ഏറ്റവും പുതിയ മലയാളം വാരികയുടെ (2024 ഫെഫ്രുവരി 19) തലക്കെട്ട് ‘കാട്ടിലേക്കു മനുഷ്യര്‍, നാട്ടിലേക്കു മൃഗങ്ങള്‍’ എന്നാണ്. മൃഗങ്ങളും മനുഷ്യരും കളംമാറി കളിക്കുമോ എന്നതാണു ചോദ്യം. ഈ ലേഖനത്തോടൊപ്പം ഒരു ചിത്രവും കൊടുത്തിട്ടുണ്ട്. ഒരാനയെ ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്ന ഒരു രംഗമാണ്. ആനയുടെ ഒരു കൈയ് മാത്രമാണു ലോറിയില്‍ കയറിയിട്ടുള്ളത്. രണ്ടു കാലും ഒരു കൈയും പുറത്താണ്. ആനയെ ലോറിയോടു ചേര്‍ത്തു കെട്ടിയിട്ടുള്ളതുകൊണ്ട് ലോറിക്കാരന് ആനയെയും വഹിച്ചുകൊണ്ടുപോകുന്നുണ്ട്. ആ യാത്ര എത്ര നിളുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ഈ ചിത്രം ഒരുപാടുസംസാരിക്കുന്നുണ്ട്. ഇതു കൃത്യമായും നമ്മുടെ ഇന്നത്തെ രാഷ്ട്രീയ രംഗത്തെ ചിത്രീകരിക്കാന്‍ പോരുന്നതു കൂടിയാണ്. രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ കാട്ടിലേക്കു സഞ്ചരിക്കുകയാണ്. നാട്ടിലിറങ്ങുന്നതു മൃഗങ്ങളും.
തിരഞ്ഞെടുപ്പിങ്ങെത്തി. മത്സരാര്‍ത്ഥികളെ കണ്ടെത്തുന്ന തിരക്കിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. അന്തരീക്ഷമാകെ ചൂടുംപൊടിയും കൊണ്ടു കലുഷിതമാണ്. ഒപ്പം നമ്മുടെ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളും. അധാര്‍മ്മികതയുടെ കൂത്തരങ്ങായി രാഷ്ട്രീയ രംഗം വഷളാകുന്നു. പലരും കളംമാറിക്കളിക്കാനൊരുങ്ങുകയാണ്. ബിജെപിയിലേക്കുള്ള ഒഴുക്ക് നിര്‍ബാധം തുടരുന്നു. ഇപ്പോള്‍ കമല്‍നാഥും കളം മാറാനൊരുങ്ങുന്നു എന്നും ഇല്ല കമല്‍നാഥ് കോണ്‍ഗ്രസ് വിടില്ല എന്നും പറയപ്പെടുന്നു. നമ്മുടെ പി.സി. ജോര്ജു ചേര്‍ന്നുകഴിഞ്ഞു. എം.കെ. പ്രേമചന്ദ്രന് പ്രധാനമന്ത്രിയോടൊപ്പം പാര്‍ലമെന്റിന്റെ കാന്റീനില്‍ പോയതിനെതിരെ ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നു. ദര്‍ശനങ്ങളും കാഴ്ചപ്പാടുകളുമില്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങള്‍ അരങ്ങേറുന്നു. വിജയസാധ്യത പ്രതീക്ഷിച്ച് ഒരു തത്വദീക്ഷയുമില്ലാതെ കുതിരക്കച്ചവടം നടക്കുകയാണ്. ചണ്ഡിഗഡിലെ വിവാദ മേയര്‍ തിരഞ്ഞെടുപ്പിനെതിരെ വിധി പറഞ്ഞുകൊണ്ട് സുപ്രീം കോടതി പറഞ്ഞു, കുതിരക്കച്ചവടത്തില്‍ അതിയായ ആശങ്കയുണ്ട്. അവസാനിപ്പിക്കണം. ഇത്തരം ചാട്ടക്കാരെ മത്സരത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിയമമുണ്ടാകണം.
രാഷ്ട്രീയ പാര്‍ട്ടികളില്‍ പലരും താരപ്രമുഖരുടെ പിന്നാലെയാണ്. കുറച്ചുകാലമായി തിരഞ്ഞെടുപ്പാകുമ്പോള്‍ ചില താരങ്ങളെ കെട്ടിയെടുത്തുകൊണ്ടുവന്ന് ജനങ്ങളുടെ തലയില്‍ വച്ചുകെട്ടുന്നു. പിന്നെ അഞ്ചുകൊല്ലം അവരെ ചുമക്കേണ്ടത് ജനങ്ങളാണ്. അവരാകട്ടെ പൂര്‍ണമായും ജനാധിപത്യത്തിന്റെ വണ്ടിയില്‍ കയറത്തുമില്ല. അവരുടെ കൈയും കാലും ഒക്കെ പുറത്തുകിടക്കും. പിന്നെ ചുമക്കേണ്ടതു ജനങ്ങളും. ഈ വെള്ളാനകളെയെല്ലാം ചുമക്കുക ജനങ്ങളുടെ വിധിയായി മാറുന്നു. സിനിമാ നടന് വിജയ് പുതിയ പാര്‍ട്ടി തുടങ്ങുന്നു. സിനിമാരംഗത്തെ സൂപ്പര്‍സ്റ്റാറുകളും മറ്റു മേഖലകളിലുള്ള സൂപ്പര്‍സ്റ്റാറുകളും രാഷ്ട്രീയത്തിലിറങ്ങുന്നത് ഇതാദ്യമല്ല. തമിഴ്നാട്ടില്‍ അത് വിജയക്കൊടി പാറിച്ചിട്ടുള്ളതുമാണ്. താരാരാധനയ്ക്കു പേരുകേട്ട സ്ഥലമാണ് തമിഴ്നാട്. കേരളത്തില്‍ അതത്രയ്ക്കങ്ങു വിജയിക്കണമെന്നില്ല. എന്നാല്‍ അല്ലറ ചില്ലറ വിജയങ്ങളുണ്ടായിട്ടുമുണ്ട്. ഗണേഷ്കുമാറും സുരേഷ്ഗോപിയും മുകേഷും ഒക്കെ രംഗത്തു വിലസുന്നുണ്ട്. വോട്ടര്‍മാരെ സ്വാധീനിക്കുക, തിരഞ്ഞെടുപ്പു ജയിക്കുക, ഭരിക്കുക. ഇതാണു ലക്ഷ്യം. ഇവരുടെയൊക്കെ ഭരണം ആര്‍ക്കുവേണ്ടി? ഇതുവഴി പല പിന്നാക്ക സമൂഹങ്ങളും പ്രാതിനിധ്യം ലഭിക്കാതെ തഴയപ്പെടുന്നു. രാഹുല്‍ ഗാന്ധി രാഷ്ട്രീയക്കാരനാണ്, നേതാവാണ്. പക്ഷേ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തിലാണ് വയനാട്ടില്‍ മത്സരിക്കാനിറങ്ങിയത്. ഗംഭീരമായി വിജയിച്ചുവന്നു. വളരെ നല്ലത്. പക്ഷേ വയനാട്ടിലെ സാധാരണക്കാരന് എന്തു പ്രയോജനം! രാഹുല്‍ ഗാന്ധിക്ക് വയനാട് മണ്ഡലത്തിലെ വണ്ടിയില്‍ കയറാനാവുന്നില്ല. കൈയും കാലുമൊക്കെ പുറത്താണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടത് പ്രദേശത്തെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നവരാകണം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹിക്കുന്നവര്ക്ക് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക റഫറണ്ടത്തില്‍ 10 ശതമാനം വോട്ടെങ്കിലും കിട്ടിയിരിക്കണം എന്ന നിബന്ധന ഉണ്ടാവണം.
ഒരു രാഷ്ട്രിയ പാര്‍ട്ടി എന്നു പറഞ്ഞാല്‍ വെറും ആള്‍ക്കൂട്ടമാണോ? ഒരു സുപ്രഭാതത്തില്‍ ഒരാള്‍ ഉറങ്ങി എഴുന്നേല്ക്കുമ്പോള് തോന്നുന്ന തോന്നലുകള്‍ക്കനുസരിച്ച് രൂപം കൊള്ളേണ്ടതാണോ ഒരു രാഷ്ട്രിയ പാര്‍ട്ടി? ഒരു കാലഘട്ടത്തിന്റ ആവശ്യമായി വരുന്നതായിരിക്കണം അത്. കൃത്യമായ ദര്‍ശനമുണ്ടാകണം, പദ്ധതികളുണ്ടാകണം. അവ നടപ്പാക്കാനുള്ള ആളും അര്‍ഥവും ഉണ്ടാവണം. ഏറെക്കാലത്തെ പര്യാലോചനകളുടെയും ഫലമാവണം. ആര്‍ക്കെങ്കിലുമൊക്കെ തോന്നുമ്പോള്‍ തുടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആര്‍ക്കുവേണ്ടി? അവയൊക്കെയാണ് സമൂഹത്തെയും രാഷ്ട്രീയത്തെയും ദുഷിപ്പിക്കുന്നത്. ദര്‍ശനങ്ങളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനില്ക്കാതെ സ്വാര്‍ത്ഥ ലാഭത്തിനായി ചാഞ്ചാടുന്ന നേതാക്കളാണ് രംഗം കലുഷിതമാക്കുന്നത്. റിസോര്‍ട്ടു രാഷ്ട്രീയത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വേര്‍ഷന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖം വികൃതമാക്കുന്നു. ദര്‍ശനങ്ങളെക്കുറിച്ചോ തങ്ങള്‍ ആര്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നോ ഇപ്പോള്‍ ആരും പറയുന്നില്ല. ഞങ്ങള്‍ പാവങ്ങളുടെ പക്ഷത്താണെന്ന് ഇപ്പോള്‍ കമ്യൂണിസ്റ്റുകാരു പോലും പറയുന്നില്ല.
ആനയെ കയറ്റിക്കൊണ്ടുപോകുന്ന ചിത്രം താരപ്രമുഖരുടെ കഥ കൂടിയാണ്. താരങ്ങള്‍ക്കു പൂര്ണമായിട്ടു ജനാധിപത്യത്തിന്റെ വണ്ടിയില്‍ കയറാനാവില്ല. പിന്നെ കെട്ടിവലിച്ചുകൊണ്ടുപോകുക തന്നെ. ഇതാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ചെറുപ്പം മുതല്‍ ജനമധ്യത്തില്‍ പ്രവര്ത്തിച്ചുവന്നവരാണെങ്കില് അവര്ക്കാ ആനവണ്ടിയില്‍ കയറാനാവും. ഇതുവഴി തഴയപ്പെടുന്ന സമൂഹങ്ങളെക്കുറിച്ച് ആരും ചിന്തിക്കാതായി. താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
1. പാര്‍ട്ടികള്‍ കൂണുപോലെ മുളച്ചുപൊന്തുന്നതു തടയുക. ഒരു പുതിയ പാര്‍ട്ടി രജിസ്ട്രേഷന് അപേക്ഷിക്കുമ്പോള്‍ നിയമാവലി, ദര്‍ശനരേഖ, പദ്ധതികളുടെ രൂപരേഖ, പാര്‍ട്ടിയുടെ ആസ്തിവിവരം, നിശ്ചിതതുക ഡിപ്പോസിറ്റ് തുടങ്ങിയവ ഹാജരാക്കാന്‍ നിബന്ധന വേണം.
2. ഒരു തത്വദീക്ഷയുമില്ലാതെ കൂറുമാറുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുക. സൂപ്പര്‍ സ്റ്റാറുകളെ അകറ്റിനിര്‍ത്താനും പഴുതുണ്ടാവണം. മത്സരാര്‍ത്ഥികള്‍ പ്രാദേശികമായ ഒരു റഫറണ്ടത്തിനു വിധേയരാകണം. 10 ശതമാനം വോട്ടെങ്കിലും നേടിയിരിക്കണം എന്നും നിബന്ധന വേണം.
3. വിവിധ വിഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
4. മാധ്യമങ്ങള്‍ക്കും വേണം നിയന്ത്രണം. ഏത് ഈര്‍ക്കിലി പാര്‍ട്ടിയെയും വിളിച്ച് ചാനല്‍ ചര്‍ച്ച നടത്തി മാധ്യമങ്ങള്‍ നിലവാരത്തകര്‍ച്ചയ്ക്കു കാരണമാകാതിരിക്കുക.