മനുഷ്യമനസ് ഒരു പ്രഹേളികയാണെന്ന വാചക ക്ലീഷേ മാറ്റിവച്ചാല്‍ പോലും ആഴത്തിലുള്ള അതിന്റെ അര്‍ത്ഥവും കാഴ്ചപ്പാടും ശരിതന്നെ. ആരുടേയും മനസ് എപ്പോള്‍ വേണമെങ്കിലും താളം തെറ്റാം. നിങ്ങള്‍ മാനസികാസ്വാസ്ഥ്യമുള്ള ഒരാളെന്ന് പലപ്പോഴും മറ്റുള്ളവര്‍ തിരിച്ചറിയണമെന്നില്ല; നിങ്ങള്‍ക്കു പോലും ഒരുപക്ഷേ അതറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. മനഃശാസ്ത്രം വളരെയേറെ വികാസം പ്രാപിച്ച കാലത്തുപോലും മനസിനെ പിടിച്ചുകെട്ടാന്‍, മനസിലാക്കാന്‍ ഭിഷഗ്വരന്മാര് പെടാപാടു പെടുന്നു.
സിനിമയുടെ കാലഘട്ടം 1970കളാണ്. ആലിസ് ഗൗള്‍ഡ് (ബാര്‍ബറ ലെന്നി) സമ്പന്നയായ ഒരു സുന്ദരിയാണ്. ഭര്‍ത്താവ് ഹെലിയോഡോറോക്കൊപ്പം തന്റെ വലിയ വില്ലയില്‍ താമസിക്കുന്നു. അവളൊരു സ്വകാര്യ കുറ്റാന്വേഷകയുമാണ്; ഒരു പക്ഷേ അതവളുടെ ഹോബിയാകാം. ഒരു വിരുന്നിനിടെ അവള് പരിചയപ്പെടുന്ന ഭര്‍ത്താവിന്റെ സുഹൃത്ത് ഡോ. റൈമുണ്ടോ ഗാര്‍സിയ ഡെല്‍ ഓള്‍മോ അവളോട് ഒരു കേസ് അന്വേഷിക്കാന്‍ അഭ്യര്‍ഥിക്കുന്നു. അദ്ദേഹത്തിന്റെ മകന് ഡാമിയന്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതൊരു കൊലപാതകമാണെന്ന് അയാള്‍ സംശയിക്കുന്നു. ഇതേ കുറിച്ചും കുറ്റവാളിയെ കുറിച്ചും അന്വേഷിക്കാനാണ് ആലീസിനോടയാള് ആവശ്യപ്പെടുന്നത്. ഭര്‍ത്താവറിയാതെ കേസന്വേഷണം നടത്താനാണ് അവളുടെ തീരുമാനം. അതിനായി താന്‍ കുറച്ചുകാലത്തേക്ക് യാത്ര പോകുകയാണെന്ന് അയാളെ തെറ്റിദ്ധരിപ്പിക്കുന്നു.
മാനസികാരോഗ്യകേന്ദ്രത്തില്‍ പോയി കേസന്വേഷിക്കുന്നത് ഒരു സ്വകാര്യ കുറ്റാന്വേഷകയ്ക്ക് എളുപ്പമുള്ള കാര്യമല്ല. അതിനുള്ള വഴിയും തന്ത്രവും ഡോ. റൈമുണ്ടോ തന്നെ പറഞ്ഞുകൊടുക്കുന്നു. ഒരു മാനസികരോഗിയായി അഭിനയിച്ച് അവിടെ കയറിപ്പറ്റുക. മാനസികാരോഗ്യകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഡോ. സാമുവല്‍ അല്‍വാര്‍ (എഡ്വേര്‍ഡോ ഫെര്‍ണാണ്ടസ്) തന്നെ അവളെ അതിനായി സഹായിക്കുമെന്നും അയാള്‍ ഉറപ്പുനല്‍കുന്നു. അതിന് ഭര്‍ത്താവ് ഹെലിയോഡോറോയുടെ സമ്മതപത്രം വേണം. തന്ത്രപരമായി ബാങ്കിന്റെ ചില പേപ്പറുകള്‍ ഒപ്പിടുവിക്കുന്നതിനിടെ അയാളുടെ സമ്മതപത്രവും ആലീസ് കൈക്കലാക്കുന്നു. ഡോ. ഡൊണാഡിയോ എന്നയാള്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ചിത്തഭ്രമം എന്ന രോഗാവസ്ഥയാണ് അവള് സ്വയം തിരഞ്ഞെടുക്കുന്നത്. മനസിന്റെ സമനില തെറ്റുകയും യാഥാര്‍ഥ്യ ബോധം ചിലപ്പോഴെങ്കിലും ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്തഭ്രമം. ഡോക്ടറുടെ കുറിപ്പനുസരിച്ച,് ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നുണ പറഞ്ഞ് ഫലിപ്പിക്കാനുളള കഴിവാണ് അവളുടെ ഒരു രോഗാവസ്ഥ എന്ന് ഡയറക്ടര്‍ ഡോ. സാമുവല്‍ അല്‍വാര്‍ പറഞ്ഞതനുസരിച്ച് മാസികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നു. അവളെ അവിടെ അഡ്മിറ്റ് ചെയ്യുന്നു.
ആലീസിനെ സംബന്ധിച്ച് അതൊന്നും ഒരു പ്രശ്നമേ അല്ല, കാരണം സുരക്ഷിതമായ കരങ്ങളാണ് അവളെ അവിടെ എത്തിച്ചിരിക്കുന്നത്. കേസന്വേഷണം കഴിഞ്ഞ് തന്റെ ചിത്തഭ്രമം പിറകിലുപേക്ഷിച്ച് പുല്ലുപോലെ അവള് ഭീമാകാരമായ ആ കെട്ടിടത്തില്‍ നിന്നു പുറത്തുപോകുമെന്ന് അവള്‍ക്കുറപ്പാണ്. പക്ഷേ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഹൃദയമിടിപ്പ് കൂടിവരും. ലോറെറ്റോ മൗലിയോണ് (മോണ്ട്സെറാത്ത് കാസ്റ്റല്‍), ജാവിയര്‍ ബെല്‍ട്രാന്‍ (ഡോ. സീസര്‍ അരെല്ലാനോ) എന്നിവര്‍ ആലീസിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇഗ്നാസിയോ ഉര്ക്വീറ്റയെന്ന മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുമായി ആലീസ് സൗഹൃദത്തിലാകുന്നു. വെള്ളത്തെ ഭയമുള്ള പ്രത്യേക രോഗാവസ്ഥയാണ് ഉര്ക്വീറ്റയ്ക്ക് (സ്കീസോഫ്രീനിയ). ഇരട്ടകളായ കൗമാരക്കാര്‍- റോമുലോയും റെമോയും ആലീസിനെ ഇഷ്ടപ്പെടുന്നവരാണ്. ആലീസ് തങ്ങളുടെ അമ്മയാണെന്നാണ് റോമുലോ കരുതുന്നത്. ഭീമാകാരശരീരമുള്ള ആനമനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളും അയാളുടെ സുഹൃത്തും ലൈംഗിക പീഡകനുമായ കുള്ളന്‍ ഗ്നോമിനെയുമാണ് മറ്റു കഥാപാത്രങ്ങള്‍. ഇരട്ടകളിലൊരാളായ റോമുലോയോട് ഗ്നോമിനെയും ആനമനുഷ്യനും എപ്പോഴും ശത്രുത കാണിക്കുന്നുണ്ട്.
സിനിമ രണ്ട് ടൈംലൈനുകള്‍ സമന്വയിപ്പിക്കുന്നുണ്ട്: ആലീസ് കൊലയാളിയെ കണ്ടെത്താന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലം, കൊലപാതകത്തിലേക്ക് നയിക്കുന്ന ഭൂതകാല സംഭവങ്ങളും. ഒരു അന്തേവാസിയുടെ കൊലപാതകവും മറ്റൊരാളുടെ രക്ഷപ്പെടലും കാണാന്‍ പ്രേക്ഷകന് കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ്. ഈ ടൈംലൈനുകള്‍ ഒത്തുചേരുന്ന രീതി ഒരു മാസ്റ്റര്‍സ്ട്രോക്ക് തന്നെ. ഒരു മഴയുള്ള രാത്രിയില്‍ രണ്ടാമത്തെ ടൈംലൈനില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ തീയും കലാപവും നടക്കുകയും ഒരു സെല്ലില്‍ ഒരു മൃതദേഹം കണ്ടെത്തുകയും ചെയ്യുന്നു. ഈ ടൈംലൈനില്‍ ആലീസിന്റെ സുഹൃത്ത് ഉര്ക്വീറ്റയെ പൊലീസ് കുറ്റം ചുമത്തിയെങ്കിലും പിന്നീട് മോചിപ്പിക്കപ്പെട്ടു. ഓഫീസില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഡാമിയന്റെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായ രേഖകള്‍ ആലീസ് കണ്ടെത്തി.
മാനസികാരോഗ്യകേന്ദ്രത്തിനു ചുറ്റും വലിയ പൈന്മരക്കാടാണ്. ഒരിക്കല്‍ ആലീസ് അവിടെ എത്തുമ്പോള്‍ ഇരട്ടകളായ റോമുലോയും റെമോയും അവിടെ ഉണ്ട്. കുള്ളന്‍ ഗ്നോമിനെ അവിടെയെത്തുകയും ആലീസിനെ ആക്രമിക്കുകയും ചെയ്യുന്നു. അവള് ബോധരഹിതയായി. ബോധം വരുമ്പോള്‍ അവളെ മാനസികാരോഗ്യകേന്ദ്രത്തില്‍ കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് കാണുന്നത്. ഗ്നോമിനെ കൊല്ലപ്പെട്ടെന്നും ആലീസാണ് അതു ചെയ്തതെന്നും ഡയറക്ടര്‍ ഡോ. സാമുവല്‍ അല്‍വാര്‍ ആരോപിക്കുന്നു. അപ്പോഴാണ് ആശുപത്രിയിലെ മറ്റു ഡോക്ടര്‍മാരോട് താന്‍ സ്വകാര്യകുറ്റാന്വേഷകയാണെന്നും ഡാമിയന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ കള്ളം പറഞ്ഞ് അവിടെ കയറിപ്പറ്റിയതാണെന്നും അവള് പറയുന്നത്. പക്ഷേ അവളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായി ഡയറക്ടര്‍ സാമുവല്‍ അല്‍വാര്‍ അവളെ എതിര്‍ക്കുകയും അവള് മനോനില തെറ്റിയവളാണെന്നും വാദിക്കുന്നു. അവള് ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്നും അയാള്‍ ആരോപിച്ചു. അവള് നേരത്തെ അവിടെ നല്കിയ ഡോ. ഡൊണാഡിയോയുടെ കത്തും മറ്റു രേഖകളും അയാള്‍ സമര്‍ഥമായി ഉപയോഗിക്കുന്നു. തന്നെ അന്വേഷണത്തിനായി അവിടേക്ക് അയച്ച ഡോ. റൈമുണ്ടോ ഗാര്‍സിയയെ കാണണമെന്നും അദ്ദേഹം സത്യം വെളിപ്പെടുത്തുമെന്നും ആലീസ് വാദിക്കുന്നു. ഡയറക്ടര്‍ സാമുവല്‍ അല്‍വാര്‍, ഡോ. റൈമുണ്ടോ ഗാര്‍സിയയെ ഹാജരാക്കുന്നു. പക്ഷേ ആലീസ് വിരുന്നിനിടയില്‍ വെച്ച് പരിചയപ്പെടുകയും കേസന്വേഷണത്തിന് അവളോടഭ്യര്ഥിക്കുകയും ചെയ്ത മനുഷ്യനായിരുന്നില്ല അത്. ആലീസിന്റെ സമനില തെറ്റിപ്പോയോ എന്നു പ്രക്ഷകര്‍ പോലും സംശയിക്കുന്ന ഘട്ടമാണിത്. അവള് ഡയറക്ടര്‍ സാമുവല്‍ അല്‍വാറിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. ആലീസിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് ഒറ്റയ്ക്ക് ഒരു കുടുസുമുറിയിലടക്കുന്നു. എല്ലാം ഒരു ഗൂഢാലോചനയായിരുന്നുവെന്ന് അവള്‍ക്കു ബോധ്യപ്പെടുന്നു. തന്റെ ഭര്‍ത്താവും ഡയറക്ടര്‍ സാമുവല്‍ അല്‍വാറും ഡോ. റൈമുണ്ടോ ഗാര്‍സിയ എന്നവകാശപ്പെട്ട മനുഷ്യനും ചേര്‍ന്ന് തന്റെ സ്വത്തു തട്ടിയെടുക്കാന്‍ നടത്തിയ ഗൂഢാലോചന.
വിവേകത്തിനും ഭ്രാന്തിനും ഇടയിലുള്ള നേര്‍ത്ത വരയില്‍ നിന്ന് രക്ഷപ്പെടാനുള്ള ആലീസിന്റെ ശ്രമങ്ങളാണ് അടുത്തത്. അവളുടെ കഥയില്‍ വിശ്വസിക്കുന്നവരെ കണ്ടെത്താനുള്ള തീവ്രമായ നടപടികളാണ് ദൈവത്തിന്റെ വക്രരേഖകളെ ഇത്ര കൗതുകകരമായ നിരീക്ഷണമാക്കുന്നത്. തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആരെങ്കിലും പിന്‍വലിച്ചാല്‍ ഭര്‍ത്താവ് ഹീലിയോഡോറോ, ഡോ. ഡൊണാഡിയോ, ഡയറക്ടര്‍ അല്‍വാര്‍ എന്നിവരുടെ പെരുമാറ്റത്തിന് ന്യായമായ വിശദീകരണം നല്‍കാമെന്ന് അവള് മെഡിക്കല്‍ ബോര്‍ഡിലെ അവളോട് സാഹാനുഭൂതി പ്രകടിപ്പിക്കുന്ന ഡോ. അരെല്ലാനോയോടും ഡോ. കാസ്റ്റലിനോടും പറയുന്നു. ആലീസിന്റെ അക്കൗണ്ട് കാലിയായതായി പൊലീസ് സ്ഥിരീകരിച്ചു. അതവളുടെ നിരപരാധിത്വം തെളിയിക്കാനുള്ള നല്ലൊരു പിടിവള്ളിയായി.
ആലീസിനെ മാനസികരോഗിയായി ചിത്രീകരിച്ച് അവിടെ പൂട്ടിയിടാന്‍ അല്‍വാറിന്, ഭര്‍ത്താവ് ഹെലിയോഡോറോ പണം നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ആലീസ് തന്റെ സെല്ലില്‍ നിന്ന് രക്ഷപ്പെടുകയും അവിടെ അഗ്നി പടര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റു രോഗികള്‍ അവളെ സഹായിക്കുന്നു. ഉര്ക്വീറ്റ ബാക്കിയുള്ള രോഗികളെ മോചിപ്പിക്കുന്നു.
ആലീസിനെ ഡിസ്ചാര്‍ജ് ചെയ്യാന്‍ കൗണ്‍സില്‍ യോഗം വിളിച്ചു. ആലീസിന് മാനസിക രോഗമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ വോട്ടു ചെയ്ത് നിശ്ചയിക്കണം. അതൊരു നിര്‍ണായക നീക്കമായിരുന്നു. ആലീസിന് ബോര്‍ഡില്‍ ഭൂരിപക്ഷമുണ്ടെന്ന് പ്രേക്ഷകന് ബോധ്യമുണ്ടെങ്കിലും ഓരോ അംഗങ്ങളുടേയും വോട്ടുകള്‍ പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടും.
ഡയറക്ടര്‍ അല്‍വാര്‍ തന്റെ വോട്ട് ചെയ്തില്ല. മറ്റ് നാല് ഡോക്ടര്‍മാര്‍ ആലീസിനെ പിന്തുണച്ചു. അല്‍വാര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. മുറിയില്‍ നിന്നു പുറത്തുപോകുന്നതിനു മുമ്പ് ആലീസിന് ചിത്തഭ്രമമുണ്ടെന്ന് കത്തുനല്‍കിയ ഡോ. ഡൊണാഡിയോയെ അയാള്‍ അവിടേക്ക് വരുത്തുന്നു. ആലീസ് വീണ്ടും അദ്ഭുതലോകത്തിലായി. തന്നെ കേസ് ഏല്‍പ്പിച്ച ഗാര്‍സിയ ഡെല്‍ ഓള്മോയായിരുന്നു യഥാര്‍ത്ഥ ഡോ. ഡൊണാഡിയോ. ആള്‍മാറാട്ടത്തിന്റേയും മതിഭ്രമത്തിന്റേയും ലോകത്തിലേക്ക് പ്രേക്ഷകനെ കൈപിടിച്ചാനയിച്ച് ദൈവത്തിന്റെ വക്രരേഖകള്‍ പൂര്‍ത്തിയാകുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണ് സത്യം, എന്താണ് സത്യം അല്ലാത്തത്? യാഥാര്‍ത്ഥ്യത്തെയും സത്യങ്ങളെയും നാം എങ്ങനെ തിരിച്ചറിയും? ഗോഡ്സ് ക്രൂക്ക്ഡ് ലൈന്‍സ് തുടക്കം മുതലേ നിഗൂഢത നിറഞ്ഞ ഒരു സിനിമയാണ്. നിങ്ങള്‍ക്ക് അറിയാമെന്ന് നിങ്ങള്‍ കരുതുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നായിരിക്കുമോ സംവിധായകന് ഉദ്ദേശിക്കുന്നത്? അവസാന രംഗത്ത് കാഴ്ചക്കാരനെ അവരുടെ സ്വന്തം നിഗമനത്തിലേക്ക് സംവിധായകന് ക്രൂരമായി തള്ളിവിടുകയും ചെയ്യുന്നുണ്ട്. ആലീസിന്റെ മാനസിക നിലകള്‍ സൂചിപ്പിക്കാന്‍ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടാത്ത ചില ഓഡിയോ ട്രാക്കിംഗ് ഉപയോഗിക്കുന്നുണ്ട്. മനോഹരമാണത്.
നടി ബാര്‍ബറ ലെന്നിയും എഡ്വേര്‍ഡോ ഫെര്‍ണാണ്ടസും ഗംഭീരമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരും സക്രീനിന്റെ മുക്കാല്‍ ഭാഗവും സ്വന്തമാക്കിയെങ്കിലും ചെറിയ വേഷങ്ങളിലഭിനയിച്ചവര്ക്ക് മനസില്‍ തങ്ങി നില്ക്കുന്ന ഇടങ്ങളും ലഭിച്ചുവെന്നത് സംവിധായകന്റെ മിടുക്കുതന്നെ.