ആശുപത്രികളിലെ ചികിത്സാ പിഴവ് വാര്‍ത്തയല്ലാതാവുകയാണ്. ഇങ്ങനൊക്കെയാണ് ഞങ്ങളുടെ കീഴ്വഴക്കം എന്ന മട്ടില്‍.
കേരളത്തിലും രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും, വലത്തെ കാലിന് പകരം ഇടത്തു കാല്, ഇടതു കണ്ണിന് പകരം വലതു കണ്ണ്, മൂക്കിന് പകരം വയറ്, വിരലിന് പകരം നാവ് എന്നിങ്ങനെ അശ്രദ്ധ മൂലം അവയവങ്ങള്‍ മാറി സര്‍ജറി നടത്തിയ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ചികിത്സാ പിഴവിനെ തുടര്‍ന്ന് അപൂര്‍വമായി രോഗികള്‍ മരിക്കുന്നതും വാര്ത്തയാവുന്നുണ്ട് . കോഴിക്കേട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയവാരത്തില്‍ ഇടത് കാലിന് പകരം ഡോക്ടര്‍ വലതുകാലിന് സര്‍ജറി നടത്തിയത് വിവാദമായിരിക്കുകയാണ്. ചികിത്സയില്‍ പിഴവ് സംഭവിച്ചെന്ന് മാത്രമല്ല, നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ആശുപത്രി രേഖകളില്‍ തിരിമറി നടത്തിയതായും ആരോപണം ഉയര്‍ന്നു.
മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനുള്ള തീരുമാനത്തിലാണ് അധികൃതര്‍. പ്രാഥമിക അന്വേഷണത്തില്‍ ഡോക്ടര്‍ക്ക് പിഴവ് പറ്റിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നിലമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലുമുണ്ടായി ഇതിനിടെ കാല് മാറി ശസ്ത്രക്രിയ നടത്തിയ സംഭവം. രോഗിയായ സ്ത്രീക്ക് ഇടതുകാല് മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റിയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ശസ്ത്രക്രിയ നടത്തി കമ്പിയിട്ടു. പിന്നീട് കമ്പിയെടുത്തു മാറ്റാന്‍ രോഗി അതേ ഡോക്ടറെ സമീപിച്ചു. ഡോക്ടര്‍ ഇടതുകാലിന് പകരം വലതു കാലിലാണ് സര്‍ജറി നടത്തിയത്. കാല് മരവിപ്പിച്ചതിനാല്‍ രോഗിക്ക് ശസ്ത്രക്രിയാ വേളയില്‍ പിഴവ് മനസ്സിലാക്കാനുമായില്ല. വലത് കാല് കീറിക്കഴിഞ്ഞപ്പോഴാണ് ഡോക്ടര്‍ക്ക് അബദ്ധം മനസ്സിലായത്. തുടര്‍ന്ന് ഇടതുകാലിലും ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുക്കുകയായിരുന്നു. അഞ്ചാറ് വര്‍ഷം മുന്‍പ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സര്‍ജറി വിദഗ്ധന്‍ സംഭവിച്ചത് ഇതിനേക്കാളെല്ലാം ഗുരുതരമായ പിഴവായിരുന്നു. മൂക്കിലെ രോഗത്തിന് ഡോക്ടര്‍ സര്‍ജറി നടത്തിയത് രോഗിയുടെ വയറില്‍. ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തേണ്ട ഒരു രോഗിയെയും മൂക്കിലെ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ട രോഗിയെയും ഒരേ സമയത്താണ് ഓപറേഷന് തിയേറ്ററില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ രോഗിയെ മാറി ശസ്ത്രക്രിയ നടത്തി. സംഭവം വിവാദമായതോടെ രോഗിയെ വീണ്ടും തിയേറ്ററില്‍ പ്രവേശിപ്പിച്ചു മൂക്കില്‍ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തുകയായിരുന്നു. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആശുപത്രി മുറ്റത്ത് അമ്മയുടെ മടിയില്‍ കിടന്ന് അഞ്ച് വയസ്സുകാരന് മരിക്കേണ്ടിവന്നത് അഞ്ച് മാസം മുമ്പാണ്. ദേശീയ തലത്തില്‍ നിന്നുള്ള ഇത്തരം വിശേഷങ്ങള്‍ മലയാള മാധ്യമങ്ങളില്‍ കാര്യമായി പ്രസിദ്ധീകരിക്കാറില്ല എന്നതൊരു ഭാഗ്യമാണ്.
അതുകൂടി ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ തലപോയാലും ആശുപത്രിയില്‍ പോകില്ല എന്നൊരു നിലപാടിലേക്ക് ഭയംകൊണ്ട് അവര്‍ എത്തിച്ചേര്‍ന്നേനെ!
അപാരമായ ശ്രദ്ധയോടെയും ജാഗ്രതയോടെയും മനഃസാന്നിധ്യത്തോടെയും നിര്‍വഹിക്കേണ്ട സങ്കീര്‍ണ പ്രക്രിയയാണ് രോഗചികിത്സ. ശസ്ത്രക്രിയ തുടങ്ങിയ ചികിത്സാ രീതികള്‍ പ്രത്യേകിച്ചും. ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ മതി രോഗിയെ കൊടിയ ദുരിതത്തിലാഴ്ത്താനും മരണത്തില്‍ വരെ കൊണ്ടെത്തിക്കാനും. ചികിത്സാ പിഴവു മൂലം ശരീരത്തിന്റെ ചലനശേഷിയും അവയവത്തിന്റെ ഉപയോഗവും നഷ്ടപ്പെട്ടു ജീവച്ഛവമായവര്‍ ഏറെയുണ്ട്.
ഡോക്ടര്‍മാരിലും നഴ്സുമാരിലും പൂര്‍ണ വിശ്വാസമര്‍പ്പിച്ചാണ് രോഗികള്‍ ആശുപത്രികളെ സമീപിക്കുന്നത്. ഈ വിശ്വാസം കണക്കിലെടുത്ത് കൊണ്ടുള്ള സമീപനവും ശ്രദ്ധാപൂര്‍വമായ പരിചരണവുമാണ് ആശുപത്രി അധികൃതരില്‍ നിന്നുണ്ടാകേണ്ടത്.
മിക്ക വിദേശ രാഷ്ട്രങ്ങളും വളരെ ഗൗരവത്തോടെയാണ് ചികിത്സയിലെ പിഴവുകളെ കാണുന്നത്. നാല് മാസം മുമ്പ് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജിവെച്ചത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതിനാല്‍ ആയിരുന്നു. വിനോദസഞ്ചാരത്തിന് പോര്‍ച്ചുഗലില്‍ എത്തിയ ഇന്ത്യന്‍ യുവതിയാണ് മരിച്ചത്. യാത്രക്കിടെ രോഗം കലശലായതിനെത്തുടര്‍ന്ന് ചികിത്സയിലിരുന്ന ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി യുവതിയുടെ മരണം. പ്രതിപക്ഷം ഇത് വന്‍വിവാദമാക്കി. യുവതി മരിച്ച് അഞ്ച് മണിക്കൂറിനകം മന്ത്രിസ്ഥാനം രാജിവെച്ച് മാര്‍ത്ത ടെമിഡോ തടിതപ്പി.
കേരളത്തില്‍ ചികിത്സാ പിഴവിന്റെ പേരില്‍ ആരോഗ്യ വകുപ്പ് പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ടെങ്കിലും സംഭവം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനെയോ വിദഗ്ധ സമിതികളെയോ നിയോഗിക്കുന്നതിനപ്പുറം മറ്റൊന്നും സംഭവിക്കാറില്ല.
ഡോക്ടറുടെയോ ആശുപത്രി അധികൃതരുടെയോ ഭാഗത്തു നിന്ന് പിഴവ് ബോധ്യപ്പെട്ടാല്‍ പോലും അതിനനുസൃതമായ നടപടിയുണ്ടാകാറില്ല. ചികിത്സാ പിഴവുകള്‍ നിരന്തരം ആവര്‍ത്തിക്കാന്‍ ഒരു കാരണമിതാണ്. ഡോക്ടര്‍മാരുടെയോ നഴ്സിന്റെയോ മറ്റ് ആശുപത്രി ജീവനക്കാരുടെയോ ഭാഗത്ത് നിന്ന് ഭാവിയില്‍ ചികിത്സയില്‍ അശ്രദ്ധയും ഉദാസീനതയും പ്രകടമാകാത്ത വിധം കര്‍ശന നടപടി ആവശ്യമാണ് ഇത്തരം കേസുകളില്‍. എന്നാല്‍ ചികിത്സയും അധ്യാപനവും ഒക്കെ മറ്റേതൊരു തൊഴിലും പോലെ തൊഴില്‍ മാത്രമായി കാണുന്ന രീതിയിലേയ്ക്ക് ഏറെക്കാലമായി നമ്മള് മാറിക്കഴിഞ്ഞു. കൊവിഡ് മഹാമാരിക്കാലത്ത് ഇറ്റലിയിലേക്ക് സ്വന്തം ജീവന് പണയം വച്ച് സൗജന്യ സേവനത്തിനെത്തിയ ക്യൂബയിലെ ഡോക്ടര്‍മാരുടെ സംഘം മാധ്യമങ്ങളോട് പറഞ്ഞൊരു വാചകമുണ്ട്. ‘വി ആര് റെവലൂഷനറി ഡോക്ടേഴ്സ്’ എന്നതായിരുന്നു ആ വാചകം. നമുക്ക് അത് സങ്കല്പ്പിക്കാന് പോലും ആകില്ല.
ഇതോടൊപ്പം ചില മാധ്യമവേലത്തരങ്ങള് കൂടി ശ്രദ്ധിക്കാതെ വയ്യ. കേരളത്തിലെ പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടമത്രയും ഇകഴ്ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ‘ആവേശം’ കാണുമ്പോള്‍ രംഗണ്ണന് പറയുംപോലെ കേരളീയരോട് ‘അംബാനെ ശ്രദ്ധിക്കണം ‘ എന്ന് പറയാനാണ് തോന്നുന്നത്.
വേണ്ടതായ ഒരു മരുന്നുമില്ലാത്ത, വേണ്ടത്ര കിടക്കകളില്ലാത്ത, മനംമടുപ്പിക്കുന്ന ദുര്‍ഗ്ഗന്ധവും മനുഷ്യത്വമില്ലാത്ത ജീവനക്കാരുടെ പെരുമാറ്റവും കൊണ്ട് നിവ്യത്തിയുണ്ടങ്കില് സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് തിരിഞ്ഞ് നോക്കാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു കേരളത്തിന്. പില്ക്കാലത്ത് ഉണ്ടായ മാറ്റം എന്ത് എന്ന് അറിയണമെങ്കില്‍ നമ്മള് തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രം ഒന്ന് സന്ദര്‍ശിക്കണം. ദിവസേന മുന്നൂറു മുതല്‍ അഞ്ഞൂറില്‍ അധികം രോഗികള്‍ എത്തുന്ന ഇടമായി കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മാറിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം മുപ്പത്തി മുന്ന് ശതമാനത്തില്‍ നിന്നും അമ്പത്തിരണ്ട് ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.
മികച്ച കെട്ടിടങ്ങള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളില്‍ തുടങ്ങി എല്ലാ അര്‍ത്ഥത്തിലും സര്‍ക്കാര്‍ ആശുപത്രികള്‍ മാറി. സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രി എന്ന് പരിഹാസത്തോടെ വിളിച്ചിരുന്നവര്‍ പോലും ആശ്രയിക്കുന്ന രീതിയിലായിരുന്നു ആ മാറ്റം. ആ മാറ്റം മാധ്യമങ്ങളെയോ അവരെ നയിക്കുന്ന മാനേജ്മെന്റ് താല്‍പ്പര്യങ്ങളെയോ അസ്വസ്ഥമാക്കിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. വിമര്‍ശനല്ല തകര്‍ക്കലാണ് ലക്ഷ്യമെങ്കില്‍ വീഴ്ച വരുത്തുന്ന ആരോഗ്യ മന്ത്രിയെയും ആരോഗ്യപ്രവര്‍ത്തകരെയും വിചാരണ ചെയ്യുംപോലെ തന്നെ മലയാളത്തിലെ മാധ്യമങ്ങളുടെ ക്യത്യമായ അജണ്ടയോടെയുള്ള കുല്സിത ശ്രമങ്ങളെയും വിചാരണ ചെയ്യേണ്ടി വരും.
കാരണമെന്തെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നമ്മുടെ അവകാശമാണ്. അത് ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ല.