ഹൃദയഭേദകമാണ് വയനാട് പൂക്കോട് കുന്നില്‍ പ്രതിധ്വനിക്കുന്ന ആ ആര്‍ത്തനാദം. ഭയാനകമാണ് ആ വന്യ നൃശംസത. കേരളത്തിലെ ഒരു പ്രൊഫഷണല്‍ കോളജ് ക്യാംപസിലെ ഹോസ്റ്റലില്‍ 130 സഹവാസികളുടെ സാന്നിധ്യത്തില്‍, ഇരുപത്തൊന്നുകാരനായ വെറ്ററിനറി സയന്‍സ് ബിരുദവിദ്യാര്‍ഥിയെ തുണിയുരിഞ്ഞ് പരസ്യവിചാരണ നടത്തി മൂന്നു ദിവസം ഭക്ഷണവും വെള്ളവും നല്‍കാതെ ബന്ധിച്ചിട്ട് മൃഗഡോക്ടര്മാരാകേണ്ട ഒരുപറ്റം ഹിംസ്രജീവികള്‍ കൂട്ടംചേര്‍ന്ന് ഇരുമ്പുദണ്ഡും ബെല്‍റ്റും കേബിള്‍ വയറും ഗ്ലൂ ഗണ്ണും മറ്റും കൊണ്ട് അടിച്ചും തൊഴിച്ചും ചതച്ചും മൃതപ്രായനാക്കിയിട്ടും ഒരാള്‍പോലും അവന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലുമൊന്നു ചെയ്യാനുള്ള ധൈര്യം കാണിച്ചില്ല എന്നത് ആ കൊടുംഭീകരതയുടെ ഭയാവഹമായ ബന്ധനത്തിന്റെ കാഠിന്യം സൂചിപ്പിക്കുന്നു.
അധികാരത്തിനുവേണ്ടി എതിരാളികളെ കൊന്നുതള്ളുന്ന കിരാതവാഴ്ചയും ജനാധിപത്യവിരുദ്ധതയും മുഖമുദ്രയാക്കിയ സ്റ്റാലിനിസ്റ്റ് സമഗ്രാധിപത്യത്തിന്റെ അടിസ്ഥാന യുക്തി പിന്തുടര്ന്നുകൊണ്ടാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്റെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്ഐയുടെ ക്രിമിനല്‍ സംഘങ്ങളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. ദേശീയപാത 766ല്‍ കോഴിക്കോട്-മൈസൂര്‍ റൂട്ടില്‍, കോഴിക്കോടു നിന്ന് 58 കിലോമീറ്റര്‍ അകലെ, വയനാട്ടിലെ പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ നൂറ് ഏക്കര്‍ വരുന്ന ക്യാംപസ് അടക്കിവാഴുന്ന എസ്എഫ്ഐ തങ്ങള്‍ക്ക് അനഭിമതനായ പ്രതിഭാശാലിയായ ജെ.എസ് സിദ്ധാര്ഥന് എന്ന രണ്ടാം വര്‍ഷ ബിവിഎസ് സി വിദ്യാര്‍ഥിയെ ഉന്മൂലനം ചെയ്യാന്‍ നടത്തിയ നിഷ്ഠുരമായ അതിക്രമങ്ങള്‍ മറച്ചുവയ്ക്കാന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും രജിസ്ട്രാറും ഡീനും അസിസ്റ്റന്റ് ഹോസ്റ്റല്‍ വാര്‍ഡനും ഒരു അധ്യാപികയും മറ്റു ചില ഫാക്കല്‍റ്റി അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചപ്പോള്‍, ക്യാംപസിലെ മലയാളികളല്ലാത്ത ചില വിദ്യാര്‍ഥികള്‍ യുജിസിയുടെ റാഗിങ് വിരുദ്ധ ദേശീയ ഹെല്പ്ലൈന് സെല്ലിനെ അലര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞെങ്കിലും മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
ശുചിമുറിയിലെ വെന്റിലേറ്ററില്‍ ”സ്വയം തൂങ്ങി” ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു എന്ന വൈത്തിരി പൊലീസിന്റെ എഫ്ഐആര്‍ ഭാഷ്യമാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സിദ്ധാര്‍ഥന്റെ ശരീരത്തില്‍ ഫോറന്‍സിക് സര്ജന് കണ്ടെത്തിയ ക്ഷതങ്ങളും ചതവുകളും പരിക്കുകളും മുറിവുകളും ദിവസങ്ങള്‍ നീണ്ട അതിക്രൂരമായ പീഡനങ്ങളുടെ ഭയാനക ചിത്രമാണ് വെളിപ്പെടുന്നത്. നാലുകെട്ടിന്റെ മാതൃകയിലുള്ള മൂന്നുനില ഹോസ്റ്റല്‍ മന്ദിരത്തിന്റെ നടുമുറ്റത്ത് നഗ്നനാക്കി നിര്‍ത്തി പരസ്യവിചാരണ ചെയ്തും അടുത്തുള്ള പാറപ്പുറത്തുവച്ചും ഹോസ്റ്റലിലെ മൂന്നു മുറികളിലേക്കു വലിച്ചിഴച്ചും ചവിട്ടിയും തൊഴിച്ചും ബെല്‍റ്റ് ചുഴറ്റിയടിച്ചും കേബിള്‍ കഴുത്തില്‍ മുറുക്കിയും മര്‍ദിച്ച് അവശനാക്കിയ അവന്റെ ആമാശയത്തില്‍ തവിട്ടുനിറത്തിലുള്ള ദ്രാവകവും കറുത്ത പൊടിയും മാത്രമാണ് കണ്ടതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂത്രസഞ്ചിയില്‍ ഒരുതുള്ളി ജലാംശം പോലുമില്ലായിരുന്നു.
”എന്റെ മകന് മരിക്കുന്നതിനു മുന്‍പ് അല്പം വെള്ളമെങ്കിലും കൊടുക്കാമായിരുന്നില്ലേ” എന്ന് സിദ്ധാര്‍ഥന്റെ അച്ഛന് വിലപിക്കുന്നുണ്ട്.
കഴുത്തിനു ചുറ്റും എന്തോ വസ്തു ഉപയോഗിച്ചു ബലം പ്രയോഗിച്ചതു മൂലം രക്തം പൊടിഞ്ഞ പാടുകളും കഴുത്തിന് ഒന്‍പതു സെന്റിമീറ്റര്‍ മുകളിലായി തലയോട്ടിയില്‍ ചതവുകളും നെഞ്ചിന്റെ ഇടതുഭാഗത്തും പിന്നിലും വയറിന്റെ മുന്‍ഭാഗത്തും വലതുഭാഗത്തും ഇരുചുമലുകളിലും ആന്തരിക പേശികളിലും ഒട്ടേറെ ചതവുകളും ഗുരുതരമായ പരിക്കുമുണ്ടായിരുന്നു. എഴുന്നേല്ക്കാന് കഴിയാതെ വീണുകിടന്നയാള്‍ക്ക് ശുചിമുറിയില്‍ പോയി ഒരു സ്റ്റൂള് പോലുമില്ലാതെ, ഉയരത്തിലുള്ള വെന്റിലേറ്ററില്‍ കേബിള്‍ മുറുക്കി തൂങ്ങാന്‍ സാധിക്കുമെന്ന് എങ്ങനെ വിശ്വസിക്കാനാകും! ആത്മഹത്യ ചെയ്ത നിലയില്‍ ജഡം കാണപ്പെട്ടു എന്ന് പറയുമ്പോഴും, കൊന്നു കെട്ടിത്തൂക്കിയതാകാനുള്ള സാധ്യതയെക്കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് സൂചിപ്പിക്കുന്നു. പൊലീസ് എത്തുന്നതിനു മുന്‍പേ ജഡം നിലത്തിറക്കിയിരുന്നു. യഥാര്‍ഥത്തില്‍ ജഡം തൂങ്ങിനില്‍ക്കുന്നതോ ബാത്റൂമിന്റെ വാതില്‍ ആരെങ്കിലും ചവിട്ടിപ്പൊളിക്കുന്നതോ സിദ്ധാര്‍ഥനെ മര്‍ദിച്ച കേസിലെ പ്രതികളല്ലാതെ മറ്റാരും കണ്ടിട്ടില്ല. കെട്ടിത്തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ കയറോ (ലിഗേച്ചര്‍) മരണസമയത്ത് ധരിച്ചിരുന്ന വസ്ത്രമോ ജഡത്തോടൊപ്പം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനായി ഹാജരാക്കിയില്ല. വളരെ പ്രധാനപ്പെട്ട തെളിവുകളാണിവ.
ഈ ദാരുണസംഭവത്തെ ‘സാനിറ്റൈസ്’ ചെയ്യാന്‍ നടത്തിയ ശ്രമങ്ങളെ ആദ്യം ചോദ്യം ചെയ്തത് യൂണിവേഴ്സിറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ്. സിദ്ധാര്‍ഥന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മരണാനന്തരം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും വീഴ്ച വരുത്തി എന്നു കണ്ടെത്തി വൈസ് ചാന്‍സലര്‍ ഡോ. എം.ആര് ശശീന്ദ്രനാഥിനെ ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചാന്‍സലറുടെ ഭാഗത്തുനിന്ന് ഇത്തരം നടപടി ആദ്യമായാണ്. രാഷ്ട്രീയ ഭിന്നതകളുടെ പേരില്‍ മുഖ്യമന്ത്രിയുമായും ഇടതുമുന്നണിയുമായും പല വൈസ് ചാന്‍സലര്‍മാരുമായും എസ്എഫ്ഐയുമായും വരെ പരസ്യമായി ഏറ്റുമുട്ടാറുള്ള ഗവര്‍ണറുമായി താന്‍ നല്ല ബന്ധത്തിലായിരുന്നുവെന്നും തനിക്കെതിരെ അദ്ദേഹം പ്രതികാര നടപടി എടുക്കില്ലെന്നും ശശീന്ദ്രനാഥ് സാക്ഷ്യപ്പെടുത്തുകയുണ്ടായി. എന്തായാലും, പൂക്കോട് ക്യാംപസില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ചാന്‍സലര്‍ കേരള ഹൈക്കോടതിയെ നേരിട്ടു സമീപിച്ചിട്ടുണ്ട്.
ഹൈക്കോടതിയിലെയോ സുപ്രീം കോടതിയിലെയോ സിറ്റിങ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ വേണം നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിനെന്ന് ഖാന് പറയുന്നുണ്ട്. സിബിഐ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
വിസിയെ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത് അംഗീകരിക്കുന്നില്ലെങ്കിലും, ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാന്‍ പ്രോ ചാന്‍സലര്‍ കൂടിയായ മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി നിര്‍ദേശിച്ചു. കാരണം കാണിക്കല്‍ നോട്ടീസും മറ്റു നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് സസ്പെന്ഷന് ഉത്തരവിറങ്ങാന്‍ പിന്നെയും കുറെ ദിവസമെടുത്തു. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വിജയന് സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് ഇന്നേവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കേസ് അന്വേഷിക്കാന്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്എഫ്ഐ പുറത്താക്കിയതായി പറയുന്ന നാല് ഭാരവാഹികളും സിദ്ധാര്‍ഥിന്റെ ആറ് ബാച്ച്മേറ്റുകളും ഉള്‍പ്പെടെ 18 പ്രതികളെ കേസില്‍ അറസ്റ്റുചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, ഗുരുതരമായ മുറിവേല്‍പ്പിക്കല്‍, ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ക്രിമിനല്‍ ഗൂഢാലോനക്കുറ്റവും പിന്നീട് ചുമത്തി.
ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ കോളജില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. റാഗിങ് നിരോധന നിയമപ്രകാരം ഇവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് ഇന്ത്യയില്‍ മറ്റൊരു കോഴ്സിനും ചേരാനാകില്ല. പത്തു വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. ആശുപത്രിയില്‍ എത്തിക്കണമെന്ന സിദ്ധാര്‍ഥന്റെ ആവശ്യം നിരസിച്ച രണ്ടുപേരെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ഇവര്‍ക്ക് ഇന്റേണല്‍ പരീക്ഷ എഴുതാനാവില്ല. റാഗിങ് വിരുദ്ധ സെല്‍ കുറ്റക്കാരായി കണ്ടെത്തിയത് 19 പേരെയാണ്. എന്നാല്‍ 18 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. പ്രതിചേര്‍ക്കപ്പെടാത്ത ആ ഒരാള്‍ ആരാണെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
എസ്എഫ്ഐ തങ്ങളുടെ ‘അലിഖിത നിയമപ്രകാരം’ വിചാരണ ചെയ്ത് മര്‍ദിച്ച് മരണത്തിലേക്കു തള്ളിവിട്ട സിദ്ധാര്‍ഥന്റെ പേരില്‍ ചാര്‍ത്തിയ കുറ്റം എന്താണ്? വാലന്റൈന്‍സ് ഡേ ആഘോഷവേളയില്‍ സിദ്ധാര്ഥന് ഒരു പെണ്‍കുട്ടിയുമൊത്ത് നൃത്തം ചെയ്തു, പ്രണയാഭ്യര്‍ഥന നടത്തി എന്നു ചിലര്‍ പറയുന്നുണ്ട്. ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി എന്ന പരാതിയെക്കുറിച്ചും ഒരു കഥയുണ്ട്. ഫെബ്രുവരി 15ന് തിരുവനന്തപുരം നെടുമങ്ങാട്ടെ വീട്ടിലേക്കു പുറപ്പെട്ട സിദ്ധാര്ഥന് എറണാകുളത്ത് എത്തിയപ്പോള്‍ ഒരു ‘ആത്മസുഹൃത്ത്’ അടിയന്തരമായി പൂക്കോട്ടേക്ക് തിരിച്ചുചെല്ലാന്‍ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത് ആ പരാതി ഒത്തുതീര്പ്പാക്കാനാണത്രെ. വീട്ടില്‍ മകനെ പ്രതീക്ഷിച്ചിരുന്ന അമ്മ അവനെ കാണാഞ്ഞ് വിളിച്ചുചോദിച്ചപ്പോള്‍ അവന് പറഞ്ഞത് അത്യാവശ്യമായി ഒരു പേപ്പര്‍ കൊടുക്കാന്‍ ക്യാംപസിലേക്ക് മടങ്ങുന്നുവെന്നാണ്. ഇതിന്റെ പേരില്‍ സിദ്ധാര്‍ഥനെ വിളിച്ചുവരുത്തിയത് ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്. സിദ്ധാര്ഥന് മരിച്ചതിനു പിറ്റേന്ന് അവനെതിരെ ഒരു പെണ്‍കുട്ടിയുടെ പേരില്‍ എഴുതിക്കൊടുത്ത പരാതി കോളജിലെ വനിതാ സെല്‍ വഴി ഇന്റേണല്‍ കംപ്ലെയ്ന്റ്സ് കമ്മിറ്റിക്കു ലഭിക്കുകയും, ഡീനും കേസില്‍ പ്രതിയായ എസ്എഫ്ഐ നേതാവും (പുള്ളി അപ്പോള്‍ ‘ഒളിവിലായിരുന്നു’) ആ പരാതി പരിശോധിക്കുകയും ചെയ്തതായി ഡീന്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി. എസ്എഫ്ഐ ക്രിമിനല്‍ സംഘം ആസൂത്രിതമായി മര്‍ദിച്ചുകൊന്ന സിദ്ധാര്‍ഥന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്താനോ കൊടിയ പാതകത്തെ ന്യായീകരിക്കാനോ ഒരു പെണ്ണുകേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു.
റാഗിങ്, ആള്‍ക്കൂട്ട വിചാരണ എന്നീ വിശേഷണങ്ങള്‍ ഈ കേസില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഞ്ചര വര്‍ഷത്തെ ബാച്ചലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡ്രി കോഴ്സിന്റെ രണ്ടാം അധ്യയനവര്‍ഷം പകുതിയോളമെത്തുമ്പോള്‍ റാഗിങ്ങിന് ഒരു പ്രസക്തിയുമില്ല. മറ്റൊരു വിദ്യാര്‍ഥി സംഘടനയ്ക്കും കൊടിയോ ബാനറോ കെട്ടാന്‍ പോലും ഇടം നല്‍കാതെ പാര്‍ട്ടിയുടെ ബ്രാഞ്ച് ഓഫിസു പോലെ എസ്എഫ്ഐ കൊടികുത്തിവാഴുന്ന ക്യാംപസുകളിലെ അക്രമരാഷ്ട്രീയം റാഗിങ്ങിന്റെ നിര്‍വചനത്തില്‍ ഒതുങ്ങുന്നതല്ല. എന്തായാലും, സംസ്ഥാനത്ത് റാഗിങ് കേസുകള്‍ പൊതുവെ കുറഞ്ഞിട്ടുണ്ട്. 2018-ല്‍ 63 റാഗിങ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 2022-ല്‍, കൊവിഡ്കാലത്ത് 12 കേസും 2023-ല്‍ 30 കേസുമാണുണ്ടായത്. 2024 മാര്‍ച്ച് വരെ രേഖപ്പെടുത്തിയ റാഗിങ് കേസുകള്‍ ഏഴെണ്ണം മാത്രം. എസ്എഫ്ഐക്ക് എതിരെ ശത്രുപക്ഷം ‘പൊളിറ്റിക്കല്‍ ലിഞ്ചിങ്’ നടത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പരിതപിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനാകണം വയനാട്ടിലെ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ പൂക്കോട് കേസിലെ പ്രതികള്‍ക്കൊപ്പം മജിസ്ട്രേട്ടിന്റെ ചേംബറിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്.
ഒരു പരിചയവുമില്ലാത്ത ആളുകള്‍ കൂട്ടംകൂടി ഒറ്റപ്പെട്ട ഒരാളെ എന്തെങ്കിലും കുറ്റമാരോപിച്ച് വിചാരണ നടത്തി ആക്രമിക്കുന്നതാണ് ആള്‍ക്കൂട്ട വിചാരണ. അജ്ഞാതരല്ല, ക്ലാസ്മേറ്റ്സും സീനിയേഴ്സും ചേര്‍ന്നാണ് സിദ്ധാര്‍ഥനെ 130 സഹപാഠികളുടെ മുമ്പില്‍ വച്ച് അപമാനിച്ച് അടിച്ചുവീഴ്ത്തിയത്. സംഘടിതമായ, ആസൂത്രിതമായ ആക്രമണത്തില്‍ കൂട്ടുകാരും ചില ഫാക്കല്‍റ്റി അംഗങ്ങളും പങ്കുചേര്‍ന്നു എന്നു പറയാം. ലഹരിമരുന്നിന്റെ ഉന്മാദത്തിലാകാം മൃഗീയമായ അതിക്രമങ്ങള്‍ മനുഷ്യത്വത്തിന്റെ എല്ലാ സീമകളും ലംഘിച്ചത്. പൂക്കോട് ക്യാംപസ് ഹോസ്റ്റലിലെ ചമരുകളിലെ ചെഗ്വേരയുടെയും ഓള്‍ഡ് മങ്ക് റം കുപ്പികളുടെയും സൈക്കൊഡെലിക് ലഹരിയുടെയും വന്യമായ ചിത്രീകരണങ്ങള്‍ ഒരുതരം മനോവിഭ്രാന്തിയുടെ അടയാളങ്ങളാണ്.
വിദേശ സര്‍വകലാശാലകളുടെ ഓഫ്ഷോര്‍ ക്യാംപസുകളും സ്വകാര്യ യൂണിവേഴ്സിറ്റികളുമൊക്കെയായി കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഇന്റര്‍നാഷണല്‍ ഹബ്ബായി വികസിപ്പിക്കാന്‍ ഇടതുമുന്നണി ഗവണ്മെന്റ് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കെ, എസ്എഫ്ഐ ആധിപത്യത്തില്‍ കലാലയരാഷ്ട്രീയം ചോരയില്‍ ആറാടുകയും, രക്ഷപ്പെടാന്‍ കഴിയുന്ന കുട്ടികള്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുപോകാവുന്ന ടൈ്വനിങ് പ്രോഗ്രാമുകളും തേടി കൂട്ടത്തോടെ വിദേശത്തേക്ക് പറക്കുകയുമാണ്. വിദേശപഠനത്തിനായി മൈഗ്രേറ്റ് ചെയ്യുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 4,545 കോടി രൂപ വിദ്യാഭ്യാസ വായ്പ അനുവദിച്ചതായാണ് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ കണക്കില്‍ പറയുന്നത്. 2021 സാമ്പത്തിക വര്‍ഷം 1,610.61 കോടിയായിരുന്നത് 2023-ല്‍ 5,218.60 കോടിയായി (324%) വര്‍ധിച്ചു. എഡിന്ബറാ, വെസ്റ്റേണ്‍ ഓസ്ട്രേലിയ, കനേറ്റികെറ്റ്, മിനസോട യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് അക്കാദമിക പ്രോഗ്രാമുകള്‍ വികസിപ്പിക്കാനുള്ള കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ സ്വപ്ന പദ്ധതികള്‍ പൂക്കോട് ക്യാംപസിലെ എസ്എഫ്ഐയുടെ കൊലക്കലിയുടെ ചെഞ്ചോരയില്‍ കുതിര്‍ന്ന് ഇനിയും പുഷ്കലമാകുമോ?