അഭിലാഷ് ഫ്രേസര്‍
‘മോട്ടിവേഷന്‍’ വിപണിയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഒരു വില്പനച്ചരക്കായി മാറിയിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കൊവിഡ് കാലത്ത് വിഷാദരോഗങ്ങളും മാനസിക പ്രശ്നങ്ങളും മഹാമാരി പോലെ പടര്‍ന്ന വളക്കൂറുള്ള മണ്ണില്‍ ആര്‍ത്തുവളര്‍ന്ന ഒരു ബിസിനസാണ് മോട്ടിവേഷന്‍. ഇപ്പോള്‍ ആര്‍ക്കും എവിടെ നിന്നും ഒരു മോട്ടിവേറ്ററാകാം എന്നതാണ് സ്ഥിതി. മഴക്കാലത്ത് മുളയ്ക്കുന്ന കൂണുകള്‍ പോലെയാണ് മോട്ടിവേറ്റര്‍മാര്‍ മുളച്ചുപൊന്തുന്നത്. ആര്‍ക്കും ആരെയും ഊതിവീര്‍പ്പിക്കാവുന്ന സോഷ്യല്‍ മീഡിയ ഉള്ളപ്പോള്‍ ആര്‍ക്കും ഒരു കിംഗ്മേക്കറാകാം! പിന്നെ അവരാണ് പല്ലിയെ പോലെ ഈ ലോകമെന്ന ഉത്തരത്തെ താങ്ങുന്നതെന്ന അഹന്തയോടെ വേദികളില്‍ കയറി നിന്ന് അസഭ്യം പുലമ്പാം എന്ന സ്ഥിതിയായിരിക്കുന്നു.
ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ റീലുകള്‍ പലതും ഇപ്പോള്‍ മോട്ടിവേറ്റര്‍മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് ഒരു യോഗ്യതയും ഉണ്ടായിട്ടല്ല ഇവരില്‍ പലരും മോട്ടിവേറ്റര്മാരാകുന്നത്. എന്തെങ്കിലുമൊക്കെ റഫര്‍ ചെയ്തു കിട്ടിയ അല്പജ്ഞാനവുമായി മനുഷ്യമനസ്സിനെ ഉത്തേജിപ്പിക്കാനെന്ന പേരില്‍ ഇറങ്ങിയ മുറിവൈദ്യന്മാരാണ് പലരും. അറിവിന്റെയോ ചിന്തയുടെയോ ആഴം എന്നൊന്ന് ഇവരുടെ സംഭാഷണങ്ങളില്‍ കാണാനില്ല. പലപ്പോഴും ഇവരില്‍ ഭൂരിഭാഗം പേരും സാമ്പത്തികമായാണ് മോട്ടിവേഷനെ നിര്‍വചിക്കുന്നത്.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ലക്ഷ്യങ്ങളാണ് സാധാരണക്കാരെ മോഹിപ്പിക്കുന്നത്. ഈ ദൗര്‍ബല്യത്തെ മുതലെടുത്താണ് ഇവരുടെ വളര്‍ച്ച.
യഥാര്‍ത്ഥ മോട്ടിവേഷന്‍ ജീവിതത്തെ കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടില്‍ നിന്ന് ഉരുത്തിരിയേണ്ട ഒന്നാണ്. സാമ്പത്തികം എന്നത് അതില്‍ ഒന്നു മാത്രമാണെന്ന സത്യം ലാഭേച്ഛയാല്‍ സ്വയം മോട്ടിവേറ്റ് ചെയ്യപ്പെട്ട ഈ മോട്ടിവേറ്റര്‍മാര്‍ മറന്നുപോകുന്നു. നേട്ടങ്ങളുണ്ടാക്കുക, ലാഭം കൊയ്യുക. ഈ തത്വം മാത്രം തലയണമന്ത്രം പോലെ മനുഷ്യന്റെ തലച്ചോറിലേക്ക് അടിച്ചുകയറ്റുന്ന സംഭാഷണങ്ങള്‍. അതിനപ്പുറമുള്ള ഉയര്‍ന്ന ലക്ഷ്യങ്ങള്‍ സൗകര്യപൂര്‍വം മറന്നുകളയുന്നു എന്നത് പോകട്ടെ, ജീവിതത്തിലെ സാമാന്യ മര്യാദകള്‍ പോലും ഇവരുടെ ക്ലാസുകളില്‍ അന്യമാണ്. ഇവരില്‍ ചിലരുടെയും ജീവിതത്തില്‍ പോലും സാമാന്യ മര്യാദകളും അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളും ഇല്ല എന്നു തെളിയിക്കുന്നതായിരുന്നു, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന പ്രശസ്ത കിംഗ്മേക്കര്‍ മോട്ടി’വേട്ടറുടെ’ (അതെ വേട്ടക്കാരന് തന്നെ!) തെറി-വീഡിയോ.
നേരത്തെ പറഞ്ഞതുപോലെ, സമഗ്രമായ ജീവിതവീക്ഷണമാണ് മനുഷ്യന് ആവശ്യം. അതില്‍ മനുഷ്യത്വമുണ്ട്, ആധ്യാത്മികതയുണ്ട്, സാമ്പത്തികമുണ്ട്, ബൗദ്ധികതയും കലയും സാഹിത്യവും കായികവിനോദങ്ങളുമുണ്ട്. ഇതില്‍ നിന്ന് ഒന്നു മാത്രമെടുത്ത്, ഏറ്റവും വിപണി മൂല്യമുള്ള (മാര്‍ക്കറ്റ് വാല്യു) ഒരു ഘടകം മാത്രമെടുത്ത് ഊതിവീര്‍പ്പിച്ച് ചന്തയിലെന്നതുപോലെ വില്‍ക്കുന്ന മോട്ടിവേട്ടര്മാര് സത്യത്തില്‍ മനുഷ്യമനസ്സിന്റെ വ്യാമോഹങ്ങളെ വേട്ടയാടുന്നവരാണ്. ആ വേട്ടക്കാരുടെ കെണിയില്‍ വീണു കഴിയുന്നവര്‍ കിംഗ്മേക്കര്‍ വാങ്ങുന്നതുപോലെ മണിക്കൂറിന് നാലുലക്ഷവും അതിലേറെയും അതിന്റെ ഇരട്ടിയുമൊക്കെ വാങ്ങും.
നമ്മുടെ കാലഘട്ടത്തില്‍ മനുഷ്യന് ഒരു ദിശയിലേക്കു മാത്രം വളരുന്നതിന്റെ കാരണം നമ്മുടെ അറിവോടെയോ അല്ലാതെയോ നമ്മള് ‘മോട്ടിവേട്ട’ ചെയ്യപ്പെടുന്നതുകൊണ്ടാണ്.
സോഷ്യല്‍ മീഡിയ നമ്മെ ‘മോട്ടിവേട്ട’ നടത്തുന്നുണ്ട്. മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും നമ്മുടെ മനസ്സിനെ ഹൈജാക്ക് ചെയ്യുന്നുണ്ട്. നമുക്ക് സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നില്ല, സ്വന്തമായി തീരുമാനം എടുക്കാന്‍ സാധിക്കുന്നില്ല, ഈ അഭിനവ മോട്ടിവേട്ടക്കാരുടെ കാലത്ത്. നമ്മള് മോട്ടിവേഷന്റെ പേരില്‍ പലതിനും നിര്‍ബന്ധിക്കപ്പെടുകയാണ്. ഇല്ലെങ്കില്‍ പറയൂ, മണിക്കൂറുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ചെലവഴിക്കുന്ന കൗമാരക്കാരനും മോട്ടിവേഷന്‍ റീലുകളില്‍ മയങ്ങിക്കിടക്കുന്നവരും ആരുടെ സ്വാധീനത്തിലാണ്?
അവര്‍ പോലും അറിയാതെ,. നേരത്തെ പറഞ്ഞതുപോലെ ഒരു ദിശയിലേക്കു മാത്രമുള്ള ആശയങ്ങളിലേക്ക് അവര്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുകയാണ്. നല്ലത് വിളമ്പുന്നവര്‍ ഇല്ലെന്നു പറയുന്നില്ല. പക്ഷേ, എല്ലാവരും അങ്ങനെയല്ല. വാളെടുത്തവര്‍ എല്ലാവരും വെളിച്ചപ്പാടാകുന്ന കാലമാണിത്. മനസ്സിനെ ചികിത്സിക്കാന്‍ ഒരുപാട് മുറിവൈദ്യന്മാര് ഉള്ള കാലവും.
കൊവിഡ് കാലത്താണ് ശ്രദ്ധിച്ചത്, പുതുതായി മുളച്ചുപൊന്തുന്ന വാട്സാപ്പ് ഗ്രൂപ്പുകള്‍. മനസിനെ ചികിത്സിക്കുന്നു, മോട്ടിവേറ്റ് ചെയ്യുന്നു എന്നാണ് വാഗ്ദാനം. അതിന് സാമാന്യം ഭേഭപ്പെട്ട ഫീസും ഈടാക്കുന്നുണ്ട്. (മാനസിക ചികിത്സയില്‍ പ്രാവീണ്യം നേടിയ പ്രഗത്ഭരെ കുറിച്ചല്ല പറയുന്നത്. അവര്‍ ചെയ്യുന്ന സേവനം അഭിനന്ദനാര്‍ഹമാണ്. വിദഗ്ധരായ മാനസികചികിത്സകരുടെ സഹായം പലവിധ സമ്മര്‍ദങ്ങളില്‍ കുടുങ്ങികിടക്കുന്ന ആധുനിക മനുഷ്യന് ആവശ്യമാണ്). എന്നാല്‍, എവിടെയൊക്കെയോ നിന്ന് പെറുക്കിയെടുത്ത അല്പജ്ഞാനവും ഉദ്ധരണികളും മേമ്പൊടിക്ക് ഒരല്പം ആധ്യാത്മികതയും ഒക്കെചേര്‍ത്ത് മിക്സിയിലിട്ടരച്ച് ഒരു അവിയല്‍ പരുവത്തില്‍ മാനസിക ചികിത്സ അല്ലെങ്കില്‍ മാനസിക ഉത്തേജനം എന്ന പേരില്‍ വിളമ്പുന്നു. കൊവിഡ് കാലം ഏല്പിച്ച സമ്മര്‍ദത്തില്‍ വലയുകയായിരുന്ന പലരും ഈയാംപാറ്റകളെ പോലെ ഈ വേട്ടക്കാരുടെ കെണിയില്‍ വീഴുന്നു. ഈ വേട്ടക്കാരാകട്ടെ, മൃഗയാ വിനോദത്തിന്റെ സകല നേട്ടങ്ങളും സ്വന്തമാക്കി ജീവിതവും പോക്കറ്റും കൊഴുപ്പിക്കുന്നു!
നേരത്തെ പറഞ്ഞതുപോലെ ഇക്കൂട്ടരുടെ വാഗ്ദാനവും ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യവും കാതലായ ആധ്യാത്മിക ഉന്നതിയോ മാനസിക സൗഖ്യമോ അല്ല. അവര്‍ മനസ്സുകളില്‍ നിറയ്ക്കുന്നത് ഒരുതരം വ്യാമോഹമാണ്. ധനം എളുപ്പത്തില്‍ എങ്ങനെ നേടാം എന്ന വ്യാമോഹം. ധനാകര്ഷണ യന്ത്രമായി ഇവര്‍ മനസ്സിനെ മാറ്റുന്നു. ഇതാണ് സാരം. ധനമാണല്ലോ മനുഷ്യനെ എപ്പോഴും മോഹിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും. ആരും ചെന്ന് വീണുകൊടുക്കും, ഈ വാരിക്കുഴികളില്‍. സ്വന്തം പോക്കറ്റാണ് ഈ വേട്ടക്കാര്‍ ചോര്ത്തിയെടുക്കുന്നതെന്ന് ഇരകള്‍ അറിയുന്നില്ല.
വേട്ടക്കാരെയും യഥാര്‍ത്ഥ ഗുരുക്കളെയും വേര്‍തിരിച്ചറിയേണ്ട കാലമാണിത്. വേട്ടക്കാര്‍ നമ്മെ താല്‍ക്കാലിക ലാഭങ്ങളുടെ വെള്ളിവെളിച്ചം കാട്ടി പ്രലോഭിപ്പിക്കുന്നു, സ്വര്‍ണമാനായി വന്ന മാരീചനെ പോലെ. അവര്‍ വച്ചുനീട്ടുന്ന ലക്ഷ്യങ്ങള്‍ മനുഷ്യവംശത്തിന് വെട്ടമാകുന്ന വലിയ ലക്ഷ്യങ്ങളല്ല, മറ്റുള്ളവരെ ചവിട്ടിവീഴ്ത്തി വിജയത്തിന്റെ പടവുകള്‍ കയറിപോകാനുള്ള ഉത്തേജന മരുന്നുകളാണ്. അതിന്റെ സൈഡ് ഇഫക്ടുകള്‍ പതുക്കെയാകും ജീവിതത്തില്‍ വെളിവാകുക. ഇത്രയേറെ പേരെ മോട്ടിവേട്ട ചെയ്തു എന്നു പറയുന്ന ആ കിംഗ്മേക്കറുടെ പെരുമാറ്റം തന്നെ അതിനു തെളിവല്ലേ? ചവിട്ടുപടികള്‍ ഓടിക്കയറിയപ്പോള്‍ അടിസ്ഥാന മാനുഷിക മര്യാദകള്‍ പോലും അയാള്‍ മറന്നത് നാം കണ്ടതല്ലേ!
ഗുരുവിനെ കണ്ടെത്തുക എന്നാല്‍ സമഗ്ര സൗഖ്യത്തിന്റെ കാവലാളെ കണ്ടെത്തുക എന്നതാണ്. എല്ലാ മേഖലകളിലും സന്തുലിതമായി വികസിക്കുമ്പോഴാണ് മനുഷ്യന് യഥാര്‍ത്ഥ മനുഷ്യനാകുന്നത്. സാമ്പത്തിക മനുഷ്യന്, സാങ്കേതിക മനുഷ്യന് എന്നീ നിലകളില്‍ മാത്രമായി മനുഷ്യനെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ജാഗ്രത പുലര്‍ത്തുക.
ഭൗതിക നേട്ടങ്ങളില്‍ മാത്രം ഊന്നിയ ഒരുതരം അവിയല്‍ ആത്മീയതയ്ക്കെതിരെയും നാം ജാഗ്രത പുലര്‍ത്തണം. ഈ അവിയല്‍ നമ്മെ താല്‍ക്കാലിക നേട്ടങ്ങളിലല്ലാതെ, ഗാഢമായ ശാന്തിയില്‍ കൊണ്ടെത്തിക്കുകയില്ല. ഇത് വച്ചുനീട്ടുന്ന ശാന്തിയും ശാശ്വതമല്ല. ജീവിതത്തിന്റെ പരമമായ അര്‍ത്ഥത്തിലേക്ക് അത് വെളിച്ചം വീശുന്നുമില്ല. പുതിയ കാലത്തിനനുസരിച്ച് മനുഷ്യന് മാറി എന്നൊക്കെ പറഞ്ഞാലും, മനുഷ്യ മനസ്സിന്റെയും മനുഷ്യാത്മാവിന്റെയും അടിസ്ഥാന സ്വഭാവത്തിന് മാറ്റമൊന്നും വരുന്നില്ല. അതുപോലെ പരമമായ ഉത്തരങ്ങള്‍ക്കും മാറ്റം വരുന്നില്ല.