വിജയപുരം രൂപതയുടെ മധ്യസ്ഥയായ പരിശുദ്ധ വിമലഗിരി മാതാവിന്റെ കത്തീഡ്രലില്‍ 2024 ഫെബ്രുവരി 12ന് അപ്പസ്തോലിക പാരമ്പര്യത്തില്‍ പൗരോഹിത്യത്തിന്റെ പൂര്‍ണതയില്‍ അഭിഷിക്തനാകുന്ന അന്പത്തിരണ്ടുകാരനായ മോണ്‍. മഠത്തില്‍പറമ്പില്‍, രൂപതയുടെ 94 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ സഹായമെത്രാനാണ്. സഹ്യാചലത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി തൊട്ട് സമുദ്രനിരപ്പില്‍ നിന്ന് പത്തടിയോളം താഴ്ചയുള്ള കുട്ടനാടന്‍ പാടശേഖരങ്ങള്‍ വരെ വ്യത്യസ്തമായ ഭൂപ്രകൃതിയിലും ജനപദങ്ങളുടെ സാംസ്കാരിക ഭൂമികയിലും വൈവിധ്യമാര്‍ന്ന മലനാടും ഇടനാടും തീരദേശവും അടങ്ങുന്ന വിസ്തൃതമായ സഭാശുശ്രൂഷാമേഖലയില് വലിയ ഇടയനായ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെതേച്ചേരിലിന്റെ സഹായനായ കൊച്ചുപിതാവ് ജീവിതവും ദര്‍ശനവും സുവിശേഷ നിനവുകളും പ്രത്യാശകളും നമ്മോടു പങ്കുവയ്ക്കുന്നു.
അമ്മയുടെ ആത്മാര്‍പ്പണം
ഏകമകനെ ദൈവശുശ്രൂഷയ്ക്ക് സമര്‍പ്പിച്ച തെരേസ് എന്ന സുകൃതിനിയായ അമ്മയെ ഒരു വിങ്ങലോടെ ഓര്‍ക്കുന്നു, പാമ്പനാര്‍ തിരുഹൃദയ ഇടവകസമൂഹവും വിജയപുരം രൂപതയും.
കുരുന്നിലേ പൗരോഹിത്യത്തിനായി തന്നെ ഒരു ‘ഫോര്മേറ്ററെ പോലെ’ നിരന്തരം ഒരുക്കിക്കൊണ്ടിരുന്ന അമ്മയോടൊപ്പം, തിരുപട്ടസ്വീകരണത്തിന്റെ പത്താം വര്‍ഷം വേളാങ്കണ്ണിമാതാവിന്റെ സവിധത്തില്‍ സ്തോത്രബലിയര്പ്പിച്ച് ഏറെ ആത്മസാഫല്യത്തോടെയുള്ള മടക്കയാത്രയില്‍, തനിക്കുവേണ്ടി പ്രാണനേകിയ അമ്മയുടെ അപരിമേയമായ കരുതലിന്റെ പരമ പരിത്യാഗം ”ഏതോ ശ്രേഷ്ഠ നിയോഗത്തിനായി തന്നെ കാക്കാനുള്ള” അനന്തകാരുണ്യത്തിന്റെ ഉള്പ്രേരണയായിരുന്നുവെന്ന് ഉല്‍ക്കടമായ വ്യാകുലതയില്‍ വിമലീകൃതമായ സ്നേഹസാന്ത്വനത്തില്‍ ഇപ്പോള്‍ കൂടുതല്‍ തെളിഞ്ഞുകാണുന്നുവെന്ന് നിയുക്ത മെത്രാന്റെ ആര്ദ്രമൊഴി. ”അമ്മയുടെ വലിയ ആഗ്രഹമായിരുന്നു, എന്നെയുംകൊണ്ട് വേളാങ്കണ്ണിയില്‍ പോകണമെന്നത്. മൂന്ന് അച്ചന്മാരോടൊപ്പമായിരുന്നു ആ തീര്‍ഥാടനം.
വേളാങ്കണ്ണിയില്‍ ഞങ്ങള്‍ കുര്‍ബാനയര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, ഇനി എനിക്ക് മരിച്ചാലും വേണ്ടില്ല! മടക്കയാത്രയില്‍ രാത്രി പരസ്പരം സീറ്റു മാറിയിരിക്കാന്‍ അമ്മ നിര്‍ബന്ധിച്ചു. എന്നെ വിന്‍ഡോ സീറ്റില്‍ നിന്നു മാറ്റി അമ്മ അവിടെ വന്നിരുന്നു. രാത്രി നല്ല തണുപ്പുണ്ടാകും, അമ്മ നടുവിലെ സീറ്റില്‍ തന്നെ ഇരുന്നാല്‍ മതിയെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. അധികം വൈകിയില്ല, വണ്ടി അപകടത്തില്‍പെട്ടു.
ഡ്രൈവറും അമ്മയും മാത്രമാണ് സ്പോട്ടില്‍ വച്ച് മരിച്ചത്!” 2006 ജനുവരി 16ന് രാത്രി തമിഴ്നാട് അതിര്‍ത്തിയില്‍ വച്ചായിരുന്നു ആക്സിഡന്റ്.
1. പാമ്പനാര്‍ തിരുഹൃദയ ഇടവകയില്‍ പള്ളിയോട് ഏറ്റവും അടുത്ത കുടുംബത്തിലെ ദേവാലയശുശ്രൂഷിയുടെ ഏക സന്തതി വൈദികനും ഇപ്പോഴിതാ, വൈദികമേലധ്യക്ഷനുമാകുന്നു – ദൈവവിളിയുടെ ഈ സവിശേഷ കൃപയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ ആദ്യം തെളിഞ്ഞുവരുന്ന മുഖങ്ങള്‍ ആരുടെയൊക്കെയാണ്, ഓര്‍മകള്‍ ഏതൊക്കെയാണ്?
അമ്മയുടെ തീക്ഷ്ണതയും സമര്‍പ്പണവുമാണ് ഏറ്റവും വലിയ പ്രേരണയും പ്രചോദനവും. അമ്മ അനാഥയായിരുന്നു. എറണാകുളത്ത് ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ ആരംഭിച്ച കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സമൂഹത്തിന്റെ മുണ്ടക്കയത്തുള്ള മൈക്കോളജിയിലെ സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റിന്റെ പരിരക്ഷയില്‍ വളര്‍ന്നതാണ് തെരേസുകുട്ടി എന്നു സിസ്റ്റര്മാര് വിളിച്ചിരുന്ന എന്റെ അമ്മ. കുട്ടിക്കാലത്ത് സ്കൂള്‍ അവധിക്കൊക്കെ ഞാനും അമ്മയുടെകൂടെ സിസ്റ്റര്‍മാരുടെ അടുക്കല്‍ പോകുമായിരുന്നു. പാമ്പനാറിലെ ബംബീനാ സിസ്റ്റേഴ്സ് എന്നു വിളിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്റെ (സുവോരെ ദി കാരിത്ത ദെത്തെ ദി മരിയ ബംബീനാ) സേവനാലയത്തില്‍ അവരെ സഹായിക്കാന്‍ അമ്മ പോകുമ്പോഴും എന്നെയും കൂടെകൊണ്ടുപോകുമായിരുന്നു. സിസ്റ്റര്‍മാരുടെ സ്നേഹവും പരിലാളനയും പ്രാര്‍ഥനയുമൊക്കെ കുഞ്ഞുന്നാളിലേ വിശ്വാസജീവിതത്തിന് മാധുര്യം പകര്‍ന്ന അനുഭവങ്ങളാണ്.
പാമ്പനാര്‍ തിരുഹൃദയ പള്ളിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന, ആദ്യത്തെ വീടാണ് ഞങ്ങളുടേത്. ഇടവകയിലെ വികാരിയച്ചനും കൊച്ചച്ചന്മാരും ശുശ്രൂഷകള്‍ക്ക് എത്തുന്ന മറ്റു വൈദികരുമൊക്കെയായി ഏറ്റവും ഊഷ്മളമായ ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. വീട്ടില്‍ എന്തെങ്കിലും വിശേഷ വിഭവമുണ്ടാക്കിയാല് അത് ആദ്യം അച്ചന്മാര്ക്കു കൊടുത്തയക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. എന്റെ ഓര്‍മയിലെ ആദ്യത്തെ വികാരിയച്ചന് ഫാ. ജോര്‍ജ് സ്രാമ്പിക്കലാണ്. ഇപ്പോഴത്തെ വികാരി ഫാ. ജോസ് കുരുവിള കാടംതുരുത്തേല് വരെ ഇടവകയില്‍ ശുശ്രൂഷ ചെയ്ത എല്ലാ വൈദികരുമായി വലിയ ആത്മബന്ധം നിലനിര്‍ത്താന്‍ കുടുംബത്തിനായിട്ടുണ്ട്.
കുട്ടിക്കാലത്ത്, സായിപ്പച്ചന്‍ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന സ്പെയിന്‍കാരനായ കര്‍മലീത്താ മിഷനറി ഫെലിച്ചീസിമൂസ് ഞങ്ങള്‍ക്ക് മിഠായിയും ‘ഈശോപടം’ എന്ന് കുട്ടികള്‍ വിശേഷിപ്പിച്ചിരുന്ന സുകൃതജപങ്ങള്‍ അച്ചടിച്ച കാര്‍ഡും കാശുരൂപവും മറ്റും സമ്മാനിച്ചിരുന്നത് ഹൃദ്യമായ ഓര്‍മയാണ്.
2. ജസ്റ്റിന് എന്ന ജ്ഞാനസ്നാനപേരു കിട്ടിയതിനു പിന്നില്‍ എന്തെങ്കിലും കഥയുണ്ടോ?
ഫാ. ജോസഫ് ജോണ്‍ വികാരിയായിരുന്നപ്പോഴായിരുന്നു എന്റെ ജ്ഞാനസ്നാനം. അദ്ദേഹത്തിന്റെ സ്നേഹിതനായ ഫാ. ജസ്റ്റിന് പിന്ഹീരോ വണ്ടിപ്പെരിയാറില്‍ കൊച്ചച്ചനായിരുന്നു. അദ്ദേഹം പാമ്പനാറില്‍ വന്നു, എന്റെ ജ്ഞാനസ്നാനത്തിന് പരികര്‍മിയായി. കുഞ്ഞിന് എന്തു പേരിടാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അച്ചന് ചോദിച്ചപ്പോള്‍ അപ്പന് പറഞ്ഞു: അച്ചന്റെ പേരുതന്നെ മതി.
പില്ക്കാലത്ത്, വൈദികാര്‍ഥിയായി ഇന്‍ഫന്റ് ജീസസ് പെറ്റി സെമിനാരിയില്‍ ഞാന്‍ ചേരുമ്പോള്‍ അവിടെ വൈസ് റെക്ടറായി ഫാ. ജസ്റ്റിന് ഉണ്ടായിരുന്നു.
3. കുടുംബത്തില്‍ അമ്മയുടെ ആധ്യാത്മിക ശിക്ഷണത്തിനു പുറമെ, ഇടവകയില്‍ മിഷനറി ചൈതന്യത്തിന്റെ മറ്റേതെങ്കിലും മാതൃക സ്വാധീനിച്ചിരുന്നോ?
സെമിനാരിയില്‍ ചേരുന്നതിന് ആവശ്യമായ മികച്ച പ്രാഥമിക വിദ്യാഭ്യാസം എനിക്കു കിട്ടണമെന്ന ആഗ്രഹത്തോടെ അമ്മ, അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെ എന്നെ പാലാ സെന്റ് തോമസ് സ്കൂളിലാണ് പഠിക്കാനയച്ചത്. അവിടെ ബോയ്സ് ടൗണില്‍ താമസിച്ചുപഠിക്കുകയായിരുന്നു.
ഞങ്ങളുടെ ഇടവകയില്‍ ആദ്യം തിരുപട്ടം സ്വീകരിച്ചത് ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പിലാണ്. 1979 ഡിസംബറില്‍, ആ തിരുകര്മവേളയില് അദ്ദേഹം അള്‍ത്താരയ്ക്കു മുമ്പില്‍ സാഷ്ടാംഗം വീണ് സ്വയം സമര്‍പ്പിച്ചതിന്റെ ഓര്മ എന്റെ മനസില്‍ പതിഞ്ഞുകിടന്നിരുന്നു.
പിന്നീട്, 1996 ഡിസംബര്‍ 27ന് അതേ അള്‍ത്താരയില്‍ വച്ചാണ് അഭിവന്ദ്യ പീറ്റര്‍ തുരുത്തിക്കോണം പിതാവില്‍ നിന്ന് റവ. ഡോ. സെബാസ്റ്റിയന് മാത്യു വില്ലുകുളവും ഞാനും പട്ടം സ്വീകരിക്കുന്നത്. ഇരട്ടകള്‍ എന്നാണ് ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഫാ. വില്ലുകുളം ഇപ്പോള്‍ ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് സെമിനാരിയില്‍ കാനന്‍ ലോ പ്രഫസറാണ്. ഞങ്ങളുടെ ഇടവകയില്‍ നിന്ന് ഇപ്പോള്‍ ആറു രൂപതാ വൈദികരും മൂന്നു സന്ന്യസ്തരുമുണ്ട്.
4. ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് സെമിനാരിയും കാര്മല്ഗിരിയും റീത്ത് അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുന്ന കാലത്ത്, 1996-ലെ ബാച്ചില്‍ മംഗലപ്പുഴയില്‍ നിന്ന് പൗരസ്ത്യ സഭക്കാരോടൊപ്പം പഠിച്ചിറങ്ങിയവരില്‍ ഒരാള്‍ എന്ന നിലയില്‍, ആ സെമിനാരി ജീവിതത്തിലെ അവിസ്മരണീയ ഓര്‍മകള്‍ എന്തൊക്കെയാണ്?
കാര്‍മല്‍ഗിരിയില്‍ ഫിലോസഫി പൂര്‍ത്തിയാക്കി റീജന്‍സി ഇല്ലാതെ നേരെ തിയോളജിക്കു ചേരുകയായിരുന്നു ഞാന്‍. ഇപ്പോള്‍ തലശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായ മാര്‍ ജോസഫ് പാംപ്ലാനി പിതാവ് ഫിലോസഫി പഠനകാലത്ത് എന്നോടൊപ്പമുണ്ടായിരുന്നു. കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സുദൃഢമായ ബന്ധമാണ് അക്കാലത്ത് വിവിധ സഭാവിഭാഗക്കാരായ വൈദികാര്‍ഥികള്‍ തമ്മിലുണ്ടായിരുന്നത്. ഞങ്ങളുടേത് ഒരു അടിപൊളി ബാച്ചായിരുന്നു എന്നു പറയാം. ക്വയര്‍, ഡ്രാമ, കലാപരിപാടികള്‍, ബാസ്കറ്റ്ബോള്‍, വോളിബോള്‍ – എല്ലാത്തിലും മികവു കാട്ടിയ ഒരു ബാച്ചായാണ് ഞങ്ങള്‍ അറിയപ്പെട്ടത്. ഇന്റര്‍ യൂണിവേഴ്സിറ്റി ടൂര്‍ണമെന്റിന് വടവാതൂര്‍ സെമിനാരിയില്‍ ബാസ്കറ്റ്ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ മംഗലപ്പുഴ ടീമില്‍ ഞാനും ഉണ്ടായിരുന്നു – സബ്സ്റ്റിറ്റിയൂട്ടായതിനാല് കോര്‍ട്ടില്‍ ഇറങ്ങേണ്ടിവന്നില്ല എന്നേയുള്ളൂ!
മംഗലപ്പുഴ സെമിനാരി വിഭജനത്തോടെ ഉണ്ടായ ഫ്രാഗ്മെന്റേഷന് കേരളസഭയിലുണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. പഴയ ആ കൂട്ടായ്മയുടെയും പരസ്പര സ്നേഹത്തിന്റെയും ഹൃദയബന്ധങ്ങളുടെയും അഭാവം പിന്നീട് പല തലങ്ങളില്‍ നമ്മെ ബാധിച്ചിട്ടുണ്ട്.
5. വിജയപുരം രൂപതാ പുത്രനായ ആദ്യത്തെ മെത്രാന് പീറ്റര്‍ തുരുത്തിക്കോണം പിതാവ് അങ്ങയെ ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ ദേവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ഇടവകയുടെ സഹവികാരിയായാണ് ആദ്യം നിയോഗിച്ചത്. തുടര്‍ന്നുള്ള പാസ്റ്ററല്‍ ദൗത്യങ്ങളും പ്രധാനമായും ഹൈറേഞ്ച് മേഖലയിലായിരുന്നു. തോട്ടം മേഖലയിലെ ആദ്യ നിയമനത്തിന്റെ വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു?
സ്പെയിനില്‍ നിന്നുള്ള കര്‍മലീത്താ മിഷനറിമാര്‍, ഫാ. അല്ഫോന്സും കൂട്ടരും, വരാപ്പുഴയില്‍ നിന്ന് 1880കളില്‍ കാല്‍നടയായി മൂന്നാറിലെത്തി തോട്ടംതൊഴിലാളികള്‍ക്കിടയില്‍ ആത്മീയശുശ്രൂഷ ചെയ്ത പ്രേഷിതചരിത്രത്തിന്റെ മഹിത ഭൂമികയാണ് മൗണ്ട് കാര്മലിന്റേത്. തമിഴ് വംശജരും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരും പിന്നാക്ക വിഭാഗക്കാരും മറ്റും ഉള്‍പ്പെടുന്ന ജനസമൂഹങ്ങള്‍ക്കിടയിലെ ശുശ്രൂഷയുടെ സവിശേഷ സാഹചര്യങ്ങളും സാധ്യതകളും വലിയ ഉത്തേജനത്തിനും ഉണര്‍വിനും പ്രേരകമായിരുന്നു. ഫാ. ജോസഫ് നെടുനിലത്തിന്റെ സഹായി എന്ന നിലയിലായിരുന്നു എന്റെ ആദ്യ നിയോഗം. ആരാധനക്രമത്തിലും പ്രേഷിതചൈതന്യത്തിലും ജീവിതനിഷ്ഠയിലുമെല്ലാം പൂര്‍ണ മികവിന്റെ മാനദണ്ഡങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മാതൃക വലിയ പ്രചോദനമായിരുന്നു. തോട്ടംമേഖലയിലെ 14 സബ്സ്റ്റേഷനുകളുടെ ചുമതലയും ഞങ്ങള്‍ രണ്ടാള്‍ക്കുമായിരുന്നു. വികാരിയച്ചനും ഞാനും മാറിമാറി മാസത്തില്‍ രണ്ടുതവണയെങ്കിലും ഓരോ സബ്സ്റ്റേഷനിലും ദിവ്യബലിയര്‍പ്പിക്കുകയും കുമ്പസാരം കേള്‍ക്കുകയും ദിവ്യകാരുണ്യം നല്‍കുകയും ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കുകയും അവരുടെ വേദനകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തമിഴ് സംസാരിക്കാനും തമിഴില്‍ ആരാധന നടത്താനും പ്രാര്‍ഥിക്കാനും കൂദാശകള്‍ പരികര്‍മം ചെയ്യാനും പഠിച്ചു. കാട്ടുപോത്തും കാട്ടാനയും കാട്ടുമൃഗങ്ങളും പ്രതികൂല കാലാവസ്ഥയും മറ്റും സമ്മാനിച്ച ഭീതിദമായ അനുഭവങ്ങളും അവിടത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതപരിതസ്ഥിതിയുടെ ദൈന്യവുമെല്ലാം സുവിശേഷ ശുശ്രൂഷയുടെ തീക്ഷ്ണത പ്രോജ്വലിപ്പിക്കാനുള്ള ഘടകങ്ങളായി പരണമിക്കുകയായിരുന്നു.
6. കാട്ടുപാതകളിലൂടെ യെസ്ഡി ബൈക്കുമായി തേയില എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ലയങ്ങളിലും ലൈന്മുറി പാര്‍പ്പിടകേന്ദ്രങ്ങളിലും സ്നേഹശുശ്രൂഷകനായി കടന്നുചെന്ന്, ഇപ്പോള്‍ കേരള വനം വികസന കോര്‍പറേഷന്റെ വലിയ ട്രെക്കിങ് ഡെസ്റ്റിനേഷനായി മാറിയിട്ടുള്ള മാട്ടുപ്പെട്ടി അരുവിക്കാട് എസ്റ്റേറ്റിനപ്പുറത്തെ മീശപ്പുലിമലയ്ക്കടുത്ത് ഗൂഡാര്‍വിളയില്‍ സെന്റ് ജോസഫ് പള്ളി നിര്‍മിച്ചത് ദേശചരിത്രത്തിന്റെ ഭാഗമായിട്ടുണ്ടല്ലോ…
പഴയൊരു റേഷന്‍കട ചാപ്പലായി രൂപാന്തരപ്പെടുത്തിയതായിരുന്നു ഗൂഡാര്‍വിളയിലെ ആരാധനാലയം. ഇതിനോടൊപ്പം മൂന്നു സബ്സ്റ്റേഷനുകളും മാസത്തിലൊരിക്കല്‍ കുര്‍ബാന ചൊല്ലുന്ന ഒരു വീടും അടങ്ങുന്നതായിരുന്നു ഗൂഡാര്‍വിള മിഷന്. തോട്ടംതൊഴിലാളികളായ തമിഴ് വംശജരുടെ ലൈനുകളായിരുന്നു പ്രധാന ശുശ്രൂഷാമേഖല. അവരെ മാറ്റാനുള്ള ശ്രമങ്ങള്‍ നിഷ്ഫലമാണെന്നു തിരിച്ചറിഞ്ഞ്, ഒടുവില്‍ അവരില്‍ ഒരുവനായി അവരെപ്പോലെ ജീവിക്കാന്‍ ഞാന്‍ ശ്രമിച്ചു. ആത്മാര്‍ഥമായി, നിഷ്കളങ്കമായി സ്നേഹിക്കുന്ന മനുഷ്യര്‍. അവരോടൊപ്പം നിന്നു പണിയെടുത്താണ് ഇടവക ദേവാലയം പണിതീര്‍ത്തത്. സാധാരണഗതിയില്‍ കൊച്ചച്ചന്മാര്ക്ക് ഒരു പള്ളിയില്‍ ഒന്നൊന്നര കൊല്ലത്തില്‍ കൂടുതല്‍ സേവനകാലാവധി ലഭിക്കാറില്ല; ഗൂഡാര്‍വിളയില്‍ അഞ്ചരവര്‍ഷത്തോളം ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞു.
അടിസ്ഥാന ജീവിതസൗകര്യങ്ങള്ക്കായുള്ള ജനങ്ങളുടെ പോരാട്ടത്തിന് ആദ്യമായി നേതൃത്വം വഹിക്കാന്‍ കഴിഞ്ഞത് അവിടെ വയര്‍ലെസ് ഫോണ്‍ കണക്ഷനുവേണ്ടിയുള്ള സമരത്തിന്റെ കണ്‍വീനര്‍ എന്ന നിലയിലാണ്. ഇപ്പോഴും ഗൂഡാര്‍വിളയിലെ പാവപ്പെട്ട മനുഷ്യര്‍ എന്നെ തേടിവരാറുണ്ട്.
7. ഇടുക്കി ചെറുതോണി ഡാമിനടുത്ത് വാഴത്തോപ്പിലെ ഹോളി ഫാമിലി ഇടവക വികാരിയായിരിക്കെ രൂപതയുടെ ഒരു മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് മാനേജ് ചെയ്ത അനുഭവം എങ്ങനെയായിരുന്നു?
ഹോളി ഫാമിലി ഹോസ്പിറ്റല്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നിവയുടെ ചുമതലയാണ് അന്നുണ്ടായിരുന്നത്. താലൂക്ക് ആശുപത്രി ഉണ്ടാകുന്നതിനു മുന്‍പ് ജനങ്ങള്‍ ഏറെ ആശ്രയിച്ചിരുന്ന ചികിത്സാകേന്ദ്രമായിരുന്നു ഹോളി ഫാമിലി ഹോസ്പിറ്റല്‍. പിന്നീട് അത് പൂട്ടിപ്പോയി. കുടനിര്‍മാണം, വൈന്‍ നിര്‍മാണം തുടങ്ങിയ ചെറുകിട സംരംഭങ്ങള്‍ നടത്തിവന്ന മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നിന്ന് മുളകുപൊടിയും മല്ലിപ്പൊടിയും മറ്റും വിപണിയിലെത്തിക്കാന്‍ ഒരു ശ്രമം നടത്തി. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആനിമേറ്റര്‍മാരുടെ സഹകരണത്തോടെ സംഘങ്ങളിലൂടെ വില്പന നടത്തുന്ന സംരംഭത്തിന്റെ ഭാഗമായി ഞാനും ആലുവ വരെയുള്ള ഭാഗങ്ങളില്‍ ഹോസ്റ്റലുകളിലും മറ്റും പൊടികള്‍ വില്ക്കാന് പോയിട്ടുണ്ട്. ആ സംരംഭവും വിജയിച്ചില്ല. അക്കാലത്ത് മോണ്‍. സെബാസ്റ്റിയന് തെക്കെതേച്ചേരില്‍ രൂപതയിലെ വികാരി ജനറലായിരുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ ദുര്‍ഗതിയെക്കുറിച്ച് ഞാന്‍ സങ്കടപ്പെട്ടപ്പോള്‍ അന്ന് അദ്ദേഹം ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: നല്ല രീതിയില്‍ നടന്നുവന്ന ഒരു പ്രസ്ഥാനം നമ്മളായി നശിപ്പിച്ചാല്‍ അതില്‍ വിഷമിക്കണം. ഇവിടെ നേരത്തേതന്നെ പൂട്ടികിടക്കുന്ന വ്യവസായ സംരംഭം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നാം വിചാരിക്കുന്ന തരത്തില്‍ മുന്നേറുന്നില്ല എന്നേയുള്ളൂ. അതില്‍ വ്യാകുലപ്പെടേണ്ട കാര്യമൊന്നുമില്ല.
8. ഇടുക്കിയില്‍ നിന്ന് ഇറ്റലിയിലെ പ്രാത്തോ രൂപതയില്‍ അജപാലനശുശ്രൂഷയുടെ പ്രത്യേക നിയോഗം ലഭിച്ചതിന്റെ പശ്ചാത്തലമെന്തായിരുന്നു? അവിടത്തെ സവിശേഷ ശുശ്രൂഷാ അനുഭവങ്ങള്‍ എന്തായിരുന്നു?
ഇറ്റലിക്കല്ല, എന്നെ ജര്‍മനിയിലേക്കു വിടാനാണ് അഭിവന്ദ്യ പീറ്റര്‍ തുരുത്തിക്കോണം പിതാവ് നിശ്ചയിച്ചിരുന്നത്. അതിനായി ജര്‍മന്‍ ഭാഷ പഠിക്കാന്‍ എന്നെ ബാംഗളൂരിലേക്ക് അയച്ചു. ജര്‍മന്‍ 2 ലെവല്‍ പാസായി. എങ്കിലും യാത്രയ്ക്കുള്ള വിസയും രേഖകളും മറ്റും കിട്ടാന്‍ ചില തടസങ്ങള്‍ നേരിട്ടു. ഇതിനിടെ എന്റെ സ്വന്തം ഇടവകയായ പാമ്പനാര്‍ തിരുഹൃദയ ദേവാലയത്തില്‍ വികാരി ഫാ. ആന്റണി കനകമംഗലത്തെ സഹായിക്കാന്‍ എനിക്കു നിയോഗമുണ്ടായി. രണ്ടു മൂന്നു മാസത്തോളം അമ്മയ്ക്ക് ഏറ്റവും സന്തോഷകരമായ കാര്യമായിരുന്നു പാമ്പനാറിലെ എന്റെ അപ്രതീക്ഷിത സാന്നിധ്യം. അങ്ങനെയാണ് 2006 ജനുവരിയില്‍ അമ്മയോടൊപ്പം വേളാങ്കണ്ണി തീര്‍ഥാടനത്തിനു പോയത്.
അമ്മയുടെ ആകസ്മിക വേര്‍പാടിന്റെ ആഘാതം വിട്ടുമാറും മുന്‍പാണ് 2006 ഏപ്രില്‍ മാസം ജര്‍മനിയിലേക്കുള്ള യാത്രയുടെ ട്രാന്‍സിറ്റ് എന്ന നിലയില്‍ ഇറ്റലിയിലെ തൊസ്കാനയില് ഫ്ളോറന്സിന് അടുത്തുള്ള പ്രാത്തോ രൂപതയിലെ സാന്താ മരിയ ദെല്ല കാര്ചെറി ബസിലിക്കയില്‍ അജപാലന ശുശ്രൂഷ ആരംഭിക്കുന്നത്. ബസിലിക്ക റെക്ടര്‍ മോണ്‍. കാര്‍ലോ സ്തങ്കാരിയുടെ ആരാധനയുടെയും ദിവ്യബലിയര്‍പ്പണ ആഘോഷങ്ങളുടെയും വൈശിഷ്ട്യവും മരിയഭക്തിയുടെ ആഴവും പ്രേഷിത തീക്ഷ്ണതയും അനന്യമായ അനുഭവമാണ്. തെക്കെ അമേരിക്കയിലെ എക്വഡോറിലെ മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായം അദ്ദേഹം നല്‍കുന്നുണ്ട്. അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഉണ്ടായാലും ഇല്ലെങ്കിലും ബസിലിക്കയിലെ കുമ്പസാരക്കൂട്ടില്‍ എപ്പോഴും വൈദികന് ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിനു നിര്‍ബന്ധമുണ്ട്. വൈദികന് 24 മണിക്കൂറും ആളുകളെ പ്രതീക്ഷിച്ചിരിക്കേണ്ടവനാണെന്ന് അദ്ദേഹം പറയും.
വിജയപുരത്ത് തുരുത്തിക്കോണം പിതാവിന്റെ പിന്‍ഗാമിയായി അഭിവന്ദ്യ സെബാസ്റ്റ്യന്‍ തെക്കെതേച്ചേരില്‍ പിതാവ് ഇതിനിടെ സ്ഥാനമേറ്റു. രണ്ടുവര്‍ഷത്തിലേറെ പ്രാത്തോയിലെ ബസിലിക്കയില്‍ സേവനം ചെയ്തതിനുശേഷമാണ് റോമിലെ സന്ത് അന്‍സെല്‍മോ പൊന്തിഫീച്ചിയോ അത്തെനേവുമില്‍ ലിറ്റര്‍ജിയില്‍ ലൈസന്‍ഷ്യേറ്റ് പഠനത്തിന് പ്രൊപ്പഗാന്ത ഫീദെയില് നിന്ന് സ്കോളര്‍ഷിപ് ലഭിക്കുന്നത്.
എന്തു വിഷയമെടുക്കണം എന്നു ചോദിച്ചപ്പോള്‍ ലിറ്റര്‍ജിയും ലത്തീനും പഠിക്കാനാണ് ബിഷപ് തെക്കെതേച്ചേരില്‍ നിര്‍ദേശിച്ചത്. ക്ലാസിക്കല്‍ ലാറ്റിനില്‍ വൈദഗ്ധ്യം നേടി ഇവിടെ ഒരു ലാറ്റിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തണം എന്ന ഭാവി പദ്ധതിയാണ് പിതാവിന്റെ മനസിലുണ്ടായിരുന്നത് എന്ന് കൃത്യമായി മനസിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല എന്നതാണു സത്യം. ലിറ്റര്‍ജി പഠനത്തിന് ആവശ്യമായ ലത്തീന്‍ പഠിച്ചതുകൊണ്ട് കാര്യങ്ങളൊക്കെ നടത്താം എന്നാണ് ഞാന്‍ കരുതിയത്!
ഡോക്ടറല്‍ പഠനത്തിന് പ്രൊപ്പഗാന്താ ഫീദെയില് നിന്ന് സ്കോളര്‍ഷിപ് കിട്ടാഞ്ഞതിനാല്‍ വീണ്ടും പ്രാത്തോ രൂപതയില്‍ സേവനം ചെയ്ത് പണം കണ്ടെത്താനുള്ള ശ്രമമായി. റോമിലെ ഉര്‍ബാനിയാ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഡോഗ്മാറ്റിക് തിയോളജിയില്‍ ഡോക്റ്ററേറ്റിനു ചേര്‍ന്ന് സാന്‍ പൗളോ കോളജില്‍ താമസമാക്കിയത് പ്രാത്തോയില്‍ നിന്നു ലഭിച്ച വേതനത്തിന്റെ ബലത്തിലാണ്. ‘യാമപ്രാര്ഥനകള് വിശുദ്ധ കുര്‍ബാനയുടെ ഒരുക്കവും അനുബന്ധവും’ എന്ന പഠനത്തിനാണ് ഡോക്ടറേറ്റ്.
പ്രാത്തോയിലെ സാന്താ മരിയ ദെല്ല കാര്ചെറി ബസിലിക്കയില്‍ ശുശ്രൂഷ ചെയ്ത കാലത്ത് മോണ്‍. കാര്‍ലോ സ്തങ്കാരി ചൊരിഞ്ഞ സ്നേഹവാത്സല്യങ്ങള്‍ക്കുള്ള കടപ്പാട് വളരെ വലുതാണ്. വിമലഗിരി കത്തീഡ്രലില്‍ എന്റെ മെത്രാഭിഷേക ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ മോണ്‍. സ്തങ്കാരി പ്രാത്തോയില്‍ നിന്നു വരുന്നുണ്ട്. ക്രിസ്തുവിന്റെ പ്രേഷിതരോടുള്ള അദ്ദേഹത്തിന്റെ സ്നേഹാദരത്തിന്റെ സാക്ഷ്യം കൂടിയാണത്.
9. കഴിഞ്ഞ ഏഴുവര്‍ഷം അഭിവന്ദ്യ തെക്കെതേച്ചേരില്‍ പിതാവിന്റെ വികാരി ജനറല്‍ എന്ന നിലയില്‍ സേവനം ചെയ്ത അനുഭവപരിചയവുമായാണ് ഭൂവിസ്തൃതിയിലും ഡെമോഗ്രാഫിയിലും അജപാലന സാഹചര്യങ്ങളിലും ഏറെ വൈവിധ്യമുള്ള, ഏറെ വെല്ലുവിളികള്‍ നിറഞ്ഞ മിഷനറി പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലമുള്ള രൂപതയുടെ ആദ്യത്തെ സഹായമെത്രാനായി അങ്ങ് അഭിഷിക്തനാകുന്നത്. ഈ നിയോഗത്തില്‍ അങ്ങ് കാണുന്ന ഏറ്റവും സവിശേഷമായ കാര്യമെന്താണ്?
2017 ജനുവരി 31ന് ഞാന്‍ ഇറ്റലിയില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തി. ഫെബ്രുവരി 13ന് വൈദികരുടെ യോഗത്തില്‍ വച്ചാണ് പിതാവ് എന്നോട് ചോദിക്കുന്നത്, തന്റെ വികാരി ജനറലായി എന്നെ നിയമിക്കാന്‍ പിതാവ് ആഗ്രഹിക്കുന്നു, സമ്മതമാണോ എന്ന്. ഇന്നേവരെ ഒരു കാര്യത്തിലും ഞാന്‍ അദ്ദേഹത്തോട് ‘നോ’ പറഞ്ഞിട്ടില്ല.
കോട്ടയം, ഇടുക്കി റവന്യു ജില്ലകള്‍ മുഴുവനായും എറണാകുളും, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഭാഗികമായും ഉള്‍പ്പെടുന്ന രൂപതയില്‍, മലനാട്, ഇടനാട്, തീരദേശം, ഉള്‍നാടന്‍ പ്രദേശങ്ങള്‍ എന്നിങ്ങനെ ഏറെ വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങളും സാംസ്കാരിക, സാമ്പത്തിക പശ്ചാത്തലവും ഭാഷാവൈവിധ്യവും, വേറിട്ട ആവശ്യങ്ങളും സാധ്യതകളും അജപാലന, പ്രേഷിതശുശ്രൂഷാ വെല്ലുവിളികളുമാണ് നിലവിലുള്ളത്.
വിശ്വാസിസമൂഹത്തിന്റെയും സഭാശുശ്രൂഷാ സംവിധാനത്തിന്റെയും പ്രേഷിതാഭിമുഖ്യത്തിന്റെയും ഘടനയിലും സമീപനത്തിലുമൊക്കെ ഓരോ മേഖലയ്ക്കും യോജിക്കുന്ന വിധത്തില്‍ ചില മാറ്റങ്ങളും മുന്നേറ്റങ്ങളും അനിവാര്യമാണ്. തമിഴ് വംശജര്‍, ദലിത് ക്രൈസ്തവര്‍, കുടിയേറ്റ മേഖല, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി മേഖല, തോട്ടംതൊഴിലാളികള്‍ എന്നിങ്ങനെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ വ്യത്യസ്തങ്ങളാണ്. ദലിത് ക്രൈസ്തവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും അവര്‍ക്ക് സാമൂഹികനീതിയും സംവരണാനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ഉറപ്പാക്കാനും അവരെ കൂടുതല്‍ ശക്തിപ്പെടുത്താനും അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന പ്രതിസന്ധി നിലവിലുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത തോട്ടംതൊഴിലാളികളുടെ ആവശ്യങ്ങള്‍ പതിറ്റാണ്ടുകളായി കക്ഷിരാഷ്ട്രീയത്തിന്റെ പോര്‍ക്കളത്തില്‍ വെട്ടും തടയുമേറ്റ് കിടക്കുകയാണ്.
രൂപതയുടെ ചരിത്രഗതി പരിശോധിച്ചാല്‍, ഏറ്റവും ഊര്‍ജസ്വലമായ യൗവനകാലഘട്ടമാണിതെന്നു പറയാനാകും. മിഷന് ചൈതന്യം നിറഞ്ഞ, കര്മോത്സുകരായ വൈദികരുടെ കൂട്ടായ്മയാണ് രൂപതയുടെ വലിയ ശക്തി. അവരോടൊപ്പം പങ്കാളിത്തസഭയുടെ ഭാഗമായ ദൈവജനവുമുണ്ട്. രൂപതയില്‍ ഇപ്പോള്‍ 117 വൈദികരുണ്ട്, വിവിധ സന്ന്യാസിനീസമൂഹങ്ങളിലായി 420 സിസ്റ്റേഴ്സും ശുശ്രൂഷ ചെയ്യുന്നു. മൊത്തം 84 ഇടവകകളുള്ളതില് 13 എണ്ണം സന്ന്യസ്തവൈദികരുടെ അജപാലനശുശ്രൂഷയിലാണ്. രൂപതയുടെ വിസ്തൃതി പരിഗണിച്ച് ഓരോ മേഖലയിലെയും സഭാസംവിധാനങ്ങളും അജപാലന, പ്രേഷിതശുശ്രൂഷ, സേവനദൗത്യങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനുമുള്ള വലിയ ഇടയന്റെ നിയോഗങ്ങള്‍ക്കു കരുത്തു പകരാനുള്ള വിളിയാണ് സഹായമെത്രാനുള്ളതെന്നു ഞാന്‍ കരുതുന്നു.
10. മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ ട്രാന്സ്ഫോര്മേഷന് സൊസൈറ്റിയുടെ (മിസ്റ്റ്സ്) പ്രസിഡന്റ് എന്ന നിലയില്‍, മൂന്നാര്‍ മേഖലയിലെ സാമൂഹിക സേവന മുന്നേറ്റത്തിനായി രൂപത രൂപകല്പന ചെയ്യുന്നത് എന്തെല്ലാമാണ്?
മൂന്നാര്‍ കേന്ദ്രീകരിച്ച് പുതിയ രൂപതയുണ്ടാകുന്നതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ട് കാല്നൂറ്റാണ്ടായിക്കാണും. ഒരു ദീര്ഘദര്ശിയെപോലെ, പുതിയ രൂപതയ്ക്ക് ആവശ്യമായ സാമൂഹിക വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ക്രമീകരിക്കാന്‍ അഭിവന്ദ്യ തെക്കെതേച്ചേരില്‍ പിതാവ് രൂപം നല്കിയ പ്രസ്ഥാനമാണ് മിസ്റ്റ്സ്. ഒരു മകളെ കെട്ടിച്ചയക്കുന്നതിന് അപ്പന് മുന്‍കൂട്ടി ഒരുങ്ങുന്നതുപോലെയാണ് പിതാവ് മൂന്നാറിന്റെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുരൂപമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള മാര്‍ഗരേഖ ഒരുക്കാനും വിഭവസ്രോതസുകള്‍ സ്വരൂപിക്കാനും മുന്‍കൈ എടുത്തത്. പ്രകൃതിസംരക്ഷണത്തിനും തദ്ദേശവാസികളുടെ ഉപജീവന സംരക്ഷണത്തിനും ഊന്നല്‍ നല്കുന്ന ടൂറിസം വികസനം, പ്ലാസ്റ്റിക് ഫ്രീ സോണ്‍, വനസംരക്ഷണം തുടങ്ങി പല പദ്ധതികളും മിസ്റ്റ്സ് രൂപകല്പന ചെയ്തിട്ടുണ്ട്.
വലിയ പ്രചാരണ കോലാഹലമൊന്നുമില്ലാതെ അഭിവന്ദ്യ തെക്കെതേച്ചേരില്‍ പിതാവ് നടപ്പാക്കുന്ന ‘കുടില്‍രഹിത രൂപത’ പദ്ധതിയില്‍ പുതുവര്‍ഷാരംഭം വരെ 840 വീടുകള്‍ പുതുതായി നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. നിരവധി വീടുകളുടെ പണി നടക്കുന്നുണ്ട്. അറ്റകുറ്റപണിക്കുള്ള സഹായധനവിതരണവും മറ്റും ഇതോടൊപ്പം നടക്കുന്നു. സ്വന്തമായി ഭൂമിയില്ലാത്തവരും വീടില്ലാത്തവരുമായി ഒട്ടേറെപ്പേര്‍ ഇനിയും നമ്മുടെ സമൂഹത്തിലുണ്ട്. പല സ്രോതസുകളില്‍ നിന്നുമുള്ള സഹായസഹകരണത്തോടെ കുടില്‍രഹിത രൂപത പദ്ധതി ഒട്ടേറെ ജീവിതങ്ങള്‍ക്ക് പ്രത്യാശ പകരുന്നു.
ഉന്നതവിദ്യാഭ്യാസത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്ന പദ്ധതിയും ശ്രദ്ധേയമാണ്. ബോയ്സ് ഹോസ്റ്റലുകള്‍, സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങിയ വിദ്യാഭ്യാസ വികസന പദ്ധതികളുടെ തുടര്‍ച്ചയാണിത്.
11. വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയില്‍ അങ്ങ് നേരിട്ട സമീപകാല ചരിത്രത്തിലെ വലിയ വെല്ലുവിളികള്‍ കൊവിഡ് ലോക്ഡൗണിലെയും പ്രളയകാലത്തെ പ്രകൃതിദുരന്തങ്ങളിലേതുമായിരിക്കും. ഏറ്റവും ശ്രദ്ധേയമായ ദുരിതാശ്വാസ സംരംഭങ്ങള്‍ എന്തൊക്കെയാണ്?
വിഎസ്എസ്എസ് ഡയറക്ടര്‍ അഗസ്റ്റിന് മേച്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ സോണല്‍ ഡയറക്ടര്‍മാരുടെയും വികാരിയച്ചന്മാരുടെയും സന്ന്യസ്ത സമൂഹങ്ങളുടെയും മറ്റും സഹകരണത്തോടെ ശ്രദ്ധേയമായ മുന്നേറ്റമാണ് സാമൂഹിക സേവന മേഖലയില്‍ രൂപത നടത്തിവരുന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ എല്ലായിടത്തും എത്തിച്ചേരാന്‍ ലോജിസ്റ്റിക്കല്‍ പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായെങ്കിലും സിസ്റ്റേഴ്സിന്റെയും മറ്റും സഹകരണത്തോടെ സമരിറ്റന്‍ സേന സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. 2018-ലെ പ്രളയദുരന്തം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. എങ്കിലും നിര്‍ണായകഘട്ടത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ആയിരങ്ങള്‍ക്ക് സഹായം എത്തിക്കാനും നമുക്ക് കഴിഞ്ഞു. 2019-ലെ പ്രളയത്തിന് വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താനും കൂടുതല്‍ കാര്യക്ഷമമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞു.
2020 ഓഗസ്റ്റില്‍ മൂന്നാറിനടുത്ത് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുഞ്ഞുങ്ങളും ഗര്‍ഭിണികളും വയോധികരും ഉള്‍പ്പെടെ 70 പേരുടെ ജീവന് നഷ്ടപ്പെട്ടപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ക്യാംപ് സൈറ്റില്‍ നമ്മള് സജീവമായി പങ്കുചേര്‍ന്നു. തെക്കെതേച്ചേരില്‍ പിതാവ് ദുരന്തമേഖലയിലെത്തി ജനങ്ങള്‍ക്ക് ആശ്വാസം പകരുകയുണ്ടായി.
12. അങ്ങയുടെ എപ്പിസ്കോപ്പല്‍ ശുശ്രൂഷയുടെ ആപ്തവാക്യത്തിന്റെ പൊരുള്‍ എന്താണ്?
ഫ്രാന്‍സിസ് പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക ആഹ്വാനം, എവാങ്ഗേലിയീ ഗൗദിയും (സുവിശേഷത്തിന്റെ ആനന്ദം) 272-ാം ഖണ്ഡികയില്‍ നിന്നാണ് ‘Ut alteri in AMORE occurram’ (That I may encounter the other in LOVE – സ്നേഹത്തില്‍ അപരരെ കണ്ടുമുട്ടുവാന്‍) എന്ന ആദര്‍ശവാക്യം തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പേപ്പല്‍ വാഴ്ചയുടെ ഏറ്റവും വലിയ പൊരുള്‍ അടങ്ങുന്ന ആ അപ്പസ്തോലിക പ്രബോധനത്തിന്റെ പത്താം വാര്‍ഷികമാണിത്. നമ്മള് സ്നേഹത്തില്‍ മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ദൈവത്തെക്കുറിച്ച് പുതുതായി എന്തെങ്കിലും നാം അറിയുന്നു എന്നാണ് ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നത്. മറ്റുള്ളവര്‍ക്കായുള്ള നമ്മുടെ ഹൃദയത്തിന്റെ തുറവിയില്‍ കര്‍ത്താവിന്റെ ഏറ്റവും മനോഹരമായ ദാനങ്ങള്‍ നമുക്കു ലഭിക്കുന്നു. വെള്ളമിളകുമ്പോള്‍ തന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ലാതെ ജറൂസലേമിലെ ബേത് സഥാ കുളക്കരയില്‍ നിസ്സഹായനായി കിടക്കുന്ന തളര്‍വാതരോഗിയെ സാബത്ത് ദിനത്തില്‍ സുഖപ്പെടുത്തുന്ന കര്‍ത്താവിന്റെ അനുകമ്പയും, ഗലീലിയയിലെ കാനായില്‍ വിവാഹവിരുന്നില്‍ വീഞ്ഞു തീര്‍ന്നുവെന്ന് അറിയുന്ന പരിശുദ്ധ മാതാവ് ഉത്കണ്ഠയോടെ യേശുവിന്റെ ഇടപെടലിനായി യാചിക്കുന്നതിലെ കാരുണ്യവും അജപാലനശുശ്രൂഷയിലെ പൈതൃകസ്നേഹത്തില് പ്രതിഫലിക്കുന്നുണ്ട്.
സ്ഥാനികമുദ്രയിലെ (കോട്ട് ഓഫ് ആംസ്) ചിത്രീകരണത്തില്‍ ഈ ആശയം പ്രസ്ഫുടമാകുന്നുണ്ട്. മലനിരകളും വയലും കടല്‍തിരയും രൂപതയുടെ ഭൂപ്രകൃതിയുടെ വൈവിധ്യം സൂചിപ്പിക്കുന്നു. ദേവാലയ കവാടം പോലെ ഇടയന്റെ ആല. അംശവടിയും മെത്രാന്റെ തൊപ്പിയും പശ്ചാത്തലത്തിലുണ്ട്. എന്നാല്‍ പരിശുദ്ധ മാതാവിന്റെ കരുണാര്‍ദ്രമായ മുഖമാണ് അജപാലകന്റെ മുഖത്തിനു പകരം തെളിഞ്ഞുകാണുന്നത്. മറിയത്തിന്റെ സ്നേഹമസൃണമായ ശുശ്രൂഷയുടെ ചൈതന്യമാണ് ദൈവജനം അജപാലകനെ നോക്കുമ്പോള്‍ കാണുന്നത്. മുകളില്‍ ജ്വലിച്ചുനില്ക്കുന്നത് ദിവ്യകാരുണ്യമാണ്. സിനഡാത്മക കൂട്ടായ്മയില്‍ കൈകള്‍ കോര്‍ത്ത് വൈദികനും അല്മായ പുരുഷനും സ്ത്രീയും സന്ന്യസ്തയും യുവതിയും കുട്ടികളും മുന്നിലുണ്ട്. ദൈവപരിപാലനത്തിന്റെ അടയാളമായി കുരിശും തൊപ്പിയും തൊങ്ങല്ചരടും ഈ ദൃശ്യാവിഷ്കാരത്തെ ഫ്രെയിം ചെയ്യുന്നു.
13. അപ്പസ്തോലിക പാരമ്പര്യത്തില്‍ എല്ലാ മെത്രാന്മാരും വാഴിക്കപ്പെടുന്നത് ഏതെങ്കിലും രൂപതയുടെ പേരിലാകണമെന്നതിനാല് സാധാരണയായി സഹായമെത്രാന്മാര്‍ക്കും വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികളായ ആര്ച്ച്ബിഷപ്പുമാര്ക്കും മറ്റും പുരാതന സ്ഥാനികരൂപതകള് അലോട്ട് ചെയ്യാറുണ്ട്. വിജയപുരം സഹായമെത്രാന്റെ സ്ഥാനിക രൂപത ലൈസീനിയയാണ്. അടുത്തകാലത്ത് പിലാറിലെ സൊസൈറ്റി ഓഫ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സമൂഹാംഗമായ തിയൊഡോര്‍ മസ്കരീനാസ് റാഞ്ചി അതിരൂപതാ സഹായമെത്രാനായി നിയമിതനായപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച സ്ഥാനിക രൂപതയാണിത്. പിന്നീട് അദ്ദേഹം ഡാല്‍ട്ടന്‍ഗഞ്ച് മെത്രാനായപ്പോള്‍ ലൈസീനിയ പുതുതായി മോണ്‍. മഠത്തില്‍പറമ്പിലിന് അനുവദിക്കപ്പെടുന്നു. ലൈസീനിയയുടെ ചരിത്രവുമായി അങ്ങയ്ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍ അവസരമുണ്ടായിട്ടുണ്ടോ?
കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിന്റെ ഭാഗമായിരുന്നു ലൈസീനിയ എന്നാണ് മനസിലാക്കുന്നത്. ഇന്നത്തെ തുര്‍ക്കിയില്‍ ബുര്‍ദുസ് കരകാന്തില് ലൈസീനിയ എന്ന ചെറുപട്ടണമുണ്ട്. എന്നെങ്കിലും അവിടെ പോകണമെന്നുണ്ട്!
———
മെത്രാഭിഷേകത്തിന് ഒരുക്കമായുള്ള ധ്യാനത്തില്‍ പ്രവേശിക്കുന്നതിന് ഏതാനും ദിവസം മുന്‍പ്, മോണ്‍. മഠത്തില്‍പറമ്പിലിന് ഒരു വല്യച്ചന്റെ പഴയ യാമപ്രാര്ഥനഗ്രന്ഥത്തില് നിന്ന് ‘എളിമയുടെ ലുത്തീനിയ’ എന്ന അസാധാരണമായ ഒരു പ്രാര്‍ഥനയുടെ അടയാളം കണ്ടുകിട്ടി. തൃശൂര്‍ മെത്രാനായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളം 1979 നവംബര്‍ 27ന് ‘ഇംപ്രിമാത്തുര്’ നല്കിയ പ്രാര്‍ഥന. ”ശാന്തനും വിനീതഹൃദയനുമായ ഈശോയെ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തിന് അനുയോജ്യമാക്കേണമെ” എന്ന എളിമയുടെ ലുത്തീനിയ ക്രിസ്ത്വാനുകരണത്തിന്റെ ധ്യാനമന്ത്രങ്ങള് പോലുള്ളതാണ്. ‘മറ്റുള്ളവര്‍ എന്നെക്കാളധികം ആദരിക്കപ്പെടണമെന്നും ഞാന്‍ അവഗണിക്കപ്പെടണമെന്നും ആഗ്രഹിക്കുവാന്‍…മറ്റുള്ളവര്‍ക്ക് എന്നെക്കാളധികം ജനസമ്മതി ലഭിക്കണമെന്ന് ആഗ്രഹിക്കുവാന്‍…മറ്റുള്ളവര്‍ എന്നെക്കാളധികം വിശുദ്ധരായി പരിഗണിക്കപ്പെടുന്നതിനും എന്നാല്‍ ഞാന്‍ നല്ല ദൈവം എനിക്കു നല്കുന്ന വിശുദ്ധിയില്‍ മാത്രം സംതൃപ്തി കണ്ടെത്തുന്നതിനും ഇടവരുത്തുവാന്‍… എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കേണമേ” എന്ന ലുത്തീനിയ.
പരിശുദ്ധ വിമലഗിരിനാഥയുടെ സന്നിധിയില്‍ സാഷ്ടാംഗം വീണ് കൈവയ്പുശുശ്രൂഷയ്ക്കായി സ്വയം സമര്‍പ്പിക്കുമ്പോള്‍ എളിമയുടെ ലുത്തീനിയയ്ക്ക് പ്രത്യുത്തരം ലഭിക്കട്ടെ!