കെ.ജെ സാബു
മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് സാത്താന് കയറി ബ്രേക്ക് ഡാന്‍സ് കളിക്കും. അതാണ് കാലം.
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലര്‍ സഭാസാരഥികളായി വരുമ്പോള്‍ അവര്‍ക്ക് വിശുദ്ധ ബൈബിളിനെക്കാള് വലുത് ‘വിചാരധാര’യാണെന്നു തോന്നും.
ഇടുക്കി രൂപത അധികാരികള്‍ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന് അവരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക എന്ന് വല്യ നിശ്ചയമില്ല. പറഞ്ഞുവരുന്നത് കുട്ടികള്‍ക്കായി അവര്‍ നടത്തിയ ‘കേരള സ്റ്റോറി’ സിനിമാ പ്രദര്‍ശനത്തെ കുറിച്ചാണ്.
പ്രണയം ഒരു കെണിയാണെന്നാണ് ഇടുക്കി രൂപത വക്താവായ വൈദികന് ചാനല്‍ മുറികളില്‍ വന്നിരുന്ന് തട്ടിവിടുന്നത്.
അവന് തനിച്ചായിരിക്കുന്നത് നന്നല്ല എന്നു തോന്നി, ആദാമിന് പ്രണയിക്കാന്‍ ഹവ്വയെ സൃഷ്ടിച്ചത് യഹോവയാണ്. പ്രണയമെന്നത് ലോകത്തിന്റെ നിലനില്‍പ്പും അടിസ്ഥാന ചോദനയുമാണ്. ലോകത്തെ അത്രമേല്‍ പ്രണയിച്ചതിനാല്‍ ആണ് യേശു ലോകത്തിനായി സ്വജീവിതം ബലിയായ് നല്‍കിയത്. ഇതൊന്നും അറിയാത്തവരല്ല ഈ പുത്തന്‍കൂറ്റ് വൈദികര്‍. പിന്നെന്താണ് ഇവരിങ്ങനെ പ്രണയത്തെ കെണിയാണെന്നു പ്രചരിപ്പിക്കുന്നത്?
സത്യസന്ധമായി പറയുകയാണ് എന്ന മുഖവുരയോടെ രൂപത വ്യക്താവ് വിളമ്പുന്നതു മുഴുവന്‍ പച്ചക്കള്ളമാണ്. രാജ്യത്തെ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചയും വെളിപ്പെടുത്തലും ഒന്നുമല്ല, വര്‍ഗീയ ഭ്രാന്തന്മാര് പടച്ചുവിട്ടുകൊണ്ടിരിക്കുന്ന വാട്സ്ആപ് കണക്കുകളാണ് ആ വൈദികന് എടുത്തുവീശുന്നത്.
ഇക്കണ്ട കാലമൊക്കെയും സഹോദര മതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ പുലര്‍ത്താതെ ജീവിച്ചവരാണ് കേരള ക്രൈസ്തവര്‍. അവരെ തികഞ്ഞ മുസ് ലിംവിരോധികള് ആക്കി മാറ്റുക എന്ന സംഘ പരിവാര്‍ അജണ്ടയാണിപ്പോള് ഇവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
‘കേരള സ്റ്റോറി’ എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്നത് 32,000 ക്രൈസ്തവ യുവതികളെ കേരളത്തിലെ ഇസ് ലാം മതത്തില്‍ ജനിച്ച് ഇസ് ലാം വിശ്വാസികളായി ജീവിക്കുന്ന യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ് ലാമിക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കി എന്നാണ്.
ഇതില്‍ പത്തു സ്ത്രീകളുടെ പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഓഫര്‍ ചെയ്തുകൊണ്ട് ഒരു മനുഷ്യന് എഫ്ബിയില്‍ എഴുതിയ കുറിപ്പ് വായിക്കാനിടയായി.
ഇടുക്കി രൂപത വക്താവിന് ഈ വെല്ലുവിളി ഏറ്റെടുക്കാവുന്നതാണ്. ഒരു കോടി അത്ര നിസ്സാരക്കാശല്ല!
ഓര്‍ക്കുക, 32,000 സ്ത്രീകളുടെ വിവരമൊന്നും വേണ്ട, വെറും പത്തുപേരുടെയെങ്കിലും വിവരങ്ങള്‍ കൊടുത്താല്‍ മതി!
2020 നവംബറില്‍ ഐഎസുമായി ബന്ധമുള്ള ”66 ഇന്ത്യന്‍ വംശജരായ പോരാളികള്‍” ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീവ്രവാദത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നാലുപേര്‍ മാത്രമാണ് മലയാളികള്‍. ഈ റിപ്പോര്‍ട്ടിനു ശേഷം, 2021 സെപ്റ്റംബറില്‍, 37 കേസുകളുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റു ചെയ്തതായി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചിരുന്നു.
‘കേരള സ്റ്റോറി’ സിനിമയ്ക്ക് കേരളത്തിലെ തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണമാണു ലഭിച്ചത്. നേരത്തെ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ പല തിയറ്ററുകളും റദ്ദാക്കി. പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ പ്രദര്‍ശനം റദ്ദാക്കി. കേരളത്തിലെ മറ്റു തിയറ്ററുകളിലും ചാര്‍ട്ട് ചെയ്ത ഷോകള്‍ ക്യാന്‍സല്‍ ചെയ്തു. പ്രേക്ഷകര്‍ കുറവായതിനെ തുടര്‍ന്നാണ് ചിലയിടങ്ങളില്‍ ഷോ റദ്ദാക്കിയത്. ആദ്യ ഷോയ്ക്കു ശേഷം വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചത്.
തലയ്ക്ക് വെളിവുള്ളവര്‍ ആ വിദ്വേഷ സിനിമയെ തിരസ്കരിച്ചു എന്നു സാരം.
ഇന്ത്യയിലെ ഏറ്റവും പുരോഗാമിയായ സംസ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേരളം ഇവിടുത്തെ മാനവമൈത്രിയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പേരില്‍ എല്ലായിടത്തും പ്രശംസിക്കപ്പെടുന്ന ഇടമാണ്. 2011-ലെ അവസാന സെന്‍സസ് പ്രകാരം കേരളത്തിലെ 33 ദശലക്ഷം ജനങ്ങളില്‍ 27% മുസ് ലിംകളും 18% ക്രിസ്ത്യാനികളുമാണ്. ഇവരും ശേഷിക്കുന്ന ഹൈന്ദവ വിശ്വാസികളും അവിശ്വാസികളും ഒരുമയോടെ കഴിയുന്നൊരു നാട്ടില്‍ തിരഞ്ഞെടുപ്പുകാലത്ത് ഏതോ പരിവാര്‍ ‘തിങ്ക്ടാങ്കി’ന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിക്കൈ ആയി ആരും അധഃപതിക്കരുതെന്നാണ് സ്ഥിരബുദ്ധിയുള്ള മനുഷ്യര്‍ ആശിക്കുന്നത്.