2018 ഫെബ്രുവരി 7ന് ഫ്രാന്‍സിസ് പാപ്പ ഒരു സംഭവം തന്റെ പ്രസംഗത്തില്‍ പറഞ്ഞു: ഒരിക്കല്‍ ഒരു വൈദികന് അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാണാന്‍ പോയി. അത്താഴത്തിനിരുന്നപ്പോള്‍ അപ്പന് പറഞ്ഞു, ”നിനക്കറിയാമോ, ഞാനിപ്പോള്‍ ഞായറാഴ്ചകളില്‍ ഏറെ സന്തോഷവാനാണ്. കാരണം, പ്രസംഗമില്ലാതെ കുര്‍ബ്ബാന ചൊല്ലുന്ന ഒരു പള്ളി ഞാനും കൂട്ടുകാരും കൂടി കണ്ടുപിടിച്ചു. ഇവിടെയടുത്ത്.’ ഒന്ന് നിര്‍ത്തിയിട്ട് പാപ്പാ തുടര്‍ന്നു: ”പ്രസംഗത്തിനിടെ ആളുകള്‍ ഉറക്കം തുങ്ങുന്നതും പരസ്പരം സംസാരിക്കുന്നതും എത്രയോ തവണ നമ്മള് ശ്രദ്ധിച്ചിട്ടുണ്ട്; അതുമല്ലെങ്കില്‍ പള്ളിക്കു പുറത്തിരുന്ന് സിഗരറ്റു വലിക്കുന്നത്.’
പാപ്പായുടെ സത്യസന്ധമായ ഈ തുറന്നു പറച്ചില് കേട്ട് ശ്രോതാക്കള്‍ ചിരിച്ചപ്പോള്‍, അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ”നിങ്ങള്‍ ചിരിക്കണ്ട; ഞാനീ പറഞ്ഞത് സത്യമാണ്. ഇത് സത്യമാണെന്ന് നിങ്ങള്‍ക്കും അറിയാം.” ഞായറാഴ്ചകളിലെ വൈദികരുടെ പള്ളി പ്രസംഗങ്ങളെക്കുറിച്ച് ഇത്രയധികം സംസാരിച്ച മറ്റൊരു പാപ്പ ഉണ്ടോ?’സുവിശേഷത്തിന്റെ സന്തോഷം’ (Evangelii Gaudium ) എന്ന അദ്ദേഹത്തിന്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനത്തില്‍ 25 ഖണ്ഡികകളാണ് (135 മുതല്‍ 159 വരെ) സുവിശേഷ പ്രസംഗത്തെ വിശകലനം ചെയ്യാനായി മാറ്റിവച്ചിട്ടുള്ളത്.
സുവിശേഷ പ്രഭാഷണങ്ങള്‍ക്ക് സഹായകരമായ മനോഹരമായ ഒരു പുസ്തകം ഇപ്പോള്‍ ലഭ്യമാണ്. വൈദികരെ ഫോക്കസ് ചെയ്തുകൊണ്ട് തന്നെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ദിവ്യകാരുണ്യപ്രേഷിത സമൂഹാംഗമായ (എംസിബിഎസ്) ഫാ. ജേക്കബ് നാലുപറയിലാണ് പുസ്തകത്തിന്റെ രചയിതാവ്. കാരുണികന് എന്ന മാസികയിലൂടെ കേരളത്തില്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ ദൈവശാസ്ത്രജ്ഞനും ബൈബിള്പണ്ഡിതനുമാണ് ഫാ. ജെ.നാലുപറയില്‍. ജറുസലേമിലെ ഫ്രാന്‍സിസ്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വേദപുസ്തക പഠനത്തില്‍ അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കേരള സഭയിലെ മൂന്ന് റീത്തുകളിലെയും വൈദികര്‍ക്കായി കാരുണികന് മാസികയോടൊപ്പം വചനബോധിയെന്ന പേരില്‍ ഞായറാഴ്ച സുവിശേഷങ്ങളുടെ വ്യാഖ്യാനം അദ്ദേഹം ലഭ്യമാക്കിയിരുന്നു. നാലുപറയിലച്ചന്റെ കുറേക്കൂടി വിശാലമായ ഗ്രന്ഥമാണ് വചനബോധി – 3: സുവിശേഷഭാഷ്യം
വചന വ്യാഖ്യാനത്തിന്റെ മൂന്ന് ഘട്ടങ്ങളായുള്ള വേര്‍തിരിവ് -സന്ദര്‍ഭം പ്രമേയം, സന്ദേശം -പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്. ലത്തീന്‍ ആരാധനാക്രമത്തിലെ ഞായറാഴ്ച സുവിശേഷത്തിന്റെ (Cycle B ) ഏറ്റവും പുതിയ വ്യാഖ്യാനവും വിചിന്തനങ്ങളുമാണ് ഇതിന്റെ ഉള്ളടക്കം. ഞായറാഴ്ചകളും വിശുദ്ധരുടെ തിരുന്നാളുകളുമായി 62 അധ്യായങ്ങളാണ് ഇതിലുള്ളത്.
രണ്ട് ഭാഗങ്ങളുണ്ട് ഈ ഗ്രന്ഥത്തിന്. ഒന്നാം ഭാഗം പശ്ചാത്തലപഠനങ്ങളാണ്. ഇതില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് തയ്യാറാക്കിയ സുവിശേഷ പ്രസംഗം എന്ത് ? എങ്ങനെ? എന്ന ലേഖനം അര്‍ത്ഥസമ്പുഷ്ടമാണ്. രണ്ടാം ഭാഗത്താണ് ഓരോ ഞായറാഴ്ചത്തെയും സുവിശേഷം വിശകലനം ചെയ്യപ്പെടുന്നത്. രണ്ടാം ഭാഗത്തെ ഓരോ അധ്യായത്തിനും മൂന്ന് ഉപവിഭാഗങ്ങളുണ്ട്: 1) സന്ദര്‍ഭം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ സന്ദര്‍ഭം പറയുകയാണ് ആദ്യപടി. അതായത്, ലഭിച്ചിരിക്കുന്ന സുവിശേഷഭാഗം (ഉദാ. മര്‍ക്കോ 4:35-41) ആ സുവിശേഷകഥാപുരോഗതിയുടെ ഏത് ഭാഗത്ത് വരുന്നു? അതിന് മുമ്പും പിമ്പും വരുന്നവായുമായിട്ടുള്ള അതിന്റെ ബന്ധം? സന്ദര്‍ഭം തിരിച്ചറിഞ്ഞ് വചനഭാഗം വായിക്കുമ്പോഴല്ലേ സുവിശേഷകന് ഉദ്ദേശിച്ച അര്‍ത്ഥതലങ്ങള്‍ നമുക്ക് മനസ്സിലാക്കാനാവൂ.
2) പ്രമേയം: ലഭിച്ചിരിക്കുന്ന സുവിശേഷഭാഗത്തിന്റെ പ്രധാന പ്രമേയമെന്തെന്ന് ചുരുക്കി പറയുകയാണിവിടെ.
3) സന്ദേശം: സന്ദേശമെന്ന മൂന്നാം ഘട്ടമാണ് സുവിശേഷപ്രസംഗകരെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഭാഗം. പശ്ചാത്തലവും പ്രമേയവും ഇതിനുള്ള ഒരുക്കങ്ങളായിരുന്നു. ആനുകാലിക ജീവിത സാഹചര്യങ്ങളില്‍ നിര്‍ദ്ദിഷ്ട സുവിശേഷഭാഗം തരുന്ന സന്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിക്കുകയാണിവിടെ.അഞ്ചു സന്ദേശങ്ങളാണ് ഓരോ സുവിശേഷഭാഗത്തിനും കൊടുത്തിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം വികസിപ്പിച്ചെടുത്താല്‍ ഏതൊരാള്‍ക്കും നല്ലൊരു പ്രസംഗം പറയാനാവും.
അങ്ങനെ 368 പേജുകളിലായി പൂര്‍ത്തിയാകുന്ന ഞായറാഴ്ച പ്രസംഗത്തിനുള്ള ഒരു റഫറന്‍സ് ഗ്രന്ഥമായിട്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.
കോഴിക്കോട്ടുള്ള ആത്മാ ബുക്സ് ആണ് പ്രസാധകര്. ആമുഖമായി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ജോസഫ് കൈപ്പയില്‍ എന്നിവരുടെ ആശംസാസന്ദേശങ്ങളുമുണ്ട്.
‘പ്രസംഗകന് ഒരു ഇടനിലക്കാരന് മാത്രമാണ് ‘ സുവിശേഷത്തിന്റെ ആനന്ദത്തിന് പോപ്പ് ഫ്രാന്‍സിസ് എഴുതുന്നു: ”കര്‍ത്താവിന്റെയും അവന്റെ ജനത്തിന്റെയും സ്നേഹാര്‍ദ്രമായ ഹൃദയങ്ങളെ കൂട്ടിയിണക്കുകയെന്ന അദ്ഭുതകരവും ക്ലേശകരവുമായ ദൗത്യമാണ് പ്രസംഗകന്റേത്. സുവിശേഷപ്രസംഗത്തിന്റെ സമയത്ത് വിശ്വാസികളുടെ ഹൃദയങ്ങള്‍ നിശബ്ദമാകുകയും ദൈവത്തെ സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. കര്‍ത്താവും അവന്റെ ജനവും ഇടനിലക്കാരില്ലാതെ നേരിട്ട് നൂറായിരം മാര്‍ഗങ്ങളില്‍ പരസ്പരം സംസാരിക്കുന്നുണ്ട്.’