നിങ്ങള്‍ക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ താല്പര്യമുണ്ടോ? എങ്കില്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് പരകാല പ്രഭാകര്‍ എഴുതിയ THE CROOKED TIMBER OF NEW INDIA. 2023ല്‍ എഴുതിയ ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം ചിന്ത ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്’ ‘ആരുഢം വളഞ്ഞ നവ ഇന്ത്യ’ എന്ന ശീര്‍ഷകത്തില്‍. പുസ്തകം പരിഭാഷപ്പെടുത്തിയത് ടി.എ.രാജശേഖരനാണ്. ആരാണ് പരകാല പ്രഭാകര്‍ എന്ന ചോദ്യത്തിനുള്ള ഉത്തരമിതാണ്:
പ്രസിദ്ധനായ പൊളിറ്റിക്കല്‍ എക്കണോമിസ്റ്റ്, എഴുത്തുകാരന്, സാമൂഹിക നിരീക്ഷകന്, ജെഎന്‍യുവിലും ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലും ഉന്നത പഠനം നടത്തിയ വ്യക്തി, തെലുങ്കു സാഹിത്യകാരന്, 2004ല്‍ ക്യാബിനറ്റ് റാങ്കോടുകൂടി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ ഉപദേശകന്, ആന്ധ്രപ്രദേശിലെ ബിജെപിയുടെ മുന്‍ വക്താവ്. ഒപ്പം കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവ് എന്നു കൂടി ചേര്‍ക്കണം. Midweek Matters എന്ന യുട്യൂബ് ചാനലിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 30 ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്.
നമ്മുടെ ജനാധിപത്യവും, സാമൂഹിക സൗഹാര്‍ദവും കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തകര്ക്കപ്പെടുന്നതെങ്ങനെയെന്ന് ഇതിലെ ഓരോ ലേഖനവും കൃത്യമായി വരച്ചു കാട്ടുന്നു. രാജ്യത്ത് പെരുകുന്ന തൊഴിലില്ലായ്മയുടെയും അസമത്വത്തിന്റെയും കണക്കുകള്‍ മോദി ഭരണകൂടം എങ്ങനെ മറച്ചു വെക്കുന്നുവെന്നും, കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എങ്ങനെ ഉപയോഗിക്കുന്നുവെന്നും, മതന്യൂനപക്ഷങ്ങള്‍ അപരവല്ക്കരിക്കപ്പെടുന്നത് എങ്ങനെയെന്നും വസ്തുതകള്‍ മുന്‍നിര്‍ത്തി വ്യക്തമാക്കുന്നതാണ് ഈ സമാഹാരത്തിലെ ഓരോ പഠനവും.
ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിന് വേണ്ടി നമ്മുടെ മുന്നില്‍ ചമയിച്ചൊരുക്കി നിര്‍ത്തിയിരിക്കുന്ന പുതിയ ഇന്ത്യയെ തൊട്ടു മനസ്സിലാക്കാനും രാഷ്ട്രശരീരത്തിന് സംഭവിച്ച വൈരൂപ്യങ്ങളെ വിശകലനം ചെയ്യാനും പുസ്തകത്തില്‍ ശ്രമിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങളിലേക്ക് പോകാം.
1990കള്‍ക്കുശേഷം ആദ്യമായി രാജ്യത്ത് പട്ടിണി രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. 2021-22 ല്‍ ലോകത്തെ പട്ടിണിക്കാരുടെ നിരയിലേക്ക് 75 ദശലക്ഷം മനുഷ്യരെക്കൂടി ഇന്ത്യ സംഭാവന ചെയ്തിരിക്കുന്നു. ഇതു വഴി യുഎന്‍ഡിപിയുടെ ആഗോള മനുഷ്യവികസന സൂചികയിലെ ഇന്ത്യയുടെ സ്ഥാനം 134 (152 രാജ്യങ്ങളില്‍) ആയി താഴ്ന്നിരിക്കുന്നു. നമ്മുടെ അയല്‍ക്കാരില്‍ ശ്രീലങ്കയുടെ സ്ഥാനം 73, ചൈന 79, ഭൂട്ടാന് 127, ബംഗ്ലാദേശ് 129 എന്ന നിലയിലാണ്. പാകിസ്ഥാന് (161), മ്യാന്മാര് (149) നേപ്പാള്‍ (143) എന്നീ രാജ്യങ്ങള്‍ മാത്രമാണ് അയല്‍ക്കാരില്‍ നമ്മെക്കാള്‍ മോശം സ്ഥിതിയിലുള്ളവര്. (ആധുനിക ചരിത്രത്തില്‍ ഈ മൂന്നു രാജ്യങ്ങളും ഭൂരിപക്ഷ മതങ്ങളാല് നിയന്ത്രിക്കപ്പെടുന്നവയാണ്) 2022 ലെ ആഗോളവിശപ്പ് സൂചികയില്‍ 121 രാജ്യങ്ങളില്‍ ഇന്ത്യ 107-ാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയ്ക്ക് 101-ാം സ്ഥാനമായിരുന്നു.
സുപ്രീം കോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ പോലും പൗരാവകാശം ചുരുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊപ്പം നില്ക്കുന്നു. കോടതി മുറികളിലെ മഹോന്നതമായ അഭിപ്രായപ്രകടനങ്ങളും ജഡ്ജിമാര്‍ പുറത്തു നടത്തുന്ന മനോഹരപ്രസംഗങ്ങളും അവരുടെ വിധിന്യായങ്ങളില്‍ പ്രതിഫലിക്കാറില്ല. ‘പെഗാസസ്സ് ചാരവെയര്’ സര്‍ക്കാര്‍ ഉപയോഗിച്ചു എന്ന ആരോപണം സംബന്ധിച്ച് സുപ്രീംകോടതി ഒരു കമ്മിറ്റി രൂപീകരിച്ചപ്പോള്‍ നാമെല്ലാം സുപ്രീം കോടതിയുടെ ആത്മാര്‍ത്ഥതയെ പ്രകീര്‍ത്തിച്ചു. പക്ഷേ, വിധിന്യായം വന്നപ്പോള്‍ അതെല്ലാം ആവിയായിപ്പോയി. പ്രതിപക്ഷനേതാക്കള്‍, ജേര്‍ണലിസ്റ്റുകള്‍, സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്താന്‍ പട്ടാള സ്പൈവെയര്‍ ഉപയോഗിച്ചുവോ എന്നതു സംബന്ധിച്ച് നരേന്ദ്രമോദി-അമിത്ഷാ സര്‍ക്കാരില്‍നിന്ന് വ്യക്തമായ ഒരു ഉത്തരം നേടിയെടുക്കാന്‍ കോടതിക്കോ കമ്മിറ്റിക്കോ കഴിഞ്ഞില്ല. സര്‍ക്കാര്‍ സഹകരിക്കാത്തതിനാല്‍ പെഗാസസ് ചാരവെയര് ഉപയോഗിച്ചോ എന്നതു സംബന്ധിച്ച് യാതൊരു തെളിവും കിട്ടിയില്ല എന്നു പറഞ്ഞുകൊണ്ട് അനുസരണയോടെ കമ്മിറ്റി അന്വേഷണത്തിന് കര്ട്ടന് ഇട്ടു.
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ പ്ലാനിങ് കമ്മിഷനെ വേണ്ടെന്നു വച്ചു. പകരം, പദങ്ങളുടെ ആദ്യാക്ഷരങ്ങളെ കൂട്ടിച്ചേര്‍ത്ത് ഗംഭീരമായ ഒരു പേരോടു കൂടി പുതിയ ഒരു സ്ഥാപനം കൊട്ടിഘോഷിച്ച് കൊണ്ടുവന്നു- ‘നീതി ആയോഗ്.’ ഇന്ത്യയെ മാറ്റിമറിക്കാനുള്ള ദേശീയ സ്ഥാപനം (National Institute of Transforming India NITI- AYOG). ഏതെങ്കിലുമൊരാശയം പ്രസ്തുത സ്ഥാപനത്തില്‍ നിന്ന് പുറത്തു വന്നതായി നമുക്കറിയില്ല.
സത്യസന്ധമായ വിവരങ്ങള്‍ക്കും ഉത്തരവാദിത്വപ്രയോഗത്തിനും പകരം നമുക്ക് അവരില്‍നിന്ന് ലഭിക്കുന്നത് ശബ്ദഘോഷങ്ങള്‍ മാത്രം. സ്കില്‍ ഇന്ത്യ, മേക്ക് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, സ്റ്റാന്റ് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ച്ഭാരത്, സ്മാര്‍ട്ട് സിറ്റീസ്, ബുള്ളറ്റ് ട്രെയിന്‍സ്, ഖേലോ ഇന്ത്യ, ജന്‍ധന്‍ യോജന, ആത്മനിര്‍ഭര്‍ ഭാരത്, പ്രസാദ്, ബേഠി പഠാവോ ബേഠി ബെച്ചാവോ, നമാമി ഗംഗേ, കര്‍ഷകരുടെ വരുമാനമിരട്ടിപ്പിക്കല്, സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്, സബ്കാ വിശ്വാസ്, ഹര്‍ഘര്‍ തിരംഗ, അമൃതകാല്‍ അങ്ങനെപോകുന്നു.
രാജ്യത്തെ അതിന്റെ ഭരണസംവിധാനങ്ങളില്‍ നിന്നും ജനാധിപത്യത്തിലെ ഒഴിവാക്കാനാവാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മാറ്റി വ്യക്തികേന്ദ്രീകൃതമാകുന്ന ചിത്രം നമ്മുടെ മുന്നിലുണ്ട്. അതിന്റെ തെളിവാണ് പുതിയ മുദ്രാവാക്യമായി മാറുന്ന ‘മോദിയുടെ ഉറപ്പ്.’ ജനങ്ങളുടെ ജാഗ്രതയാണ് ജനാധ്യപത്യത്തിന്റെ കരുത്ത്. ആരൂഢം വളഞ്ഞ നവ ഇന്ത്യ എന്ന പുസ്തകം ആ ജാഗ്രതയുടെ ശക്തിപ്പെടുത്തലിന് ഉപകരിക്കും.