ജെയിംസ് അഗസ്റ്റിന്
‘ഏതു പാട്ടാണ് കൂടുതല്‍ തവണ വായിച്ചിട്ടുള്ളത് ?’
എല്ലാ വര്‍ഷവും തിരുനാളിനു വരുന്ന ബാന്‍ഡിലെ ക്ലെര്നെറ്റ് വായിക്കുന്ന ഏറ്റവും മുതിര്‍ന്ന അംഗത്തിനോട് ചോദിച്ചു. ഒരു മാത്രപോലും ആലോചിക്കാതെ ഉത്തരം പറഞ്ഞു .
‘നന്മ നേരും അമ്മ
വിണ്ണിന് രാജകന്യ
ധന്യ സര്വവന്ദ്യ
മേരി ലോകമാതാ ‘
‘ബാന്‍ഡില്‍ ചേര്‍ന്ന കാലം മുതല്‍ ഇന്ന് വരെ ഞാന്‍ ഈ പാട്ടു വായിച്ചിട്ടുണ്ട്. ഈ പാട്ട് വായിക്കാതെ ഞങ്ങള്‍ ഒരു പെരുന്നാളും പൂര്‍ത്തിയാക്കിയിട്ടില്ല. പരിശുദ്ധ മാതാവിനെക്കുറിച്ചുള്ള പാട്ടായതു കൊണ്ട് എല്ലാ പള്ളികളിലും ഈ പാട്ട് അവതരിപ്പിക്കാറുണ്ട് ‘
അദ്ദേഹം നന്മ നേരും അമ്മ എന്ന് പറഞ്ഞെങ്കിലും ഗാനരചയിതാവ് നന്മ ചേരും അമ്മ എന്നാണ് എഴുതിയത്. 1971 -ല്‍ പുറത്തിറങ്ങിയ അപരാധി എന്ന സിനിമയിലെ ഗാനമാണ് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ മരിയഭക്തിഗാനമായി ഇന്നും ആലപിക്കപ്പെടുന്നത്.
പി.എന്‍. സുന്ദരം സംവിധാനം ചെയ്ത സിനിമയില്‍ പ്രേംനസീര്‍, മധു, ഷീല, ജയഭാരതി എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍ക്കു ജീവന് നല്‍കിയത്.
പി. ഭാസ്കരന് എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയത് ബംഗാളില്‍ നിന്നും വന്നു ഭാരതത്തിലെ മുഴുവന്‍ സംഗീതാസ്വാദകരുടെയും പ്രിയപ്പെട്ടവനായി മാറിയ സലില്‍ ചൗധരിയാണ്. നൂറിലധികം മലയാളം സിനിമാ ഗാനങ്ങള്‍ക്ക് സലില്‍ ചൗധരി സംഗീതം നല്‍കിയിട്ടുണ്ട്. പി. ഭാസ്കരന് ആയിരത്തിലേറെ ഗാനങ്ങള്‍ എഴുതിയിട്ടുമുണ്ട്. എന്നാല്‍ ഇരുവരും ചേര്‍ന്നുള്ള നാലു പാട്ടുകള്‍ മാത്രം കേള്‍ക്കാനേ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായുള്ളൂ. അപരാധി എന്ന സിനിമയിലേതാണ് ഈ നാലു പാട്ടുകളും. നന്മ ചേരും അമ്മ എന്ന ഗാനം രണ്ടു കുഞ്ഞുങ്ങളാണ് പാടിയത്. ഇപ്പോഴത്തെ പ്രശസ്ത ഗായിക സുജാതയും സുജിത്തുമായിരുന്നു ഗായകര്‍ എന്നാണ് റെക്കോര്‍ഡിന്റെ ലേബലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചില രേഖകളില്‍ ലതാ രാജുവിന്റെ പേരും കാണുന്നുണ്ട്.
കാസെറ്റുകളുടെ കാലത്തിനു മുന്‍പേ ഇറങ്ങിയ സിനിമയായതിനാല്‍ ഇ.പി. റെക്കോര്‍ഡിലാണ് പാട്ടുകള്‍ വിപണിയിലെത്തിയത്. 1963-ല്‍ ലൂ ഓട്ടന്‍സ് എന്ന ഡച്ച് ശാസ്ത്രജ്ഞന് കസെറ്റ് കണ്ടുപിടിച്ചെങ്കിലും ഇന്ത്യയില്‍ പ്രചാരത്തിലെത്തുന്നത് 1977 നു ശേഷമാണ്. ഇ.പി. റെക്കോര്‍ഡുകളും റെക്കോര്ഡ്പ്ലെയറുകളും സമ്പന്നകുടുംബങ്ങളില്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. രണ്ടു പാട്ടുകള്‍ മാത്രമുള്ളൊരു റെക്കോര്‍ഡ് വാങ്ങുന്ന തുകയുണ്ടെങ്കില്‍ രണ്ടു സെന്റ് സ്ഥലം കിട്ടുന്ന കാലം. എന്നാലും സംഗീതപ്രേമികള്‍ അന്നത്തെ വന്‍തുക കൊടുത്തു റെക്കോര്‍ഡുകള്‍ വാങ്ങിയിരുന്നു. ഇന്നും ആ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചു വച്ചു അതില്‍ നിന്നും ‘അനലോഗ് ‘ ഓഡിയോയുടെ ശ്രവണസുഖം ആസ്വദിക്കുന്നവര്‍ നമുക്കിടയിലുണ്ട്.
നന്മ നേരും അമ്മ എന്ന് മലയാളികള്‍ ഏറ്റു പാടിയ ഈ ഗാനം നമ്മുടെ തിരുകര്‍മ്മങ്ങളിലും പാടാറുണ്ട്. പല ദേവാലയങ്ങളിലെയും ദിവ്യബലിയിലെ സമാപന ഗാനമായി ഏറ്റവുമധികം ആലപിക്കപ്പെട്ടൊരു പാട്ടാണിത്.
ബംഗാളിയുടെ പാട്ടു മലയാളിയുടെ നിത്യനിര്‍മല ഗാനമായി മാറുകയായിരുന്നു.