മനുഷ്യരെന്തിനാണ് ഉപവസിക്കുന്നത്? ദൈവപ്രീതിക്കുവേണ്ടിയോ? മനുഷ്യന് ഭക്ഷണം കഴിക്കാതിരുന്നാല്‍ ദൈവപ്രീതിയുണ്ടാകുമോ? മനുഷ്യന്റെ മുഖം വാടരുതെന്ന് ദൈവം നിഷ്കര്‍ഷിച്ചിട്ടുണ്ട്. പട്ടിണി പാപമാണെന്നും പാഠമുണ്ട്. പിന്നെന്തിനാണ് ഉപവാസം? അതു വിട്ടുകൊടുക്കലിനു വേണ്ടിയാണ്. പഴയനിയമത്തില്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇങ്ങനെ ഉണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ നമ്മളില്‍ ശാരീരികമായോ അല്ലാതെയോ വന്നുചേര്‍ന്നതോ ബോധപൂര്‍വ്വം സമാഹരിക്കുകയോ ചെയ്തിട്ടുള്ളതൊക്കെ വിട്ടുകൊടുക്കണം. ജൂബിലി വര്‍ഷത്തില്‍ വയല്‍ തരിശിടണം. വിത്തുവിതയ്ക്കാനോ കൊയ്യാനോ പാടില്ല. ആ വര്‍ഷം അത് പരദേശിക്കും ഇല്ലായ്മക്കാരനും ഉള്ളതാണ്. ആരോടെങ്കിലും പലിശയ്ക്കോ അല്ലാതെയോ എന്തെങ്കിലും വാങ്ങിക്കൂട്ടിയിട്ടുണ്ടെങ്കില്‍ വിട്ടുകൊടുക്കണം. നീ എത്രകണ്ടു വിട്ടുകൊടുക്കുന്നോ അത്രകണ്ടു ദൈവരാജ്യത്തില്‍ സമ്പന്നനാകും. ദൈവനീതി നടപ്പാക്കുന്നതിന്റെ ഭാഗമാണത്. അങ്ങനെ വരുമ്പോള്‍ ജീവിതം ലളിതമാകും, ഭാരം കുറയും. ജീവിതം ദൈവരാജ്യത്തിനു യോജിച്ചതാകും. ഉപവാസം നീതിയുടെ വിത്തുവിതയ്ക്കലാണ്.
ക്രൈസ്തവര്ക്കിത് നോയ്മ്പുകാലം. ഒരു വിത്തുപൊട്ടി മുളയ്ക്കുന്നപോലെ പുതുജന്മം പ്രാപിക്കുന്നതിന്റെ നോവുള്ള പ്രഫുല്ലതയുടെ കാലമാണിത്. ഒരാണ്ടുകാലത്തേക്കുളള ഊര്‍ജ്ജസംഭരണത്തിനുള്ള പുണ്യദിനങ്ങള്‍. അതിരുകടന്ന അനുഷ്ഠാനങ്ങളില്‍ കുടുങ്ങി ഇതു കടന്നുപോയിക്കൂടാ. അത്രയ്ക്കു വിലയുള്ള പുണ്യദിനങ്ങളാണ്. യേശുവിന്റെ പീഡാസഹനം, കുരിശുമരണം, ഉത്ഥാനം എന്നിവയെല്ലാം ഈ കാലത്ത് പരിചിന്തനവിഷയമാകുന്നു. ഇതെല്ലാം ദൈവത്തിന്റെ വിട്ടുകൊടുക്കലാണ്. ദൈവം തന്നെത്തന്നെ മനുഷ്യരുടെ കരങ്ങളിലേക്ക് വിട്ടുകൊടുക്കുന്നു, മനുഷ്യരക്ഷയ്ക്കുവേണ്ടി. ദൈവം കാട്ടുന്ന ജീവിതമാതൃക. ഇതു നിങ്ങള്‍ക്കായി മുറിക്കപ്പെടുന്ന എന്റെ ശരീരം എന്നു പറഞ്ഞതിന്റെ ആഴമുളള അര്‍ത്ഥങ്ങള്‍ കണ്ടെത്തേണ്ടത് ഈ നോയ്മ്പുകാലത്താണ്. നമുക്കിതിനെ മഹത്വത്തിന്റെ കാലം എന്നു വിളിക്കാം. യഥാര്‍ത്ഥത്തില്‍ ഇതു സൃഷ്ടിപരതയുടെ കാലമാണ്. വിട്ടുകൊടുക്കലിന്റെയും പുനര്സൃഷ്ടിയുടെയും നട്ടുപിടിപ്പിക്കലിന്റെയും കാലം.
”ആല്മണ്ടു വൃക്ഷത്തോട് ഈശ്വരനെക്കുറിച്ച് എന്നോടു പറയുക എന്നു പറഞ്ഞപ്പോള്‍ അതു പൂക്കുകയത്രേ ചെയ്തത്.” കസാന്ദ് സാക്കീസ് ഇങ്ങനെയാണ് ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ജീവിതത്തെക്കുറിച്ച് ഇതിനപ്പുറം എന്തെഴുതാനാണ്! അതിലുണ്ട് എല്ലാം. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും എല്ലാം. വൃക്ഷം പൂക്കുന്നതാണ് ദൈവത്തെക്കുറിച്ചുള്ള സാക്ഷ്യപ്രഘോഷണം എന്നു പറയുന്നതിലെ അര്‍ത്ഥതലങ്ങള്‍ ആകാശംപോലെ വിശാലമാണ്. ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ എന്ന കവിവാക്യം ഓര്‍ത്തെടുക്കട്ടെ. സൂര്യനും നക്ഷത്രങ്ങളും പ്രകാശിക്കുന്നു. ചെടികള്‍ പൂക്കുന്നു. മനുഷ്യന് ദൈവികമായ സൃഷ്ടിപരതയില്‍ പങ്കുചേരുന്നു.
മനുഷ്യന് ഇവിടെ വിട്ടുകൊടുക്കുകയാണ്, ദൈവേഷ്ടം തന്റെ ജന്മംകൊണ്ടു നിറവേറ്റാന്‍. ജന്മാവബോധത്തിലേക്കുള്ള ഉണര്‍വാണ് ഉപവാസത്തിന്റെ കാതല്‍.
ഉപവാസം കൂടെ വസിക്കലാണ്
യഥാര്‍ത്ഥത്തില്‍ ഉപവാസമെന്നാല്‍ കുടെ വസിക്കുക എന്നാണ്. ദൈവത്തോടുകൂടെയും മനുഷ്യരുടെ കൂടെയും വസിക്കുക. ദൈവത്തോടുകൂടെ വസിക്കുക എന്നാല്‍ ദൈവം ജീവിതകേന്ദ്രമാകുന്ന ജീവിതം. നന്മയുടെ ജീവിതം നയിക്കുക എന്നതുതന്നെ. ദൈവരാജ്യത്തിലെ ജീവിതം.
ഏദേന്തോട്ടത്തിലെപ്പോലെ ദൈവത്തോടൊപ്പം വസിക്കുക. മനുഷ്യരുടെ കുടെ വസിക്കുക എന്നാല്‍ നമുക്കു ചുറ്റു ജീവിക്കുന്ന സകല മനുഷ്യരെയും ദൈവത്തെപ്പോലെ സ്നേഹിച്ചു ജീവിക്കുക. സഹോദരന്റെ കാവലാളാകുക. മതാതീമായി മനുഷ്യനെ സ്നേഹിക്കുക. ദൈവത്തെ കണ്ടെത്തുകയും അതുവഴി സ്വയം കണ്ടെത്തുകയും ചെയ്യുന്ന കാലംകൂടിയാണ് ഉപവാസകാലം. തെറ്റില്‍നിന്നു പിന്മാറുകയും നന്മയില് വളരുകയും ചെയ്യണം. തെറ്റായ ശീലങ്ങള്‍ ഉപേക്ഷിക്കുകയും നല്ല ശീലങ്ങള്‍ ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുകയും ചെയ്യുക. ആര്‍ഭാടങ്ങള്‍ ഉപേക്ഷിക്കുകയും ലളിത ജീവിതം നയിക്കുകയും ചെയ്യണം.
മനഷ്യമനസ്സില്‍ മാനസ്സാന്തരമുണ്ടാകേണ്ട കാലമാണ് ഉപവാസകാലം. നിങ്ങളുടെ വസ്ത്രങ്ങളല്ല കീറേണ്ടത്, ഹൃദയങ്ങളാണ് എന്ന പ്രവാചക വചനം ഓര്‍ക്കാം. നോയ്മ്പാരംഭത്തില് പുരോഹിതന് വിശ്വാസികളുടെ നെറ്റിയില്‍ ചാരംപൂശിക്കൊണ്ടു പറയുന്നു: ”മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ മടങ്ങും.” ഇതു മനുഷ്യാവസ്ഥയെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ്. ഉറപ്പായ ചോദ്യം ഇതുതന്നെയാണ്: എന്തിനാണ് കൂട്ടിവയക്കുന്നത്? വിട്ടുകൊടുത്തുകൂടെ? ഇതു നീതിയുടെയും ദൈവരാജ്യസംസ്ഥാപനത്തിന്റെയും കാലമാണ്. ആരുടെ മുന്നിലും തലകുനിക്കാതെ നീതി നിര്‍വ്വഹിക്കുകവഴി നെഞ്ചുവിരിച്ചു നടക്കാന്‍ കഴിയുന്ന കാലം. ”ഞാങ്കണ പോലെ തലകുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറി കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുക? ദുഷ്ടരുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ, ഞാന്‍ ആഗ്രഹിക്കുന്ന ഉപവപാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?” (ഏശയ്യ 58: 5-7). ഉത്ഥാനത്തിലേക്കുള്ള മാനസാന്തരം സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. യഥാര്‍ത്ഥത്തില്‍ മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുന്ന പ്രാര്ത്ഥനയുണ്ടോ, പ്രവര്‍ത്തനമുണ്ടോ, അതോ കുറെ പ്രോഗ്രാമുകള്‍ നടത്തിതീര്ക്കുയാണോ എന്നു പരിശോധിക്കേണ്ടതാണ്. നിരവധിയായ ആചാരാനുഷ്ഠാനങ്ങളുണ്ട് ഇക്കാലത്ത്. ഫലമുണ്ടാകുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഉത്ഥാനമാണ് ഇതിന്റെ പൂര്‍ണത. ഉത്ഥാനത്തിന്റെ അടയാളം മുറിവാണല്ലോ. ജീവിതത്തിന്റെ മുറിവുകളെ ഉത്ഥാനത്തിന്റെ മുറിവുകളാക്കി മാറ്റുന്നതിനാണ് ഉപവാസകാലം. ജീവിതത്തെ ഒന്നു മാറ്റിയെടുക്കാന്‍ പറ്റിയകാലമാണിത്. പക്ഷേ ആചാരാനുഷ്ഠാനങ്ങളുടെ ബാഹുല്യം അതേക്കുറിച്ചു ചിന്തിക്കാന്‍പോലും അവസരമൊരുക്കുന്നില്ല.
കടലോര ജീവിതമാതൃക
കടലോരത്തു മനുഷ്യര്‍ ജീവിക്കുന്നതു മാതൃകയായിട്ടെടുക്കാവുന്നതാണ്. അന്നന്നത്തെ അപ്പം തേടി കടലില്‍ അലയുമ്പോള്‍ അവര്‍ക്കു ദൈവമല്ലാതെ മറ്റാരുമില്ല. ഒന്നുമില്ലാത്തവന്റെ ദൈവാശ്രയബോധം പറഞ്ഞറിയിക്കാനാവാത്തതാണ്. നിലയില്ലാക്കയത്തില്‍ അപ്പം തേടി ദൈവമേ എന്നു വിളിച്ചു തുഴയുന്നവന്റെ കുരിശു ജീവിതത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? മീന്‍പിടിച്ചു കരയ്ക്കെത്തിയാല്‍ ഉള്ളതെല്ലാം എല്ലാവരുംകൂടി പങ്കവച്ചുകഴിയുന്നു. എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നു. അതില്‍ പള്ളിയും കരയ്ക്കു നിന്നവനും ക്ഷീണക്കാരനും എല്ലാം പരിഗണിക്കപ്പെടും. അവരുടെയെല്ലാം എല്ലാ ആവശ്യങ്ങള്‍ക്കും പോംവഴിയുണ്ടാകും. ഈ പങ്കുവയ്ക്കലും താങ്ങാകലുമല്ലേ യഥാര്‍ത്ഥ കുരിശിന്റെ വഴി?
ദൈവത്തിന്റെ ദരിദ്രനാകുക –
വേറിട്ടൊരു ജീവിതം സാധ്യമാണ്
ഒരു വേറിട്ട ജീവിതം സാധ്യമാണ് എന്നാണ് ഈ കാലം നമ്മെ പഠിപ്പിക്കുക. ഒരു വഴിമാറിനടപ്പ് വഴിതെറ്റലല്ല, ശരിയായ വഴി തേടുന്ന ധീരതയാണ്. ഈ കാലത്തെ നമുക്കു പരിചയപ്പെടുത്തുന്ന മനോഹരമായ ഒരു നോവലുണ്ട്. നിക്കോസ് കസാന്ദ് സാക്കിസിന്റെ ‘ഗോഡ്സ് പൗപ്പര്.’ ‘ദൈവത്തിന്റെ നിസ്വന്,’ ‘ദൈവത്തിന്റെ പാവപ്പെട്ടവന്,’ ‘ദൈവത്തിന്റെ ദരിദ്രന്’ എന്നിങ്ങനെ പല പേരുകളില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയെക്കുറിച്ചുള്ള ജീവചരിത്ര-ഫിക്ഷണല്‍ നോവാലാണ് ഗോഡ്സ് പൗപ്പര്. ഫ്രാന്‍സീസ് അസ്സിസി ‘രണ്ടാം ക്രിസ്തു’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ എന്ന പ്രദേശം ഫ്രാന്‍സീസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഫ്രാന്‍സീസ് ജനിച്ചത് ഇറ്റലിയിലെ അസ്സീസി ഗ്രാമത്തിലാണ്. മലയാളികള്‍ക്ക് ഫ്രാന്‍സീസ് വര്‍ഷങ്ങളായി പരിചിതനാണ്. അതിന്റെ കാരണം ഫ്രാന്‍സീസ്കന്‍ സഭാസമൂഹമാണ്. ഏറ്റവും പുതിയ കുട്ടികള്‍ക്ക് ഫ്രാന്‍സീസ് തൃശ്ശൂര്‍ക്കാരനാണ്. അതിന്റെ കാരണം രഞ്ജിത് സംവിധാനം ചെയ്ത ‘പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയിന്റ്’ എന്ന സിനിമയാണ്.ഫ്രാന്‍സീസ് അസ്സീസിയെന്ന മിസ്റ്റിക് വിശുദ്ധനെ ഇത്ര മനോഹരമായും കാവ്യാത്മകമായും മലയാളികള്‍ക്ക് അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ശ്ലാഘനിയമാണ്.
സമ്പന്നനായ ബര്‍ണാഡിനോ എന്ന വസ്ത്രവ്യാപാരിയുടെ മകനായിട്ടാണ് ഫ്രാന്‍സീസ് ജനിക്കുന്നത്. ജീവിതത്തിലെ ഒരു പ്രധാന കാലയളവ് ആഘോഷങ്ങളില്‍ മുഴുകി ജീവിച്ചിരുന്നു. എല്ലാ ചെറുപ്പക്കാരെയുംപോലെ ജീവിതത്തിലെ ലഹരികളെല്ലാം ആസ്വദിച്ചിരുന്നിരിക്കണം. പതിമൂന്നാം നൂറ്റാണ്ടോടുകൂടി ലോകം വലിയ മാറ്റങ്ങളിലൂടെ കടന്നുപോയി. 1202ല്‍ അസ്സീസിയും അയല്‍രാജ്യമായ പെറുജിയായും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ആ യുദ്ധത്തില്‍ ഫ്രാന്‍സീസ് പങ്കെടുത്തിരുന്നു. ഒരു വര്‍ഷത്തോളം ഫ്രാന്‍സീസ് യുദ്ധത്തടവുകാരനായി പെറുജിയായില്‍ പെട്ടുപോയി. ആ ഒരു വര്‍ഷക്കാലം ഫ്രാന്‍സീസിന്റെ ജീവിതത്തില്‍ വരുത്തിയ പരിണാമങ്ങള്‍ വലുതായിരുന്നു. ഫ്രാന്‍സീസിനെക്കുറിച്ച് അനേകം പുസ്തകങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ‘ദ ലൈഫ് ഓഫ് സെന്റ് ഫ്രാന്‍സീസ്’ എന്ന വിശുദ്ധ ബൊനവെഞ്ചര്‍ എഴുതിയ പുസ്തകം വളരെ പ്രസിദ്ധമാണ്.
ഫ്രാന്‍സീസിന്റെ സുഹൃത്തായി മാറിയ ലിയോ എന്ന നിസ്വനാണ് ഈ നോവലിലെ കഥ പറയുന്നത്. ലിയോയുടെ സാന്നിധ്യം ഫ്രാന്‍സീസില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ലിയോയുടെ പ്രേരണയാല്‍ ഫ്രാന്‍സീസ് ദരിദ്രനായി മറുകയായിരുന്നു. തനിക്കുള്ളതെല്ലാം ദൈവനാമത്തില്‍ ദരിദ്രരുമായി പങ്കുവയ്ക്കുകയും അവരില്‍ ഒരാളായി മാറുകയും ചെയ്തു. ദരിദ്രന് എന്ന സങ്കല്‍പ്പത്തിന്റെ ആകാശം കീഴടക്കിയ ആശയങ്ങളെ ഇത്ര മനോഹരമായി മറ്റൊരു രചനയും അവതരിപ്പിച്ചിട്ടുണ്ടാവില്ല. അസ്സീസി സ്നേഹത്തിന്റെ താഴ്വരയാണ്. ഫ്രാന്സീസില്ലാതെ അതു പൂര്‍ണമാവില്ല. ഫ്രാന്‍സീസിനെ അറിഞ്ഞവര്‍ക്ക് ബുദ്ധനെ ഓര്‍മ്മവരും. ലോകത്ത് വേറിട്ടൊരു ജീവിതം സാധ്യമാണെന്നു പഠിപ്പിച്ച പുണ്യപുരുഷനാണ് ഫ്രാന്‍സീസ്. ബുദ്ധനെപ്പോലെ ലോകത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തി ജീവിച്ചു കടന്നുപോയ ഒരാളാണ് ഫ്രാന്‍സീസ്. എല്ലാം ഉപേക്ഷിച്ചവന്റെ തന്റേടമായിരുന്നു ആ ജീവിതത്തിന്റെ കരുത്ത്. സമ്പത്തു മുഴുവന്‍ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ച ഫ്രാന്‍സീസിനോട് പിതാവ് ഒരു വാചകം പറയുന്നു: ”എല്ലാം ആയില്ലല്ലോ” എന്ന്. അതിനുള്ള മറുപടി, ഉടുത്തിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ഉരിഞ്ഞുകൊടുത്തിട്ട് നഗ്നനായി തെരുവിലേക്കിറങ്ങി. മാത്രമല്ല, മെത്രാന്റെ മുന്നില്‍ സ്വന്തം പിതാവിന്റ സാന്നിധ്യത്തില്‍, എന്റെ പിതാവ് സ്വര്‍ഗ്ഗസ്ഥനായ പിതാവാണെന്നു പറയാന്‍ ധൈര്യം കാട്ടി. പിന്നെ ഫ്രാന്‍സീസിന് ഈ മണ്ണും പക്ഷികളും മൃഗങ്ങളും പുഴകളും കാറ്റും കടലുമെല്ലാം സുഹൃത്തുക്കളും ബന്ധുക്കളുമായി. അങ്ങനെ ഫ്രാന്‍സീസ് പരിസ്ഥിതിയുടെയും പ്രകൃതിയുടെയും പുണ്യവാളനായി. അതു ഫ്രാന്‍സീസിന് ഒരു പുതുജന്മമായിരുന്നു. ജീവിതം മൊത്തത്തില്‍ മാറി.
ഒരു രാത്രിയില്‍ ഫ്രാന്‍സീസ് അസ്സീസിയിലെ നഗരവീഥികളിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. ചന്ദ്രന് പൂര്ണ്ണവൃത്താകൃതി പൂണ്ട് ആകാശത്ത് തൂങ്ങിക്കിടക്കുന്നു. ഭൂമി മുഴുവനും വായുവില്‍ പ്ലവനശക്തിയാലെന്നോണം ഒഴുകിനടക്കുന്നു. അദ്ദേഹം നോക്കി: ഈ അദ്ഭുത ദൃശ്യം കാണാന്‍ ആരും വാതില്‍പ്പടിയില്‍ കാത്തുനില്ക്കുന്നില്ല. എന്തോ വിപത്തു സംഭവിച്ചിട്ടെന്നോണം പള്ളിയിലേക്ക് ഓടി മണിഗോപുരത്തിനു മുകളില്‍ കയറി മണി മുഴക്കാന്‍ തുടങ്ങി. അവിടെ തീപിടിച്ചിട്ടുണ്ടാവുമെന്നു കരുതി ആളുകള്‍ ദേവാലയത്തിന്റെ നടുമുറ്റത്തേക്ക് അര്‍ദ്ധനഗ്നരായി ഓടിക്കൂടി. ജനം ഫ്രാന്‍സീസിനോടു ചോദിച്ചു: ”എന്താണു നിങ്ങള്‍ മണിമുഴക്കുന്നത്?” അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ ചന്ദ്രനെ നോക്കൂ, എത്ര സുന്ദരമായിരിക്കുന്നു!” ഫ്രാന്‍സീസ് അടികൊള്ളാതെ രക്ഷപ്പെട്ടു എന്നു നമുക്കു വിശ്വസിക്കാം. ഇതാണു പുതിയ ഫ്രാന്‍സീസ്. പ്രകൃതിയെ പ്രണയിച്ച പരിസ്ഥിതിസംരക്ഷകനായ ഫ്രാന്‍സീസ്.
ഫ്രാന്‍സീസ് തന്റെ ജീവിതംകൊണ്ടു തെളിയിച്ചു, വേറിട്ടൊരു ജീവിതം സാധ്യമാണെന്ന്. മനുഷ്യന് തന്റെ ജീവിതം സ്വാര്‍ത്ഥതയാലും ആര്‍ത്തിയാലും തകര്‍ക്കുമ്പോള്‍, ഇതോന്നുമില്ലാതെ ദൈവത്തിന്റെ മകനായി വേറിട്ടൊരു ജീവിതം സാധിക്കും എന്നവതരിപ്പിക്കുന്നു, ഫ്രാന്‍സീസ്.
ഈ നോവല്‍ ഒരു കഥ പറഞ്ഞുതീര്ക്കുകയല്ല, കത്തോലിക്കാ സഭയുടെ നവീകരണത്തിന്റെ ഇടിമുഴക്കം കേള്‍പ്പിക്കുകകൂടി ചെയ്യുന്നു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും മഹത്വത്തിന്റെ മാര്‍ഗമാകുന്ന കാര്യമാണ് ‘ഗോഡ്സ് പൗപ്പര്’ എന്ന നോവലിലൂടെ കസാന്ദ് സാക്കീസ് നമ്മോടു പറയുന്നത്. ഈ നോവലിലുള്ള ഒരു ചോദ്യമാണ്: ”ദൈവം ഒരു ഗ്ലാസ്സ് പച്ചവെള്ളമാണോ?” ദൈവം അത്രയ്ക്കും ലളിതമാണ്. നമുക്കും അത്രയ്ക്കും ഭാരമില്ലാത്തതും സുതാര്യവും ലളിതവുമായ ജീവിതം നയിക്കാവുന്നതാണ്. ഫ്രാന്‍സീസ് പറയുന്നു: ”ദൈവം ഒരു അഗ്നികുണ്ഡമാണ്, ബ്രദര്‍ ലിയോ. അവന് കത്തിയെരിയുന്നു. നാം അവനോടെപ്പം കത്തിയെരിയുന്നു.”
ലിയോ പറയുന്ന ഒരു വാചകംകൂടി ശ്രദ്ധിക്കുക: ”അദ്ദേഹത്തിന്റെ കാലുകളെപ്പോലെ ഇത്രയും അസ്വസ്ഥവും ദുഃഖഭരിതവും ദുര്‍ബലവുമായ യാത്രകളാല്‍ കാര്‍ന്നുതിന്നതും നിറയെ വ്രണങ്ങള്‍ നിറഞ്ഞതുമായ പാദങ്ങള്‍ ഞാനൊരിക്കലും കണ്ടിട്ടില്ല. ചിലപ്പോള്‍ ഫ്രാന്‍സീസ് ഉറങ്ങിക്കിടക്കുമ്പോള്‍ അദ്ദേഹമറിയാതെ ഞാന്‍ അദ്ദേഹത്തെ ചുംബിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മനുഷ്യവംശത്തിന്റെ മുഴുവന്‍ യാതനയെയും ചുംബിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്” (പേജുകള്‍ 28-29).
നമ്മള് മനുഷ്യരുടെ ശിരസ്സിലും മുഖത്തും കൈകളിലും ചുംബിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ കാല്പാദങ്ങളല്ലേ ചുംബിക്കേണ്ടത്? നമ്മുടെ മാതാപിതാക്കളുടെ കാല്പാദങ്ങള് ചുംബിക്കേണ്ടതാണ്.
അത്രയും ലളിതമാവണം ജീവിതം. അത്രയും ദൈവകരങ്ങളിലേക്കു വിട്ടുകൊടുക്കണം. അങ്ങനെയൊരു വേറിട്ട ജീവിതം സാധ്യമാണ്.
മറുകര തേടുക
മത്തായി 14: 22-32: യേശു ശിഷ്യരോട് മറുകയയ്ക്കു പോകാന്‍ നിര്‍ബന്ധിച്ചു. അവര്‍ പോയി. യാത്രാമധ്യേ കാറ്റും കോളും ഉണ്ടായി. യേശു കടലിനുമീതേ നടന്ന് അവരുടെ അടുത്തെത്തി. മറുകരയ്ക്കു പോകുക എന്നത് പ്രതീകാത്മകമാണ്. മറുകരയിലാണ് തോറാ വികസിച്ചിട്ടുള്ളത്. ഇതു ജീവിതത്തിന്റെ മറുകരയാകാം. വഴി ക്ലേശകരമായേക്കാം. അവന് പക്ഷേ കടലിനു മീതേവന്ന് നമ്മെ രക്ഷിക്കും. കടല്‍ പാപത്തിന്റെ വാസഗേഹമാണ്. ഈ കടല്‍ ലോകാന്ത്യംവരെയുണ്ടാകും. അതിനെ അതിജീവിച്ചവന്‍ അതിനുമുകളിലൂടെ വന്ന് നമ്മെ രക്ഷിക്കും. നാം ത്യാഗം സഹിച്ച് മറുകര കടക്കാന്‍ ശ്രമിക്കുകതന്നെ വേണം. വേറിട്ടൊരു ജീവിതശൈലി സ്വീകരിക്കാന്‍ തയ്യാറാകണം എന്നുതന്നെയാണിവിടെ സൂചന. മഹത്വത്തിന്റെ ഈ കാലം വേറിട്ടൊരു ജീവിതം സ്വീകരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. അങ്ങനെ വേറിട്ടൊരു ജീവിതവഴി സ്വീകരിക്കാന്‍ ഫ്രാന്‍സീസ് എന്നും പ്രചോദനമാണ്. ഉപവാസം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, വേറിട്ടൊരു ജീവിതശൈലി സ്വീകരിക്കലാണ്.