അര്‍ണോസ് പാതിരിയെക്കുറിച്ച് ചിന്തകനും എഴുത്തുകാരനും ഈശോസഭ വൈദികനുമായിരുന്ന എബ്രഹാം അടപ്പൂര് നാലുപതിറ്റാണ്ടുകളിലൂടെ നടത്തിയ പഠനത്തിലൂടെ എഴുതിയ പത്തു ലേഖനങ്ങളുടെ സമാഹാരം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. ‘സാക്ഷരകേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍’ 2013 ല്‍ കോട്ടയം കറന്റ് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്. ചരിത്രരേഖകളായിത്തീരുന്ന ജസ്യൂട്ട് കത്തുകള്‍, പാതിരിയുടെ പാതയിലൂടെ, നവോത്ഥാനത്തിന്റെ വേരുകള്‍, അര്‍ണോസ് പാതിരി-വ്യക്തിയും പ്രവര്‍ത്തനങ്ങളും, ലോകമലയാളികള്‍ പാതിരിയുടെ ജന്മനാട്ടില്, ഈശോസഭയും കോഴിക്കോടും, ജസ്യൂട്ട് വിദ്യാഭ്യാസത്തിന്റെ വ്യാപനം, പുത്തന്‍പാന – ക്രൈസ്തവ സംസ്കൃതിയുടെ ഗാനരൂപം, അധികാരം പ്രാമാണ്യത്തിനല്ല സേവനത്തിനായിരിക്കണം, വിശ്വസാഹോദര്യത്തിന്റെ ദൈവശാസ്ത്രം എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍.
കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളില്‍ നൂറ്റാണ്ടുകളായി ആലപിച്ചു പോന്നിട്ടുള്ള കവിതയാണ് പുത്തന്‍പാന. അഥവാ കൂദാശപ്പാന. പെസഹാചരണത്തോടനുബന്ധിച്ച് യേശു ശിഷ്യന്മാരുടെ കാലുകള്‍ കഴുകുകയും വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്ത രംഗങ്ങള്‍ വിവരിക്കുന്ന ഭാഗങ്ങളാണ് വായനയ്ക്കായി തിരഞ്ഞെടുത്തിരുന്നത്. സമീപകാലത്ത് സമൂഹത്തിലുണ്ടായ വമ്പിച്ച മാറ്റങ്ങളുടെ ഫലമായി പാനവായന പോലുള്ള പഴയ ആചാരങ്ങള്‍ പലതും നാമാവശേഷമായിരിക്കുകയാണിപ്പോള്. പുത്തന്‍പാന രചിച്ച ജോണ്‍ എര്‍ണസ്റ്റ് ഹാങ്സ്ലേഡന്‍ എന്ന ജസ്യൂട്ട് മിഷണറി, പക്ഷേ ഇതിനകം നമ്മുടെ സാഹിത്യചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അദ്ദേഹത്തെയാണ് മലയാളികള്‍ അര്‍ണോസ് പാതിരി എന്നു വിളിക്കുന്നത്.
ഫാ. ഹാങ്സ്ലേഡന്‍ തന്റെ പ്രേഷിത ജീവിതത്തിന്റെ സിംഹഭാഗവും മധ്യകേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലാണ് ചെലവഴിച്ചത്. കേരളത്തിലെ ക്രൈസ്തവ സമൂഹം, ഉദയംപേരൂര്‍ സുനഹദോസും (1599) കൂനന്‍കുരിശു സത്യവും (1653) പിന്നിട്ടുകഴിഞ്ഞ കാലം. ഒന്നര നൂറ്റാണ്ടത്തെ പോര്‍ച്ചുഗീസ് ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡച്ചുകാര്‍ 1663-ല്‍ കൊച്ചികോട്ട പിടിച്ചടക്കിക്കഴിഞ്ഞിരുന്നു. കൊച്ചി മേഖലയിലെ ഈശോസഭക്കാര്‍ക്ക് ഡച്ചുകാല്വനിസ്റ്റുകളുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടിയും വന്നു. വൈദികപരിശീലനത്തിനും മറ്റുമായി കൂടുതല്‍ ഭദ്രമായ ഒരു താവളം കണ്ടെത്തുക ആവശ്യമായിത്തീര്‍ന്നു. അങ്ങനെയാണ് അവര്‍ അമ്പഴക്കാട്ട് എത്തി അവിടെ ഒരു ജസ്യൂട്ട് സെമിനാരി ആരംഭിച്ചത്. സെമിനാരിയോടനുബന്ധിച്ച് തോമാശ്ലീഹായുടെ പേരില്‍ ഒരു ദേവാലയവും അച്ചടിശാലയും ഗ്രന്ഥശേഖരവും ഉയര്‍ന്നുവന്നു. ഇന്ത്യയില്‍ ആദ്യം മുദ്രണം ചെയ്യപ്പെട്ട പല പുസ്തകങ്ങളും പുറത്തുവന്നത് അവിടെനിന്നാണ്.
വൈജ്ഞാനികരംഗം ബ്രാഹ്മണരുടെ കുത്തകയായിരുന്ന കാലത്താണ് ഫാ. ഹാങ്സ്ലേഡന്‍ മലയാളവും, സംസ്കൃതവും പഠിച്ചത്. വിദേശീയനും അഹിന്ദുവുമായ അദ്ദേഹത്തെ ശിഷ്യനായി സ്വീകരിക്കാന്‍ ആദ്യമൊക്കെ പലരും വിസമ്മതിച്ചു. എങ്കില്‍ പോലും ആ യുവവിദ്യാര്ഥിയുടെ സ്വഭാവശുദ്ധിയിലും ആത്മാര്‍ത്ഥതയിലും ആകൃഷ്ടരായിതീര്ന്ന രണ്ടു നമ്പൂതിരിമാര്‍ അദ്ദേഹത്തെ സംസ്കൃതം പഠിപ്പിക്കുവാന്‍ ഒടുവില്‍ സന്നദ്ധരായി. അവരുടെ ശുപാര്‍ശവഴി തൃശൂരിലെ പ്രശസ്ത സംസ്കൃത വിദ്യാപീഠത്തില്‍ ചേര്‍ന്നു പഠനം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യം അവിടത്തെ അധ്യാപകരെപ്പോലും ആശ്ചര്യഭരിതരാക്കി എന്നാണ് പുരാവൃത്തം.
അര്‍ണോസ് പാതിരിയുടെ ഭാഷാപരമായ നേട്ടങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് പുത്തന്‍ പാന, ചതുരന്ത്യം, ഉമ്മാടെ ദുഃഖം, വ്യാകുലപ്രബന്ധം തുടങ്ങിയ കവിതകള്‍. രണ്ട്. അദ്ദേഹം രചിച്ച വ്യാകരണഗ്രന്ഥങ്ങളും നിഘണ്ടുക്കളും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ വിദേശീയര്‍ക്ക് സംസ്കൃതപഠനം എത്രമാത്രം ദുര്‍ഘടമായിരുന്നു എന്ന് അനുഭവിച്ചറിഞ്ഞ ഹാങ് സ്ലേഡന്‍ (അര്‍ണോസ് പാതിരി) തന്റെ പിന്‍ഗാമികളുടെ പാത സുഗമമാക്കാന്‍ വേണ്ടിയാണ് വ്യാകരണങ്ങളും നിഘണ്ടുക്കളും നിര്‍മ്മിച്ചത്.
പെസഹാദിനങ്ങളില്‍ നമ്മുടെ ദേവാലയങ്ങളില്‍ പാടി കേള്‍ക്കുന്ന പുത്തന്‍പാന 300 വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ചടി പോലും വ്യാപകമല്ലാതിരുന്ന കാലത്ത് താളിയോലകളില്‍ എഴുതി പ്രചരിപ്പിച്ച വൈദികന്റെ പേരും രൂപവും നമ്മുടെ മനസ്സില്‍ ഓടി എത്താറില്ല. 18 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ജര്‍മ്മനിയില്‍ നിന്ന് പുറപ്പെട്ട് 15 മാസത്തെ ക്ലേശകരമായ യാത്രയ്ക്ക് ശേഷം ഈ നാട്ടിലെത്തി മലയാളവും സംസ്കൃതവും ഭംഗിയായി പഠിച്ച് ഗ്രന്ഥങ്ങള്‍ രചിച്ച പ്രതിഭാശാലിയാണ് അദ്ദേഹം. ബൈബിളിന്റെ മലയാള തര്‍ജ്ജമ പ്രസിദ്ധീകരിക്കുന്നതിന് 150 വര്‍ഷം മുമ്പാണ് യേശുവിനെയും അവിടുത്തെ സുവിശേഷത്തെയും പറ്റി വായിച്ച് അറിയാനുള്ള വാതായനം മലയാളിക്ക് മുമ്പില്‍ തുറന്നിട്ടത്. 1844 കോട്ടയം സിഎംഎസിലാണ് പുത്തന്‍പാന ആദ്യമായി അച്ചടിക്കപ്പെട്ടത്. പിന്നീട് കൊച്ചിയിലെ ഈനാശു അച്ചുകൂടം (1862) വരാപ്പുഴയിലെ മെത്രാപ്പോലീത്ത അച്ചുകൂടം (1895) മാന്നാനത്തെ സെന്റ് ജോസഫ് (1896) തുടങ്ങിയ 10 കേന്ദ്രങ്ങളില്‍ അതിന്റെ പുതിയ പതിപ്പുകള്‍ വന്നു.
മലബാര്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന കേരളത്തിലെ ഒരു ചെറിയ പ്രദേശം മാത്രമായിരുന്നു അര്‍ണോസ് പാതിരിയുടെ പ്രവര്‍ത്തനമണ്ഡലം. കോഴിക്കോടിനു വടക്കോട്ടോ കുറവിലങ്ങാടിനു തെക്കോട്ടോ അദ്ദേഹം പോയതായി കാണുന്നില്ല. മൂന്നു പതിറ്റാണ്ടു ദീര്‍ഘിച്ച ആ പ്രേഷിതജീവിതം പൊതുവെ എഴുത്തിനും വായനയ്ക്കുമായി നീക്കിവച്ചതായിരുന്നു. മലയാളി സമൂഹത്തിന്റെ നവോത്ഥാനത്തെ സംബന്ധിച്ചിടത്തോളം, നിര്‍ണ്ണായക പ്രാധാന്യമാര്‍ന്ന കാലയളവായിരുന്നു അത്.
ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, അയ്യന്‍കാളി തുടങ്ങിയ നവോത്ഥാന ശില്പികള് ജനിച്ചതുതന്നെ പാതിരി മണ്മറഞ്ഞ് ഒന്നര നൂറ്റാണ്ട് പിന്നിട്ടശേഷമാണ്.
അതിനൊക്കെ എത്രയോമുമ്പ് മനുഷ്യരെല്ലാം സഹോദരങ്ങളും സമന്മാരുമാണെന്ന ക്രൈസ്തവദര്‍ശനം അദ്ദേഹം സ്വകൃതികളിലൂടെ കേരളസമൂഹത്തില്‍ സന്നിവേശിപ്പിച്ചു. പുത്തന്പാനയുടേയും മറ്റും താളിയോലപ്പകര്‍പ്പുകള്‍ കേരളത്തിലുട നീളം ലഭ്യമാക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ അദ്ദേഹം ചെയ്തിരുന്നു.
ഉദാസീനതകളെ ഉലയ്ക്കാനും ഈ പുസ്തകത്തിന് സാധിക്കുന്നു. ആര്‍ച്ച്ബിഷപ് ഡോ. അലെക്സൊ ഡെ മെനസിസിലൂടേയും ആര്‍ച്ച്ബിഷപ് ബെര്ണര്ദീന് ബച്ചിനെല്ലിയിലൂടേയും ശ്രീനാരായണഗുരുവിലൂടെയും ചട്ടമ്പിസ്വാമികളിലൂടെയും വാഗ്ഭടാനന്ദനിലൂടെയും അയ്യങ്കാളിയിലൂടെയും കേരളസമൂഹത്തിനുണ്ടായ വലിയ തിരിച്ചറിവുകളും ഉണര്‍വുമാണ് ഒരു പുതിയ സമൂഹനിര്‍മ്മിതിക്ക് ഹേതുവായെന്നത് ചരിത്രപരമാര്ത്ഥം. എന്നാല്‍ ഈ നവോത്ഥാന മൂല്യങ്ങളും ആശയങ്ങളും എവിടെനിന്ന് ആവിര്‍ഭവിച്ചു? ആചാരബദ്ധവും അന്ധവിശ്വാസജടിലവുമായ ഒരു സമൂഹത്തിന്റെ തമോമയഭൂമിയില് പതിഞ്ഞ ആദ്യത്തെ പ്രകാശരശ്മികള്‍ ഏതായിരുന്നു?
നമ്മുടെ നവോത്ഥാനത്തെ പ്രചോദിപ്പിച്ച ആശയങ്ങളുടെ വിത്ത് നിരവധി സ്രോതസുകളില്‍നിന്ന് ഈ മണ്ണില്‍ പതിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ പ്രമുഖമായ സ്ഥാനം ആദ്യകാല മിഷണറിമാര്ക്കാണെന്ന സംഗതി സാമൂഹിക ചരിത്രകാരന്മാര് അര്‍ഹിക്കുംവിധം അംഗീകരിച്ചുകാണുന്നില്ല. ഈ പുസ്തകം രചിക്കുന്ന പ്രധാനപ്പെട്ട തിരുത്തല്പാഠം അതാണ്.
അര്‍ണോസ് പാതിരിക്കും അടപ്പൂരച്ചനും പ്രണാമം.