സങ്കീര്ത്തനങ്ങളില്ത്തന്നെ സംഗീതമുണ്ട്. ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും ഗാനരൂപത്തിലേക്കു സ്വീകരിക്കപ്പെട്ടതുമായ സങ്കീര്‍ത്തനങ്ങളില്‍ ആദ്യസ്ഥാനത്തു നില്‍ക്കുന്നത് 23 ആം സങ്കീര്ത്തനമായിരിക്കും. ലോകമെമ്പാടും ആയിരക്കണക്കിനു ഭാഷകളില്‍ ‘കര്‍ത്താവാണെന്റെ ഇടയന് ‘ എന്ന സങ്കീര്‍ത്തനത്തിന്റെ ഗാനരൂപം നമുക്ക് കേള്‍ക്കാനാകും. ലോകസംഗീതത്തിന്റെ ഉന്നതിയില്‍ വിരാജിച്ചിരുന്ന എല്‍വിസ് പ്രെസ്ലി അതിമനോഹരമായി ഈ സങ്കീര്‍ത്തനം ഒരു വേദിയില്‍ ആലപിച്ചത് യൂട്യൂബില്‍ നമുക്ക് കാണാം. അമേരിക്കന്‍ ഗായകനായ നാറ്റ് കിംഗ് കോള്‍, ജിം റീവ്സ്, കീത്ത് ഗ്രീന്‍ എന്നിവരുടെ ഭാവപൂര്ണമായ ആലാപനമികവില്‍ ഈ സങ്കീര്‍ത്തനം ലോകം കേട്ടിട്ടുണ്ട്.
മലയാളത്തിലും 23 ആം സങ്കീര്‍ത്തനത്തിന്റെ അനേകം ഗാനരൂപങ്ങള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. യേശുദാസ് ആലപിച്ച
‘ യഹോവയാം ദൈവമെന്‍ ഇടയനത്രേ
ഇഹത്തിലെനിക്കൊരു കുറവുമില്ല
ആര്‍ച്ബിഷപ് ഡോ. കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ എഴുതി ജോബ് മാസ്റ്റര്‍ സംഗീതം നല്കിയ ഗാനരൂപത്തിനു ശബ്ദം നല്‍കിയത് തമിഴ് സിനിമാ സംഗീതരംഗത്തു പ്രശസ്തയായിരുന്ന ഗായിക സ്വര്‍ണലതയാണ്.
‘പച്ചപ്പുല്ത്തട്ടതില് എന്നെ മേയിച്ചിടും
നല്ലൊരിടയന്‍ താന്‍ യേശുനാഥന്‍
ആപത്തില്‍ നിന്നെല്ലാം എന്നെ കാത്തീടുന്ന
നല്ലൊരിടയന്‍ താന്‍ യേശുനാഥന്‍
ചെന്നായ്ക്കള്‍ വന്നാലും
ഇല്ലാ ഭയം തെല്ലും
നല്ലൊരിടയനടുത്തുണ്ടല്ലോ
വഴി തെറ്റി ഞാനങ്ങു ദൂരത്തു പോയാലും
എന്നെത്തേടി വരും നല്ലിടയന്.
നിക്സണ് എം. ജോസഫ് എഴുതി ജോണ്സണ് മങ്ങഴ സംഗീതം നല്കിയ
‘ എന്റെ ഇടയന് കര്‍ത്താവെന്റെ ഇടയന്
കുറവേതുമില്ലെനിക്ക് കര്‍ത്താവല്ലോ ഇടയന്
പച്ചയായ പുല്ത്തകിടില് വിശ്രമമേകും
ശീതളമാം ജലത്തിനായ് എന്നെ നയിക്കും
കര്‍ത്താവല്ലോ ഇടയന് ‘
എന്നെ കീര്‍ത്തനം ആലപിച്ചിട്ടുള്ളത് കെസ്റ്ററാണ്. വിശ്വാസപൂര്‍വ്വം എന്ന കസ്സെറ്റിലാണ് ഈ ഗാനം ചേര്‍ത്തിട്ടുള്ളത്.
ഫാ. ജോസ് കല്ലുകളം എഴുതി സാംസണ് കോട്ടൂര്‍ സംഗീതം നല്കിയ ഒരു ഗാനരൂപവും കെസ്റ്റര്‍ ആലപിച്ചിട്ടുണ്ട് .
‘ നാഥനാം ദൈവം എന്നിടയന്
എനിക്കൊരു കുറവും വരികയില്ല
പച്ചപ്പുല്‍ത്തകിടിയില്‍
അവനെന്നെ പരിപാലിച്ചീടും സ്നേഹനാഥന്
കുളിര്‍ജലം നല്‍കും
അരുവിയിങ്കല്
കരുതലോടെ
എന്റെ ആത്മാവിനു ഉന്മേഷമേകിടും
നീതിതന്‍ പാതയില്‍ നടത്തീടുമെന്നും
മരണത്തിന് താഴ്വര തന്നില്‍ ഞാന്‍
നടന്നീടിലും ഭയം തെല്ലുമില്ല
അവനെന്റെ കൂടെ ചരിച്ചീടുന്നു
താനെ ഊന്നുവടിയെന്റെ ആത്മബലം.
ലോകത്തിനു പ്രത്യാശയും ആശ്രയവും നല്കുന്ന ഈ സങ്കീര്‍ത്തനം അനേകം ബാന്‍ഡുകളും ഗായകസംഘങ്ങളും അതിമനോഹരമായി ആലപിച്ച് റെക്കോര്‍ഡുകളും കസ്സെറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഇന്നും പുറത്തിറങ്ങിക്കൊണ്ടേയിരിക്കുന്നു.