മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലെ പാട്ടുകള്‍ ജനഹൃദയങ്ങള്‍ കീഴടക്കും മുന്‍പേ ജെറി അമല്‍ദേവും യേശുദാസും ചേര്‍ന്നു 1978 -ല്‍ ആത്മാ കി ആവാസ് (voice of the soul ) എന്നൊരു ആല്‍ബം പ്രകാശനം ചെയ്തിട്ടുണ്ട്. എട്ടു ഹിന്ദി പാട്ടുകളുമായി ഈ എല്‍.പി. റെക്കോര്‍ഡ് അമേരിക്കയില്‍ നിന്നുമാണ് ഇറങ്ങിയത്. പുതുമയാര്‍ന്ന സംഗീതവും വ്യത്യസ്തമായ ഓര്‍ക്കസ്ട്രേഷനും മികച്ച ശബ്ദലേഖനവും തികവാര്‍ന്ന മിശ്രണവും യേശുദാസിന്റെ ആലാപനവും ഈ ആല്‍ബത്തിലെ പാട്ടുകളെ മികവുറ്റതാക്കി.
ജാരി കോയലിയ
സുനാ ഹേ
ജല്‍ തേ രഹേംഗേ
ആനാ ആനാ ജാനാ
ഹസര്‍ യാദേം
ദേ ദേ പ്രഭോ
മാം തരഹി മാം
ഠിം ഠിം ഠിം എന്നിവയായിരുന്നു ഇതിലെ ഗാനങ്ങള്‍.
അമേരിക്കയില്‍ നിന്നും ഇറങ്ങിയ ഈ റെക്കോര്‍ഡിന്റെ കുറച്ചു കോപ്പികള്‍ ഇന്ത്യയിലും എത്തിയിരുന്നു. എന്നാല്‍ കസ്സെറ്റോ സിഡിയോ ഇറങ്ങിയതുമില്ല. കസ്സെറ്റുകളും റെക്കോര്‍ഡുകളും ശേഖരിക്കുന്നവര്‍ ഏറ്റവും ലഭ്യതക്കുറവുള്ള റെക്കോര്‍ഡ് ആയി കണക്കാക്കുന്ന ഈ സമാഹാരം കേരളത്തിലെ അപൂര്‍വം ചിലരുടെ ശേഖരത്തിലുണ്ട്.
ഇങ്ങനെ ഒരു ഗാനസമാഹാരം യാഥാര്‍ഥ്യമായതിന്റെ ചരിത്രം ഇങ്ങനെയാണ്: ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ജെറി അമല്‍ദേവ് ഒഴിവു സമയങ്ങളില്‍ കുട്ടികളെ പിയാനോ പഠിപ്പിക്കുമായിരുന്നു. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി അവിടെ വ്യവസായം തുടങ്ങിയ ഗോവാണി എന്ന ഗുജറാത്തിയുടെ മകനെയും പിയാനോ പഠിപ്പിച്ചിരുന്നു. ഒരു ദിവസം ക്ലാസ് കഴിഞ്ഞു ചായ കുടിക്കുന്ന സമയം ഗോവാണി വന്നു ജെറി അമല്‍ദേവിന്റെ ഒരു പാട്ടു കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
ജെറി അമല്‍ദേവ് ആ സംഭവം ഇങ്ങനെ ഓര്‍ക്കുന്നു: ‘ ഞാന്‍ പിയാനോയും വായിച്ചു ഒരു ഹിന്ദി ഗാനം പാടി. ഹസാര്‍ യാദേന്‍ എന്നു തുടങ്ങുന്ന ഗാനം ആ കുടുംബം നന്നായി ആസ്വദിച്ചു. പാടിക്കഴിഞ്ഞപ്പോള്‍ ഗോവാണി ചോദിച്ചു. നൗഷാദാണോ ഈ പാട്ടിനു സംഗീതം നല്‍കിയതെന്ന്. ഇതെന്റെ തന്നെ സംഗീതമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു അദ്ഭുതമായി. ഇത്രയും നല്ലപാട്ടുകള്‍ കയ്യില്‍ വച്ചു നടക്കുന്നോ? നമുക്കിതു റെക്കോര്‍ഡ് ചെയ്യാമെന്നായി അദ്ദേഹം. മുഹമ്മദ് റഫിയെക്കൊണ്ട് പാടിക്കാമെന്ന അഭിപ്രായമുയര്‍ന്നെങ്കിലും പ്രായോഗികമായി തടസങ്ങളും സമയബന്ധിതമായി തീര്‍ക്കാനാകുമോ എന്ന സംശയവും യേശുദാസിനെക്കൊണ്ട് പാടിക്കാമെന്ന ധാരണയിലേക്കെത്തി.
യേശുദാസ് ചിറ്റ്ചോര്‍ എന്ന ഹിന്ദി സിനിമയില്‍ പാടി കൂടുതല്‍ പ്രശസ്തിയിലേക്കു വരുന്ന നാളുകളായിരുന്നു അത്. യേശുദാസിനെ കാണാന്‍ ന്യൂയോര്‍ക്കിലുള്ള ഫ്രഡി എന്ന സുഹൃത്ത് അവസരമൊരുക്കി. 1978 -ല്‍ അങ്ങനെ ഞാന്‍ ആദ്യമായി യേശുദാസുമായി നേരില്‍ കണ്ടു, ചര്‍ച്ച ചെയ്തു. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനമായി. പി.എക്സ്. സ്വാമി, ദാന്‍, കാനു, ജഗത് ശര്‍മ്മ എന്നിവരായിരുന്നു ഗാനങ്ങള്‍ എഴുതിയത്.
മദ്രാസിലുള്ള യേശുദാസിന്റെ സ്റ്റുഡിയോയില്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഞാന്‍ അമേരിക്കയില്‍ നിന്നു പുറപ്പെട്ടു. യേശുദാസ് പ്രത്യേകം ഒരു കാര്യം പറഞ്ഞിരുന്നു, അദ്ദേഹത്തിന്റെ കയ്യില്‍ ഒട്ടാരി എന്ന കമ്പനിയുടെ സ്പൂള്‍ ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ട്. അതിന്റെ ടേപ്പുകള്‍ അമേരിക്കയില്‍ നിന്നും കൊണ്ടുവരണം. ഞാന്‍ രണ്ടു പെട്ടി നിറയെ സ്പൂള്‍ ടേപ്പുകളുമായാണ് മദ്രാസിലേക്ക് പുറപ്പെട്ടത്. ആദ്യഘട്ടത്തില്‍ മൂന്നു പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തു. ബാക്കി അഞ്ചു പാട്ടുകള്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞും പൂര്‍ത്തിയായി. പാട്ടുകളുടെ മിക്സിങ് നടത്തിയത് ന്യൂയോര്‍ക്കിലുള്ള ഒരു സ്റ്റുഡിയോയിലായിരുന്നു.
അമേരിക്കയിലെ റെക്കോര്‍ഡ് നിര്‍മ്മാണയൂണിറ്റില്‍ തന്നെയായിരുന്നു റെക്കോര്‍ഡുകളും നിര്‍മ്മിച്ചത്. ഈ ആല്‍ബത്തിലെ രണ്ടു പാട്ടുകളുടെ ഈണം പിന്നീട് ഞാന്‍ മലയാളം സിനിമകള്‍ക്കായി എടുത്തിട്ടുമുണ്ട്. ഈ ആല്‍ബത്തിലെ ആനാ ആനാ ജാനാ എന്ന ഗാനത്തിന്റെ ഈണമാണ് അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി എന്ന ഗാനത്തിനായി എടുത്തത്. പുന്നാരം ചൊല്ലി ചൊല്ലി എന്ന സിനിമയിലെ ഈ ഗാനം എഴുതിയത് ഒഎന്‍വി കുറുപ്പാണ്. യേശുദാസും ചിത്രയുമായിരുന്നു ഗായകര്‍.
ഹസാര്‍ യാദേന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈണം ഒരു വിളിപ്പാടകലെ എന്ന സിനിമയ്ക്കായാണ് ഉപയോഗിച്ചത്. ജേസി സംവിധാനം ചെയ്ത സിനിമയിലെ ഗാനങ്ങള്‍ എഴുതിയത് പി. ഭാസ്കരനായിരുന്നു. പ്രകാശനാളം ചുണ്ടില്‍ മാത്രം എന്ന് തുടങ്ങുന്ന ഈ ഗാനത്തിനു ശബ്ദം നല്‍കിയത് എസ്. ജാനകിയും. അമേരിക്കയിലെ ഒരു വീട്ടിലെ സംഗീതമുറിയിലെ ആലാപനം ഒരു ആല്‍ബമായും പിന്നീട് സിനിമാഗാനങ്ങളായും മാറുകയായിരുന്നു”. ജെറി അമല്‍ദേവ് പറഞ്ഞു