ദിവ്യകാരുണ്യത്തെ അത്രമേല്‍ സ്നേഹിക്കുന്ന, എന്നും ദിവ്യബലിയില്‍ പങ്കുചേരണമെന്ന അദമ്യമായ ആഗ്രഹമുള്ള ഒരു ഗാനരചയിതാവ് ഇതുവരേ എഴുതിയ ഗാനങ്ങളില്‍ തൊണ്ണൂറു ശതമാനവും ദിവ്യകാരുണ്യ ഗീതങ്ങളായതില് വിസ്മയിക്കാനൊന്നുമില്ല. പറഞ്ഞു വന്നത് ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയെക്കുറിച്ചാണ്. പ്രീമൂസ് മാഷ് എഴുതിയ എല്ലാ ദിവ്യകാരുണ്യഗീതങ്ങളും റീത്തുകളുടെ അന്തരമില്ലാതെ തന്നെ കേരളസഭ ഏറ്റുവാങ്ങിയിട്ടുണ്ട്.
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ…,
ദിവ്യകാരുണ്യത്തില്‍ യേശുവും ഞാനും,
ഏഴു തിരിയിട്ട വിളക്കാണെന്‍ ഹൃദയം
എന്നിവ അവയില്‍ ചിലതു മാത്രം.
മലയാളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലത്തിനിടെ പ്രകാശിതമായ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നാണ് ആത്മാവില്‍ ഒരു പള്ളിയുണ്ട് എന്ന് തുടങ്ങുന്ന ഗാനം. സി.ടി.സി. സഭാ സ്ഥാപികയായ മദര്‍ ഏലീശ്വായുടെ ചരമശതാബ്ദിയോടനുബന്ധിച്ചുള്ള സമൂഹബലിയില്‍ ആലപിക്കുന്നതിനായി ഒരുക്കിയ ഗാനമാണിത്. ഈ ഗാനത്തിന്റെ പിറവിയെക്കുറിച്ചു സ്നേഹസൂനം എന്ന ആല്‍ബത്തിന്റെ നിര്മാണനിര്വഹത്തിനു നേതൃത്വം നല്കിയ ഗായിക സിസ്റ്റര്‍
മില്‍ഡാ സി.ടി സി. ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.
‘ദിവ്യബലിക്കായി ഒരുക്കുന്ന പാട്ടുകള്‍ ഒരു ആല്‍ബമായി നമുക്ക് പുറത്തിറക്കിയാലോ എന്ന് ഞങ്ങള്‍ ഗായകസംഘം അന്നത്തെ മദര്‍ ജനറല്‍ സിസ്റ്റര്‍ ലൈസയോടു ചോദിച്ചു. ഗായകരെയും പാട്ടിനെയും സ്നേഹിക്കുന്ന മദര്‍ ലൈസ അതിയായ സന്തോഷത്തോടെ ഞങ്ങള്‍ക്ക് അനുവാദം തന്നു. അങ്ങനെയാണ് സ്നേഹസൂനം എന്ന ഗാനസമാഹാരത്തിന്റെ തുടക്കം. അന്ന് സിഎസിയിലെ സംഗീതാധ്യാപകനായിരുന്ന കെ.എന്‍. രാജേന്ദ്രന് റെക്കോര്‍ഡിങ്ങിനു ഏറെ സഹായിച്ചു. നമ്മുടെ പ്രഗത്ഭരായ എഴുത്തുകാരും സംഗീതസംവിധായകരും ഞങ്ങള്‍ക്ക് സഹായമേകി കൂടെ നിന്നു. ദിവ്യകാരുണ്യഗാനം എഴുതി നല്‍കിയത് പ്രീമൂസ് സാറായിരുന്നു. വരികള്‍ എന്നെ ഏല്പിച്ചപ്പോള് എന്നോട് തന്നെ ഇതിനു സംഗീതം നല്കാന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വരികള്‍ വായിച്ചു നോക്കിയപ്പോള്‍ത്തന്നെ ഇത് എന്തോ പ്രത്യകതയുള്ള വരികളാണല്ലോ എന്നെനിക്കു തോന്നി. ഇതുവരെ ദിവ്യകാര്യണ്യഗീതങ്ങള്ക്കൊന്നും ഞാന്‍ സംഗീതം നല്‍കിയിട്ടുമില്ല. ഞങ്ങള്‍ ആ വരികള്‍ ഫാ. ജോളി ചക്കാലക്കലിനെ ഏല്‍പ്പിച്ചു. അദ്ദേഹം നല്കിയ സംഗീതം ആദ്യകേള്‍വിയില്‍ തന്നെ എല്ലാവര്ക്കും ഇഷ്ടവുമായി.
ഗാനരചയിതാവ് ഷെവ. ഡോ. പ്രീമൂസ് പെരിഞ്ചേരി ഈ ഗാനരചന നിര്‍വഹിച്ചത് ധന്യയായ ഏലീശ്വാമ്മയെ മനസ്സില്‍ ഓര്‍ത്തുകൊണ്ടായിരുന്നു. അദ്ദേഹം ഈ പാട്ടിനെക്കുറിച്ചു പറയുന്നു.
‘ദിവ്യകാരുണ്യഗീതം വേണമെന്ന് പ്രിയപ്പെട്ട ഗായിക സിസ്റ്റര്‍ മില്‍ഡ എന്നോട് പറഞ്ഞിരുന്നു. മദര്‍ ഏലീശ്വാമ്മയുടെ ചരമശതാബ്ദിയുടെ ദിവ്യബലിയില്‍ പാടാനുള്ളതാണെന്നും പറഞ്ഞു. എന്റെ മസ്സില് വന്നത് ഏലീശ്വാമ്മ അനുധ്യാനത്തിന്റെയും പ്രാര്‍ഥനയുടെയും നാളുകളില്‍ കഴിയുന്ന കാലം. കളപ്പുരയിലെ വീടിന്റെ ഉമ്മറത്തു നിന്ന് നോക്കിയാല്‍ അന്നത്തെ കാലത്തു കൂനമ്മാവ് പള്ളി കാണാം. പള്ളിയിലെ സക്രാരിയിലെ ദിവ്യകാരുണ്യ നാഥനോടുള്ള ഏലീശ്വാമ്മയുടെ ആത്മനിവേദനമായാണ് ഈ വരികള്‍ കുറിച്ചത് . എന്റെ ആത്മാവിലേക്ക് വരണേ എന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ലളിതമായ വാക്കുകളാണ് ഇത്. ഫാ. ജോളി ചക്കാലക്കല്‍ ലളിതവും അതേപോലെ ഗഹനവുമായ സംഗീതം വരികള്‍ക്ക് നല്കി. അമിത സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാതെ താന്ത്രിവാദ്യങ്ങള് മാത്രമാണ് ഡോണ്‍ വിന്‍സെന്റ് ഈ പാട്ടില്‍ ഉപയോഗിച്ചത് . ആദ്യം ഗാഗുല്‍ ജോസഫാണ്. പിന്നീട് മനോരമ മ്യൂസിക്കിനു വേണ്ടി കെ.എസ്. ചിത്രയും ഈ പാട്ടുപാടി . അങ്ങനെ ഈ പാട്ട് കൂടുതല്‍ ആളുകള്‍ കേള്‍ക്കാനും പാടാനും വഴിയൊരുങ്ങി.എല്ലാം ദൈവാനുഗ്രഹം .’
വ്യത്യസ്തമായ സംഗീതം ഒരുക്കി എല്ലാവരെയും വിസ്മയിപ്പിച്ചിട്ടുള്ള പ്രതിഭയാണ് ഫാ. ജോളി ചക്കാലക്കല്‍. വരാപ്പുഴ അതിരൂപതയിലെ ഗായകരായ വൈദികരുമായി ചേര്‍ന്നു ‘Veni Creator’ എന്ന ഗ്രിഗോറിയന്‍ ചാന്റ് അതിമനോഹരമായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ഈ ഗാനത്തെക്കുറിച്ചു അദ്ദേഹം ഒരു വരിയില്‍ പറഞ്ഞു .’പ്രാര്‍ഥിച്ചുകൊണ്ട് ഒന്നു പാടിനോക്കി.’ നമ്മളും പ്രാര്ഥിച്ചുകൊണ്ടു ഈ ഗാനം ഇന്നും പാടുകയാണ്.