കൊച്ചി :ഏകീകൃത കുർബാന സംബന്ധിച്ച വിഷയം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 5 മുതൽ 7 വരെ ഓൺലൈനിലാണ് യോഗം ചേരുന്നത്.
സിനഡ് തീരുമാനം എന്ന പേരിൽ സിനഡിന് മുൻപേ സർക്കുലർ പുറത്തിറങ്ങിയത് നേരത്തെ വിവാദമായിരുന്നു. സർക്കുലർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം.
എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം മാത്രമാണ് രണ്ടുമണിക്കൂർ നീളുന്ന സിനഡ് സമ്മേളനത്തിന്റെ അജണ്ട. ജൂലൈ 3 നകം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കും എന്നായിരുന്നു സർക്കുലർ.
ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ നിർദ്ദേശിച്ചിരുന്നു.സർക്കുലറിനെതിരെ എതിർവിഭാഗം നിലപാട് ശക്തമാക്കിയതിനിടെയാണ് സിനഡ്സമ്മേളനം ചേരുന്നത്. സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് എതിർവിഭാഗത്തിന് നിലപാട്. എതിർപ്പ് ശക്തമാണെങ്കിലും സർക്കുലറിന് വിരുദ്ധമായ ഒരു തീരുമാനവും ഇന്നത്തെ സിനസ് സമ്മേളനത്തിൽ ഉണ്ടാവാൻ സാധ്യത കാണുന്നില്ല .