ആശയവിനിമയത്തിനുള്ള ഉപാധി എന്നതില്‍ക്കവിഞ്ഞ് ഭാഷ ഒരു ജനതയുടെ സ്വത്വബോധത്തെയും സാമൂഹികഘടനയുടെ വിന്യാസങ്ങളെയും പ്രതിഫലിപ്പിക്കുന്ന സാംസ്കാരികത്തനിമയാണ്. ഭാഷയുടെ ഉല്പത്തിവികാസങ്ങള് ജനതയുടെ നാള്വഴിച്ചരിത്രമാണ്. പരമ്പരാഗതമായി പങ്കുവയ്ക്കപ്പെടുന്ന സാംസ്കാരികമൂല്യങ്ങളുടെ ഈറ്റില്ലം കൂടിയാണ് ഭാഷ.
ദൈവം കാലങ്ങളിലൂടെ ജനതകള്ക്കുമുന്നില് സ്വയം വെളിപ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കുന്ന ദൈവനിവേശിതവചനമായിട്ടാണ് കത്തോലിക്കാസഭ ബൈബിളിനെ മനസിലാക്കുന്നത്. ലോകസാഹിത്യമാകട്ടെ, സാംസ്കാരികവിനിമയ മേഖലകളില്‍ ഇപ്പോഴും ഉറവവറ്റാത്ത ഉത്കൃഷ്ടരചനകളുടെ അക്ഷയമായ ഖനിയായാണ് ബൈബിളിനെ സമീപിക്കുന്നത്. പൗരസ്ത്യഭൂഭാഗങ്ങളില് നൂറ്റാണ്ടുകളിലൂടെ യാത്രചെയ്ത ഒരു ജനതയുടെ പുറംപൊരുളും അകപ്പൊരുളും അടങ്ങുന്ന പഴയനിയമപ്പുസ്തകങ്ങള് സമഗ്രമായ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വ്യവഹാരങ്ങളുടെ ദീര്‍ഘമായ ആഖ്യാനങ്ങളെന്ന നിലയ്ക്ക് പുനര്വായനകളിലേക്കും അധിപാഠങ്ങളിലേക്കും അത്യപൂര്‍വമായ സാഹിത്യസൃഷ്ടികളിലേക്കും സര്‍ഗാത്മക സന്നിവേശങ്ങളിലേക്കും ഓളപ്പെരുക്കങ്ങളായി പകര്‍ന്നുകൊണ്ടേയിരിക്കുന്നു.
പഴയനിയമപ്പുസ്തകങ്ങള് ആദ്യമായി എഴുതപ്പെട്ടത് സെമിറ്റിക് ഭാഷയായ ഹീബ്രൂവിലാണ്. വളരെക്കുറച്ച് ഭാഗങ്ങള്‍, ഏകദേശം ഇരുന്നൂറ്റി അറുപത്തെട്ട് വാക്യങ്ങള്‍ (പ്രധാനമായും എസ്റാ 4:86:18; 7:12:26; ഡാനിയേല്‍ 2:47:28, ജറമിയ 10:11) മാത്രമേ പഴയനിയമത്തില്‍ അരമായിക് ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ളു. അരമായിക് ഭാഷ ഇസ്രായേല്യര്ക്കുമേല് ആധിപത്യം ചുമത്തിയ ഗോത്രങ്ങളുടേതാണ്. അതിപ്രാചീനമായ മുന്നൂറോളം പൈതൃക ഭാഷാസമൂഹങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രോ-ഏഷ്യാറ്റിക് ഭാഷാഗോത്രത്തില് നിന്നുള്ള സെമിറ്റോ-ഹാമിറ്റിക് വിഭാഗങ്ങളിലെ ഏഴ് സെമിറ്റിക് ഭാഷകളിലൊന്നാണ് ഹീബ്രൂ. ഇസ്രായേല്യരുടെ മാതൃഭാഷ. ഹീബ്രൂവിനൊപ്പം അറബിക്, അംഹാരിക്, റ്റിഗ്രിന്യാ, റ്റിഗ്രേ, അരമായിക്, മാല്റ്റേസേ ഭാഷകളാണ് സെമിറ്റിക് വിഭാഗത്തിലുള്ളത്. പ്രാചീനകാലത്ത് ഏറ്റവുമധികം പ്രചാരത്തിലിരുന്നവയാണ് അറബിക്, ഹീബ്രൂ ഭാഷകള്‍. സെമിറ്റിക് എന്ന പദം, ബൈബിളിലെ നോഹയുടെ പുത്രനായ ഷേമിന്റെ പേരില്‍നിന്നാണ് നിരുക്തമായത്. പരമ്പരാഗത വിശ്വാസമനുസരിച്ച് ഷേം യഹൂദരുടെയും അറബികളുടെയും നേരിട്ടുള്ള പൂര്‍വികനാണ്.
യഹൂദരുടെ മാതൃഭാഷയായ ഹീബ്രൂവിന് ബിബ്ളിക്കല്‍ അഥവാ ക്ലാസിക്കല്‍ ഹീബ്രൂ (ബിസി മൂന്നു വരെ), മിസ്സാനിക് അഥവാ റബ്ബിനിക് ഹീബ്രൂ (വരമൊഴി മാത്രമായി ബിസി 200 വരെ), മിഡീവല്‍ ഹീബ്രൂ (ക്രിസ്തുവിനു ശേഷം 6-13 നൂറ്റാണ്ടു വരെ), മോഡേണ്‍ ഹീബ്രൂ (ഇസ്രായേലിന്റെ ആധുനിക-ഔദ്യോഗിക ഭാഷ) എന്നിങ്ങനെ നാല് കാലഘട്ടത്തിലൂടെയുള്ള യാത്രയുടെ ചരിത്രമുണ്ട്. ഇതില്‍ ആദ്യഘട്ടത്തിലെ ഹീബ്രൂവാണ് പഴയനിയമം ബൈബിളിന്റേത്.
വലത്തുനിന്ന് ഇടത്തേക്ക് എഴുതപ്പെടുന്ന ഈ അതിപ്രാചീന എഴുത്തുഭാഷയില്‍ ആലെഫ് (അയിന്) എന്ന നിശ്ശബ്ദവ്യഞ്ജനം മുതല്‍ റ്റാവ് വരെ ആകെ 23 വ്യഞ്ജനാക്ഷരങ്ങളാണുള്ളത്. ക്രിസ്തുവിനു ശേഷം ആറാം നൂറ്റാണ്ടുമുതല്‍ പത്താം നൂറ്റാണ്ടുവരെയുള്ള കാലത്ത് മസോറേറ്റ്സ് എന്നറിയപ്പെട്ടിരുന്ന നിയമജ്ഞരായ യഹൂദരുടെ കൂട്ടായ്മകളാണ് സ്വരചിഹ്നങ്ങളായ മസോറേറ്റിക് ചിഹ്നങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രായോഗികമായ ഉച്ചാരണങ്ങള്‍ക്കും വായനയ്ക്കുമായി ഹീബ്രൂഭാഷയെ പരിഷ്കരിക്കുന്നത്.
മലയാളഭാഷയെ പ്രധാനമാധ്യമമാക്കിക്കൊണ്ട് ബിബ്ളിക്കല്‍/ ക്ലാസിക് ഭാഷയായ ഹീബ്രൂവിനെ പരിചയപ്പെടുത്തുകയും ഹീബ്രൂഭാഷാപഠനം എന്ന വിസ്മയകരമായ സാധ്യതയെ സഫലമാക്കുകയും ചെയ്തിരിക്കുകയാണ് ഭാഷാശാസ്ത്രജ്ഞനും വൈയാകരണനുമായ ഫാദര്‍ ഡോ. യേശുദാസന് റെമ്യാസ്. ‘ബൈബിളിലെ പഴയനിയമം മാതൃഭാഷയില്‍: ഹീബ്രൂഭാഷാപഠനം” എന്ന പേരിലുള്ള ഈ പഠനഗ്രന്ഥത്തിന്റെ നിര്‍മിതിയില്‍ ഹീബ്രൂഭാഷയില്‍ മാത്രമല്ല ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അഗാധമായ പരിജ്ഞാനം കൂടി വെളിപ്പെട്ടിരിക്കുന്നു.
ബൈബിളിന്റെ പഴയനിയമപുസ്തകങ്ങളിലേക്ക് നേരിട്ട് പ്രവേശിക്കാമെന്നതുമാത്രമല്ല, പുതിയനിയമത്തിലേക്ക് അനേകം ഉദ്ധരണികളിലൂടെ നിവേശിതമാകുന്ന പഴയനിയമ ഭാഗങ്ങള്‍കൂടി ഹീബ്രൂപഠനത്തിലൂടെ അനായാസമായി ഗ്രഹിക്കാനാകുമെന്നതുകൊണ്ട് ഈ പഠനസഹായി സമഗ്രമായ ബൈബിള്‍ പഠനത്തിലേക്കും വെളിച്ചമേകുന്നു.
ചരിത്രത്തിലുടെനീളം മാനവരാശിയുടെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വ്യവഹാരങ്ങളുടെ പ്രത്യക്ഷപഠനം കൂടിയാണ് ഭാഷാപഠനം. അതിനാല്‍ത്തന്നെ ഈ രചന സാംസ്കാരികപഠനത്തിന് (കള്‍ച്ചറല്‍ സ്റ്റഡി) അമൂല്യമായ സംഭാവനയേകുന്നു. പ്രാചീന രചനകളില്‍നിന്ന് നമുക്കുമുന്നില്‍ അനാവരണം ചെയ്യുന്ന മിത്തുകളുടെയും പുരാണങ്ങളുടെയും കഥകളുടെയും ലോകം പുതിയ എഴുത്തിനും ആഖ്യാനങ്ങള്‍ക്കും പ്രചോദനമേകും.
നിശ്ചയദാര്‍ഢ്യത്തോടെ, ഏകാഗ്രതയോടെ എത്രയോ വര്‍ഷങ്ങള്‍ നിരീക്ഷണങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കും മനനങ്ങള്ക്കുമായി സാര്‍ഥകമായി നീക്കിവച്ച റവ. ഡോ. യേശുദാസന് റെമ്യാസ്, തിരുവനന്തപുരം അതിരൂപതയിലെ പൊഴിയൂര്‍ മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍നിന്നുള്ള വൈദികനാണ് എന്നത് ഏറെ അഭിമാനം തരുന്നു. പതിനഞ്ചാം വയസില്‍ സെന്റ് വിന്‍സെന്റ്സ് സെമിനാരിയിലെത്തിയശേഷം മാര്‍ ഇവാനിയോസ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠത്തില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി 2008ലാണ് പുരോഹിതനാകുന്നത്.
തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഭാഷാസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി, യൂറോപ്പിലെ ബെല്‍ജിയം ല്യുവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി പഴയനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ തന്റെ ഗവേഷണ പ്രബന്ധങ്ങള്‍ പൂര്‍ത്തിയാക്കി. ഡോക്ടറേറ്റ് ചെയ്യുന്ന കാലഘട്ടത്തില്‍ തന്നെ, ല്യൂവന്‍ യൂണിവേഴ്സിറ്റിയില്‍ നാലു വര്‍ഷം ഹീബ്രൂ പഠിപ്പിച്ചു. ഇപ്പോള്‍, ജര്‍മ്മനിയിലെ പാദെര്‍ബോണ്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണാനന്തരപഠനം (പോസ്റ്റ് ഡോക്ടറല്‍ പഠനം) നടത്തുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പരുത്തിയൂര്‍ ഇടവകാംഗമായ യേശുദാസച്ചന് കേരളത്തിന്റെതന്നെ അഭിമാനമാണ്.
ഈ പഠനസഹായി മൂന്നു ഭാഗമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഹീബ്രൂഭാഷയുടെ ദൃഢ-ദുര്‍ബ്ബല വ്യഞ്ജനങ്ങള്‍ ചേര്‍ന്ന – ഇരുപത്തിമൂന്ന് വ്യഞ്ജനങ്ങള്‍, സ്വരാശ്രിത വ്യവഹാരങ്ങള്‍, സിലബിളുകള്‍ എന്ന ഉച്ചാരണ സജ്ജമായ വാക്കുകള്‍ എന്നിവ പ്രവേശനപാഠങ്ങളാണ്.
നാമവിഭാഗത്തില്‍ നാമങ്ങള്‍ക്ക് വരുന്ന ലിംഗവചനരൂപങ്ങള്, സര്‍വനാമങ്ങള്‍, സമുച്ചയം, ഉപസര്‍ഗങ്ങള്‍, നാമവിശേഷങ്ങള്‍, താരതമ്യത്തിനുള്ള അവ്യയങ്ങള്‍ തുടങ്ങിയ സൂക്ഷ്മപഠനങ്ങളുണ്ട്. ക്രിയാവിഭാഗത്തില് ദൃഢ(ബല)ക്രിയകള്‍, ദുര്ബ്ബലക്രിയകള്, കാലപ്രത്യയങ്ങള്‍, വിവിധ വ്യവഹാരങ്ങളിലെ ക്രിയകള്‍, അനുപ്രയോഗങ്ങള്‍, തുടങ്ങി ഹീബ്രൂഭാഷയുടെ പ്രയോഗപഠനത്തിലേക്ക് വിശദമായ ഗൃഹപാഠങ്ങളോടുകൂടിയ പഠനപദ്ധതിയാണ് സ്വീകരിച്ചിരിക്കുന്നത്. വ്യാകരണ ഭാഷാ പ്രയോഗവ്യവഹാരങ്ങള്ക്കൊപ്പം ബൈബിള്‍ വാക്യങ്ങള്‍ അധികരിച്ച് ക്രിയകളെ അപഗ്രഥിക്കുന്ന ഭാഗവും സംഖ്യകളുടെ ലിംഗ-വചനരൂപപഠനവും മസോറെറ്റിക് ഊന്നലുകളുടെ വ്യവസ്ഥകളും തുടര്‍ന്ന് ഹീബ്രൂപദാവലിയുടെ അക്ഷകമാലാക്രമവും പരിചയപ്പെടുത്തുന്നു. മലയാളത്തിലെ ലിപ്യന്തരണവും കൂടി സഹായകരമായി ചേര്‍ത്തിരിക്കുന്നു. ഉത്തരസൂചികയിലൂടെ ഗൃഹപാഠങ്ങള്‍ പരിശോധിക്കാം. നാല്‍പ്പത്തിരണ്ട് അധ്യായങ്ങളിലായാണ് പഠനം സംക്ഷേപിച്ചിരിക്കുന്നത്.
പതിനാറാം നൂറ്റാണ്ടിലെ പണ്ഡിതനും ബൈബിള്‍ വിവര്‍ത്തകനുമായ ഇറാസ്മസ് പ്രതീക്ഷിക്കുന്നതുപോലെ ബൈബിള്‍, ഏറ്റവും ദുര്‍ബലയായ സ്ത്രീക്കും, തോണിക്കാരനും, കൃഷിക്കാരനും, യാത്രക്കാരനും ഹൃദയത്തോട് ചേര്‍ത്തു വായിക്കാന്‍ കഴിയുന്ന കാലത്തിലേക്കുള്ള പ്രയാണത്തില്‍, ഈ ഹീബ്രൂ പഠനസഹായിയുടെ രചന, കാലികതയില്‍ അടയാളപ്പെടുന്ന ഒരു നിയോഗമായിത്തന്നെ പരിഗണിക്കാം. ഇതിലേക്ക് മനസ്സൂന്നിയ പ്രിയ യേശുദാസച്ചന് ഹീബ്രൂവില്ത്തന്നെ ‘ഹോദു’ എന്ന് നന്ദിയും സ്നേഹവും അറിയിക്കാം.