അസമിന്റെ ചരിത്രനാള്‍വഴികള്‍ ഓര്‍ത്തെടുക്കുകയാണ്. അസമാണല്ലോ പൗരത്വ ഭേദഗതി നിയമത്തിന്റെയും ദേശീയ പൗരത്വ രജിസ്റ്റര്‍ എന്ന പ്രക്രിയയുടെയും എപ്പിസെന്ററായി വര്‍ത്തിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതിന്റെ അലയൊലികള്‍ക്കിടയില്‍ ഇത് പ്രതിരോധത്തിന്റെ ഓര്‍മ്മപ്പെടുത്തലാകും. ചരിത്രരേഖകള്‍ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ദേശത്തിന്റെ ഓര്‍മ്മയില്‍ ആരെല്ലാം എന്തെല്ലാമാണ് അവരവര്‍ക്കു വേണ്ടി പെറുക്കിയെടുക്കുന്നത് എന്നതാണ് ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ബ്രിട്ടീഷ് ഭരണകൂടം അസമിലേക്ക് ആട്ടിതെളിച്ചുകൊണ്ടുവന്ന തൊഴിലാളികളില്‍ നമ്മള് മലയാളികളുമുണ്ടായിരുന്നല്ലോ.
1941ല്‍ വൈലോപ്പിള്ളി ശ്രീധരമേനോന് ‘ആസ്സാം പണിക്കാര്’ എന്ന കവിതയില്‍ നമ്മുടെ മുന്‍തലമുറകള്‍ കടന്നുപോയ വ്യസനത്തിന്റെ പടം വരഞ്ഞിട്ടുണ്ട്.
”കുടവയറിന്നു കുളുര്‍ചോര്‍ പാടുപെടുന്ന വായകള്‍ക്കുഴക്കരിക്കഞ്ഞി” എന്ന നാടിന്റെ പട്ടിണിയലും ജന്മിത്ത അടിമത്തത്തിലും നിന്ന് മനുഷ്യര്‍ അസമിലേക്ക് കടന്ന കാലം. കാരണം ”കുട്ടികളെങ്ങനെ വിലക്കും ഞങ്ങളെ? ചുടുമിഴിനീരിലൊറ്റ വറ്റുണ്ടോ?” എന്ന് കവി എഴുതി.
”അവിടെ ആസാമില്‍ വനങ്ങള്‍ കൂത്തിനുള്ള വര് വനങ്ങളല്ല
വിപിന വല്ലികള്‍ ഫണമുയര്ത്തിടുമപകടങ്ങളായ പരിണമിച്ചിടാം” എന്ന അപകടത്തെ തരണം ചെയ്ത് തേയിലതോട്ടങ്ങളിലും റോഡ് പണിക്കാരായും ബംഗ്ലാ അതിര്‍ത്തികളിലും ഇതര ദേശങ്ങളില്‍ നിന്ന് മനുഷ്യര്‍ കൂട്ടംകൂട്ടമായി ഒഴുകിയെത്തി.
അഹോം രാജവംശത്തിന്റെ പ്രതിരോധങ്ങള്‍ തകര്‍ത്ത് ബര്‍മ്മയില്‍ നിന്ന് അക്രമോത്സുകരായ വംശങ്ങള്‍ അസമിലേക്ക് കടന്നുകയറുന്ന കാലത്ത് ബ്രിട്ടീഷ് സേനയുടെ സഹായമഭ്യര്ഥിച്ച അഹോം രാജാവിന്റെ കത്താണ് അസമിന്റെ ചരിത്രം മാറ്റിയെഴുതുന്നത്. സഹായത്തിനെത്തുന്നവര്‍ വീടിന്റെ അധികാരമേറുന്നതിന്റെ പതിവ് ചരിത്രം ബ്രിട്ടീഷ് മേധാവികള്‍ തെറ്റിക്കുന്നില്ല. ബംഗാള്‍ പ്രവിശ്യയോടു ചേര്‍ത്തും പിന്നീട് വിഭജിച്ചും അസമിന്റെ ഗതിവിഗതികള്‍ നിര്ണയിക്കപ്പെട്ടും മുറിച്ചും ചേര്‍ത്തുകെട്ടിയും വീണ്ടും മുറിച്ചുപണിയുമ്പോള് അതിര്‍ത്തികളില്‍ പൊടിയുന്നത് മനുഷ്യരുടെ ഹൃദയരക്തമാണെന്ന് ചരിത്രം പറയില്ലെങ്കിലും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ പിന്നീട് നമ്മളോട് അറിയപ്പെടാത്ത ചരിത്രങ്ങള്‍ പറഞ്ഞുതരും. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഫെല്ലോ ആയി നിന്ന് ഷര്‍മ്മിള ബോസ് എഴുതിയ ‘ഡെഡ് റെക്കണിംഗ് 1971’ എന്ന വിവാദമുയര്‍ത്തിയ പുസ്തകം ബംഗ്ലാദേശ് യുദ്ധകാലത്ത് കീറിമുറിഞ്ഞ സ്ത്രീകളുടെ നേരനുഭവമായിട്ടാണല്ലോ പുറത്തുവന്നത്. ഉര്‍വ്വശി ബൂട്ടാലിയ പില്ക്കാലത്ത് എഴുതിയ ഇന്ത്യവിഭജനചരിത്രത്തിന്റെ കണ്ണീരും ചോരയും കലര്‍ന്ന ഏടുകള്‍ കൊണ്ടു തീര്‍ത്ത ചരിത്രപുസ്തകവും, ‘ദി അദര്‍ സൈഡ് ഓഫ് ദി സൈലന്‍സ്,’ വിവാദ കൊടുങ്കാറ്റായിരുന്നല്ലോ ഉയര്‍ത്തിയത്. മൃത്യുഞ്ജയ ദേവരഥ് സംവിധാനം ചെയ്ത ‘ദ് ചില്‍ഡ്രന്‍ ഓഫ് വാര്’ എന്ന 2014ല്‍ ഇറങ്ങിയ സിനിമ കണ്ടതിന്റെ ഞെട്ടല്‍ ഉള്ളില്‍ ഇപ്പോഴുമുണ്ട്.
അസമിലെ വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളും വന്നുചേര്‍ന്നവരും കൂടിപ്പിണഞ്ഞവരുമെല്ലാം ചേര്‍ന്ന് ഒരുക്കിയ സംസ്കൃതിയെ ഭാഷയുടെയും വംശമഹിമയുടെയും മണ്ണിന് മക്കള്‍ വാദത്തിന്റെയും പില്ക്കാലത്ത് മതത്തിന്റെയും പേരില്‍ കീറിമുറിച്ചതിന്റെ ചരിത്രനാള്‍വഴികള്‍ സങ്കീര്‍ണമാണ്. ഉദാഹരണമായി, അഹോം രാജാവായിരുന്ന ജയദജസിംഗയുടെ ഓമന മകള്‍ രമണി ബഹാരു എന്ന പോരി ബീബിയുടെ കുടീരം ഈ ചരിത്രത്തിനുള്ള സാക്ഷ്യമാണ്. പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ അസമിലേക്ക് പടനയിച്ച മുഗള്‍ വംശത്തിന്റെ പടനായകന് മിര്‍ ജുംല, രമണി രാജകുമാരിയെ ഔറംഗസേബിന്റെ മൂത്തമകനായ അസ്സംഗീര് എന്ന അസ്സംതാരയ്ക്ക് ബീവിയായി കൊണ്ടുനല്കിയതിന്റെ ചരിത്രം പാഠപുസ്തകങ്ങളില്‍ കാണില്ലെങ്കിലും അസമിലെ അമ്മമാരുടെ താരാട്ടുപാട്ടുകളില്‍ ഇപ്പോഴും ഈ രാജകുമാരി കടന്നുവരുന്നുണ്ട്. ആ ഗാനങ്ങള്‍ പറയുന്ന ചരിത്രം പോരിന്റെ മാത്രമല്ല, സംസ്ക്കാരത്തിന്റെ കൂടിപ്പിണയിലിനെക്കുറിച്ചുമാണ്. അമ്മമാരാണ് അതിന്റെ വാഹകര്‍. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാള്‍ പട്ടാളത്തിന്റെ സര്‍ജനായിരുന്ന ജോണ്‍ മക്കോഷ് എഴുതി 1837ല്‍ പ്രസിദ്ധിപ്പെടുത്തിയ ‘ടോപ്പോഗ്രഫി ഓഫ് ആസ്സാം’ എന്ന പുസ്തകത്തില്‍ പോര്‍ച്ചുഗീസ് പട്ടാളം അസമിനു നല്കിയ ക്രിസ്തീയ വിശ്വാസത്തെപ്പറ്റി എഴുതുന്നുണ്ട്. ഗോല്‍പര പ്രദേശത്ത് കണ്ട വീടുകളില്‍ മരത്തില്‍ കൊത്തിയ അമ്മ മറിയത്തിന്റെ തിരുരൂപങ്ങളുടെ മുന്നില്‍ മനുഷ്യര്‍ വണങ്ങുന്നതു കണ്ടതായി മക്കോഷ് എഴുതുന്നു. അമ്മമാരുടെ മുന്നില്‍ മക്കള്‍ വണങ്ങുക തന്നെ വേണം.
ബംഗ്ലാഭാഷയുടെ ഔധത്യകാലത്ത് ആസ്സാമീസ് പ്രാദേശികഭാഷകള്ക്ക് ജീവന് നല്കി നിലനിര്‍ത്തിയത് ക്രിസ്തീയ മിഷണറിമാരായിരുന്നു എന്ന ചരിത്രവും ഇന്നധികം പേര് പറയാറില്ല.
കയറിവന്നവര്‍ നേരത്തേ ഉണ്ടായിരുന്നവരേയും തള്ളിമാറ്റാന്‍ തുടങ്ങിയതിന്റെ ചരിത്രത്തില്‍ നിന്നാണ് പുതുകാല അസം വാദം ഉയിര്‍ക്കുന്നത്. അസം ഉടമ്പടിയിലേക്കു നയിച്ച രാഷ്ട്രീയചരിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ബംഗ്ലാദേശ് വിമോചനകാലത്ത് ഒഴുകിയെത്തിയ വീടും കൂടും നഷ്ടപ്പെട്ടവരുടെ വരവിന്റെ ചരിത്രവും തിരഞ്ഞെടുപ്പു കാലത്തിന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ധ്രുവീകരണ ശ്രമങ്ങളും എല്ലാം ചേര്‍ന്ന് സങ്കീര്‍ണമായ പശ്ചാത്തലത്തെ ഇഴകീറി നോക്കാതെ ആര്‍ക്കാണ് പൗരത്വ ഭേദഗതി ആക്ടിനെ വിലയിരുത്താനാകുന്നത്! സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുമുണ്ട്. ചില ചരിത്രസൂചനകള്‍, പക്ഷേ മറക്കരുത്. മംഗള്‍ ദോയ് മണ്ഡലത്തിന്റെ എംഎല്‍എ ആയിരുന്ന ഹിരലാല്‍ പടോവാരി മരിച്ചതിനെത്തുടര്‍ന്ന് വന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക ശുദ്ധീകരണ ശ്രമം അഴിച്ചുവിട്ട കൊടുങ്കാറ്റാണ് ആദ്യത്തെ പേമാരി പെയ്യിച്ചത്. ഷാംലാല്‍ ഷക്ദേര്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അസമിലെ ജനസംഖ്യാ വര്‍ധനയെപ്പറ്റി നടത്തിയ പ്രസ്താവന ഉയര്‍ത്തിവിട്ട ഭൂകമ്പം ഇപ്പോഴും നാടിനെ കുലുക്കുന്നുണ്ട്. അസം സ്റ്റുഡന്‍സ് യൂണിയനും അസം മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയനും നാടിനെ കീറിമുറിച്ച കാലം. നിലപാടുകള്‍ മനുഷ്യരെ, രാഷ്ട്രീയത്തെ വേര്‍തിരിച്ച കാലം. പക്ഷപാതങ്ങള്‍ മതം എന്ന കള്ളിയിലേക്ക് വലിച്ചിഴക്കപ്പെട്ട കാലം. മണ്ണും തൊഴിലും നഷ്ടപ്പെടുമെന്ന് ഭീതിപ്പെട്ടവര് എല്ലാമതക്കാരുമായിരുന്നു, ആദ്യഘട്ടത്തില്‍. പിന്നീടാണ് മതചായ്വുകള്‍ പ്രത്യക്ഷപ്പെട്ടത്. നെല്ലി കൂട്ടക്കുരുതി ആരാണ് മറക്കുന്നത്!
കേന്ദ്രത്തിലെ കോണ്ഗ്രസിതിര സര്‍ക്കാരും പിന്നീട് വന്ന ഇന്ദിരാഗാന്ധി സര്‍ക്കാരും സമാധാനം പുനഃസ്ഥാപിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ഒപ്പം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നടത്തിയ നീക്കങ്ങളും. ലോക്സഭയില്‍ ഇന്ദിരാഗാന്ധി നടത്തിയ തുടര്‍ച്ചയായ പ്രസ്താവനകളില്‍ എന്തിനായിരിക്കാം ആര്‍എസ്എസും വാജ്പേയി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ക്ഷുഭിതരായത്? ആര്‍എസ്എസ് ചീഫിന്റെ അസമിലെ വരവും പോക്കും ഇന്ദിരയെ ക്ഷുഭിതയാക്കിയിരുന്നല്ലോ. ”പുറത്തു നിന്നുള്ള സ്വാധീനം” എന്ന പ്രയോഗം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
അന്നത്തെ കലുഷിതമായ രാഷ്ട്രീയ ചരിത്രം സംഗീത ബറുവ പിഷറോതി എന്ന ജേര്‍ണലിസ്റ്റ് ‘ആസ്സാം, ദി അക്കോര്‍ഡ്, ഡിസ്ക്കോര്ഡ്’ എന്ന അതിമനോഹരമായ പുസ്തകത്തില്‍ വിശദമായി പഠിച്ചെഴുതുന്നുണ്ട്.
എല്‍ആര്‍സി പുതുക്കുന്നതുമായി ബന്ധപ്പെട്ട് അസം പബ്ലിക് വര്‍ക്സ് നല്കിയ ഹര്‍ജി സുപ്രീം കോടതി ആറുതവണ മാറ്റിവച്ചു. അസംകാരനായ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസ് ആയി വന്നതോടെ വേഗത്തില്‍ കാര്യങ്ങള്‍ നീങ്ങിയതിന്റെ ദേശരാഷ്ട്രീയ ചരിത്രം ഗൗതം ഭാട്ടിയ എന്ന നിയമവിദഗ്ധന് തന്റെ ‘ദ് കോര്‍ട്ട് ഓഫ് ദി ലാസ്റ്റ് റിസോര്‍ട്ട്’ എന്ന പഠനത്തില്‍ എഴുതുന്നുണ്ട്. പിന്നീടുള്ളത് സമകാല ചരിത്രമാണ്. സങ്കീര്‍ണമായ ചരിത്രതാളുകളെ തങ്ങളുടേതാക്കി മാറ്റുന്ന രാഷ്ട്രീയ ചരിത്രം കൂടിയാണത്. എല്ലാവരും അവരവരുടെ നേട്ടങ്ങള്‍ക്കായി കാര്യങ്ങളെ തങ്ങള്‍ക്കനുകൂലമായ ചരിത്രമാക്കുമ്പോള്‍ സത്യം കുഴിച്ചുമൂടപ്പെടും. സത്യം ഉയിര്‍ക്കുന്നത് അവധാനതയോടെയുള്ള ചരിത്രപഠനത്തിലൂടെ മാത്രം.