‘ദിവ്യബലിയില്‍ പാടുന്നതിനുള്ള ഗാനങ്ങള്‍ക്കും ഗാനരൂപത്തിലുള്ള കുര്‍ബാനയ്ക്കും സംഗീതം നല്‍കുന്നത് സംഗീതത്തിലും ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിലും ആഴത്തിലുള്ള പഠനം നടത്തിയവരാകണം. ഗ്രിഗോറിയന്‍ സംഗീതം പഠിച്ചവരാകണം . നിഭാഗ്യമെന്നു പറയട്ടെ, ഇന്ന് ആരെക്കൊണ്ടെങ്കിലും എങ്ങനെയെങ്കിലും സംഗീതം നല്കുന്ന രീതിയാണ് നമ്മുടെ സഭയിലുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ദിവ്യബലിഗാനങ്ങളും പാട്ടുകുര്‍ബാനകളും പാരമ്പര്യ സംഗീതമായ ഗ്രിഗോറിയന്‍ സംഗീതത്തിന്റെ പാതയില്‍ നിന്നും മാറി സിനിമാ സംഗീതത്തിന്റെ വഴികളിലേക്ക് പോകുന്നതായി കാണാം. ‘
സംഗീത സംവിധായകനും ആരാധനാ സംഗീതത്തിലും സംഗീതസംവിധാനത്തിലും ഉന്നത യൂണിവേഴ്സിറ്റികളില്‍ നിന്നും ശാസ്ത്രീയ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള ജെറി അമല്ദേവിന്റെതാണ് ഈ നിഗമനം.
അദ്ദേഹം പറഞ്ഞത് ശരിയാണെന്നു മനസ്സിലാകാന്‍ കേരളത്തിന് പുറത്തു പോയി ഒരു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതി. വിദേശരാജ്യങ്ങളില്‍ ദേവാലയസംഗീതത്തിനു സഭ നല്കുന്ന പ്രാധാന്യവും നിയന്ത്രണവും നമുക്കു മാതൃകയാകേണ്ടതാണ്. ദിവ്യബലിയില്‍ പാടേണ്ട പാട്ടുകള്‍ പ്രഗത്ഭരുടെ സമിതി തിരഞ്ഞെടുത്തു പുസ്തകരൂപത്തിലാക്കി വിശ്വാസിസമൂഹത്തിനു നല്‍കുകയും എല്ലാവര്ക്കും പാടാവുന്ന തരത്തിലുള്ള പാട്ടുകള്‍ മിതമായ സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് പാടുന്ന രീതിയാണ് ഇന്നും പാലിച്ചുപോരുന്നത്.
അതിപ്രഗത്ഭരെക്കൊണ്ട് ദിവ്യബലിക്കും ഗാനങ്ങള്‍ക്കും സംഗീതം നല്കിയ പാരമ്പര്യം നമ്മുടെ സഭയ്ക്കുണ്ട്. സംഗീതലോകത്തെ മഹാരഥന്മാരായ മൊസാര്‍ട്ട്, ബീഥോവന്, യോഹാന്‍ സെബാസ്റ്റ്യന്‍ ബാക്ക്, അന്റോണിയോ വിവാള്‍ഡി, ജോസഫ് ഹൈഡിന്, ജോര്‍ജ് ഫ്രിഡറിക്ക് ഹാന്‍ഡില്‍, ഷൂബെര്‍ട് തുടങ്ങിയവരൊക്കെ പലകാലങ്ങളില്‍ കുര്ബാനകള്ക്കു സംഗീതരൂപം ഒരുക്കിയിട്ടുണ്ട്.
കുര്‍ബാനയില്‍ പാടുന്ന പാട്ടുകള്‍ക്കും ഇവരെല്ലാം തന്നെ സംഗീതവും നല്‍കിയിട്ടുണ്ട്. ആവേ മരിയ, ലൗദാത്തെ ദോമിനും, ഹല്ലേലൂയാ എന്നീ കീര്‍ത്തനങ്ങളെല്ലാം ഈ പ്രഗത്ഭര്‍ അവരുടേതായ ശൈലികളില്‍ ഈണമിട്ടു ലോകത്തിനു നല്കി.
ചില രൂപതകളില്‍ ആര്‍ച്ച്ബിഷപ്പുമാരുടെ പ്രത്യേക ക്ഷണപ്രകാരം സേവനം നല്കിയവരാണ് മൊസാര്‍ട്ടും ബീഥോവനും. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും വീടുകളിലെ ചടങ്ങുകളുമായി ബന്ധപ്പെട്ട കുര്ബാനകള്ക്കു മോടി കൂട്ടുന്നതിനായി അന്നത്തെ ഏറ്റവും ഉന്നതരായ സംഗീതജ്ഞരെ ഗായകസംഘത്തെ നയിക്കുന്നതിനായി ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെയും പ്രഗത്ഭര്‍ നമ്മുടെ ആരാധനാക്രമത്തിന് ഈണം പകരാനായി രംഗത്തു വന്നിട്ടുണ്ട്.
1799 ലാണ് മൊസാര്‍ട്ട് പാട്ടുകുര്‍ബാന ഒരുക്കുന്നത്. അതേവര്‍ഷം ഏപ്രില്‍ 4ന് ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗ് കത്തീഡ്രലില്‍ ആദ്യമായി ഈ ഗാനരൂപം അള്‍ത്താരയില്‍ ആലപിക്കപ്പെട്ടു. 1985 ജൂണ്‍ 25ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ വത്തിക്കാനില്‍ മൊസാര്‍ട്ട് സംഗീതം നല്കിയ പാട്ടുകുര്‍ബാന അര്‍പ്പിച്ചിട്ടുണ്ട്.
കലയെയും കലാകാരന്മാരെയും സ്നേഹിച്ചിരുന്ന കര്‍ദിനാള്‍ റുഡോള്‍ഫ് യോഹാന്‍ ജോസഫാണ് ബീഥോവനെ സഭയുമായി അടുപ്പിക്കുന്നത്. 1819 മുതല്‍ 1831 വരെ ചെക്കോസ്ലോവാക്യയിലെ ഒലോമോക് അതിരൂപതയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. 1824 ലാണ് ബീഥോവന് കുര്‍ബാനയ്ക്കു സംഗീതരൂപം നല്‍കിയത്. പള്ളിയില്‍ പാടുന്നതിനു മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട സദസ്സിനു മുന്നില്‍ 1824 ഏപ്രില്‍ 7 ന് ഈ പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു.
സിംഫണികളുടെ രാജാവ് എന്നറിയപ്പെടുന്ന ഇറ്റാലിയന്‍ സംഗീതജ്ഞനാണ് അന്റോണിയോ വിവാള്‍ഡി. ഇറ്റലിയിലെ വെനീസില്‍ ജനിച്ച വിവാള്‍ഡി പതിനഞ്ചാം വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1703ല്‍ കത്തോലിക്കാ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ദിവ്യബലി ഗാനങ്ങള്‍ക്കും മാതാവിന്റെ വിലാപത്തിനും വിവാള്‍ഡി സംഗീതം നല്കി .
അതിപ്രഗല്ഭരുടെ പാട്ടുകളാണ് റോമന്‍ കത്തോലിക്കാ സഭയുടെ ദിവ്യബലിക്രമത്തില് നാം കേള്‍ക്കുന്നത്.
ഉന്നതമായ സംഗീതപാരമ്പര്യം നമുക്കുണ്ട്. നക്ഷത്രങ്ങള്‍ വെളിച്ചം പകരുന്ന ആകാശമുണ്ടായിട്ടും നമ്മുടെ പ്രാദേശികസഭകള്‍ ഇന്നും ഇരുട്ടില്‍ തപ്പുകയാണ്. എന്നാണ് നമ്മള് നമ്മുടെ വിശുദ്ധസംഗീതമായ ഗ്രിഗോറിയന്‍ സംഗീതപാതയിലേക്കു തിരിച്ചു കയറുന്നത് ?