പുസ്തകങ്ങളെ കുറിച്ചുള്ള പംക്തിയാണ് ഇതെങ്കിലും ഈ ലക്കം ഒരു മാറ്റമുണ്ട്. പുസ്തകങ്ങള്‍ എഴുതാത്ത ഒരു പത്രാധിപര്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ ഈ ഇടം പ്രയോജനപ്പെടുത്തുന്നു. ജീവിതത്തിലെ സിംഹഭാഗവും പുസ്തകങ്ങള്‍ വായിച്ചും അവയെ സ്നേഹിച്ചും കഴിഞ്ഞ ഷെവലിയര്‍ പ്രഫസര്‍ ഏബ്രഹാം അറക്കലിന്റെ വിയോഗം കടുത്ത ദുഃഖം എന്നിലും ഉണ്ടാക്കിയിട്ടുണ്ട്. അതു തന്നെയാണ് ഈ മാറ്റത്തിനുള്ള ന്യായീകരണവും.
വിദ്യാഭ്യാസ വിചക്ഷണന്‍, പത്രാധിപര്‍, ചരിത്രകാരന്, എഴുത്തുകാരന്, രാഷ്ട്രീയ-സാഹിത്യ വിമര്ശകന് എന്നീ നിലകളിലൊക്കെ ശ്രദ്ധേയമായ സംഭാവനകള്‍ പ്രഫ. ഏബ്രഹാം അറക്കല്‍ നല്കി. വേണമെങ്കില്‍ അദ്ദേഹത്തിനു നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവ് ആകാമായിരുന്നു. അധ്യാപനവിഷയം ഫിസിക്സായിരുന്നെങ്കിലും ചരിത്രവും സാഹിത്യവും ഇഷ്ട വിഷയങ്ങളായി കൂടെയുണ്ടായിരുന്നു. എഴുതിയ ലേഖനങ്ങളും മുഖപ്രസംഗങ്ങളും സാമൂഹ്യ വിമര്‍ശനങ്ങളും ചേര്‍ത്തുവച്ചാല്‍ നിരവധി പുസ്തകങ്ങള്‍ക്ക് ആവശ്യമായ ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ആരംഭിച്ച സദ് വാര്‍ത്ത പത്രത്തിന്റെയും കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന് പ്രസിദ്ധീകരിച്ച വോക്സ് നോവയുടെയും പത്രാധിപര്‍, മുഖരേഖയില്‍ എഴുതിവന്ന ‘പാര്‍ശ്വവീക്ഷണം’ കൊണ്ട് ശ്രദ്ധേയനായ കോളമിസ്റ്റ്, ജീവനാദത്തില്‍ എഴുതിയിരുന്ന ‘ആല്‍ഫ ആല്‍ഫ’, സാമൂഹികവിമര്‍ശനത്തിന്റെ നേര്‍സാക്ഷ്യങ്ങളായ എഡിറ്റോറിയലുകള്‍ ഇവയൊക്കെ ചേര്‍ത്തുവെച്ചാല്‍ നിരവധി പുസ്തകങ്ങള്‍ക്കുള്ള ഖനിയുണ്ട്. മഹാഗ്രന്ഥങ്ങളുടെ ലോകത്തിലൂടെയുള്ള ദീര്‍ഘയാത്രയായിരുന്നു അറക്കല്‍ സാറിന്റെ ജീവിതം.
പര്‍വ്വതങ്ങളോളം ഉയരമുള്ള മാതൃകകളുടെ ആത്മാവിലൂടെ നടത്തിയ ഈ യാത്രയ്ക്കിടയില്‍ തന്നെക്കുറിച്ച് മഹനീയമായ ഒരു നിസ്സാരതാബോധം അദ്ദേഹം പുലര്‍ത്തിയിരുന്നോ എന്നു സംശയിക്കണം. പുസ്തകങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം കാട്ടിയ ഉദാസീനത ഈ ബോധത്തിന്റെ സൃഷ്ടിയാവാം.
സാമൂഹ്യ-രാഷ്ട്രീയ-വിശ്വാസ സംഹിതകളെ കുറിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തിയ പ്രഫ. ഏബ്രഹാം അറക്കല്‍ ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ കണ്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ എഴുത്തുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ എന്നു പറയാതെ ഭാരതമെന്നു പറയാന്‍ ശ്രദ്ധ പുലര്‍ത്തുന്ന പ്രധാനമന്ത്രിയെ കുറിച്ച് 2017 മുഖരേഖയുടെ പാര്‍ശ്വവീക്ഷണത്തില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്: ”ഇന്ത്യ അതായതു ഭാരതം” എന്ന ഭരണഘടനാപരാമര്ശം സൂചിപ്പിപ്പിച്ചപ്പോള് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശത്തുള്ള ഹിന്ദി പ്രസംഗങ്ങളാണ്. അവയിലെല്ലാം തന്നെ ഇന്ത്യ അതായതു ഭാരതം എന്നത് ഒഴിവാക്കപ്പെടുന്നു. അതിന്റെ സ്ഥാനത്തു ഹിന്ദുസ്ഥാന്‍ എന്ന പദം ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നു. രാജ്യനാമമെന്ന നിലയില്‍ സ്വാതന്ത്യപ്രാപ്തികാലഘട്ടത്തില് നാം പൂര്‍ണ്ണമായി നിരാകരിച്ച ഈ പദത്തിന്റെ പുനരാവതരണവും പുനരാവിഷ്കരണവും വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. പ്രത്യേകിച്ച് നമ്മുടെ പ്രധാനമന്ത്രിയില്‍ നിന്നു വരുമ്പോള്‍.”
പുരാതനമായ കുടുംബത്തില്‍ ജനിച്ചുവളര്ന്നതുകൊണ്ടും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ ബാല്യകാലം മുതല്‍ ഉള്‍ക്കൊണ്ടതിനാലും സാമൂഹ്യപ്രശ്നങ്ങളുടെ വിശകലനങ്ങള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണമുണ്ട് അറക്കല്‍ സാറിന്റെ എഴുത്തിന്. അരുണാചല്‍പ്രദേശിനെയും ബാല്യകാലത്തെയും ബന്ധപ്പെടുത്തി അദ്ദേഹം എഴുതിയത് അതിനൊരു ഉദാഹരണമാണ്.
അരുണാചല്പ്രദേശുകാരുടെ ആവശ്യം
” അരുണാചല്പ്രദേശുകാര് തങ്ങള്‍ക്ക് ഒരു പ്രത്യേക ടൈംസോണ്‍ (ഠശാല ദീില) അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. ഗ്രീനിച്ച് സമയത്തിന് അഞ്ചര മണിക്കൂര്‍ മുമ്പില്‍ രേഖാംശരേഖ 82.5 ഡിഗ്രി കിഴക്കുള്ള പ്രാദേശിക സമയമാണ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അരുണാചല്‍പ്രദേശ് ഈ രേഖാംശരേഖയില്‍ നിന്നു വളരെ കിഴക്കുമാറിക്കിടക്കുന്നതുകൊണ്ട് അവരുടെ പ്രാദേശികസമയം നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് സമയത്തേക്കാള്‍ വളരെ മുന്നിലാണ്. ഫലം നമുക്ക് നാലോ അഞ്ചോ മണിയാകുമ്പോള്ത്തന്നെ അവിടെ നേരം ഏതാണ്ട് വെളുത്തുകാണും. അരുണാചല്‍ പ്രദേശിനും അസമിനും പടിഞ്ഞാറുള്ള ബംഗ്ലാദേശില്‍ സമയം നമ്മുടേതിനേക്കാള്‍ അരമണിക്കൂര്‍ മുമ്പിലാണു താനും. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത് രണ്ടു സമയമേഖലകള്‍ ഉണ്ടാകുന്നതില്‍ തെറ്റില്ല. ഓരോ കാര്യത്തിനും സമയം പറയുമ്പോള്‍ ഇത്രമണി കടഠ (കിറശമി ടമേിറമൃറ ഠശാല) ഇത്രമണി ഋകടഠ (ഋമേെ കിറമശി ടമേിറമൃറ ഠശാല) എന്നു ചേര്‍ത്തുപറയേണ്ടിവരും എന്നുമാത്രം. അമേരിക്കന്‍ ഐക്യനാടുകളില്‍ ആറും പഴയ സോവിയറ്റ് യൂണിയന് മേഖലയില്‍ പതിനൊന്നും പ്രത്യേക സമയമേഖലകളുണ്ടെന്നുള്ളതുകൊണ്ട് അത്തരമൊരു മാറ്റം ഇന്ത്യയില്‍ വരുന്നതില്‍ വലിയ തെറ്റൊന്നുമില്ല.
സമയമേഖലകളുമായി ബന്ധപ്പെട്ട ഒരു ബാല്യകാല സ്മരണ പുതിയ വായനക്കാര്‍ക്കായി ആവര്‍ത്തിക്കട്ടെ. രണ്ടാം ലോകയുദ്ധകാലത്ത് സൈനികാവശ്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയിലെയും ബര്‍മ്മയിലെയും സമയമേഖലകള്‍ ഒന്നാക്കി. അക്കാലത്താണ് 1943ല്‍ ലേഖകന്റെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. അന്നു സ്കൂളുകളും ഓഫീസുകളുമൊക്കെ പ്രവര്‍ത്തനമാരംഭിക്കുന്നത് 11 മണിക്കാണ്. പക്ഷേ, യഥാര്‍ഥത്തില്‍ ഇന്നത്തെ പത്തുമണിക്കുതന്നെ. രണ്ടു സമയ മേഖലകള്‍ ഒന്നിപ്പിച്ചതിന്റെ ഫലമായിരുന്നു അത്. യുദ്ധം അവസാനിച്ച ശേഷം ഒരു ദിവസം അഡ്വാന്‍സ് പത്രവാര്‍ത്തയനുസരിച്ച് രാവിലെ 11 മണിക്ക് സൈറന്‍ മുഴങ്ങിയപ്പോള്‍ ലേഖകന്റെ പിതാമഹന് പീറ്റര്‍ അറക്കല്‍ ഒരു സ്റ്റൂളില്‍ കയറി വീട്ടിലെ പഴയ ഹാന്സോണിയാ ക്ലോക്കിന്റെ സൂചികള്‍ ഒരു മണിക്കൂര്‍ പിറകോട്ടാക്കിയത് ഇന്നത്തെ പോലെ ലേഖകന്റെ ഓര്‍മ്മയിലുണ്ട്. ആ പഴയ ക്ലോക്കിന്റെ ഒരു പ്രത്യേകത ക്ലോക്കില്‍ തന്നെ ഒരു അലാറാം സംവിധാനം ഉണ്ടായിരുന്നു എന്നുള്ളതാണ്. ഏതാണ്ട് 1956 വരെ നല്ലവണ്ണം പ്രവര്‍ത്തിച്ചിരുന്ന ആ നാഴികമണി ഇപ്പോള്‍ സഹോദരന് ലാലച്ചന്റെ പക്കലാണ്”.
സാമൂഹ്യവിഷയങ്ങളിലുള്ള കൃത്യമായ ഇടപെടല്‍ അറിയണമെങ്കില്‍ അദ്ദേഹം എഴുതിയ പത്രാധിപര്‍ക്കുള്ള കത്തുകളും അധികാരികള്‍ക്ക് എഴുതിയ കത്തുകളും വായിക്കണം.
‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ പുസ്തക രചനയെകുറിച്ച് ഉണ്ടായ വിവാദങ്ങളില്‍ മത്തേവൂസച്ചന്റെ പ്രാധാന്യം നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം വിവിധ പ്രസിദ്ധീകരണങ്ങളില്‍ അതിനെതിരെ ശക്തമായി എഴുതി. അല്മായ വിശ്വാസി എന്ന നിലയില്‍ റോമിനും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കും അദ്ദേഹം എഴുതിയ കത്തുകള്‍ പ്രവാചക ദൗത്യമുള്ളതാണ്. ഡല്‍ഹി അതിരൂപത നിലനില്ക്കുമ്പോള് തന്നെ സീറോ മലബാര്‍ സഭ ഡല്‍ഹി രൂപത എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ അദ്ദേഹം എഴുതിയ കത്ത് സഭാചരിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. വത്തിക്കാന്‍ അനുവദിച്ച ഫരീദാബാദ് രൂപത എന്ന പേര് ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഭാരതകത്തോലിക്കാസഭയുടെ ഉയര്‍ന്ന സ്ഥാനം വഹിക്കുമ്പോള്‍ അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്താന്‍, സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍, അഭിവന്ദ്യ മെത്രാന്മാര് ഉള്‍പ്പെടെയുള്ളവരോട് തന്റെ നിലപാടുകളുടെ നീതിയും ആവശ്യകതയും വിശദീകരിക്കാന്‍ അറക്കല്‍ സര് എന്നും ബദ്ധശ്രദ്ധ പുലര്‍ത്തി.
പ്രിന്‍സിപ്പലും കോളജ് അധ്യാപക സംഘടനയുടെ പ്രാരംഭകനും എന്ന നിലയില്‍ അറക്കല്‍ സര് നല്കിയ സംഭാവനകള്‍ പ്രഫ. എസ്. ഗുപ്തന്നായര് എഴുതിയിട്ടുണ്ട്. പ്രഫ. പി.സി. കര്‍ത്താ എഴുതിയ ‘ഒരു കോളജ് അധ്യാപകന്റെ കുറിപ്പുകള്‍’ എന്ന പുസ്തകത്തിലെ ഒരു ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് പ്രിയങ്കരനായ അറക്കല്‍ സാറിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി ചൊല്ലുന്നു.
” ഏബ്രഹാം അറക്കല്‍. ഇതുവരെ ഇങ്ങനെയൊരാളെപ്പറ്റി ഞാന്‍ ഈ പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടില്ല. പക്ഷേ, എങ്ങനെ പ്രസ്താവിക്കാതിരിക്കും? ആ പേരിന്റെ പരാമര്ശനമില്ലെങ്കില് ഈ കുറിപ്പുകള്‍ അപൂര്‍ണ്ണമായേ ഇരിക്കൂ. ഔദ്യോഗികജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ, വാക്കിലും പ്രവൃത്തിയിലും പരീക്ഷണഘട്ടങ്ങളിലും സദാ മാര്‍ഗ്ഗദര്‍ശിയായി എന്നോടൊപ്പം ഉണ്ടായിരുന്ന, സഹപ്രവര്‍ത്തകനും ആത്മസുഹൃത്തും ഒടുവില്‍ മേലാധികാരിയുമായി ഒരുമിച്ചു വര്‍ത്തിച്ച, ഏതു വിഷയത്തിലും മുഖം നോക്കാതെ, കാണേണ്ടതുമാത്രം കാണുകയും കേള്‍ക്കേണ്ടതുമാത്രം കേള്‍ക്കുകയും അര്ഹിക്കുന്നതുമാത്രം വിധിക്കുകയും ചെയ്യുന്ന, തീക്ഷ്ണവും ചടുലവും പ്രസന്നവും കമ്മനിരതവുമായ പ്രകൃതത്തോടെയല്ലാതെ ഒരിക്കലും കാണാന്‍ സാധിക്കാത്ത, ആത്മാര്‍ത്ഥതയുടെ നിറകുടമായ പ്രഫ. ഏബ്രഹാം അറക്കല്‍. ആ മനുഷ്യനെപ്പറ്റി പറയാന്‍ മലയാളത്തില്‍ വാക്കുകളില്ല. ഇംഗ്ലീഷില്‍ നിന്നു കടമെടുത്തു പറയട്ടെ: ‘A Perfect Gentleman’.