്റ്റ് 29 ന് ഓണസദ്യയുണ്ട് തിരുവോണ ദിവസമാണ് ഞങ്ങള്‍ യാത്ര പുറപ്പെട്ടത് ഫാ.വില്‍സണ്‍ പെരേപ്പാടന് വികാരിയായി സേവനം ചെയ്യുന്ന നന്തിക്കര സെന്റ് മേരീസ് പള്ളിയില്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി. ഓരോരുത്തരും കൊണ്ടുവന്നിട്ടുള്ള സാധനങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ തുടങ്ങി.വണ്ടിയുടെ ഡിക്കി സാധനങ്ങള്‍ കൊണ്ട് നിറഞ്ഞു . അതിനാല്‍ ഒഴിവാക്കാനാവുന്നതെല്ലാം ഒഴിവാക്കി.
കുര്‍ബാന ചൊല്ലുന്നതിന് ആവശ്യമായ കിറ്റ് ആദ്യം എടുത്തു വച്ചു. ബിസ്ക്കറ്റ്സും ഡ്രൈ ഫ്രൂട്ട്സും മിനറല്‍ വാട്ടറുമെല്ലാം വണ്ടിയില്‍ കയറ്റി. ഓരോരുത്തര്‍ക്കുള്ള വസ്ത്രങ്ങളും അലക്കാനുള്ള ഡിറ്റര്‍ജന്റും അയ കെട്ടാനുള്ള കയറും തുണി പറന്നു പോകാതിരിക്കാനുള്ള ക്ലിപ്പുകളുംമൊക്കെയായി സര്വ്വസജ്ജമായായിരുന്നു യാത്ര.
നന്തിക്കര സെന്‍മേരിസ് പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ച് കന്യാമറിയത്തിന്റെയും യാത്രക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ക്രിസ്റ്റഫറിന്റെയും മാധ്യസ്ഥം യാചിച്ചു.അവിടുത്തെ കപ്യാര് ജോസേട്ടന് സ്നേഹപൂര്‍വ്വം തിളപ്പിച്ച് തന്ന കട്ടന്‍ കാപ്പി കുടിച്ചശേഷം വൈകീട്ട് 3. 30 ന് അദ്ദേഹവും കല്യാണ്‍ രൂപതാംഗം ഫാ. ജോമോന് തെക്കുംതലയും ചേര്‍ന്ന് ഞങ്ങളെ യാത്രയാക്കി. ബംഗലൂരു ലക്ഷ്യമാക്കിയായിരുന്നു ആദ്യ ദിന യാത്ര . താമസിക്കാനുള്ള സൗകര്യം ലാസലെറ്റ് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ ഫാ സീമോന്‍ വിളിച്ച് തയ്യാറാക്കിയിരുന്നു. പിറ്റേദിവസം വെളുപ്പിന് പന്ത്രണ്ടരയോടെ ലാസലറ്റ് ഹൗസില്‍ എത്തിയ ഞങ്ങളെ ഫാദര്‍ ജിസ്ബിന്‍ ഹൃദ്യമായി സ്വീകരിച്ചു.
രണ്ട് ദിവസത്തെ താമസ സൗകര്യങ്ങളാണ് പ്രധാനമായും മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നത് . മറ്റുള്ള ദിവസങ്ങളെക്കുറിച്ച് ചില ധാരണകള്‍ ഉണ്ടായിരുന്നു എന്നു മാത്രം. താമസ സൗകര്യങ്ങള്‍ വൈദിക സുഹൃത്തുക്കളെയും അവരുടെ കൂട്ടുകാരെയു മൊക്കെ വിളിച്ച് ഒരുക്കുകയായിരുന്നു. ബംഗലൂരുവില്‍ നിന്ന് പിറ്റെന്ന് എത്തേണ്ടിയിരുന്നത് ഹൈദരാബാദിലെ ഷംഷാബാദ് ബിഷപ്പ്സ് ഹൗസില്‍ ആയിരുന്നു. അവിടം വരെയാണ് താമസം മുന്‍കൂട്ടി സജ്ജീകരിച്ചിരുന്നത്. അവിടെ ചാന്‍സിലര്‍ ഫാ. മെജോ കോരേത്ത് എല്ലാം ഒരുക്കിയിരുന്നു,അടുത്ത ദിവസം എത്തേണ്ടിയിരുന്ന സ്ഥലം നാഗ്പൂരായിരുന്നു .നാഗ്പൂര്‍ ബിഷപ്പ് ഹൗസില്‍ കോട്ടപ്പുറം രൂപതയില്‍ നിന്ന് അവിടെ സേവനം ചെയ്യുന്ന ഫാ. അഗസ്റ്റിന് ഡിസില്‍വയെ വിളിച്ച് സെക്രട്ടറി ഫാ. ആന്റണി സേവ്യര്‍ വഴി കാര്യങ്ങള്‍ സജ്ജീകരിച്ചു .അടുത്ത ദിവസം രാത്രിയില്‍ താമസിക്കേണ്ടിയിരുന്നത് സാഗറില്‍ ആയിരുന്നു സാഗര്‍ ബിഷപ്പ്സ് ഹൗസിലും ഫാ. ഗിരീഷ് പുത്തൂരിനെ വിളിച്ച് അതിനുള്ള കാര്യങ്ങള്‍ ഒരുക്കി.
കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ്, സെമിനാരി കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് റോഡില്‍ കാണുന്ന കാഴ്ചകളെ കുറിച്ചുള്ള കാര്യങ്ങള്‍ വിവരിച്ച് ഞങ്ങളുടെ യാത്ര വളരെ സുഗമമായി മുന്നോട്ടു പോയിക്കൊണ്ടിരുന്നു. അതിനിടയില്‍ ഇടക്ക് വിശ്രമിക്കാനും ഉന്മേഷഭരിതരാകാനും ഞങ്ങള്‍ സമയം കണ്ടെത്തി. ചൂടും മഴയും മഞ്ഞും വെയിലുമെല്ലാം ഞങ്ങളുടെ യാത്രയ്ക്ക് അകമ്പടിയായി. ബംഗലൂരുവിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ അനുഗ്രഹവര്‍ഷം പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.
ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം
ബംഗലൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കും അവിടെ നിന്ന് സാഗറിലേക്കും സാഗറില്‍ നിന്ന് ആഗ്രയിലേക്കും ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ജലന്ധറിലേക്കും ജലന്ധറില്‍നിന്ന് കാശ്മീരിലേക്കു മൊക്കെയായിരുന്നു യാത്രക്ക് പദ്ധതിയിട്ടിരുന്നത്. ജി ട്വന്റി സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി സന്ദര്‍ശനം ആ ദിവസങ്ങളില്‍ ഒഴിവാ ക്കുന്നതാണ് നല്ലതെന്ന് ഡല്‍ഹിയിലുള്ള ചില വൈദിക സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചു. അതിനാല്‍ ഞങ്ങളുടെ യാത്ര ആഗ്രയില്‍ നിന്ന് ജലന്ധറിലേക്ക് ആക്കി . കര്‍ണാടക, ആന്ധ്ര തെലങ്കാന ,മഹാരാഷ്ട്ര മധ്യപ്രദേശ് ,ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ ജമ്മുവിലേക്ക് ഞങ്ങള്‍ യാത്ര ചെയ്തു. ഹൈദ്രാബാദില്‍ സ്റ്റാച്യു ഓഫ് ഇക്വാലിറ്റിയും ഗോല്‍കുണ്ട ഫോര്ട്ട്മെല്ലാം ഞങ്ങള്‍ അകലെ നിന്ന് കണ്ടു. ചാര്‍മിനാറും, സെക്രട്ടേറിയറ്റും , മാര്‍ട്ടേഴ്സ് മെമ്മോറിയലുമെല്ലാം രാത്രിയില്‍ ഫാ. മേജോ തന്നെ കൊണ്ടുപോയി കാണിച്ചു തന്നു . ആഗ്രയിലേക്കുള്ള യാത്രയില്‍ ഒരു ഗൈഡിന്റെ സഹായത്തോടെ ഗ്വാളിയര്‍ ഫോര്‍ട്ട് ഞങ്ങള്‍ സന്ദര്‍ശിച്ചു . സിന്ധ്യ പാലസും അകലെയായി അദ്ദേഹം കാണിച്ചു തന്നു. താജ് മഹലും ഞങ്ങള്‍ സന്ദര്‍ശിച്ചു. ആഗ്ര അതിമത്രാസന മന്ദിരത്തിന് അരികിലുള്ള അക്ബര്‍ ചക്രവര്‍ത്തി പണിതു നല്കിയ ദൈവാലയവും ഞങ്ങള്‍ കണ്ടു. ആഗ്രയില്‍ കണ്ടുമുട്ടിയ സീമോനച്ചന്റെ സുഹൃത്ത് ജിജോ കെ.മാണിയാണ് ജയ്പൂരില്‍ താമസസൗകര്യം ഒരുക്കുന്നതിന് ഞങ്ങളെ സഹായിച്ചത്.
നല്ല റോഡുകളും മോശമായ റോഡുകളും വകവയ്ക്കാതെ ഞങ്ങളുടെ ഫിഗോ കാര്‍ മുന്നോട്ടു പോയി കൊണ്ടിരുന്നു. പലവിധവിളകള് കൃഷി ചെയ്യുന്ന കൃഷിയിടങ്ങള്‍ കണ്ടു. ആട്ടിന്‍ കൂട്ടങ്ങളെയും കന്നുകാലി കൂട്ടങ്ങളെയും കടന്ന് ഞങ്ങള്‍ മുന്നോട്ട് പോയി. വഴി തടസ്സം എന്ന് നമുക്ക് തോന്നാമെങ്കിലും റോഡ് തങ്ങളുടെ സ്വന്തമെന്ന അഹങ്കാരത്തോടെ റോഡില്‍ അധികാരത്തോടെ കിടക്കുന്ന കാലിക്കൂട്ടങ്ങളെ വഴി മാറ്റാന്‍ വണ്ടി നിര്‍ത്തി ചിലപ്പോള്‍ ദീര്‍ഘനേരം ഹോണ്‍ മുഴക്കേണ്ടി വന്നു. കാലാവസ്ഥയും വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്. ഇന്ത്യയുടെ നാനാത്വവും ആ നാനാത്വത്തിലുള്ള ഏകത്വവുമെല്ലാം ഞങ്ങള്‍ക്ക് അനുഭവവേദ്യമായ യാത്രയായിരുന്നു ഇത്.
സാഹസിക യാത്ര മിഷന് യാത്രയായപ്പോള്‍
തെല്ലൊരു സാഹസികത ഈ യാത്രയ്ക്ക് ഉണ്ടെന്ന് മുന്നോട്ടു പോകുന്തോറും മനസ് മന്ത്രിച്ചു കൊണ്ടിരുന്നു. അതോടൊപ്പം കത്തോലിക്ക വൈദികരെന്ന നിലയില്‍ ഞങ്ങള്‍ക്കിതൊരു മിഷന് യാത്രയുമായിരുന്നു. അങ്ങോട്ടുള്ള യാത്രയില്‍ മിക്കവാറും താമസിച്ചതെല്ലാം ബിഷപ്പ്സ് ഹൗസുകളിലും സഭാ സ്ഥാപനങ്ങളിലും ആയിരുന്നു. ദീര്‍ഘ യാത്ര വേണ്ടി വന്ന ഒരു ദിവസമൊഴികെ എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ ഒരുമിച്ച് ദിവ്യബലിയര്‍പ്പിച്ചു. എല്ലാ ദിവസത്തെയും യാത്ര ആരംഭിച്ചത് ജപമാലയോടെയായിരുന്നു. കാറിനുള്ളില്‍ ഇരുന്നുതന്നെ എല്ലാദിവസും ഞങ്ങള്‍ കരുണ കൊന്തയും ചൊല്ലി. ഇതെല്ലാം യാത്രയ്ക്കുള്ള ആത്മീയ ഊര്‍ജ്ജമായിരുന്നു. താമസിച്ച ഓരോ സ്ഥലത്തെപ്പറ്റിയും അവിടത്തെ സഭയെക്കുറിച്ചും മിഷന്പ്രവര്ത്തനങ്ങളെക്കുറിച്ചും അതിന്റെ ചരിത്രത്തെപ്പറ്റിയുമെല്ലാം അറിയാനും മനസ്സിലാക്കാനും ഞങ്ങള്‍ ശ്രമിച്ചു.
ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെയും അദിലാബാദ് ബിഷപ്പ് മാര്‍ പ്രിന്‍സ് പാണേങ്ങാടനെയും സാഗര്‍ ബിഷപ്പ് മാര്‍ ജെയിംസ് അത്തിക്കളത്തെയും ആഗ്ര ആര്‍ച്ച്ബിഷപ്പ് ഡോ. റാഫി മഞ്ഞളിയേയും ഫരീദാബാദ് സഹായമെത്രാന്‍ മാര്‍ ജോസ് പുത്തല്വീട്ടിലിനെയും നേരില്‍ കണ്ട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു .
ലുധിയാനയിലെ മലയാളികളുടെ ഓണാഘോഷത്തില്‍ പുത്തന്‍വീട്ടില്‍ പിതാവിനൊടൊപ്പo ഞങ്ങളും പങ്കെടുത്തു . അവിടെ നിന്ന് ഓണപ്പായസത്തിന്റെ മധുരം നുകര്‍ന്നു കൊണ്ടാണ് ഞങ്ങള്‍ ജലന്തറിലേക്ക് യാത്രയായത്. ജലന്തറില്‍ കോട്ടപ്പുറം രൂപതയിലെ മാനാഞ്ചേരിക്കുന്നില് നിന്നുള്ള സെലസ്റ്റിന്‍ അച്ചന്റെ അടുത്താണ് താമസിച്ചത്. തന്റെ ഇടവകയില്‍ തിരുനാള്‍ തിരക്കിനിടയിലും ഞങ്ങള്‍ക്കുവേണ്ടി വളരെ രുചികരമായ ബിരിയാണി അദ്ദേഹം തയ്യാറാക്കി വച്ചിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ പിറ്റെ ദിവസം രാവിലെ അമൃതസറിലേക്ക് യാത്രയായി . സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ആളുകളോടൊപ്പം അവിടുത്തെ ലങ്കറില്‍ പങ്കുചേര്‍ന്ന് ജാലിയന്‍വാലാബാഗ് സന്ദര്‍ശനം നടത്തിയതിനുശേഷം ഞങ്ങളുടെ കാര്‍ ജമ്മുവിലേക്ക് നീങ്ങി . ജമ്മുവിലേക്ക് പ്രവേശിച്ചപ്പോള്‍ ഞങ്ങളുടെ ഫോണുകളെല്ലാം പ്രവര്‍ത്തനരഹിതമായി. ജമ്മുവിലും ലഡാക്കിലും ഉപയോഗിക്കാനായി ഞങ്ങള്‍ ഒരു പുതിയ സിം എടുത്തു. മറ്റു സംസ്ഥാനങ്ങളിലുള്ള സിമ്മുകള്‍ ഇവിടെ ഉപയോഗിക്കാനാവില്ല എന്നതായിരുന്നു കാരണം.
ജമ്മുവും ശ്രീനഗറും
ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം തന്നെ ലോകത്തിലെ തന്നെ വാഹനത്തില്‍ യാത്ര ചെയ്ത് എത്താവുന്ന ഏറ്റവും ഉയരത്തിലുള്ള ഉംലിങ്ങ്ലയില് എത്തുക എന്നതായിരുന്നു. ലഡാക്കില്‍ നിന്ന് ഏകദേശം 350 കിലോമീറ്റര്‍ ആണ് അവിടേക്കുള്ള ദൂരം. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടതും ജമ്മു കാശ്മീരില്‍ ആയിരുന്നു. ആദ്യ ദിനം അവിടെ ഞങ്ങള്‍ ചിലവഴിച്ചത് ജമ്മു – ശ്രീനഗര്‍ ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള കത്തീഡ്രല്‍ വൈദീക മന്ദിരത്തില്‍ ഫാ. ജാഫത്തിന്റെ ആതിഥേയത്വത്തില്‍ ആയിരുന്നു. അദ്ദേഹം എല്ലാവിധ സൗകര്യങ്ങളും ഞങ്ങള്‍ക്ക് ചെയ്തു തന്നു. രാത്രിയില്‍ ജമ്മുവില്‍ കാല് നടയായി ഞങ്ങള്‍ ഒരു സന്ദര്‍ശനം നടത്തി .
പിറ്റേന്ന് വളരെ നേരത്തെ തന്നെ എഴുന്നേറ്റ് വണ്ടികളുടെ തിരക്കൊഴിവാക്കാനായി രാവിലെ തന്നെ ഞങ്ങള്‍ ശ്രീനഗറിലേക്ക് തിരിച്ചു. മറ്റിടങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ജമ്മുവും ലഡാ ഞങള്‍ക്ക് സമ്മാനിച്ചത്. യാത്രയില്‍ മഴപെയ്യുന്നുണ്ടാരുന്നു. നല്ല തണുപ്പും . മല തുരന്ന് ഉണ്ടാക്കിയിട്ടുള്ള ടണലുകളിലൂടെ ഞങ്ങള്‍ കടന്നുപോയി. മലയിടുക്കുകളിലൂടെ തകര്‍ന്ന റോഡിലൂടെ മഴയത്ത് യാത്ര ചെയ്യുക എളുപ്പമായിരുന്നില്ല. ശ്രീനഗറിലേക്കുള്ള യാത്രയില്‍ വഴിയിലൂടനീളം പട്ടാളക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. പലയിടത്തും റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത് കണ്ടപ്പോള്‍ അല്പം ഭയപ്പാടോടുകൂടിയാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങിയത്. ഇത്ര ദിവസങ്ങള്‍ സഞ്ചരിച്ചതുപോലെ വഴി അത്ര സുഗമമായിരുന്നില്ല. പുതിയ വഴികള്‍ ഉണ്ടാക്കുന്നതും ടണലുകള്‍ രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതുമെല്ലാം ശ്രദ്ധയില്‍പ്പെട്ടു. തോക്കും പിടിച്ചു നില്ക്കുന്ന പട്ടാളക്കാര്‍ ഒരു പുതിയ കാഴ്ചയായിരുന്നു. സുരക്ഷയെക്കുറിച്ച് ഭയമെല്ലാം ഉണ്ടായിരുന്നുവെങ്കിലും ഭയത്തിന്റെ ആവശ്യമില്ലെന്നും പട്ടാളക്കാരുടെ നിദാന്ത ജാഗ്രതയില്‍ അവിടെയുള്ളവരെല്ലാം സുരക്ഷിതരാണെന്നും തിരിച്ചറിയാന്‍ സാധിച്ചു. ശ്രീനഗറില്‍ ഞങ്ങള്‍ താമസിച്ചത് ജമ്മു ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി പള്ളിയോട് ചേര്‍ന്നുള്ള പാസ്റ്ററല്‍ സെന്ററില്‍ ആയിരുന്നു. ഫാ.സുരേഷ് ബ്രിട്ടോയുടെ കരുതലും സ്നേഹവുമെല്ലാം അവിടെ അനുഭവിക്കാന്‍ സാധിച്ചു . അവിടെ ദാല്‍ തടാകത്തിലെ ബോട്ട് യാത്രയും കൗതുകം ഉണര്‍ത്തുന്നതായിരുന്നു : വില്‍ക്കാനുള്ള സാധനങ്ങളുമായി ബോട്ടുകളില്‍ നമ്മുടെ അടുത്തേക്ക് എത്തുന്ന കടകള്‍ . ഭക്ഷണസാധനങ്ങളും സമ്മാനമായി കൊണ്ടുപോകാന്‍ കഴിയുന്ന വസ്തുക്കളുമൊക്കെ അതില്‍ ഉണ്ടായിരുന്നു. ഷാലിമാര്‍ മുഗള്‍ ഗാര്‍ഡനും അവിടെ സന്ദര്‍ശിച്ചു.
സങ്കല്പങ്ങള് പൊളിച്ചെഴുതിയ യാത്ര
അവിടെ നിന്ന് പിറ്റേദിവസം ലഡാക്കിലെ ലേയിലേക്ക് യാത്രയായി . യാത്ര ദുര്‍ഘടം ആയിരുന്നു. ഹെയര്പിന്നുകളൊക്കെ കയറി മുകളിലേക്ക് പോകുമ്പോള്‍ അങ്ങ് ദൂരെ മഞ്ഞുമൂടി നില്ക്കുന്ന മലനിരകള്‍ കണ്ടു . റോഡിനരികില്‍ മഞ്ഞു പാറ നില്‍ക്കുന്നത് കണ്ട് സന്തോഷത്തോടു കൂടെ അതിനടുത്ത് ചെന്ന് കയ്യിലെടുക്കാനുള്ള ശ്രമം നടത്തി. യാത്രയിലുടനീളം ഒരുപാട് നല്ല ദൃശ്യങ്ങള്‍ ഞങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ വിജനമായ പ്രദേശങ്ങളായിരുന്നു. പട്ടാള ക്യാമ്പുകളും പട്ടാളട്രക്കുകളും സാധാരണ കാഴ്ചയായിരുന്നു. യാത്രാ വാഹനങ്ങള്‍ വളരെ കുറവായിരുന്നു. സാധനങ്ങള്‍ കൊണ്ടു പോകുന്ന ട്രക്കുകളായിരുന്നു കൂടുതലും. ഉണങ്ങി വരണ്ടു നില്ക്കുന്ന മലനിരകള്‍ ജമ്മു കാശ്മീരിനെ കുറിച്ച് അതുവരെ മനസ്സില്‍ ഉണ്ടായിരുന്ന സങ്കല്പങ്ങളെയെല്ലാം മാറ്റിമറിച്ചു. യാത്രയ്ക്കിടയില്‍ 1948 ലെ സോസില യുദ്ധ സ്മാരകവും കാര്‍ഗില്‍ യുദ്ധ സ്മാരകവും സന്ദര്‍ശിച്ചു. അതിനിടയില്‍ ലോകത്തില്‍ മനുഷ്യരധിവസിക്കുന്ന ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനമുളള ദ്രാസ് വഴി ഞങ്ങള്‍ കടന്നുപോയി. അവിടെ നിന്നാണ് അന്ന് ഉച്ച ഭക്ഷണം. കഴിച്ചത്.
സുരക്ഷയ്ക്കായി മഞ്ഞിലും ചൂടിലും സേവനം ചെയ്യുന്ന സൈനികരോട് മനസില്‍ ബഹുമാനം തോന്നി.
കാര്‍ഗില്‍ ടൗണില്‍ താമസിക്കാന്‍ ആയിരുന്നു ഞങ്ങളുടെ പദ്ധതിയെങ്കിലും ലേയിലെ ഫാ.ബിജുവിന്റെ നിര്‍ദ്ദേശം അനുസരിച്ച് അല്പം വൈകിയാണ് ലേയില്‍ എത്തുകയെങ്കിലും ഞങ്ങള്‍ ലേയിക്ക് വൈകിയ സമയത്തും വാഹനം ഓടിച്ചു തുടങ്ങി.ദേശീയ പാത ഒന്നിലൂടെയായിരുന്നു യാത്ര. രാത്രി 10.50 ന് ലെയില്‍ സെന്റ് പീറ്റേഴ്സ് പള്ളിയില്‍ എത്തി. പിറ്റെ ദിനം ഉച്ചവരെ വിശ്രമമായിരുന്നു.
വൈകീട്ട് 3 ന് മാഗ്നറ്റിക് ഹില്ലിലേക്ക് യാത്ര തിരിച്ചു. ഒരു പ്രത്യേക സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടാലും അത് അനങ്ങിക്കൊണ്ടിരിക്കും എന്നതാണ് അവിടുത്തെ പ്രത്യേകത . തുടര്‍ന്ന് ലെയിലെ ശാന്തി സ്തുപ സന്ദര്‍ശിച്ചു. ഷെ പാലസ് എന്ന ബുദ്ധവിഹാരം കണ്ടു. ബുദ്ധസന്യാസിമാരുടെ തിക്സേ മോണസ്ട്രിയില്‍ പോയി. വൈകീട്ട് 10 കി.മീ അകലെയുള്ള ലേയിലെ സെന്റ് പീറ്റേഴ്സ് സ്കൂളില്‍ പോയി . ഫാ ബിജു , ഫാ. ബ്രബിന്‍, ബ്രദര്‍ വിവേക് എന്നിവര്‍ക്കൊപ്പം വിഭവ സമൃദ്ധമായ അത്താഴം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങി.
ഉംലിങ്ങ്ലയുടെ ഉയരങ്ങളിലേക്ക്
പിറ്റെദിനം സെപ്തംബര്‍ 8 വെള്ളിയാഴ്ച പ്രാതഭക്ഷണം കഴിഞ്ഞ് 8.25ന്ഹാ ന്ലേയിലേക്ക് പുറപ്പെട്ടു . ഇന്റസ് നദിയുടെ തീരത്തുകൂടിയായിരുന്നു യാത്ര . പതിമൂന്ന് കിലോമീറ്ററോളം ടാറിങ് ഇല്ലാത്ത മണ്‍റോഡ്. ടാറിങ് നഷ്ടപ്പെട്ടതായിരിക്കണം. പുല്‍മേടുകളില്‍ പശുക്കൂട്ടങ്ങളും കാട്ടുകഴുതകളും മേയുന്നുണ്ടായിരുന്നു.
കുറെ ദൂരം ചെന്നപ്പോള്‍ മിലിട്ടറി ചെക്പോസ്റ്റ് .മുന്‍കൂട്ടിയെടുത്ത വണ്ടിയുടെ പാസും വണ്ടി നമ്പറും ഫോണ്‍ നമ്പറും കൊടുത്തു. അതിനു ശേഷം ഒറ്റവരി പാതയായിരുന്നു. യാക്കുകളുടെ കൂട്ടവും ആട്ടിന്കുട്ടങ്ങളും നദീ തീരത്ത് മേയുന്നു. ഹാന്ലേയിലേക്കുളള ദൂരം കുറയുന്നു എന്ന് മൈല്‍ കുറ്റികള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
ഒറ്റവരി പാതയില്‍ ചിലയിടങ്ങളില്‍ എതിരെ വരുന്ന വാഹനത്തിന് കടന്നു പോകാന്‍ വീതിയുള്ള സ്ഥലമിട്ടിട്ടുണ്ട്. ഒരിടത്ത് വയലറ്റ് നിറത്തിലുളള പൂക്കളും മറ്റൊരിടത്ത് മഞ്ഞനിറത്തിലുള്ള പൂക്കളും വിരിഞ്ഞ് നില്‍ക്കുന്നത് കണ്ടു. ഹാന്ലെയിലെത്തി ഒരു ഹോം സ്റ്റേ കണ്ടുപിടിച്ച് താമസിച്ചു .
സെപ്തംബര്‍ 9 , പന്ത്രണ്ടാം ദിനം പ്രഭാത ദക്ഷണം കഴിഞ്ഞ് 7.35 ന് ഉംലിങ്ങ്ലയിലേക്ക് പുറപ്പെട്ടു. ടാറിങ്ങില്ലാത്ത മണ്‍പാതയിലൂടെയാണ് നീങ്ങിയത്. സാവധാനമാണ് മുകളിലേക്ക് വാഹനം കയറിയത്. . പിന്നീട് മലയിടുക്കിലൂടെ വണ്ടികള്‍ മുന്‍പ് ഓടിയിട്ടുള്ള വീല്‍ പാടുകള്‍ നോക്കിയുള്ള യാത്ര . മൊബൈലിന് റേഞ്ച് ഇല്ലായിരുന്നു.തികച്ചും സാഹസികമായുന്നു അത് . ഇടക്ക് രണ്ട് മിലിട്ടറി ട്രക്കുകള്‍ മറ്റൊരു മണ്‍പാതയിലൂടെ പോകുന്നതു കണ്ടു.ഒറ്റക്കാണങ്കില് ഈ യാത്ര ഭയാനകമായിരിക്കുo. ഏകദേശം 32 കി.മീ മരുഭൂമി സമാനമായ യാത്ര . പിന്നീട് ടാറിട്ട റോഡില്‍ എത്തി. ഇനി 60 കി.മീ കൂടി ഉംലിങ്ങ് ലയിലേക്ക് ദൂരമുണ്ടെന് എഴുതി വച്ചിരിക്കുന്നു. ഒറ്റവരി പാതയാണിത്. നെര്ബോലെപാസ് എന്നാണ് ഈ വഴിയുടെ പേര്. പുറത്ത് തണുപ്പ് 8 ഡിഗ്രി എന്ന് കാറില്‍ എഴുതി കാണിക്കുന്നു. ഇനി അധികം ദൂരമില്ല ലക്ഷ്യത്തിലേക്ക്. വണ്ടി ഹെയര്‍ പിന്നുകള്‍ കയറുന്നു.
അതിനിടയില്‍ കാര്‍ മുന്നോട്ടു നീങ്ങാനാകാതെ വിറച്ചു നിന്നു. വണ്ടിയോടിക്കുന്ന സനീഷ് അച്ചനൊഴികെ ഞങ്ങള്‍ മൂന്നുപേരും പുറത്തേക്കിറങ്ങി വണ്ടി പിറകില്‍ നിന്ന് തള്ളി. പിന്നീട് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥയായി .കാരണം ഓക്സിജന്‍ കുറവുള്ള സ്ഥലമാണ്.രാവിലെ.11.15 ന് ഞങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് 19024 അടി ഉയരത്തിലുള്ള ഉംലിങ്ങ്ലയിലെത്തി.
അപ്പോള്‍ ഞങ്ങള്‍ തൃശ്ശൂരില്‍ നിന്നും യാത്ര പുറപ്പെട്ടിട്ട് 4696 കി.മി പിന്നിട്ടിരുന്നു. വഴിയില്‍ പരിചയപ്പെട്ട ചില ബൈക്ക് റൈഡേഴ്സും മറ്റു ചില നാലു ചക്രവാഹനക്കാരും അവിടെ ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയതിന്റെ വലിയ സന്തോഷവും അഭിമാനവും കളിയാടുന്നുണ്ടായിരുന്നു. ഞങ്ങള്‍ ദൈവത്തിനു സ്തോത്ര ഗീതം ആലപിച്ചു. 11.40 ന് അവിടെ നിന്ന് ഫോട്ടോ എടുത്ത ശേഷം തിരിച്ചു പോന്നു.
പോത്തിലേപാസ് വഴിക്കായിരുന്നു മടക്കം. ഒറ്റവരി പാത തന്നെയായിരുന്നു അതും.ആട്ടിന്‍ കൂട്ടങ്ങളെയും യാക്കു കൂട്ടങ്ങളെയും വഴിയരികില്‍ കണ്ടു. ഇടക്കിടക്ക് സൈനീക കേന്ദ്രങ്ങള്‍ . ഇടക്ക് ഞങ്ങള്‍ക്ക് വഴി തെറ്റി. പിന്നീട് തിരിച്ച് ഹാന്‍ലേ വഴിയില്‍ പ്രവേശിച്ചു. അതിനിടയില്‍ രണ്ടു തവണ അട്ടിന് കൂട്ടങ്ങള്‍ റോഡ് മുറിച്ചു കടന്നു പോയി.
ഞങ്ങളുടെ കാര്‍ മല കയറിക്കൊണ്ടിരുന്നു. ഹെയര്‍പിന്‍ വളവുകളാണ്.
ഒറ്റവരി പാത തന്നെ.. ആരും സംസാരിക്കുന്നില്ല. ഞങ്ങള്‍ ക്ഷീണിതരും അല്പം അസ്വസ്ഥരുമാണ്. ഇടക്ക് ബൈക്ക് റൈഡേഴ്സും ചില ടിപ്പറുകളുമല്ലാതെ വാഹനങ്ങളില്ല. സമയം ഉച്ചകഴിഞ്ഞ് മൂന്ന് ആയി. ഭക്ഷണം കഴിച്ചിട്ടില്ല. ഇടക്ക് വണ്ടി നിത്തി . വണ്ടിക്കും ഞങ്ങള്‍ക്കും വിശ്രമം. ബിസ്ക്കറ്റും വെള്ളവുമെല്ലാം കഴിച്ച് യാത്ര തുടര്‍ന്നു. പിന്നീട് ഞങ്ങള്‍ പോത്തിലയില് എത്തി. ലോകത്തിലെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയുന്ന ഉയര്‍ന്നപ്രദേശങ്ങളില്‍ ആറാം സ്ഥാനമാണിതിന്. ഞങ്ങള്‍ യാത്ര തുടര്‍ന്നു . കാര്‍ ഹാന്‍ലെയില്‍ എത്തി .ചായ കുടിച്ചു യാത്ര തുടര്‍ന്നു .സമയം രാത്രി 8. 30. ലേയിലേക്ക് ഇനി 247 കി.മീറ്റര്‍ യാത്ര ചെയ്യണം. അഞ്ച് മണിക്കൂര്‍ യാത്രാസമയം കാണിക്കുന്നു. ഭക്ഷണം കഴിച്ച് വന്ന വഴിയിലൂടെ ലേയിലേക്ക് സഞ്ചരിച്ചു. വഴിയില്‍ അടുക്കി അടുക്കി വച്ചിരിക്കുന്നതു പോലെയുള്ള പാറക്കുട്ടങ്ങള്‍ കണ്ടു . രാത്രി 12.30 ന് ഞങ്ങള്‍ ലേയില്‍ തിരിച്ചെത്തി.
മനസു തകര്‍ത്ത മണാലിയാത്ര
സെപ്തംബര്‍ 10, യാത്രയുടെ 13ാം ദിനം ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. അതിനുമുമ്പ് വണ്ടി സര്‍വീസ് സ്റ്റേഷനില്‍ കൊടുത്തു വൃത്തിയാക്കി. രാവിലെ ലെയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങിയെങ്കിലും ലേയിലെ മാരത്തന്‍ മത്സരം അവസാനിക്കുന്നത് രണ്ടുമണിക്ക് ആണെന്നും വഴി ബ്ലോക്ക് ആണെന്നും അറിഞ്ഞതുകൊണ്ട് എല്ലാവരും വിശ്രമിക്കാന്‍ കയറി. മാരത്തണ്‍ അവസാനിച്ചു എന്നറിഞ്ഞപ്പോള്‍ 1.30 ന് കുളു – മണാലിയിലേക്ക് യാത്ര തുടങ്ങി. ഇടക്ക് മണാലിയിലേക്ക് 412 കി.മീ എന്ന ബോര്‍ഡ് കണ്ടു. ദേശീയപാത മൂന്നു വഴി ഞങ്ങള്‍ മുന്നോട്ടു പോയികൊണ്ടിരുന്നു. ഹെയര്‍ പിന് വളവുകള്‍ കയറിയും ഇറങ്ങിയും രാത്രി 8 ന് പാങ്ങ് എന്ന സ്ഥലത്ത് എത്തി. താമസ സ്ഥലം കണ്ടുപിടിക്കാന്‍ അല്പം ബുദ്ധിമുട്ടി. ഒരാള്‍ക്ക് 300 രൂപ നിരക്കില്‍ ഒരു മുറി കിട്ടി. ഭക്ഷണം അവിടെനിന്നു തന്നെ കഴിച്ചു . ജനറേറ്റര്‍ ഉപയോഗിച്ചാണ് അവിടെ കറന്റ് . ഷീറ്റു കൊണ്ടുണ്ടാക്കിയ വീട്. ടോയ്ലറ്റില് വെള്ളം ബക്കറ്റില്‍ കൊണ്ടുവന്നു വച്ചിരിക്കുന്നു.
സെപ്തംബര്‍ 11 തിങ്കളാഴ്ച കട്ടന്‍ ചായ കുടിച്ച് രാവിലെ7.25 ന് പാങ്ങില്‍ നിന്ന് മണാലിയിലേക്ക് യാത്ര തുടങ്ങി. അപ്പോള്‍ അവിടെ തണുപ്പ് 2 ഡിഗ്രിയാണെന്ന് കടക്കാരി ചേച്ചി പറഞ്ഞു. ഞങ്ങള്‍ സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം പതിനയ്യായിരത്തോളം അടി ഉയരത്തിലായിരുന്നു. മുന്നോട്ടുള്ളവഴി വളരെ മോശമായിരുന്നു. റോഡ് പണി നടക്കുന്നുണ്ട്. ടാറിങ്ങില്ലാത്ത വഴി . വന്നതില്‍ വച്ച് ഏറ്റവും ഭയാനകവും ഭീകരവുമായ വഴി. വഴിയില്‍ ആര്‍മിയുടെ വണ്ടി നില്‍ക്കുന്നത് കണ്ടു.. അടുത്തെത്തിയപ്പോള്‍ പ്രഭാത ഭക്ഷണം വേണമോ എന്ന് ചോദിച്ചു. നല്ല രുചിയുള്ള പായസം അവര്‍ തന്നു. റോഡിന് താഴെ ഭക്ഷണം കൊടുക്കുന്നിടത്തേക്ക് ഇറങ്ങാന്‍ ഒരു ഓഫീസര്‍ എന്നെ സഹായിച്ചു. വഴിയില്‍ ഒരു കാര്‍ തകര്‍ന്നു കിടക്കുന്നത് കണ്ടു. പിന്നീടുള്ള യാത്ര വളരെ ദുഷ്കരമായിരുന്നു . സാഹസികമായ ഡ്രൈവിങ്ങ് ആയിരുന്നു ഫാ.സനീഷ് നടത്തിയത് . മുന്പിലിരുന്ന ഫാ.വില്സനോട് ഫാ.സനീഷ് മുന്പോട്ട് നോക്കി വളവുകളില്‍ വണ്ടി എതിര് ദിശയില്‍ നിന്ന് വരുന്നുണ്ടോ എന്നു പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ ഗാട്ട ലൂപ്സ് എന്ന സ്ഥലത്തെത്തി . റോഡ് വളരെ മോശമാണ്. വാഹനത്തിന്റെ അടിമുട്ടുന്നത് കൊണ്ട് പലയിടത്തും ഡ്രൈവര്‍ ഒഴികെ എല്ലാവരും ഇറങ്ങി നടന്നു. വാഹനം താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. കഴിഞ്ഞ് 2.15 ന് സിങ്ങ് സിങ് ബാര്‍ എന്ന സ്ഥലത്ത് ഒരു ദാബയില്‍ വണ്ടി നിര്‍ത്തി. തട്ടുകട പോലെ ഒന്ന് . ആവശ്യക്കാര്‍ക്ക് രാത്രി താമസിക്കാനള്ള ചെറിയ സൗകര്യമിവിടെയുണ്ട്. ചെരിങ്ങ് എന്നാണ് കടക്കാരന്റെ പേര്. ഭക്ഷണം കഴിഞ്ഞ് അവിടെയുള്ള കിടക്കയില്‍ 3.30 വരെ എല്ലാരും കിടന്നു. അത്രയ്ക്ക് ക്ഷീണമുണ്ടായിരുന്നു. 3.50ന് യാത്ര പുരാരംഭിച്ചു. ഇതിനിടയില്‍ ഞങ്ങള്‍ ഹിമാചല്‍ പ്രദേശിലേക്ക് പ്രവേശിച്ചു.
പേമാരി തകര്‍ത്ത ഹിമാചല്‍
ഹിമാചല്‍പ്രദേശിലെ റോഡിന്റെ സ്ഥിതി വളരെ ദുര്‍ഘടമായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് വണ്ടി മുന്നോട്ട് നീങ്ങിയത്. പിന്നീട് വണ്ടി ഹെയര്‍പിന്‍ കയറി മുകളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു . ക്യാബേജ്, കോളിഫ്ളവര്‍ തോട്ടങ്ങള്‍ ഇരുവശത്തുമുണ്ട്. ഹാര്‍ഡ് ബോര്ഡ്പ്പെട്ടികളിലാക്കി അവ റോഡരികില്‍ വച്ചിരിക്കുന്നു. വണ്ടിയില്‍ കയറ്റി മാര്ക്കറ്റിലേക്കായിരിക്കണം അവ കൊണ്ടുപോകുന്നുണ്ട്. അതിനിടയില്‍ ഞങ്ങളുടെ കാര്‍ സിസു എന്ന സ്ഥലത്ത് എത്തി . വഴി ബ്ലോക്ക് ആണ് . കുറച്ചു സമയം കഴിഞ്ഞ് ഇറങ്ങി അന്വേഷിച്ചപ്പോള്‍ മണ്ണിടിഞ്ഞ് വീണിരിക്കുന്നു എന്നറിഞ്ഞു.വഴി തടസം മാറാന്‍ സമയമെടുക്കുമെന്നറിഞ്ഞു. സമയം രാത്രി 7.10 . തൊട്ടുത്ത ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി . ബ്ലോക്ക് പെട്ടെന്ന് മാറില്ല എന്നറിഞ്ഞപ്പോള്‍ അവിടെ തന്നെ താമസിക്കാന്‍ മുറിയെടുത്തു.
സെപ്തംബര്‍ 12 ചൊവ്വാഴ്ച രാവിലെ 7.30 ന് സിസുവിലെ ഹോട്ടലില്‍ നിന്ന് മണാലിയിലേക്ക് യാത്ര ആരംഭിച്ചു . അഡല്‍ ടണലിലൂടെ ഞങ്ങളുടെ വണ്ടി മുന്നോട്ട് നീങ്ങി. 9.02 കി.മീ നീളമുണ്ടതിന്. പതിനായിരം അടി മുകളിലുള്ള ഒറ്റ ട്യൂബ് ടണലുകളില്‍ ലോകത്തിലെ ഏറ്റവും വലുതാണിത്. ദേശീയ പാത മൂന്നിലൂടെ തന്നെയാണ് യാത്ര.
മണാലിയിലേക്കുള്ള യാത്രയില്‍ റോഡിനിരുവശവും നല്ല പച്ചപ്പ് ഉണ്ടായിരുന്നു . ഇരു വശത്തും ആപ്പിള്‍ തോട്ടങ്ങള്‍ . ചെറിയ മരത്തില്‍ പോലും നിറയെ ആപ്പിളുകള്‍ ഉണ്ട്. പലയിടത്തും റോഡ് മഴയില്‍ തകര്‍ന്ന് പോയിരിക്കുന്നു. കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. റോഡെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയിരിക്കുന്നു. താല്‍ക്കാലികമായി മണ്ണും കല്ലും ഇട്ട് തയ്യാറാക്കിയിരിക്കുന്ന വഴിയിലൂടെയാണ് മുന്നോട്ടുപോകുന്നത്.
ഹൈവേ മീറ്ററുകളോളം പുഴയെടുത്തു പോയിരിക്കുന്നു.അതുകൊണ്ട് പല സ്ഥലത്തും ബ്ലോക്കായിരുന്നു. അതുകൂടാതെ മന്ത്രിമാരാരോ ആ വഴി വരുന്നതിനാല്‍ വണ്ടികളെല്ലാം പിടിച്ചിട്ടിരിക്കുന്നു. രണ്ടു മണിക്കൂറോളം ബ്ലോക്കില്‍ കിടന്നു. ഞങ്ങള്‍ കയ്യിലുള്ള ബിസ്ക്കറ്റും ഉണക്കമുന്തിരിയുമെല്ലാം കഴിച്ച് വിശപ്പടക്കി.
പിന്നീട് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടതു കൊണ്ട് ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വന്നെങ്കിലും ഹിമാചലിലെ ഗ്രാമങ്ങളിലുടെ യാത്ര ചെയ്യാന്‍ സാധിച്ചു. വൈകീട്ട് 4.45 ന് മണ്ടിയിലെ ഗുത്ക്കറിലെ ഫോര്‍ഡിന്റെ സര്‍വീസ് സെന്ററില്‍ എത്തി. വണ്ടി ചെക്കിങ്ങിന് കൊടുത്തു ആവശ്യമായ സര്‍വീസുകള്‍ എല്ലാം നടത്തി. ഹിമാചലില്‍ നിന്ന് പഞ്ചാബിലേക്ക് കടന്നു ക്റാര് (KHRAR) എന്ന സ്ഥലത്ത് മുറിയെടുത്ത് അന്ന് താമസിച്ചു.
ജയ്പൂരിലേക്ക്
പിറ്റേദിവസം സെപ്തംബര്‍ 13 ബുധനാഴ്ച രാവിലെ ഉണര്‍ന്നു ജയ്പൂരിലേക്ക് യാത്ര ആരംഭിച്ചു . വാട്ടര്‍ സര്‍വീസ് നടത്താന്‍ കാര്‍ കൊടുത്തിട്ട് പ്രഭാത ഭക്ഷണം കഴിച്ചു . ഞങ്ങള്‍ പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കടന്നു. പച്ച പുതച്ചു കിടക്കുന്ന നെല്‍ വയലുകള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. ഹൈവേയില്‍ തിരക്കില്ല. ഹരിയാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് പ്രവേശിച്ചു. ചോളം കൃഷി കഴിഞ്ഞ് കമ്പുകള്‍ കൂട്ടി വച്ചിരിക്കുന്നു. ധാരാളം കോഴി ഫാമുകള്‍ ഉണ്ട് അവിടെ. പച്ചപ്പ് മാറി വരണ്ട അവസ്ഥ. ഇനി 120 കി.മീ കൂടിയുണ്ട് ജയ്പൂരിലേക്ക് . ദേശീയപാത 48 ലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി.
രാത്രി 8 ന് ജയ്പൂര്‍ പാസ്റ്റല്സെന്ററില് എത്തി. ആലുവ ചുണങ്ങും വേലിയിലുള്ള ഫാ ജിജോ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു. വസ്ത്രങ്ങള്‍ അലക്കാന്‍ വാഷിങ്ങിന് മെഷീനില്‍ ഇട്ടു. അതിനു ശേഷം അവ വിശാലമായ ഊട്ടു മുറിയില്‍ ഫാനിനു കീഴില്‍ ഉണക്കാനിട്ടു. രാത്രി 10.30 തോടെ ഉറങ്ങാന്‍ കിടന്നു .
ലോകത്തിലെ ഏറ്റവും വലിയ പ്രതിമ
സെപ്തംബര്‍ 14 വ്യാഴം രാവിലെ 4 ന് എഴുന്നേറ്റു .5.35 ന് സ്റ്റാച്ചു ഓഫ് യൂണിറ്റി കാണാന്‍ ഗുജറാത്തിലേക്ക് യാത്ര ആരംഭിച്ചു. വഴിയില്‍ ജയ്പൂരിലെ കോട്ടകള്‍ ദൃശ്യമായിരുന്നു. ദേശീയപാത 48 ലൂടെയായിരുന്നു യാത്ര . ഉണങ്ങി വരണ ഭൂമി. എന്നിട്ടും മനുഷ്യര്‍ കഠിനാധ്വാനം ചെയ്തു കൃഷി ചെയ്യുന്നു. മാര്‍ബിളുമായി ബന്ധപ്പെട്ട ഫാക്ടറികള്‍ കണ്ടു. മൂന്ന് വരിപ്പാതയില്‍ മൂന്ന് ലൈനുകളിലും ട്രക്ക് നിരന്നു പോകുന്നു. അധികം കനത്തതല്ലെങ്കിലും മഴ പെയ്യുന്നുണ്ട്.പിന്നീടത് പേമാരിയായി .നാസിരബാദില് നിന്ന് പ്രഭാത ഭക്ഷണംകഴിച്ചു.ഡീസല്‍ കഴിയാറായി.പമ്പുകളെല്ലാം അടച്ചിട്ടിരിക്കുന്നു. 8 കി. മി കൂടിയേ വണ്ടി ഓടുകയുള്ളൂ . പെട്രോള്‍പമ്പുകള്‍ സമരത്തിലാണ്. അവസാനം സ്വകാര്യ പമ്പായ നയാറയില് നിന്ന് ഡീസല്‍ അടിക്കാന്‍ സാധിച്ചത് കൊണ്ട് യാത്ര മുടങ്ങിയില്ല. ഇനി കാര്‍ 800 കി.മീ ഓടിക്കോളും. ഉദയ്പൂരിലേക്ക് വണ്ടി മുന്നോട്ടു നീങ്ങി. ഉച്ചക്ക് ഒന്നിന് ഉദയ്പൂര്‍ എത്തി. രാജസ്ഥാനില്‍ മഴ പെയ്ത് നനഞ്ഞ റോഡുകള്‍ . ദേശീയപാത 48 ലൂടെ തന്നെയാണ് യാത്ര. വഴിയില്‍ ട്രക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടു. ഞങ്ങളുടെ കാര്‍ ഗുജറാത്തിലേക്ക് കടന്നു.
ഇനി 248 കി.മീ കൂടിയുണ്ട് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമയുടെ അരികിലേക്ക്. പിന്നീട് യാത്ര ദേശീയപാത അഞ്ചിലൂടെയായി . മദ്യം വാങ്ങുന്നതോ കുടിക്കുന്ന തോ ഗുജറാത്തില്‍ അനുവദനീയമല്ല എന്ന ബോര്‍ഡുകള്‍ കണ്ടു.ഗൂഗിള്‍ മാപ്പിട്ട് ഊടു വഴികളിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങി. നര്‍മ്മദ നദിയിലെ സര്‍ദ്ദാര്‍ സരോവര്‍ ഡാം പരിസരത്ത് രാത്രി 10.45 ന് എത്തി. രാവിലെ മാത്രമേ അങ്ങോട്ട് പോകാന്‍ സാധിക്കു എന്നു പൊലീസ് പറഞ്ഞു. ഉറങ്ങാന്‍ ഒരു സ്ഥലം തിരഞ്ഞു . അങ്ങനെ രാത്രി 11.20ന് പട്ടേല്‍ ഹോം സ്റ്റൈയില്‍ എത്തി ഉറങ്ങി.
പിറ്റേന്ന് രാവിലെ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് 9.40 ന് ബസില്‍ കയറി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ കാണാന്‍ യാത്രയായി. സെക്യൂരിറ്റി ചെക്ക് അപ്പ് കഴിഞ്ഞ് യന്ത്രപ്പടവുകളിലൂടെ മുകളിലേക്ക്നീങ്ങി. പിന്നീട് ലീഫ്റ്റില്‍ സ്റ്റാച്ചുവിന്റെ മുകളില്‍എത്തി. സുന്ദരമായ കാഴ്ച .ഡാം മുഴുവനും കാണാം. ഡാമുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സംഭവങ്ങള്‍ പത്രക്കട്ടിങ്ങുകള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . ഡാമിനെക്കുറിച്ച് ഡോക്കുമെന്ററി പ്രദര്‍ശനവും അവിടെ നടക്കുന്നുണ്ട് പിന്നീട് ഞങ്ങള്‍ ജംഗിള്‍സഫാരി നടത്തി.
ക്രൂരമ്യഗങ്ങളെ ചില്ലുകൂട്ടിലൂടെ അടുത്തു കണ്ടു. ഉച്ചക്ക് 12.20 ഓടെ ജംഗിള്‍ സഫാരി കഴിഞ്ഞ് ബസില്‍ കയറി പാര്‍ക്കിങ്ങിലേക്ക് നീങ്ങി . അത്ര വലിയ തിരക്കൊന്നും അവിടെ കണ്ടില്ല. കുറച്ചു കൂടെ ഭംഗിയായി അവിടെ എല്ലാം ചെയ്യാമായിരുന്നു എന്ന തോന്നലായിരുന്നു എല്ലാവരുടേതും.
ഉറക്കമില്ലാത്ത യാത്ര
ഇനി ഗോവയിലേക്ക് ആണ് അടുത്ത യാത്ര.964 കി.മീറ്റര്‍ ദൂരമുണ്ട് . 19 മണിക്കൂര്‍ സഞ്ചരിക്കണം. നല്ല മഴപെയ്യുന്നുണ്ടായിരുന്നു. 2.10 ന് ഭക്ഷണം കഴിഞ്ഞ് യാത്ര ആരംഭിച്ചു. ദേശീയപാത 50 ലൂടെ ഗോവയിലേക്ക്. കാര്‍ജന്‍ നദി കടന്ന് മുന്നോട് നീങ്ങി .വളരെ മോശം വഴി. വഴിയില്‍ പാവപ്പെട്ട മനുഷ്യര്‍. മഴയുടെ മൂടി കെട്ടിയ അന്തരീക്ഷം. മിന്തോല പുഴ ക്രോസ് ചെയ്തു . ദേശീയപാത അമ്പത്തിമൂന്നിലേക്ക് പ്രവേശിച്ചു. കൃഷിത്തോട്ടങ്ങളും കോഴി ഫാമുകളുമെല്ലാം വഴിയില്‍ കണ്ടു. കരിമ്പ്, വാഴ, മാവ്, പൂക്കള്‍ എന്നിവയുടെ കൃഷിത്തോട്ടങ്ങള്‍ കാണാം വഴിയരികില്‍. അംബിക നദി ഞങ്ങള്‍ മുറിച്ചു കടന്നു . വാപ്പി വഴിയില്‍ താനെക്ക് സമീപം ഹെവി ട്രാഫിക്ക് ബ്ലോക്ക് ആണ് . വണ്ടികള്‍ ഇഴയുന്നു .റോഡ് വളരെ മോശം . കുണ്ടും കുഴിയുമാണ് വസയ് ക്രീക്ക് വരെ . മുംബൈ നഗരത്തിലേക്ക് കയറാതെ പൂനയിലേക്ക് ഞങ്ങള്‍ യാത്ര ചെയ്തു . ഇടയ്ക്ക് കാറില്‍ തന്നെ ഒരു മണിക്കൂറോളം ഉറങ്ങി . പിന്നീട് രാത്രിയിലും കാര്‍ ഗോവ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.
ലോകം സെപ്തoബര് 16 ശനിയാഴ്ചയിലേക്ക് നീങ്ങുമ്പോള്‍ ഞങ്ങള്‍ യശ്വന്ത്റാവു ചവാന് എക്സ്പ്രസ് വേയിലൂടെ പൂനയിലേക്ക് സഞ്ചരിക്കുകയായിരുന്നു . സമയം പുലര്‍ച്ച ഒരു മണി . പിന്നീട് യാത്ര ബാംഗ്ലൂര്ഹൈവേയിലൂടെയായി. സമയം 5.30 ആയിട്ടും ട്രാഫിക്കിന് കുറവില്ല. മഹാരാഷ്ട്രയില്‍ കരിമ്പ് കൃഷി സമ്യദ്ധമാണ്.ഹൈവേ പണി നടക്കുന്നു. കോലാപൂര്‍ കടന്നു കര്‍ണ്ണാടകയില്‍ എത്തി. നിപ്പാണികടന്ന് ദേശീയപാത 46 ല്‍ നിന്ന് ഗോവയിലേക്ക് തിരിഞ്ഞു. ഗോവ 151 കി.മീഎന്ന ബോര്‍ഡ് കണ്ടു. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേ ശിച്ചു.അമ്പോളി വെള്ളച്ചാട്ടം കണ്ടു. കോടയുടെമൂടല് ഉണ്ടായിരുന്നു. കാട്ടിലൂടെ യുള്ള യാത്ര പിന്നിട്ട് ദേശീയപാത 66 ല്‍ കയറി. ഇനി 40. കി.മീ. കൂടി സഞ്ചരിക്കണം ഗോവയിലേക്ക്. വൈകീട്ട് നാലിന് ഗോവ ബാഗ ബീച്ചിലെത്തി മുറി യെടുത്തു. കടലില്‍ കുളിക്കാന്‍ പോയി. തിരിച്ച് വന്ന് ഒരുങ്ങി ഭക്ഷണത്തിനായി പോയി.
പോര്‍ച്ചുഗീസ് പൈതൃകം പേറുന്ന ഗോവ
സെപ്തംബര്‍ 17 ഞായര്‍ രാവിലെ 10 30 ഓടെ ഞങ്ങള്‍ ബോം ജീസസ് ബസിലിക്കയിലേക്ക് തിരിച്ചു. അന്‍ജുന ബീച്ചും സന്ദര്‍ശിച്ചു. അവിടെ നിന്ന് ഡ്രീം ക്യാച്ചര്‍ വാങ്ങി. ബോം ജീസസിലെത്തി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ അഴുകാത്ത ശരീരം പ്രതിഷ്ഠിച്ചിരിക്കുന്നതു കണ്ടു. അവിടുത്തെ ആര്‍ട്ട് ഗാലറിയും തൊട്ടടുത്തുള്ള ആര്‍ക്കിയോളജിക്കല്‍ മ്യൂസിയവും സന്ദര്‍ശിച്ചു. തകര്‍ന്നു പോയ സെന്റ് അഗസ്റ്റിന് പള്ളിയുടെ പരിസരത്തുകൂടെ സഞ്ചരിച്ചു. പിന്നെ ദേശീയപാത 66 ലൂടെ പാലോലം ബീച്ചിലേക്ക് യാത്രയായി . പാലോലം ബീച്ചില്‍ 5.15 ന് റൂമില്‍ എത്തി. കടലില്‍ കുളിച്ച് വന്ന് ഭക്ഷണം കഴിച്ച് ഉറങ്ങി.
മംഗലാപുരം വഴി കേരളത്തിലേക്ക്
സെപ്തംബര്‍ 18 തിങ്കളാഴ്ച ഫാ. വില്‍സന്റെ ജന്മദിനമായിരുന്നു. എല്ലാവരും അതി രാവിലെ ആശംസകള്‍ നേര്‍ന്നു. രാവിലെ 5.30 ന് മംഗലാപുരം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര ആരംഭിച്ചു. കാര്‍വാര്‍ നേവല്‍ ബേസ് കടന്ന് ഞങ്ങള്‍ ഗോകര്‍ണത്തെത്തി . ഉച്ചക്ക് 12 ന് മംഗലാപുരത്തെത്തി ഉച്ചഭക്ഷണം കഴിച്ച് മാഹിയിലേക്ക് പുറപ്പെട്ടു . കണ്ണൂര്‍ എത്തുന്നതിനു മുമ്പ് ഒരു കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടിരിക്കുന്നത് കണ്ടു. അവിടെ വഴി ബ്ലോക്ക് ആയിരുന്നു. ഉപ്പള, ചിത്താരിപ്പുഴ, കാഞ്ഞങ്ങാട് വഴി ഞങ്ങള്‍ മുന്നോട്ടു നീങ്ങി . 5.50 ന് കണ്ണൂരിലും അവിടെനിന്ന് യാത്ര ചെയ്തു 7.30 ന് മാഹിയിലും എത്തി. സെന്റ് തെരേസാസ് തീര്‍ത്ഥാടനകേന്ദ്രത്തില്‍ കയറി പ്രാര്‍ത്ഥിച്ചു. ആ സമയം പള്ളിയില്‍ അധികം പേര് ഉണ്ടായിരുന്നില്ല. റൂം എടുത്തതിനുശേഷം ഭക്ഷണം കഴിക്കാന്‍ പോയി.
സെപ്തംബര്‍ 19 ചൊവ്വ രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. 5.15 ന് മാഹിയില്‍ നിന്ന് തൃശൂരിലേക്ക് യാത്ര തിരിച്ചു. . അത്യാവശ്യം വണ്ടികള്‍ ഉണ്ട് റോഡില്‍. പണി നടക്കുന്നുണ്ട് .മഴ ചാറി കൊണ്ടിരിക്കുന്നു. വണ്ടി സാവധാനത്തിലാണ് നീ ങ്ങുന്നത്. മലപ്പുറത്തുനിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. 11.30 ന് തൃശൂരില്‍ മുളങ്കുന്നത്തുകാവില്‍ ഞാന്‍ സേവനം ചെയ്യുന്ന സാന്‍ജോസ് ഹോസ്റ്റലില്‍ എത്തി. നേരെ പള്ളിയില്‍ കയറി കൃതജ്ഞതാ ബലിയര്‍പ്പിച്ചു. സിസ്റ്റേഴ്സ് വിശുദ്ധ കുര്‍ബാനയ്ക്ക് എല്ലാം സജ്ജീകരിച്ചിരുന്നു. ആര്‍ക്കും യാതൊരു അപകടവു മില്ലാതെ ഒരു പോറല്‍ പോലും ഏല്ക്കാതെ തിരിച്ചെത്തിച്ച ദൈവത്തിന് മനസ്സു നിറയെ നന്ദിയായിരുന്നു ബലിയര്‍പ്പിക്കുമ്പോള്‍.തുടര്‍ന്ന് ഓരോരുത്തരുടെയു സാധനങ്ങള്‍ വേര്‍തിരിച്ചു. ഫാ.സീമോന്‍ യാത്രയുടെ മൊത്തം ചെലവ് കണക്കാക്കി . ഓരോരുത്തരും അവരുടെ ഭാഗം പങ്കുവെച്ചു.ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അല്പസമയത്തെ വിശ്രമത്തിനുശേഷം ഞാനൊഴികെ മൂന്നുപേരും അവരുടെ പള്ളികളിലേക്കും സ്ഥാപനങ്ങളിലേക്കും യാത്രയായി .
ജീവിതത്തില്‍ പച്ചപ്പുള്ള ഒരുപാട് സുന്ദരമായ ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചു കൊണ്ടാണ് 22 ദിവസങ്ങള്‍ നീണ്ട 9000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഞങ്ങളുടെ യാത്ര അവസാനിച്ചത്. ഹിന്ദി അറിയാത്ത ഞങ്ങള്‍ക്ക് ഭാഷ ഒരിക്കലും ഒരു വിലങ്ങു തടിയായില്ല.യാത്ര മനുഷ്യരെ കുറച്ചുകൂടെ വിശാല ഹൃദയരും പുതുദര്‍ശനങ്ങളുള്ളവരും നവചൈതന്യമുള്ളവരുമാക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടു. ഭാരതത്തിന്റെ പൈതൃകത്തിലും സംസ്കാരത്തിലുമുള്ള അഭിമാനബോധത്തോടെ അനുഭവങ്ങള്‍ സമ്മാനിച്ച നവചൈതന്യത്തോടെയാണ് ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ അജപാലന ശുശ്രൂഷയിലേക്ക് മടങ്ങിയത്.