മോണ്‍. ജന്സന് പുത്തന്‍വീട്ടില്‍,
വികാരി ജനറല്‍, കോഴിക്കോടു രൂപത
ദൈവസ്നേഹത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വിസ്മയിപ്പിക്കുന്ന നക്ഷത്രമാണ് അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ്. ദിശാബോധം നല്കുന്ന പ്രകാശഗോപുരത്തെപോലെ, വെളിച്ചം പകര്‍ന്ന് സ്വയം ശൂന്യവത്കരിക്കുന്ന മെഴുകുതിരി നാളത്തെപ്പോലെ, അന്ധകാരത്തില്‍ ഉഴലുന്ന മനുഷ്യര്‍ക്ക് അത്താണിയാകുന്ന നക്ഷത്രം പോലെ വിളങ്ങുന്ന ഒരു മഹത്വ്യക്തിത്വമാണ് ഞങ്ങളുടെ സ്വന്തം ഇടയന് അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോടു രൂപതയുടെ ഇടയനും കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ അധ്യക്ഷനുമായ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ മെത്രാഭിഷേക വാര്‍ഷികത്തിന്റെ രജതജൂബിലിയുടെ നിറവിലാകുമ്പോള് കോഴിക്കോട്, കണ്ണൂര്‍, കോട്ടപ്പുറം രൂപതകളും കേരളസഭ മുഴുവനും ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാലും പ്രവര്‍ത്തനത്താലും ഇനിയും ദൈവജനത്തെ സ്നേഹത്തിലും കൂട്ടായ്മയിലും വിശുദ്ധിയിലും നയിക്കാനുള്ള ആരോഗ്യവും സന്തോഷവും സമാധാനവും തമ്പുരാന് പ്രദാനംചെയ്യട്ടെ.
സെന്റ് ആന്റണീസ് ഇടവകയും
ചക്കാലക്കല്‍ കുടുംബവും
കോട്ടപ്പുറം രൂപതയിലെ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ഇടവകയില്‍ 1953 ഫെബ്രുവരി ഏഴിന് ചക്കാലക്കല്‍ കുടുംബത്തിലാണ് ബിഷപ്പിന്റെ ജനനം. മാതാപിതാക്കളായ ഔസേപ്പും മറിയവും രണ്ടു സഹോദരന്മാരും മൂന്നു സഹോദരിമാരും അടങ്ങുന്ന സന്തുഷ്ടകുടുംബം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാല തന്റെ കുടുംബമാണെന്ന് അദ്ദേഹം പലപ്പോഴും പറയാറുണ്ട്. പിതാവിനെ വിശ്വാസജീവിതത്തില്‍ ആഴപ്പെടുത്തി പരിശീലിപ്പിച്ച പുണ്യ ഇടമാണ് ചക്കാലക്കല്‍ കുടുംബം. പിതാവ് എപ്പോഴൊക്കെ കുടുംബത്തിലേക്ക് എത്തുന്നുവോ അപ്പോഴെല്ലാം കുടുംബത്തിലെ എല്ലാ സഹോദരങ്ങളും കുടുംബാംഗങ്ങളും ഒരുമിച്ചു വന്ന് ആ നിമിഷത്തെ ഒരാഘോഷമാക്കി മാറ്റുന്നത് അങ്ങേയറ്റം സന്തോഷത്തോടു കൂടി നേരില്‍കണ്ട് അനുഭവിച്ചവരാണ് ഞങ്ങളൊക്കെ. പരേതരായ മാതാപിതാക്കളെ ഓര്‍ത്ത് അഭിവന്ദ്യ പിതാവ് എപ്പോഴും പ്രാര്‍ഥിക്കുകയും അവരെപ്പറ്റി തന്റെ പ്രസംഗങ്ങളില്‍ വാതോരാതെ സംസാരിക്കുകയും ചെയ്യാറുണ്ട്. പ്രാര്‍ഥനയുടെ മകനായി വിശ്വാസത്തില്‍ വേരുറപ്പിച്ചു വളര്‍ത്തിയ ആ മാതാപിതാക്കളെ എന്നും സ്നേഹത്തോടെയും നന്ദിയോടെയുമാണ് പിതാവ് സ്മരിക്കുന്നത്. മാള പള്ളിപ്പുറം ഇടവകയിലെ അള്‍ത്താര ബാലനായി, പ്രാര്‍ഥനകളൊക്കെ ഉറക്കെ ചൊല്ലി എല്ലാവര്ക്കും പ്രിയങ്കരനും മാതൃകയുമായാണ് അദ്ദേഹം അവിടെ വളര്‍ന്നത്.
മാളയുടെ മാണിക്യം
മലബാറിന്റെ പുരോഹിതന്
കോഴിക്കോടു രൂപതയ്ക്കു വേണ്ടി ഒരു വൈദികന് ആകണം എന്നുള്ള തീവ്രമായ ആഗ്രഹത്തോടു കൂടിയാണ് അദ്ദേഹം വൈദികപരിശീലനം ആരംഭിച്ചത്. മംഗലാപുരത്തു നിന്ന് തത്ത്വശാസ്ത്ര – ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1981 ഏപ്രില്‍ രണ്ടാം തീയതി കോഴിക്കോട് കത്തീഡ്രല്‍ ദേവാലയത്തില്‍ അഭിവന്ദ്യ മാക്സ്വെല് പിതാവില്‍ നിന്ന് പൗരോഹിത്യപട്ടം സ്വീകരിച്ചു. പള്ളിക്കുന്ന്, പാക്കം, ചാലില്‍, വെസ്റ്റ്ഹില്‍, ഏഴിമല, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്തു. താന്‍ ശുശ്രൂഷ ചെയ്ത ഇടവകകളിലെ ജനങ്ങള്‍ ഇന്നും ചക്കാലച്ചനെ ഏറെ സ്നേഹത്തോടു കൂടി സ്മരിക്കാറുണ്ട്. ആ സുഹൃദ്ബന്ധങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടുപോകുന്ന തികഞ്ഞ ഒരു അജപാലകനാണ് എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവായി നമുക്കതിനെ കാണാം.
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് 1986 ല്‍ ദൈവശാസ്ത്രത്തില്‍ ഉന്നതബിരുദവും, മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ. ബിരുദവും നേടിയതിനു ശേഷം അദ്ദേഹം 1987 മുതല്‍ 91 വരെ റോമിലെ ഉര്‍ബന്‍ സര്‍വകലാശാലയില്‍ സഭാനിയമം പഠിച്ച് ഡോക്ടറേറ്റ് നേടി. 1992 മുതല്‍ മംഗലാപുരം സെന്റ് ജോസഫ് മേജര്‍ സെമിനാരിയില്‍ പ്രഫസറായും ഡീന്‍ ഓഫ് സ്റ്റഡീസ് ആയും സേവനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായി ദൈവം വര്‍ഗീസ് ചക്കാലക്കലിനെ ഉയര്‍ത്തി. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് കേരളസഭയ്ക്ക്, നല്കിയ സമ്മാനമായിരുന്നു അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍ പിതാവ്.
1999 ഫെബ്രുവരി 7-ന് കേരളത്തിലെ പതിനൊന്നാമത്തെ ലത്തീന്‍ രൂപതയായി കണ്ണൂര്‍ രൂപതയ്ക്ക് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ജന്മം നല്കിയപ്പോള് അന്ന് പത്രങ്ങളില്‍ വന്ന തലക്കെട്ട് ‘മാളയുടെ മാണിക്യം കണ്ണൂരിന് സ്വന്തം’ എന്നായിരുന്നു. അന്നു മുതല്‍ ഇന്നുവരെ കണ്ണൂരിന്റെ മാത്രമല്ല കേരളസഭയുടെ തന്നെ മാണിക്യമായി വളര്‍ന്നു, അഭിവന്ദ്യ വര്‍ഗീസ് പിതാവ്. മികച്ച വചനപ്രഘോഷകന്, അജപാലന ശുശ്രൂഷയില്‍ അതീവതത്പരന്, പ്രസിദ്ധ ദൈവശാസ്ത്രജ്ഞന്, മികച്ച വാഗ്മി, സഭാനിയമവിദഗ്ധന്, ദൈവജനത്തിന്റെ സ്വന്തം പിതാവ് എന്നിങ്ങനെ നീളുന്നു അദ്ദേഹത്തെ കുറിച്ചുള്ള വര്ണ്ണനങ്ങള്.
കണ്ണൂരിന്റെ പ്രഥമ മെത്രാന്
ഒന്നുമില്ലായ്മയില്‍ ദൈവത്തിന്റെ സാന്ത്വനവും അനുഗ്രഹവും കൈമുതലാക്കി കണ്ണൂര്‍ രൂപതയെ തന്റെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി വലുതാക്കി ആ ഇടയന്. കണ്ണൂര്‍ രൂപതയില്‍ ചക്കാലക്കല്‍ പിതാവ് ചെയ്ത സേവനങ്ങളെ വിലയിരുത്തുമ്പോള്‍ ഒരു കുഞ്ഞിനു ജന്മം നല്കിയ അമ്മയുടെ സാന്ത്വനവും സ്നേഹവും ലാളനയും കരുതലുമെല്ലാം കൂട്ടിച്ചേര്‍ത്ത വര്‍ഷങ്ങളായിരുന്നു അത്. സ്വന്തമായി ഒരു മെത്രാന് മന്ദിരമോ പ്രധാനപ്പെട്ട കേന്ദ്രങ്ങളോ ഒന്നുമില്ലാതിരുന്ന ആ രൂപതയില്‍ ദൈവം എത്രമാത്രം പിതാവിനെ അനുഗ്രഹിച്ചു എന്നുള്ളത് ഇന്നു വളര്‍ച്ചയുടെ പാതയില്‍ ആയിരിക്കുന്ന കണ്ണൂര്‍ രൂപതയുടെ മുഖം ദര്‍ശിച്ചാല്‍ മനസ്സിലാകും. കണ്ണൂര്‍ രൂപതയുടെ ബിഷപ് ഹൗസ്, കത്തീഡ്രല്‍ ദേവാലയം, കണ്ണൂര്‍ വൈദിക മന്ദിരം, കെയ്റോ സോഷ്യല്‍ സര്‍വീസ് സെന്റര്‍, ഹോളിമൗണ്ട് മേഴ്സി വില്ലേജ്, പിലാത്തറ, കനകപ്പള്ളി, ചെമ്പഞ്ചേരി, കാഞ്ഞങ്ങാട്, പള്ളിക്കര, മുടിക്കാനം, മടക്കാംപൊയില്‍, കൊറോം, പരിയാരം, കാരക്കുണ്ട്, മരിയപുരം, പട്ടുവം, കട്ടക്കുളം, ചെറുകുന്ന്, മാട്ടൂല്‍, താവം, കാവുംചാല്‍, കുറുമാത്തൂര്‍, തളിപ്പറമ്പ്, ബക്കളം, പൂവം ആനയാണ്ടാങ്കരി, പുതുക്കാട് എസ്റ്റേറ്റ്, നെല്ലിക്കുന്ന്, കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ സെന്റ് ആന്റണീസ് തീര്‍ഥാടനകേന്ദ്രം, തൃക്കരിപ്പൂര്‍, തലശേരി, നീലേശ്വരം എന്നിവിടങ്ങളില്‍ ദേവാലയങ്ങളും സ്ഥാപനങ്ങളും നിരവധി സ്കൂളുകളും വൈദിക മന്ദിരങ്ങളും അദ്ദേഹത്തിലൂടെ രൂപതയ്ക്കു ലഭിച്ച സമ്മാനങ്ങളാണ്. ഭൗതികമായ നേട്ടങ്ങള്‍ക്കെല്ലാം ഉപരിയായി ആത്മാവിന്റെ അഭിഷേകത്താല്‍ ദൈവജനത്തെ പ്രാര്‍ഥനാരൂപിയില്‍ നയിച്ച, വചനപ്രഘോഷകനായി അനേക ഹൃദയങ്ങളില്‍ ദൈവസ്നേഹത്തിന്റെ അഗ്നി ജ്വലിപ്പിക്കുവാന്‍ കഴിഞ്ഞ ഒരു ഇടയന് എന്ന നിലയില്‍ കണ്ണൂര്‍ രൂപതയെ അഭിമാനത്തോടു കൂടിയാണ് അദ്ദേഹം എന്നും കാണുന്നത്. ദൈവത്തിങ്കലേക്ക് ദൈവജനത്തെ അടുപ്പിക്കുന്നതിനു വേണ്ടി ആധ്യാത്മികരംഗത്ത് പിതാവ് നല്‍കിയിട്ടുള്ള സംഭാവനകള്‍ ഏറെയാണ്. സാമൂഹിക സംസ്കാരികരംഗത്തും അഭിവന്ദ്യ പിതാവ് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ കുരിശുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അഭിവന്ദ്യ പിതാവെടുത്ത സമാധാന പൂര്‍ണമായ തീരുമാനം കണ്ണൂര്‍ ജനതയ്ക്ക് ഒരിക്കലും മറക്കാനാവില്ല. സ്നേഹത്തിന്റെ ബോംബുമായി സഞ്ചരിച്ച് കണ്ണൂരിന്റെ മത, സാംസ്കാരിക, സാമൂഹികതലങ്ങളിലും ജനഹൃദയങ്ങളിലും ഇടം നേടിയ സ്നേഹസമ്പന്നനാണ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവ്.
പേരു ചൊല്ലി വിളിക്കുന്ന കോഴിക്കോടിന്റെ ഇടയന്
നിസ്തുലമായ ശുശ്രൂഷ ചെയ്തുകൊണ്ട് കണ്ണൂര്‍ രൂപതയില്‍ വിളങ്ങിനിന്ന അഭിവന്ദ്യ പിതാവിനെ കോഴിക്കോടു രൂപതയുടെ ഇടയനായി ബെനഡിക്ട് പതിനാറാമന്‍ പാപ്പാ 2012 മേയ് 15ന് നിയമിച്ചു. Fiat Voluntas Tuam – മെത്രാനായപ്പോള്‍ താനേറ്റെടുത്ത തന്റെ ജീവിതത്തിന്റെ ആപ്തവാക്യമനുസരിച്ച് ദൈവഹിതത്തിന് പൂര്‍ണ്ണമായും വിധേയമായി കൊണ്ട് ആ നിയമനം സ്നേഹത്തോടു കൂടി സ്വീകരിച്ചു. അതോടൊപ്പം കണ്ണൂര്‍ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി രണ്ടു വര്‍ഷം കൂടി – 2014 വരെ – അദ്ദേഹം തുടരുകയുണ്ടായി. കോഴിക്കോടു രൂപതയുടെ വളര്‍ച്ചയ്ക്കു വേണ്ടി ഇക്കഴിഞ്ഞ 12 വര്‍ഷങ്ങളിലായി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഇടയനാണദ്ദേഹം. ഓരോ പ്രഭാതത്തിലും തന്നെ ഭരമേല്പ്പിച്ചിരിക്കുന്ന രൂപതയെയും രൂപതാ മക്കളെയും സമര്‍പ്പിച്ചുകൊണ്ട് ദിവ്യകാരുണ്യസന്നിധിയില്‍ ആയിരിക്കുന്ന പിതാവ് പ്രാര്‍ഥനയുടെ ഒരു മുഖം തന്നെയാണ് എന്നും വെളിപ്പെടുത്തിയിട്ടുള്ളത്. ദൈവാനുഗ്രഹത്താല്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഭംഗിയായി ക്രോഡീകരിക്കുന്നതിനും ദൈവജനത്തെ ഒറ്റക്കെട്ടായി മുന്നോട്ടുനയിക്കുന്നതിനും അഭിവന്ദ്യ പിതാവിനെ സഹായിക്കുന്നത് ദിവസവും രാവിലെ ആറുമണി തൊട്ട് എട്ടുമണി വരെ ബിഷപ് ഹൗസിലെ ചാപ്പലില്‍ ദിവ്യകാരുണ്യനാഥന്റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നതിന്റെ ഫലമാണെന്ന് പല തവണ ദൈവജനത്തിനു മുമ്പില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ആടുകളുടെ ഗന്ധമുള്ള ഇടയന്, ഓരോരുത്തരെയും പേരു ചൊല്ലി വിളിക്കുന്ന പിതാവ്. ഒരിക്കല്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഓര്‍മയില്‍ ആ പേരുകള്‍ സൂക്ഷിക്കുന്ന, അവരുമായി അഭേദ്യമായ ഒരു ബന്ധം കാത്തുസൂക്ഷിക്കുന്ന, അവരെ വ്യക്തിപരമായി അടുത്തറിയുന്ന, ആടുകളുടെ സ്വന്തം തന്നെയായ പിതാവ്. എല്ലാവരെയും വിസ്മയപ്പെടുത്തുന്ന തന്റെ ഓര്മ്മക്തിയുടെ പ്രകടമായ തെളിവാണ് തന്റെ ജനങ്ങളുടെ ഓരോരുത്തരെയും പേര് ചൊല്ലി വിളിക്കുന്നതും. നിമിഷനേരങ്ങള്‍ കൊണ്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെന്നുകൊണ്ട് അവരില്‍ ഒരാളായി അവരിലേക്ക് ഇഴുകി ചേരാനുള്ള അസാധാരണമായ ഒരു കഴിവ് ദൈവം പിതാവിനു നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരുവനെപ്പോലെ ആയിരുന്നുകൊണ്ട് അവരുടെ സ്പന്ദനം അറിയുന്ന ഒരു ഇടയനാണ് അഭിവന്ദ്യ ചക്കാലക്കല്‍ പിതാവ്.
നിലയ്ക്കാത്ത സ്നേഹപ്രവാഹം
പിതാവിനെ കാണുവാനായി ബിഷപ്ഹൗസില്‍ എത്തുന്ന ഏവരും തിരികെ പോകുന്നത് പുഞ്ചിരിക്കുന്ന മുഖവും കൈ നിറയെ സമ്മാനങ്ങളുമായിട്ടാണ്. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ, മക്കളുടെ ഭാവിയെ ഓര്‍ത്ത്, മക്കളുടെ പഠനത്തെയോര്ത്ത് വേദനയോടെ കരഞ്ഞുകൊണ്ടു പിതാവിനെ സമീപിക്കുന്നവര്‍ പൂര്‍ണ്ണ സംതൃപ്തിയോടു കൂടി പിതാവിന്റെ സഹായവുമായിട്ടാണ് തിരികെ പോകുക. ഭവനം ഇല്ലാത്തവര്‍ക്ക് ഭവനങ്ങള്‍ നല്‍കിയും മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാന് വേണ്ട സഹായം നല്‍കിയും വിവാഹം ചെയ്തുകൊടുക്കാന്‍ മക്കള്‍ക്കായി ഒന്നും കരുതി വയ്ക്കാനില്ലാത്ത മാതാപിതാക്കള്‍ക്ക് ധനസഹായവും രോഗികള്‍ക്ക് കരുണാദ്രമായ സ്നേഹവും സഹായവും നല്കി പിതാവ് ജനങ്ങളുടെ മുമ്പില്‍ ഒരു വലിയ സ്നേഹസമ്മാനമായി സ്വയം മാറിയിരിക്കുന്നു.
കോഴിക്കോടു രൂപതയെ ശതാബ്ദി വര്‍ഷത്തിലേക്ക് നയിച്ച ഇടയനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്. ഇരുന്നൂറോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും, വിവാഹധനസഹായം നല്കി അനേകം പേര്‍ക്ക് സ്വാന്തനം ഏകാനും, സൈക്കോ സ്പിരിച്വല്‍ കൗണ്‍സലിംഗ് സെന്റര്‍ വഴി അനേകം മക്കളെ നേര്‍വഴിക്കു തിരിക്കാനും, കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ഹോം മിഷന് പദ്ധതി വിഭാവനം ചെയ്യാനും, വയനാട് പള്ളിക്കുന്നിലും മലപ്പുറത്തും റിട്രീറ്റ് സെന്റര്‍ ആരംഭിക്കുന്നതിലും കര്മ്മനിരതനായികൊണ്ടാണ് ഈ ശതാബ്ദി ആഘോഷിച്ചത്.
പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിക്ക് ദൈവം നല്കിയ മറ്റൊരു സമ്മാനമാണ് മയ്യഴി അമ്മയുടെ ദേവാലയം ബസിലിക്കയായി ഉയര്‍ത്തപ്പെട്ടത്. പിതാവിന്റെ പ്രാര്‍ഥനയ്ക്കും ശ്രമത്തിനും ഉള്ള വലിയൊരു പ്രത്യുത്തരമായി ഈ മാഹി ബസിലിക്കയുടെ ഉയര്‍ച്ച കാണപ്പെടുന്നു. മലബാറിന്റെ പ്രഥമ ബസിലിക്ക വടക്കന്‍ കേരളത്തിലെ മാതൃരൂപതയായ കോഴിക്കോടു രൂപതയ്ക്കു മാത്രമല്ല മലബാറിലെ വിശ്വാസികള്‍ക്കു മുഴുവനും വര്‍ഗീസ് പിതാവ് വഴി ദൈവം നല്കിയ വലിയൊരു അനുഗ്രഹമാണ്.
വയനാട്ടിലെ പള്ളിക്കുന്നിലും ചുണ്ടേലിലും രണ്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തിയത് രൂപതയ്ക്ക് നല്കിയ വലിയ സംഭാവനകള്‍ ആണ്. തോല്‍പ്പെട്ടി ദേവാലയം, മേരിക്കുന്ന് ഹോളി റെഡിമര്‍ ദേവാലയം, പുതുതായി നവീകരിച്ച തേജസ് പാക്സ് കമ്യൂണിക്കേഷന്‍ സെന്റര്‍, ശാലോം വൈദിക മന്ദിരം, പെരിന്തല്‍മണ്ണ ദേവാലയം, മാനന്തവാടിയില്‍ ഉയര്‍ന്നുവരുന്ന പുതിയ ദേവാലയവും വലിയ ഷോപ്പിംഗ് കോംപ്ലക്സും, മലപ്പുറം പാരിഷ് ഹാള്‍, കല്‍പ്പറ്റ പാരിഷ് ഹാള്‍, നവീകരിച്ച കത്തീഡ്രല്‍ ദേവാലയവും പാരിഷ് ഹാളും, സിറ്റി സെന്റ് ജോസഫ് പാരിഷ് ഹാള്‍, നവജ്യോതിസ് സെന്റര്‍, മഞ്ചേരി, വെസ്റ്റ്ഹില്‍, തൃക്കലങ്ങോട്, കല്ലായി, കാപ്പംകൊള്ളി, മേപ്പാടി, പാക്കം, പൊഴുതന, പിലാക്കാവ്, പനമരം, വൈത്തിരി ദേവാലയങ്ങള്‍, വടകര ദേവാലയം, ബേപ്പൂര്‍ ദേവാലയവും വൈദിക മന്ദിരവും, ചാത്തമംഗലം പാരിഷ് ഹാള്‍, സെന്റ് സേവിയേഴ്സ് കോളജ്, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, മാവൂര്‍ ദേവാലയവും മേടയും, പെരിന്തല്‍മണ്ണ ദീപാലയം അന്ധവിദ്യാലയം ഇവയൊക്കെ പിതാവിന്റെ ജീവിതത്തില്‍ എന്നും ഓര്മിപ്പിക്കപ്പെടുന്ന ചില നേട്ടങ്ങള്‍ മാത്രം.
ആത്മാര്‍ത്ഥമായ തന്റെ സേവനങ്ങളെ ദര്‍ശിച്ചുകൊണ്ട് പിതാവായ ദൈവം അദ്ദേഹത്തെ പല പദവികളിലേക്കും ഉയര്‍ത്തുകയുണ്ടായി. കേരള ലത്തീന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ (കെആര്‍എല്‍സിബിസി) പ്രസിഡന്റ്, കേരളത്തിലെ ലത്തീന്‍ സഭയുടെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പ്രസിഡന്റ്, സിസിബിഐ ജനറല്‍ സെക്രട്ടറി, കെസിബിസി വൈസ് പ്രസിഡന്റ്, ദൈവവിളി, സെമിനാരികള്‍, വൈദികര്‍, സന്ന്യസ്തര്‍ എന്നിവയ്ക്കായുള്ള സിസിബിഐ കമ്മീഷന് അധ്യക്ഷന്‍, ആലുവ കര്‍മ്മലഗിരി സെമിനാരി കമ്മീഷന് അധ്യക്ഷന്‍, മംഗലാപുരം മേജര്‍ സെമിനാരി ബോര്‍ഡ് മെംബര്‍, കെസിബിസി കരിസ്മാറ്റിക് കമ്മീഷന് ചെയര്മാന്, തിയോളജി കമ്മീഷന് ചെയര്മാന് തുടങ്ങി നിരവധി പദവികള്‍ അദ്ദേഹം വഹിച്ചു.
ദൈവം അനാദി മുതല്ക്കേ വര്‍ഗീസ് പിതാവിനെ കുറിച്ച് ചിന്തിച്ചു, പേര് ചൊല്ലി വിളിച്ച് തിരഞ്ഞെടുത്തു അഭിഷേകംചെയ്തു തന്റെ ജനത്തെ നയിക്കാനുള്ള ഇടയനാക്കുകയും ദൈവികസുഗന്ധം മറ്റുള്ളവര്‍ക്കു പകര്ന്നുനല്കുന്ന ഒരു നല്ല പിതാവാക്കി രൂപപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ ഈശോയുടെ തിരുഹൃദയത്തോടു ചേര്‍ന്നു നിന്ന് പൗരോഹിത്യത്തിലും മെത്രാഭിഷേകത്തിലും വിളങ്ങി ദൈവജനത്തെ വിശുദ്ധിയിലും സ്നേഹത്തിലും കൂട്ടായ്മയിലും വളര്‍ത്തി മുന്നേറുകയാണ്.
വിസ്മയത്തിന്റെ നക്ഷത്രത്തെ സമ്മാനിച്ച സ്വര്‍ഗീയ പിതാവിന്റെ മുമ്പില്‍ കൂപ്പുകരങ്ങളോടെ രൂപത മക്കള്‍ നന്ദി അര്‍പ്പിക്കുകയാണ്. വിശ്വാസത്തിന്റെ ആദ്യ പാഠങ്ങള്‍ പകര്ന്നുനല്കി ദൈവത്തിന്റെ പ്രിയ മകനായി വളര്‍ത്തിയ മാതാപിതാക്കള്‍ക്കും പ്രിയ സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മുന്നില്‍ രൂപതയുടെ അങ്ങേയറ്റം കടപ്പാടും സ്നേഹവും അറിയിക്കുന്നു. ഇനിയും ഈ വിസ്മയത്തിന്റെ നക്ഷത്രം ശോഭിക്കട്ടെ. പൂജ രാജാക്കന്മാര്ക്ക് ബത്ലഹേമിലേക്കുള്ള വഴികാട്ടിയായ നക്ഷത്രത്തെ പോലെ സ്വര്‍ഗീയപിതാവിന്റെ അടുക്കലേക്കു യാത്രയാകുന്ന ഓരോ ക്രൈസ്തവ വിശ്വാസിക്കും പിതാവ് ഒരു നക്ഷത്രമായി, വഴികാട്ടിയായി, വിശ്വാസത്തിന്റെ ദീപനാളമായി എന്നും പ്രശോഭിക്കട്ടെ എന്നു പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.