ബിഹാറില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുന്ന നിതീഷ്കുമാര്‍ വിശ്വാസവോട്ട് നേടിയതായാണ് വാര്‍ത്ത. ”ആയാറാം ഗയാറാം” എന്ന കുപ്രസിദ്ധ രാഷ്ട്രീയ പ്രയോഗത്തിന്റെ അലകള്‍ യാതൊരു ഉളുപ്പും ചളിപ്പുമില്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നടന്നുകൊണ്ടേയിരിക്കുന്നു. വോട്ട് രേഖപ്പെടുത്താന്‍ എന്ന ജനാധിപത്യ ദൗത്യം നിറവേറ്റിയശേഷം വീടിന്റെ കോലായില്‍ ഇരുന്ന് ജനാധിപത്യത്തിലെ ഈ നാടകം കണ്ട് അമ്പരക്കാനല്ലാതെ പൗരസമൂഹത്തിന് മറ്റൊന്നും ചെയ്യാനില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മുഖമായ കമല്‍നാഥും മകനും ബിജെപിയിലേക്ക് കൂടുമാറാനൊരുങ്ങുന്നുവെന്ന വാര്‍ത്തയും ബിഹാര്‍ നാടകത്തിനിടയില് പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട കമല്‍നാഥ്, രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല പ്രതികരണം ലഭിക്കാത്തതിനാലാണ് ഈ കൂടുമാറ്റം എന്നാണ് വാര്‍ത്ത. രാജ്യത്തെ സേവിച്ചുകളയാമെന്ന അതിയായ ആഗ്രഹം കൊണ്ട് അധികാരം എത്തിപ്പിടിക്കാന്‍ നടത്തുന്ന ഈ കോമഡിഷോകള്ക്ക് തടയിടാന്‍ പല്ലും നഖവും കൊഴിഞ്ഞ കൂറുമാറ്റ നിരോധന നിയമത്തിന് കരുത്തില്ലായെന്നത് മറ്റൊരു കാര്യം. മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ നിന്ന് മിലിന്ദ് ദിയോറയ്ക്കു പിന്നാലെ അശോക് ചവാനും ബിജെപി പാളയത്തിലെത്തിനില്ക്കുന്നു.
ഗയാറാം പ്രയോഗത്തിന്റെ ചരിത്രനാള്‍വഴികള്‍ ചികയുമ്പോള്‍, അതിന്റെ വേരുകള്ക്കിടയിലൊന്നില്, ഭാരതരത്നം സാക്ഷാല്‍ ചൗധരി ചരണ്‍സിംഗിന്റെ ഭാരതീയ ലോക്ദളിലേക്ക് ഗയാറാം നേതാവ് 1974-ല്‍ കൂടുമാറ്റം നടത്തിയതിന്റെ ചരിത്രത്താള്‍ കണ്ട് കൗതുകം തോന്നി. 1967-ല്‍ ഹരിയാന അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഗയാലാല്‍ ആണ് ”ഗയാറാം” നാടകത്തിലെ നായകന്. ആദ്യം കോണ്‍ഗ്രസ് പാളയത്തിലെത്തിപ്പെടുകയും, തൊട്ടുപിറകെ യുണൈറ്റഡ് ഫ്രണ്ടിന്റെ കൂടാരത്തിലെത്തുകയും ചെയ്യുന്നു ഗയാലാല്‍. രാത്രിക്കുരാത്രി വീണ്ടും കൂടുമാറി കോണ്‍ഗ്രസ് പാളയത്തിലേക്ക്. ഈ വരവിലാണ് അന്നത്തെ ഹരിയാന കോണ്‍ഗ്രസ് നേതാവ് റാവു ബിരേന്ദ്രസിംഗ് മാധ്യമപ്പടയുടെ മുന്നില്‍ ഗയാറാമിനെ എത്തിച്ചത്. അന്ന് മാധ്യമങ്ങളോട് ബിരേന്ദ്രസിംഗ് നടത്തിയ കുപ്രസിദ്ധ തമാശയാണ് ”ഗയാറാം ഇപ്പോള്‍ ആയാറാം” ആയി എന്നത്. ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഹരിയാനയില്‍ അനിയന്ത്രിതമായി നടന്ന കൂറുമാറല്‍ നാടകത്തിനൊടുവില്‍ അന്ന് ഹരിയാന അസംബ്ലി പിരിച്ചുവിടപ്പെട്ടു. പ്രസിഡന്റ് ഭരണം നടപ്പിലായി.
ഗയാറാം നേതാവിന്റെ കൂടുമാറ്റചരിത്രം ഇതോടുകൂടി അവസാനിച്ചു എന്നു കരുതരുത്. അഖില ഭാരതീയ ആര്യസഭയിലേക്ക് 1972ലും, ചൗധരി ചരണ്‍സിംഗിന്റെ ഭാരതീയ ലോക്ദളിലേക്ക് 1974ലും 19977-ല്‍ ലോക്ദള്‍ ലയിച്ച ജനതാപാര്‍ട്ടിയിലേക്കും ‘ഗയാറാം’ ‘ആയാറാം’ ആയി. അദ്ദേഹത്തിന്റെ പുത്രന് ഉദയ്ഭനും കൂടുമാറി കൂടേറുന്ന തന്ത്രത്തില്‍ വിദഗ്ധനായിരുന്നുവെന്നത് മറ്റൊരു ചരിത്രം.
ബിഹാര്‍ നാടകത്തിന് തിരശീല വീണാല്‍ ഉടന്‍ ഝാര്‍ഖണ്ഡ് നാടകത്തിന് തിരശീല ഉയരും. ഹേമന്ത് സോറന്റെ അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രിയായി മാറിയ ചമ്പായ് സോറന്റെ വിശ്വാസ വോട്ടെടുപ്പിനു തയ്യാറാകുന്നതിന്റെ ഭാഗമായി എംഎല്‍എമാര്‍ അജ്ഞാതകേന്ദ്രങ്ങളില്‍ ഒളിവിലാണ്. ബിഹാര്‍ നാടകത്തിനു മുമ്പേ ഹൈദരാബാദിലേക്ക് നാടുകടത്തപ്പെട്ട ജെഎംഎം എംഎല്‍എമാര്‍ പണം, ഭീഷണി തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതിരിക്കാന്‍ ഫോണ്‍ ചെയ്യാന്‍പോലും സ്വാതന്ത്ര്യമില്ലാതെ കഴിയുകയാണ്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ ഒഴുകിയെത്തുന്ന ഭരിക്കുന്ന പാര്‍ട്ടിക്കും ബിഹാര്‍ നാടകത്തില്‍ സ്വന്തം എംഎല്‍എമാരുടെ കൂറിനെപ്പറ്റി ആശങ്കയുണ്ടായിരുന്നു. ലാലു പ്രസാദ് യാദവിന്റെ വീട് കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങളെത്തടയാന് സ്വന്തം എംഎല്‍എമാരെ മഹാബോധി ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി വാതിലടച്ച് ആണിയടിച്ചു കുറ്റിയിട്ടു നിതീഷ്കുമാര്‍. എംഎല്‍എമാര്‍ക്ക് പ്രത്യേക ട്രെയിനിംഗ് നല്‍കുകയാണെന്ന് പത്രമാധ്യമങ്ങള്‍ക്ക് കുറിപ്പും നല്കി. ചിരിക്കണോ അതോ കരയണോ എന്ന് പത്രക്കാര് അന്തംവിട്ടുനിന്നു.
നാട് ഭരിക്കുന്ന പ്രധാനമന്ത്രി, നിതീഷിന്റെ കൂറുമാറ്റ ട്രാക്ക് റെക്കോര്‍ഡ് നോക്കി, താങ്കള്‍ ഇനിയും ചേരി മാറുമോ എന്നു ചോദിച്ചതാണ് സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്ക്കേട്ട ഏറ്റവും വലിയ തമാശകളിലൊന്ന്. കേരളത്തില്‍ നിന്ന് ബിജെപിയുടെ പടിവാതില്‍ക്കലെത്തിയ പി.സി. ജോര്‍ജിനോടും നരേന്ദ്ര മോദി ഇതേ ചോദ്യം ചോദിച്ചോ എന്ന് പത്രറിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമല്ല.
ജോര്‍ജിന്റെ പാര്‍ട്ടിയിലെ സെക്കുലര്‍ പ്രയോഗം എന്‍ഡിഎയില്‍ ദഹനക്കേടുണ്ടാക്കുമോ എന്ന് ആശങ്കപ്പെട്ടാകണം ബിജെപിയിലേക്ക് പൂര്‍ണമായി ലയിച്ച് സമാധിയാകാന്‍ ജോര്‍ജും അനുചരന്മാരും തീരുമാനിച്ചതെന്നു തോന്നുന്നു.
ഒരുകാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ ആശയങ്ങളും നിലപാടുകളും പൗരസമൂഹത്തിനു മുന്പില് നല്‍കിയിരുന്നതായാണ് ചരിത്രത്താളുകള്‍ പറയുന്നത്. പിന്നീട് പ്രശ്നാധിഷ്ഠിത സഹകരണമെന്നും സമദൂര സിദ്ധാന്തമെന്നും ഓമനപ്പേരിട്ട് വിരുദ്ധനിലപാടുകാര് ഒരുമിക്കാന്‍ തുടങ്ങി. സഖ്യങ്ങള്‍ക്കുള്ളിലെ സഹകരണത്തിനപ്പുറം നിലപാട് എന്നാല്‍ അധികാരമേറുക മാത്രമാകുന്ന ”ഗയാറാം” രാഷ്ട്രീയക്കാലത്ത് ജനാധിപത്യം ക്ഷയിക്കുകയാണ്. പണവും അധികാരവും വൈകാരികതകളെ ആളിക്കത്തിക്കുന്ന നിലപാടുകളും വേരുറപ്പിക്കുന്ന സമകാലീന ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍, മൂല്യാധിഷ്ഠിത രാഷ്ട്രീയ സമീപനങ്ങള്‍ കൈക്കൊള്ളുന്ന, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, സുസ്ഥിര വികസനത്തിന് കളമൊരുക്കുന്ന, വര്‍ഗീയതയെ തുരത്തുന്ന, ബഹുസ്വരതയെ നിലനിര്‍ത്തുന്ന, ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുവേണ്ടി പക്ഷം പിടിക്കുന്ന പൗരസമൂഹം ഉണരുമെന്ന് പ്രതീക്ഷിക്കാം. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ക്കു കൂടുതല്‍ കരുത്തുണ്ടാകണമല്ലോ.
പിന്കുറിപ്പ്
ആര്‍ക്കിയോളജിക്കല്‍ സര്വേക്കാര് നാടുമുഴുവന്‍ അടിത്തറയിളക്കിപ്പരിശോധിക്കുന്നതിനിടയില് ആര്.വി. ബാബുവിന്റെ അടിത്തറ സിദ്ധാന്തം കൊണ്ടുണ്ടായ ഏക പ്രയോജനം, വി.കെ.എന്‍. പറഞ്ഞതുപോലെ, ‘ശ്ശന്റെ’ വാലറ്റം വരെ മേനിപറച്ചില്‍ നടത്തിപ്പോരുന്ന പാരമ്പര്യ വിശ്വാസികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടാനായി എന്നതു മാത്രമാണ്. ന്റുപ്പാപ്പയുടെ ആനത്തഴമ്പ് തപ്പിനടന്ന് ഒടുവില്‍ ആര്‍ക്കിയോളജിക്കാരുടെ കുഴിയില്‍ വീഴാതിരുന്നാല്‍ മതിയായിരുന്നെന്ന്, ഈയിടെ ‘കണ്ട ലത്തീനികള്‍’ അടക്കം പറയുന്നുണ്ടായിരുന്നു.