ഡോ. ഗാസ്പര്‍ സന്യാസി
കൂറിലോസ് തിരുമേനിക്ക് ഇടതുപക്ഷമെന്നാല്‍ ഏറ്റവും കുറഞ്ഞത് കേരളത്തിലെങ്കിലും കമ്യൂണിസ്റ്റ് ഇന്ത്യാപാര്ട്ടിയാണ്. ബ്രാക്കറ്റില്‍ മാര്‍ക്സിസം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇടതുപക്ഷത്തെക്കുറിച്ച് ധാരണപ്പിശക് ഉള്ളതുകൊണ്ടല്ല അത്. പൗലോസ് മാര്‍ പൗലോസിനുശേഷം മാര്‍ക്സിസ്റ്റ് വേദികളില്‍ ഒഴിഞ്ഞുകിടക്കുന്ന പുരോഹിത-ബുദ്ധിജീവികൾക്കായുള്ള സംവരണക്കസേരയില് ഇരിക്കണമെങ്കില്‍ അതങ്ങനെ തന്നെ ആയിരിക്കണമെന്ന് ഒരുവിധം ചിന്തിക്കുന്നവര്‍ക്കറിയാം. പാര്‍ട്ടി നേതൃത്വത്തിലെ ഏറ്റവും ശക്തനായ സ്വാധീനമുള്ള പൊളിറ്റ്ബ്യൂറോ മെമ്പര്‍ എന്ന കേരളത്തിന്റെ ഭരണത്തലപ്പത്ത് ഉള്ളായാളെ രക്ഷക അവതാരം എന്ന പോലെ വാഴ്ത്തി തുടങ്ങിയ നാള് തൊട്ട്, പുരോഹിത വസ്ത്രത്തെ ചുവപ്പാക്കി അണിഞ്ഞതുവരെ താന്‍ ഈയൊരു നിലപാടിലായിരുന്നെന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലാണ് തിരുമേനി വെളിപ്പെടുത്തിയത്. പക്ഷേ അദ്ദേഹത്തിന് അറിയാതെ ഒരു അമളി പറ്റി. ഇടതുപക്ഷത്തിന് പൊതുവേ ബാധകമെന്ന് തത്വത്തിലെങ്കിലും പറയുന്ന സ്വയം വിമര്‍ശനം ഈ നാട്ടിലെ പാര്‍ട്ടിക്ക് ബാധകമല്ലായെന്ന യാഥാര്‍ത്ഥ്യം ഒരു നിമിഷത്തേക്ക് അദ്ദേഹം മറന്നുപോയി.
ഈ പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹത്തിന് ഒരു ചുക്കുമറിയില്ലായെന്ന് മാത്രമല്ല വിവരദോഷം ചര്‍ച്ചയ്ക്കായി എഴുന്നള്ളിക്കുകയും ചെയ്തു. വിവരദോഷിയെന്നല്ലാതെ പിന്നെന്ത് വിളിക്കണം. എന്നാണ് ഇടതുവശ ചോദ്യം. ”ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം നാലണ” എന്ന ലൈനില്‍ കാര്യങ്ങള്‍ നീങ്ങുമ്പോഴാണ് വിവരദോഷികളുടെ വക വിമര്‍ശനം. വിവരദോഷി എന്ന പ്രയോഗത്തില്‍ ഒതുങ്ങിയില്ലേയെന്ന് കരുതി സമാധാനിച്ചാല്‍ മതിയെന്നാണ് പിന്നാമ്പുറ പറച്ചിലുകള്‍.
ഇതിനിടയിലാണ് റെ- ലൂക്കാച്ചന് എന്ന ഇടതുപക്ഷ സഹയാത്രികന് തന്റെ ചിത്രരചന പാടവം തെളിയിച്ച് രംഗത്തെത്തിയത്. രംഗപടം തൃശൂര്‍ അങ്കത്തട്ട് തന്നെ. ആര് തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളിപ്പറയില്ല എന്ന പാര്‍ട്ടി ചാവേര്‍ സിദ്ധാന്തത്തിന്റെ പ്രയോജകനാണ് റെ- ലൂക്കാച്ചന്. ”രാഷ്ട്രീയ നിരീക്ഷകന്” എന്ന പുത്തന്‍ സ്റ്റാര്‍ട്ട് അപ്പിന്റെ മുന്നിരക്കാരന്. ജേര്ണലിസ്റ്റിക്ക് തന്ത്രങ്ങള്‍ കൈവശമുള്ളയാള്‍. സാംസ്ക്കാരിക നഗരിയില്‍ നിന്ന് ലോകസഭയിലെത്തിയത് സുരേഷ്ഗോപിയാണെന്ന സത്യം ആള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ഉര്‍വ്വശീശാപം ഉപകാരമായെന്നുകരുതി ഉള്ളാലെ ചിരിച്ച് പുറമെ കരയുന്ന കെ.മുരളീധരനും, വി.എസ്. സുനില്‍കുമാറിനും ഇല്ലാത്ത കുണ്ഠിതവും വ്യസനവും കൊണ്ട് തൃശൂരിലെ സകലമാന ക്രിസ്ത്യാനികളേയും ചീത്തവിളിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് ലൂക്കാച്ചന്.
കൂറിലോസ് തിരുമേനിയുടെ വിവരദോഷ-അസ്കിത പ്രശ്നത്തിലും ലൂക്കാച്ചന്റെ സുരേഷ്ഗോപി ചിത്രപ്രദര്ശനത്തിലുമുള്ളത് സമാന സൈദ്ധാന്തിക പ്രശ്നമാണെന്ന് നാട്ടിലെ ജനാധിപത്യ ബോധമുള്ള പൗരസമൂഹം തിരിച്ചറിഞ്ഞ ജാള്യതയാണ് പൊതുസമൂഹത്തില്‍ ഇപ്പോള്‍ തലതാഴ്ത്തിനില്‍ക്കുന്ന പാര്‍ട്ടി അനുഭാവികളുടെ പൊതുഭാവം. എന്താണ് ഈ ജാള്യതയുടെ അടിസ്ഥാനം? സംഗതി സിംപിളാണ്, അതായത് നാട്ടിലെ സകലമാന വോട്ടുകളും പാര്‍ട്ടികളുടേയും മതങ്ങളുടേയും കള്ളികളിലാണെന്നും പൗരസമൂഹത്തെ കിഴങ്ങന്മാര് (പണ്ട് കഴുതകള്‍ ആയിരുന്നു. ഇപ്പോള്‍ കഴുതപ്പാലിന്റെ ഗുണവും വിലയും കേട്ട് ആ പ്രയോഗം പിന്‍വലിച്ചെന്ന് തോന്നുന്നു.) തിരഞ്ഞെടുപ്പ് ദിവസം ബൂത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെട്ട് അവരവര്‍ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ കല്പ്പിച്ചു നല്‍കിയിരിക്കുന്ന ചിഹ്നങ്ങളില്‍ വിരലമര്‍ത്തി, ചൂണ്ടുവിരലില്‍ ചായം പുരട്ടി ജനാധിപത്യ വിശ്വാസികളായി തിരികെ ഭവനങ്ങളിലെത്തിക്കൊള്ളമെന്ന പാര്ട്ടിമത ഡിക്ടാസുകള് അനുസരിച്ച് നീങ്ങണമെന്നുമാണ് നിര്‍ദ്ദേശം. ഇതിന് പ്രകാരം തൃശൂരിലെ ഗോപി വിജയം ക്രിസ്റ്റ്യന്‍ വോട്ടിന്റെ വെള്ളിത്താലത്തിലാണെത്തിയത് എന്നാണ് ലൂക്കാച്ചിന്റെ വിശേഷം. പാര്‍ട്ടി വോട്ടുകള്‍ അച്ചട്ടായിരുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ മറിഞ്ഞും, ക്രിസ്റ്റ്യന്‍ വോട്ടുകള്‍ തിരിഞ്ഞു. അന്തര്‍ധാര പ്രബലപ്പെട്ടു. ഘടകക്ഷികള്‍ വട്ടം തിരിഞ്ഞ് തുടങ്ങിയ പ്രയോഗങ്ങള്‍ക്കപ്പുറത്ത് ഒരുത്തരം ഒന്നും പറയണ്ട എന്ന പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ പാവം നടത്തിപ്പുകാരനായ നിരീക്ഷകന് പടം വരയ്ക്കലല്ലാതെ വേറെ നിവൃത്തിയില്ല. അണ്ണാന്‍കുഞ്ഞിന്റെ സേതുബന്ധ ശ്രമമെന്നല്ലാതെ മറ്റെന്തു പറയേണ്ടൂ. പാര്‍ട്ടി എന്ത് കൊണ്ട് തോറ്റു എന്ന സിംപിളായ ചോദ്യത്തിന് കൂറിലോസ് തിരുമേനിയുടേതുപോലുള്ള വിവരദോഷമായ ഉത്തരമല്ല നമുക്ക് വേണ്ടത് എന്നും ഗുളികപ്പരുവത്തിലുള്ള വര്‍ഗീയ പഞ്ചസാര പുരട്ടിയ ഉരുപ്പടികള്‍ ഓഫീസില്‍ നിന്നും വിതരണം ചെയ്യുമെന്നും അത് ലൂക്കാച്ചിനെ പോലെ തൊണ്ട തൊടാതെ വിഴുങ്ങി ഏമ്പക്കം വിട്ട് നില്ക്കാന് പഠിക്കണമെന്നും പാവം കൂറിലോസ് പിതാവുണ്ടോ അറിയുന്നു. ഇരുമ്പുലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്ന തന്ത്രം കൂടി തിരുമേനി ഇനിയും പഠിക്കാനുണ്ട്.
സുരേഷ്ഗോപിയുടെ വിജയം കണ്ട് കണ്ണ് മഞ്ഞളിച്ച സുരേന്ദ്രാദികള്‍ വിജയാവകാശ ദിനം ആഘോഷിക്കുകയാണ്. ജോര്‍ജ് കുര്യന്റെ മന്ത്രിപദം ക്രിസ്റ്റ്യന്‍ വോട്ടുകള്‍ക്കുള്ള സുഖിപ്പിക്കലാണെന്നാണ് മാധ്യമവ്യാഖ്യാനം. അവിടെ പിന്നെ ജാതി-മത വര്‍ഗീയ കളികള്‍ക്ക് യാതൊരു പഞ്ഞവുമില്ലല്ലോ. തിരുവനന്തപുരത്തെ ഒ. രാജേട്ടന്റെ വിജയത്തിന്റെ ഒറ്റയടിപ്പാത തന്നെയാണ് തൃശൂരെ ഗോപിയേട്ടന്റേതുമെന്ന സത്യം അട്ടിമറിക്കപ്പെടുന്നതിന്റെ കാണപ്പെടുന്ന അടയാളമാണ് ജോര്‍ജ് കുര്യന് എന്ന മന്ത്രി. എന്തായാലും കിട്ടിയത് കിട്ടിയത് തന്നെ. ആയതിനാല്‍ വര്‍ഗ-വര്‍ഗീയ കളികള്‍ക്കപ്പുറം ജനാധിപത്യം എന്ന ഒരു സത്യമുണ്ട് എന്ന പ്രകാശം പരത്തുന്ന വാക്യം വായിക്കണമെങ്കില്‍ നായിഡുവിന്റെയും നിതീഷ്കുമാറിന്റെയും മധ്യേ മങ്ങി നില്ക്കുന്ന മോദിയുടെ മുഖത്തേക്ക് നോക്കിയാല്‍ മതി. മങ്ങിച്ചുരുങ്ങിയ ആ കാര്‍മേഘ മുഖത്തിനു പുറകില്‍ രജതത്തിളക്കമായി ഈ ജനാധിപത്യവാക്യം രജതരേഖയായി തിളങ്ങുന്നതുകാണാം. എന്താണ് സത്യം, സുരേഷേട്ടന്റെ ചിത്രമല്ല ലൂക്കാച്ചാ സത്യം, കൂറിലോസ് തിരുമേനിയുടെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ. ജനാധിപത്യം വെള്ളപ്പൊക്കക്കാലത്തെ വെള്ളപ്പാച്ചിലുപോലെയാണ്. അത് നഷ്ടപ്പെട്ടതും തടയപ്പെട്ടതുമായ ഇടങ്ങള്‍ ഓര്‍ത്തെടുക്കും, തിരിച്ചുപിടിക്കും, തിരിച്ചു പിടിച്ചിരിക്കും! പടങ്ങള്‍ കൊണ്ട് അത് തടയാന്‍ പറ്റില്ല. കൂറിലോസ് പറഞ്ഞ വിവരദോഷം എന്ന കിറ്റുകൊണ്ടും അത് തടയാന്‍ പറ്റില്ല. അതാണ് ജനാധിപത്യം.
പിന്‍കുറിപ്പ്ഃ
എന്താണെന്നറിയില്ല നായിഡുവിന്റെയും നിതീഷ്കുമാറിന്റെയും നടുവിലായി മങ്ങിയ മുഖത്തോടെ നടന്നുവരുന്ന മോദിയെ കണ്ടപ്പോള്‍ മയക്കുവെടിയേറ്റ് ലോറിയിലേക്ക് കയറുന്ന അരിക്കൊമ്പനെ താന്‍ ഓര്‍ത്തുവെന്ന് കൂട്ടുകാരിയുടെ ഇന്‍സ്റ്റാ പോസ്റ്റ്! എന്താണാവോ? ങാ! എന്തെങ്കിലുമാകട്ടെ ! അല്ല പിന്നെ.