ഷാജി ജോര്‍ജ്
1924 ഏപ്രില്‍ 12ന് 101-ാം ജന്മദിനമായിരുന്നു പോഞ്ഞിക്കര റാഫിയുടേത്. ജന്മശതാബ്ദി ആര് ഓര്‍ത്തു എന്നൊരു ചോദ്യമുണ്ട്. മലയാളത്തിലെ ആദ്യ തൊഴിലാളി എഴുത്തുകാരന്, മാര്‍സല്‍ പ്രൂസ്റ്റ്, ജെയിംസ് ജോയ്സ് തുടങ്ങിയ വിശ്വസാഹിത്യത്തിലെ അതികായന്മാര് ലോകത്തിന് പരിചയപ്പെടുത്തിയ ബോധധാരാ സമ്പ്രദായം മലയാളത്തില്‍ അവതരിപ്പിച്ച ആദ്യ എഴുത്തുകാരന് – എത്രയോ വിശേഷണങ്ങള്‍ പോഞ്ഞിക്കര റാഫിക്ക് സാംസ്കാരിക കേരളം ചാര്‍ത്തികൊടുത്തിട്ടുണ്ട്! സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനും സമസ്ത കേരള സാഹിത്യ പരിഷത്തിനും അടിത്തറ പാകുന്നതില്‍ മഹത്തായ പങ്കാണ് അദ്ദേഹം വഹിച്ചിട്ടുള്ളത്. അവരും അദ്ദേഹത്തെ വിസ്മരിച്ചു. പോഞ്ഞിക്കര റാഫിക്ക് കൊച്ചിയില്‍ സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് ലേഖകന്‍ നവകേരള സദസ്സില്‍ ഒരു നിവേദനം നല്‍കിയിരുന്നു. അത് കൊച്ചിന് കോര്പറേഷന് കൈമാറി സാധ്യതകള്‍ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് കേരള മന്ത്രിസഭ ചെയ്തിട്ടുള്ളത്. ആരും പോഞ്ഞിക്കര റാഫിയുടെ മഹത്വം ഇപ്പോള്‍ സ്മരിക്കുന്നില്ല എന്നു പറയുന്നതില്‍ ദുഃഖമുണ്ട്. അദ്ദേഹം ജനിച്ച സമുദായം പോലും.
അതുകൊണ്ടുതന്നെയാണ് ആരുമറിയാതെ ആ ജന്മശതാബ്ദി കടന്നുപോയത്.
എറണാകുളത്തിനടുത്ത് പോഞ്ഞിക്കരയില്‍ നടുവത്തേഴത്ത് ജോസഫിന്റെയും അന്നയുടെയും മകനായി 1924 ഏപ്രില്‍ 12ന് റാഫി ജനിച്ചു. പോഞ്ഞിക്കരയില്‍ പ്രാഥമിക വിദ്യാഭ്യാസവും എറണാകുളം സെന്റ് ആല്‍ബര്‍ട്സില്‍ സ്കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞ് ഗവണ്മെന്റ് ട്രേഡ് സ്കൂളില്‍ നിന്ന് സാങ്കേതിക പരിശീലനം നേടി. കൊച്ചിന് ഹാര്‍ബര്‍ വര്‍ക്ക്ഷോപ്പില്‍ ഫിറ്ററായി ജോലിക്കു ചേര്‍ന്നു. തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചുവെന്ന കാരണത്താല്‍ ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ടു. അതിനുശേഷം ഇന്ത്യന്‍ അലൂമിനിയം കമ്പനിയില്‍ ജോലി ലഭിച്ചപ്പോഴും ഇതുതന്നെ ആവര്‍ത്തിക്കപ്പെട്ടു. അതോടെ കമ്പനികളിലെ ജോലി മതിയാക്കി.
റാഫിയിലെ ഉറങ്ങിക്കിടന്നിരുന്ന സര്‍ഗഭാവം ഉണര്‍ന്നെഴുന്നേറ്റത് ജോലി നഷ്ടപ്പെട്ടതിനുശേഷമാണ്. പറന്നകന്നുപോകുന്ന നിമിഷങ്ങള്‍ മനുഷ്യമനസ്സിലങ്കുരിപ്പിക്കുന്ന വര്‍ണഭേദങ്ങള്‍ സൂക്ഷ്മമായും സുന്ദരമായും ആവിഷ്ക്കരിക്കുന്ന കഥാകാരനായി അതോടെ റാഫി വളര്‍ന്നുതുടങ്ങി.
‘സത്യനാദം’ വാരികയിലാണ് ആദ്യത്തെ കഥ ‘ആന്റണിയുടെ വാഗ്ദാനം’ പ്രസിദ്ധപ്പെടുത്തിയത്. മലയാളത്തില്‍ പ്രചാരത്തിലിരുന്ന മിക്ക വാരികകളിലും പോഞ്ഞിക്കര റാഫിയുടെ കഥകള്‍ പിന്നീട് പ്രസിദ്ധീകൃതമായി. 1945-ല്‍ ആദ്യകൃതിയായ ‘ഭാവി’ പുറത്തുവന്നു. ഇതിനെഴുതിയ അവതാരികയിലാണ് കേസരി ബാലകൃഷ്ണപിള്ള പോഞ്ഞിക്കര റാഫി മലയാളത്തിലെ ആദ്യ തൊഴിലാളിവര്‍ഗ സാഹിത്യകാരന് (പ്രൊലറ്റേറിയന്‍ റൈറ്റര്‍) എന്നു വിശേഷിപ്പിച്ചത്.
പതിനഞ്ചാമത്തെ വയസ്സില്‍ ആരംഭിച്ച കഥയെഴുത്ത് 31-ാമത്തെ വയസ്സില്‍ അദ്ദേഹം വഴിതിരിച്ചുവിട്ടു. 1958-ല്‍ അദ്ദേഹം എഴുതിയ ‘സ്വര്‍ഗ്ഗദൂതന്‍’ ഭാഷയിലെ ആദ്യത്തെ ബോധധാരാ നോവലാണ്. സ്വര്‍ഗ്ഗദൂതന്‍, ‘വധിക്കപ്പെട്ട സൈമണ്‍’ എന്ന പേരിലാണ് ആദ്യമെഴുതിയത്. എന്നാല്‍ അതിന്റെ കയ്യെഴുത്ത് പ്രതി കോട്ടയത്തേക്കുള്ള ബോട്ട് യാത്രയില്‍ നഷ്ടപ്പെട്ടു. വീണ്ടും ആ നോവല്‍ എഴുതി സ്വര്‍ഗ്ഗദൂതന്‍ എന്ന് പേരു നല്കി. സൈമണ്‍ എന്ന കഥാപാത്രം ദ്വീപില്‍ നിന്ന് കരയിലേക്കുള്ള പാലങ്ങള്‍ സ്വപ്നം കാണുന്നത് ഈ നോവലിലാണ്. മറ്റൊരര്‍ത്ഥത്തില്‍ എറണാകുളം നഗരവുമായി കൊച്ചി കായലിലെ ദ്വീപുകളെ ബന്ധപ്പെടുത്തുന്ന ഗോശ്രീ പാലങ്ങളുടെ ആശയാവിഷ്കാരം റാഫി തന്റെ നോവലില്‍ പറഞ്ഞു..
‘സുപ്രഭ’, ‘വാഗ്ദാനം’ എന്നീ വാരികകളുടെ സഹപത്രാധിപരായും സി.ജെ. തോമസിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ഡെമോക്രാറ്റി’ലും റാഫി പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറുമൊത്ത് എറണാകുളത്ത് ‘സര്‍ക്കിള്‍ ബുക്ക് ഹൗസ്’ നടത്തിയിരുന്നു. 1962 മുതല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ്, ബുക്ക് സ്റ്റാള്‍ മാനേജര്‍, റീഡര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച റാഫി 1966 മുതല്‍ ഒരു ദശാബ്ദക്കാലം സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചു.
1963-ല്‍ പോഞ്ഞിക്കര റാഫി വിവാഹിതനായി. എഴുത്തുകാരിയും അദ്ധ്യാപികയുമായ സെബീനയായിരുന്നു വധു. ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു ആ പ്രണയവിവാഹം. തന്നെക്കാള്‍ രണ്ടു വയസ് കൂടുതലുള്ള ടീച്ചര്‍ റാഫിയുടെ ജീവിതത്തില്‍ മാത്രമല്ല എഴുത്തിലും വലിയ സ്വാധീനം ചെലുത്തി. രണ്ടുവര്‍ഷം മുമ്പ് സെബീന ടീച്ചറുടെ ജന്മശതാബ്ദിയും നമ്മള് മറന്നു. ചവിട്ടുനാടകത്തെകുറിച്ചുള്ള പ്രാമാണിക ഗ്രന്ഥം സെബീന ടീച്ചറുടേതാണ്. ചവിട്ടുനാടകത്തെ ഡല്‍ഹിയിലെ റിപ്പബ്ലിക് പരേഡില്‍ എത്തിച്ചതും അതിനെ പുനരുദ്ധരിച്ചതും ടീച്ചറാണ്. സെബീനാടീച്ചറുമൊത്ത് 1971-ല്‍ രചിച്ച ‘കലിയുഗം’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി. 1981-ല്‍ റാഫിയെഴുതിയ ‘ഓരാ പ്രൊ നോബിസ്’ കെഎല്‍സിഎ പുരസ്കാരത്തിനും അര്‍ഹമായി. കൊച്ചിയിലെ കാപ്പിരികളെ കുറിച്ചുള്ള മിത്ത് ആ നോവല്‍ അതിമനോഹരമായി അവതരിപ്പിച്ചു. പിന്നീട് എന്‍.എസ്. മാധവനും പി.എഫ് മാത്യൂസും ജോണി മിറാന്‍ഡയും ഉള്‍പ്പെടെ നിരവധി എഴുത്തുകാര്‍ കൊച്ചിയിലെ തീരദേശ ജനതയുടെ ജീവിതത്തെ പ്രമേയമാക്കി നോവലുകള്‍ എഴുതി.
റാഫി ദമ്പതികളുടെ ഇരുപതു വര്‍ഷത്തെ നീണ്ട തപസ്സിന്റെ ഫലമാണ് ‘ശുക്രദശയുടെ ചരിത്രം’. അവരുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന ഗവേഷണ ഗ്രന്ഥമാണത്. സെബീനാ റാഫിയുടെ അന്ത്യനാളുകളിലാണ് ‘എമ്മാവൂസിലേക്കുള്ള യാത്ര’യും ‘മാര്‍ക്സിസം ഒരു തിരിഞ്ഞുനോട്ട’വും പ്രസിദ്ധപ്പെടുത്തിയത്.
പോഞ്ഞിക്കര റാഫി – സെബീനാ റാഫി ദമ്പതികളുടെ പ്രപഞ്ചം വേദങ്ങളിലേക്കും സൈന്ധവരുടെ നാഗരികതയിലേക്കും അസുരഗുരു ശുക്രമുനിയുടെ നീതിശാസ്ത്രം ഉള്‍പ്പെടെയുള്ള ഗഹനമായ വിഷയങ്ങളിലെ ഗവേഷണങ്ങളിലേക്കും തിരിഞ്ഞപ്പോള്‍ മലയാള നോവല്‍, ചെറുകഥ രംഗത്തിന് നഷ്ടപ്പെട്ടത് അമൂല്യമായ പലതുമായിരുന്നു.
ചെറുകഥ, നോവല്‍, നാടകം, പഠനങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 25 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. റാഫി ദമ്പതികള്‍ ഒരുമിച്ചെഴുതിയവയാണ് ‘കലിയുഗം’, ‘എമ്മാവൂസിലേക്കുള്ള യാത്ര, മാര്‍ക്സിസം ഒരു തിരിഞ്ഞുനോട്ട’, ‘ശുക്രദശയുടെ ചരിത്രം’ എന്നിവ. ‘ചവിട്ടുനാടകം’, ‘ക്രിസ്തുമസ് സമ്മാനം’ എന്നീ പുസ്തകങ്ങള്‍ സെബീനാ റാഫിയുടേതാണ്.
റാഫി ദമ്പതികള്‍ക്ക് മക്കളില്ല. 1990 ജൂണ്‍ 22ന് സെബീനാ റാഫി അന്തരിച്ചു. 1992 സെപ്റ്റംബര്‍ 6ന് പോഞ്ഞിക്കര റാഫി നിര്യാതനായി. പോഞ്ഞിക്കര റാഫി – സെബീന റാഫി ദമ്പതികളുടെ കൃതികള്‍ അവരുടെ മരണശേഷം പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറായില്ല. അവകാശ തര്‍ക്കവും അതിനൊരു കാരണമായി. റാഫിയുടെ മരണത്തിനു പത്തു വര്‍ഷത്തിനുശേഷം 28 അവകാശികളുടെ സമ്മതത്തോടുകൂടി ‘ഓരാ പ്രൊ നോബീസ്’ പ്രസിദ്ധീകരിച്ചത് പ്രണത ബുക്സാണ്.
വാല്‍ക്കഷണം:
മലയാള സാഹിത്യലോകം പോഞ്ഞിക്കര റാഫിയുടെ ജന്മശതാബ്ദി മറന്നതെന്തേ? സെബീന റാഫിയുടെ ജന്മശതാബ്ദിയും നമ്മള് മറന്നു. കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ ഈ ജന്മശതാബ്ദി വിസ്മരിക്കപ്പെടുന്നത് എന്തുകൊണ്ട്?
മക്കളില്ലാതെ പോയതുകൊണ്ട് ഇവരുടെ വിലപ്പെട്ട ഗ്രന്ഥങ്ങള്‍ മലയാളത്തിന് നഷ്ടപ്പെടണോ? അവകാശ തര്‍ക്കങ്ങളില്‍ കുടുങ്ങി കിടക്കുന്ന നല്ല കൃതികളുടെ പുനഃപ്രസിദ്ധീകരണത്തിന് നിയമനിര്‍മ്മാണം തന്നെ വേണ്ടതാണ്. ഇതൊക്കെ ചെയ്യേണ്ട നമ്മുടെ സാഹിത്യ അക്കാദമി ഉറക്കം വെടിയണം. അതോ അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലേ?