രണ്ടുമാസക്കാലം ആട്ടവുമനക്കവുമില്ലാതെ അടഞ്ഞുകിടന്ന സ്കൂളുകൾ മദ്ധ്യവേനൽ അവധികഴിഞ്ഞ് വീണ്ടും തുറക്കുകയാണ് .ഇനി മക്കൾക്ക് സ്കൂളിലേക്ക് ടിഫിൻ കൊടുത്തുവിടൽ എന്നൊരു പണികൂടി അമ്മമാരുടെ ചുമതലയിലാവും . എളുപ്പത്തിൽ ഒപ്പിക്കാൻ അമ്മമാർ ആദ്യം തെരഞ്ഞെടുക്കുന്നത് ഇൻസ്റ്റന്റ് നൂഡിൽസ് പാക്കറ്റായിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എന്നതാണ് ആദ്യ ആകർഷണം .മാത്രമല്ല വിശപ്പുമാറാനും നൂഡിൽസ് ധാരാളം .പിള്ളേർക്കാണെങ്കിലോ വലിയ ഇഷ്ടം .
രാത്രിയെന്നോ പകലെന്നോ നട്ടപ്പാതിരയെന്നോ ഇല്ലാതെ വീട്ടമ്മമാരും ജോലിക്ക് പോകുന്ന അമ്മമാരും വളരെ അപൂർവ്വം അച്ചന്മാരും നൂഡിൽസിനെ ആശ്രയിക്കാറുണ്ട്. കൊതിയൂറും രുചി തന്നെയാണ് നൂഡിൽസിൽ അഭയം കണ്ടെത്താൻ പലരേയും പ്രേരിപ്പിക്കുന്നതെന്നത് മറ്റൊരു കാര്യം. ഈ നൂഡിൽസ് കുഞ്ഞുങ്ങൾക്കും വലിയവർക്കും അത്ര ആരോഗ്യദായകമാണോ എന്നൊന്നും നമ്മളാരും ചിന്തിച്ചിട്ടില്ല .
നൂഡില്സിനെക്കുറിച്ച് കുറച്ച് വിവരങ്ങൾ അറിയാം .തുടർന്ന് വായിക്കുക .
ആദ്യത്തെ കാര്യം,നൂഡിൽസിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ പോഷക ഗുണങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് . പകരം ഉയർന്ന കലോറിയുള്ള ഭക്ഷണമാണ് ഇത്. സ്ഥിരം ഇൻസ്റ്റന്റ് നൂഡിൽസിന്റെ ഉപയോഗം പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും .
ഇതിൽ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയിരിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം . നൂഡിൽസിന് രുചി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇവ പൊതുവെ സുരക്ഷിതമാണെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പറയുന്നത്. എന്നാൽ ഇതിന് പാർശ്വഫലങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നതനുസരിച്ച് ഉയർന്ന എംഎസ്ജി ഉപഭോഗം ശരീരഭാരം, തലവേദന, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്.
ന്യൂഡിൽസിൽ ഉയർന്ന അളവിൽ സോഡിയം ഉണ്ട്. ഇത് നമ്മുടെ അവയവങ്ങളെ നശിപ്പിക്കുമെന്നാണ് പഠനങ്ങൾ .കൂടാതെ രക്താതിമർദ്ദം , ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായെക്കാം . ഹൃദ്രോഗ പ്രശ്നങ്ങളൊക്കെ ഉള്ളവർ അതുകൊണ്ട് തന്നെ ഈ വഴി പോകരുതെന്ന് സാരം.
മൈദ കൊണ്ടാണ് മിക്കവാറും നൂഡിൽസ് തയ്യാറാക്കാറുള്ളത്
ധാന്യങ്ങളെ അപേക്ഷിച്ച് മൈദയിൽ നാരുകളും അവശ്യ പോഷകങ്ങളും കുറവാണ്. വലിയ അളവിൽ മൈദ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഇവ കഴിക്കുന്നത് അമിതവണ്ണം, മെറ്റബോളിക് സിൻഡ്രോം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കും കാരണമാകും.അതുകൊണ്ട് ന്യൂഡിൽസ് പാക്കറ്റ് എടുക്കാൻ വരട്ടെ .കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളതല്ല ,അവർക്ക് ആരോഗ്യം പകരുന്ന ടിഫിൻ കൊടുത്തയക്കാം.