ഡബ്ലിന്‍ : അയര്‍ലണ്ടിലെ മലയാളി വൈദികരുടെ സേവനം ഏറെ ശ്ലാഘനീയമാണെന്ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര വ്യക്തമാക്കി. കേരള റോമന്‍ ലത്തീന്‍ കത്തോലിക്ക വൈദികരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. ഒരു കാലഘട്ടത്തില്‍ അയര്‍ലണ്ടില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഭാരതത്തില്‍ എത്തി വിശ്വാസമേഖലയില്‍ മാത്രമല്ല സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലും മിഷണറിമാര്‍ സേവനം ചെയ്തു. ഭാരതത്തിന് അത് അനുഗ്രഹപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ഇന്ന് ഭാരതത്തില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള പുരോഹിതര്‍ ഇവിടെ വന്ന് വിവിധ മണ്ഡലങ്ങളിലായി നല്കുന്ന സേവനങ്ങള്‍ വിലയേറിയതാണെന്ന് ഐറിഷ് ജനത പലപ്പോഴായി തന്നോട് പറഞ്ഞിട്ടുള്ളത് അഭിമാനത്തോടെ താന്‍ അനുസ്മരിക്കുന്നു. മറ്റ് സഭാ വിഭാഗങ്ങളിലെ പുരോഹിതര്‍ മലയാളികളായ തങ്ങളുടെ സഭയില്പ്പെട്ടവര്ക്കായി സേവനം ചെയ്യുമ്പോള്‍ ലത്തീന്‍ സഭയിലെ വൈദികരാണ് ഐറിഷ് ജനതയ്ക്കുവേണ്ടി സേവനം ചെയ്യുന്നത്.
ക്രൈസ്തവ പുരോഹിതര്‍ക്ക് വിവിധ തലങ്ങളില്‍ ലഭിക്കുന്ന അറിവ് സമൂഹത്തിന് ആകെമാനം നന്മയായി ഭവിക്കുന്നു. വിവിധ തലങ്ങളില്‍ ഭാരതീയര്‍ പ്രത്യേകിച്ച് മലയാളി നഴ്സുമാര്‍ ചെയ്യുന്ന സേവനങ്ങള്‍ ആത്മാര്‍ത്ഥതയുള്ളതും വിലയേറിയതുമാണെന്നും ഐറിഷ് ജനത തുറന്ന് സമ്മതിക്കുന്നുണ്ട്.
ഇന്ത്യന്‍ തത്വശാസ്ത്രവും കലാ-സാംസ്ക്കാരിക മേഖലകളിലെ മൂല്യവത്തായ കാര്യങ്ങളും ഐറിഷ് ജനതയുമായി സംവദിക്കാന്‍ വൈദികര്‍ മുന്നോട്ടു വച്ച ആശയങ്ങളെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും അതിനായുള്ള അവസരങ്ങള്‍ ഒരുക്കാന്‍ എംബസിയും സദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ വൈദികര്‍ അദ്ദേഹത്തെ ധരിപ്പിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായുള്ള പേപ്പര്‍ വര്‍ക്കുകളും മരണമുണ്ടായാല്‍ നാട്ടിലെത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങളും കാലതാമസങ്ങളും കാലതാമസം നേരിടാതെ തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് വൈദികര്‍ ആവശ്യപ്പെട്ടു.
വരാപ്പുഴ, തിരുവനന്തപുരം അതിരൂപതകളിലേയും കൊച്ചി, ആലപ്പുഴ എന്നീ രൂപതകളിലേയും കര്‍മ്മലീത്ത, പി.എം.ഐ എന്നീ സന്ന്യാസ സഭകളിലെയും വൈദികര്‍ അംബാസിഡറെ സന്ദര്‍ശിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.