പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക ഇടവകയില്‍ പുത്തന്‍വീട്ടില്‍ പരേതരായ റോക്കിയുടെയും മറിയത്തിന്റെയും അഞ്ചു മക്കളില്‍ നാലാമനാണ് കോട്ടപ്പുറത്തിന്റെ നിയുക്ത മെത്രാന് അംബ്രോസ് പിതാവ്. വിശ്വാസകാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തിയ വ്യക്തിയായിരുന്നു പിതാവിന്റെ അമ്മ. ചെറുപ്പം മുതല്‍ എല്ലാ ദിവസവും മക്കള്‍ ദിവ്യബലിയില്‍ പങ്കെടുക്കണമെന്നുള്ള സ്നേഹപൂര്‍വ്വമായ ശാഠ്യം ആ അമ്മയ്ക്കുണ്ടായിരുന്നു. എഴുത്തും വായനയുമറിയാത്ത അമ്മയുടെ ഹൃദയത്തില്‍ ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ജ്ഞാനവെളിച്ചം പ്രോജ്വലിച്ചിരുന്നു. ആത്മീയതയും പള്ളിയുമൊക്കെ കേന്ദ്രീകരിച്ചായിരുന്നു അമ്മയുടെ ജീവിതം.
ജീവിതം പോലെ തന്നെ വിശുദ്ധമായിരുന്നു ആ അമ്മയുടെ മരണവും. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷമാണ് അമ്മ പള്ളിയില്‍ തളര്‍ന്നുവീഴുന്നത്. മൂത്തമകനെ വിളിച്ച് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്ളിയില്‍ വച്ചുതന്നെ മരണപ്പെട്ടു എന്നായിരുന്നു ഡോക്ടറുടെ മൊഴി. ദിവസവും പള്ളിയില്‍ പോകുന്നത് പതിവില്ലായിരുന്ന നിയുക്ത മെത്രാന്റെ അപ്പച്ചിയുടെ ജീവിതം ഇളയ മകന് അംബ്രോസ് സെമിനാരിയില്‍ ചേര്‍ന്നതോടെ വഴിമാറി. എല്ലാ ദിവസവും മകനുവേണ്ടി ആ പിതാവ് ദിവ്യബലിയില്‍ പങ്കെടുക്കുന്നത് ഒരു പതിവാക്കി മാറ്റി. മാതാപിതാക്കളും സഹോദരങ്ങളായ ഏലിയാസ് ജോപ്പനും മേരിയും ട്രീസയും അല്‍ഫോന്‍സയുമാണ് നിയുക്ത ബിഷപ്പിന് വൈദിക ജീവിതത്തിലേക്കുള്ള വഴിയില്‍ ഏറ്റവും വലിയ കരുത്തായി മാറിയത്.
സഹോദരന് അംബ്രോസ് വൈദികനാകുമെന്ന് ചെറുപ്പത്തിലേതന്നെ തോന്നിയിരുന്നുവെന്ന് അംബ്രോസ് പിതാവിന്റെ ജ്യേഷ്ഠന് ഏലിയാസ് ജോപ്പന് പറഞ്ഞു. ആ രീതിയിലായിരുന്നു സഹോദരന്റെ സംസാരവും ജീവിതവുമെല്ലാം. പക്ഷേ മെത്രാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പത്തിലേ മുതല്‍ വൈദികനാകണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു.
ബിഷപ്പായതിനെകുറിച്ച് ചോദിച്ചപ്പോള്‍ അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രാര്‍ഥനയുടെ ഫലം എന്നായിരുന്നു ഉത്തരം. സഹോദരന് അംബ്രോസിന്റെ ഈ വലിയ ദൈവനിയോഗത്തിനു മുമ്പില്‍ കൃതജ്ഞതാപൂര്‍വ്വം തലകുനിക്കുകയാണ് കുടുംബാംഗങ്ങള്‍. എല്ലാവരോടും ചെറുപ്പം മുതലേ വലിയ സ്നേഹത്തോടുകൂടിയാണ് പെരുമാറിയിരുന്നത്. പറയുന്നതിലെല്ലാം ഒരു വ്യക്തതയുണ്ടായിരുന്നു. പറയാന്‍ പറ്റുന്നതു മാത്രമേ പറയുമായിരുന്നുള്ളൂ.
സാധാരണയായി വീട്ടില്‍ വന്നു താമസിക്കാറില്ല. വീട്ടില്‍ സൗഹൃദ സന്ദര്‍ശനം നടത്തി പോകാറാണു പതിവ്. എന്നാല്‍ മാല്യങ്കര സെന്റ് തോമസ് പള്ളിയിലെ കൊടികയറ്റത്തിനു ശേഷം വീട്ടില്‍ വന്ന് ഒരു രാത്രി തങ്ങി. സഹോദരന് ഒരു ദിവസം വീട്ടില്‍ അന്തിയുറങ്ങിയപ്പോള്‍ സന്തോഷമുണ്ടായെങ്കിലും അതില്‍ പ്രത്യേകതയൊന്നും തോന്നിയില്ല. ഇപ്പോള്‍ അത് എന്തിനായിരുന്നു എന്നു മനസിലാകുന്നുണ്ട്. കോട്ടപ്പുറം രൂപതയുടെ മെത്രാനാകാനുള്ള സന്നദ്ധത പരിശുദ്ധ പിതാവിനെ അറിയിച്ചതിനു ശേഷമാണ് അന്ന് വീട്ടില്‍ വന്നു താമസിച്ചത്. ഇനി ഇങ്ങനെ വന്നു നില്ക്കാന് ആകില്ലല്ലോ എന്നു കരുതിക്കാണണം. പതിവുപോലെ സംസാരിക്കുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത് തിരിച്ചുപോകുകയായിരുന്നു.
പഠനകാലത്ത് സെമിനാരിയില്‍ നിന്ന് അവധിക്കു വന്നാലും മുഴുവന്‍ സമയവും പള്ളിയില്‍തന്നെ ആയിരുന്നു. മേലധികാരികള്‍ ഏല്പിക്കുന്ന കാര്യങ്ങളില്‍ അവിടുത്തെ ജോലിതിരക്കുകളില്‍ സന്തോഷം കണ്ടെത്തുന്ന സഹോദരനെയാണ് ഓര്‍ക്കുന്നത്. പള്ളിയിലെ കാര്യങ്ങള്‍ നിര്വഹിക്കുന്നതിലായിരുന്നു വീട്ടിലെ കാര്യങ്ങളെക്കാള്‍ ഏപ്പോഴും ശ്രദ്ധ.
എല്ലാവരോടും വലിയ കരുണ കാണിച്ചിരുന്ന വ്യക്തിയായിരുന്നു അമ്മ. അമ്മയുടെ കരുണയുള്ള മനസ്സാണ് അംബ്രോസ് പിതാവിനു ലഭിച്ചിട്ടുള്ളതെന്നാണ് സഹോദരന് ജോപ്പന്റെ പക്ഷം.
തന്റെ പ്രിയപ്പെട്ട സഹോദരന് ‘അമ്പിക്കുഞ്ഞ്’ വൈദികനാകുമെന്ന് ചെറുപ്പത്തിലേ തന്നെ കരുതിയിരുന്നുവെന്ന് മൂത്തസഹോദരി മേരി പറഞ്ഞു. നന്നേ ചെറുപ്പം മുതല്‍ പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയോടു ചേര്‍ന്നുള്ള ജീവിതമായിരുന്നു സഹോദരന്റേത്. കുഞ്ഞുകുസൃതികള്ക്ക് അപ്പുറം വളരെ ശാന്തനായ, സ്നേഹമുള്ള സഹോദരനായിരുന്നു. സഹോദരിമാരോടെല്ലാം വളരെ സ്നേഹവും അവരുടെ കാര്യത്തില്‍ വലിയ ശ്രദ്ധയുമായിരുന്നു. ഒരിടത്തും അവരെ ഒറ്റയ്ക്കു വിടുമായിരുന്നില്ല. എപ്പോഴും അവര്‍ക്ക് സംരക്ഷകനായി എവിടെപ്പോയാലും കൂടെയുണ്ടാകും. ചെറുപ്പം മുതലേ വളരെ കെയര്‍ ചെയ്യുന്ന ഒരു സഹോദരനായിരുന്നു. ഇതു കണ്ടിട്ടാകണം സഹോദരിമാരുടെ സുഹൃത്തുക്കളും പലപ്പോഴും യാത്രകളില്‍ തങ്ങളുടെ സഹോദരനെ ഒരു കൂട്ടിന് കൂടെ കൂട്ടിയിരുന്നത് എന്ന് സഹോദരി മേരി ഓര്‍മ്മിച്ചു. തയ്യല്‍ പഠിച്ച താന്‍ ആദ്യമായി തയ്ച്ചെടുത്ത ഷര്‍ട്ട് പ്രിയപ്പെട്ട സഹോദരന് സെമിനാരിയില്‍ പോകുന്നതിനുള്ള വെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ട് ആയിരുന്നു. രണ്ടെണ്ണം. അദ്ദേഹം തീര്‍ച്ചയായും ഒരു മെത്രാനാകും എന്ന് തന്റെ ഭര്‍തൃസഹോദരി പലപ്പോഴും അംബ്രോസ് അച്ചനെകുറിച്ച് പറഞ്ഞിരുന്നതും അവര്‍ അനുസ്മരിച്ചു.
ചെറുപ്പം മുതല്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വളരെ പ്രിയങ്കരനായിരുന്നു തങ്ങളുടെ സഹോദരന്. ഗാനാലാപനമത്സരത്തിലും പ്രസംഗമത്സരത്തിനും ചെറിയ ക്ലാസിലേ സമ്മാനാര്‍ഹനായിരുന്നു. അങ്ങനെ ഒരിക്കല്‍ സമ്മാനമായി ലഭിച്ച ഒരു പാത്രം തയ്യല്‍ക്കാരിയായ താന്‍ നൂലും മറ്റു വസ്തുക്കളുമൊക്കെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുകയും പിന്നീട് വിവാഹിതയായശേഷം അത് ഭര്‍തൃഗൃഹത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.
പൊതുവെ ശാന്തസ്വഭാവക്കാരനാണെങ്കിലും വേണ്ടിടത്ത് ഗൗരവസ്വഭാവക്കാരന് തന്നെയാണ് നിയുക്ത ബിഷപ്പെന്നാണ് മൂത്ത സഹോദരിയുടെ ഭാഷ്യം. അതുകൊണ്ട് അദ്ദേഹത്തിന് ദേഷ്യഭാവമാണെങ്കില് ഒഴിഞ്ഞുപോകാനാണ് ശ്രമിക്കാറ്. എങ്കിലും അത്തരം അവസരങ്ങള്‍ വളരെ ചുരുക്കമായിരുന്നു.
ആനന്ദാശ്രുക്കളോടെയാണ് പ്രിയ സഹോദരന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത സഹോദരി ടീസ സ്വീകരിച്ചത്. സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ അനുഭവമായിരുന്നു അതെന്നാണ് സാക്ഷ്യപ്പെടുത്തിയത്. താന്‍ ആദ്യ കുര്‍ബാന സ്വീകരണത്തിനു പഠിക്കാന്‍ പോയപ്പോള്‍ കൂട്ടിനു വേണ്ടിയാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന സഹോദരന് അംബ്രോസിനെ അപ്പച്ചി പറഞ്ഞുവിട്ടത്. അന്ന് അതിനായി പരിശീലിപ്പിച്ചുകൊണ്ടിരുന്ന ജോസേട്ടന് (കെ.കെ. ജോസഫ്) ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരമറിയാതെ താന്‍ എപ്പോഴും പരുങ്ങിനില്‍ക്കുകയായിരുന്നു പതിവ്. എന്നാല്‍ ആ സമയത്ത് ”എന്നോടു ചോദിക്ക്, ഞാന്‍ പറയാം” എന്നു പറഞ്ഞ് കുഞ്ഞുസഹോദരന്‍ അംബ്രോസ് ഭംഗിയായി ഉത്തരം പറയും. സാമ്പത്തിക പ്രശ്നങ്ങള്‍ കൊണ്ടുതന്നെ ഒരാളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം നടത്താനാണ് അപ്പച്ചി ആഗ്രഹിച്ചിരുന്നത്. എങ്കിലും എല്ലാം പഠിച്ച് ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് തയ്യാറായി നില്ക്കുന്ന മകന് അംബ്രോസിന്റെ കഥയറിഞ്ഞ് സഹോദരി ട്രീസയോടൊപ്പം അംബ്രോസിന്റെയും ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കാര്യം സഹോദരി അനുസ്മരിച്ചു. എല്ലാ കാര്യത്തിലും മിടുമിടുക്കനായ കുട്ടിയായിരുന്നു അംബ്രോസ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ക്ലാസിലെ ഏറ്റവും മികച്ച വിദ്യാര്‍ഥി ആയിരുന്നു. അതിന് സമ്മാനവും ലഭിച്ച കാര്യം സഹോദരി ഓര്‍ത്തെടുത്തു. എന്തു കിട്ടിയാലും സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന പ്രിയപ്പെട്ട സഹോദരനെക്കുറിച്ച് പറയാന്‍ നൂറുനാവായിരുന്നു സഹോദരി ട്രീസക്ക്. ഒരു ചെറിയ മിഠായി കിട്ടിയാല്‍ പോലും അത് എല്ലാ സഹോദരങ്ങളുമായി പങ്കുവെക്കുന്നതില്‍ സഹോദരന് അംബ്രോസിന് സന്തോഷമായിരുന്നു. സ്കൂളിലേക്കാണെങ്കിലും പള്ളിയിലേക്കാണെങ്കിലും ആദ്യം എത്തണമെന്ന നിഷ്ഠ സഹോദരനുണ്ടായിരുന്ന കാര്യവും അവര്‍ പറഞ്ഞു. പഠനകാര്യത്തില്‍ മാത്രമല്ല പാഠ്യേതര കാര്യങ്ങളിലും അംബ്രോസ് മിടുക്കനായിരുന്നു. പാട്ടുപാടുന്നതിന് പലപ്പോഴും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സഹോദരന് അംബ്രോസിനും സഹോദരി അല്ഫോന്സയ്ക്കുമൊപ്പം സ്ഥൈര്യലേപനം സ്വീകരിച്ച കാര്യവും സഹോദരി ട്രീസ ഓര്‍മിച്ചു. വലിയൊരു അപകടം പറ്റി കുറെ നാളുകള്‍ ആശുപത്രിയില്‍ കഴിഞ്ഞുകൂടിയപ്പോഴും തന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധവച്ച സഹോദരന്റെ സ്നേഹത്തെപ്പറ്റിയും അവര്‍ വികാരതീവ്രതയോടെയാണ് സംസാരിച്ചത്. കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാനായ അംബ്രോസ് പിതാവിന്റെ സഹോദരി എന്ന നിലയില്‍ തനിക്കും ഒരുപാട് ആശംസകള്‍ ലഭിക്കുന്നുണ്ടെന്ന് ഈ സഹോദരി പറഞ്ഞു.
‘കുഞ്ഞി ചേട്ട’ മെത്രാനായതിലുള്ള വലിയ സന്തോഷത്തിലാണ് സഹോദരി അല്‍ഫോന്‍സ. സഹോദരന് മെത്രാനായി എന്നറിഞ്ഞപ്പോള്‍ സന്തോഷമാണോ സങ്കടമാണോ എന്നു പറയാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു. എന്നും അതിരാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുന്ന സ്വഭാവമായിരുന്നു സഹോദരന്. ചെറുപ്പത്തിലേ മുതല്‍ എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ മുടങ്ങാതെ പങ്കെടുക്കും. ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞതു മുതല്‍ അള്‍ത്താരബാലനായിരുന്നു, അതോടൊപ്പം കപ്യാരുടെ സഹായിയും. പള്ളിയിലെ എല്ലാമെല്ലാമായിരുന്നു സഹോദരന് അംബ്രോസ്. സെമിനാരി അവധിക്കാലത്ത് വീട്ടില്‍ വന്നാല്‍ പള്ളിയില്‍ തന്നെയായിരുന്നു. സഹോദരന് അംബ്രോസ് അവധിക്കു വരുമ്പോള്‍ അദ്ദേഹത്തോടൊപ്പം അമ്മച്ചിയുടെ വീടായ എടവനക്കാടും മൂത്ത സഹോദരിയുടെ സ്ഥലമായ ചേന്ദമംഗലത്തും സഹോദര ഭാര്യയുടെ ഭവനം സ്ഥിതി ചെയ്യുന്ന തേവരയിലും എല്ലാം ഒരുമിച്ച് സന്ദര്‍ശനം നടത്തിയിരുന്നതും സഹോദരി അല്‍ഫോന്‍സ ഓര്‍ത്തെടുത്തു. മാതാവിനോട് വലിയ ഭക്തിയായിരുന്നു സഹോദരന്. അതുപോലെ പേരിനു കാരണക്കാരനായ വിശുദ്ധ അംബ്രോസിനോടും. അതുകൊണ്ടായിരിക്കണം മെത്രാനായ ദിവസംതന്നെ പരിശുദ്ധ മഞ്ഞുമാതാവിന്റെ നടയിലെത്തി അമ്മയുടെ മാധ്യസ്ഥ്യം തേടിയത്. കുര്ബ്ബാനക്കുമുമ്പ് പള്ളിക്കു മുന്‍പിലുള്ള മഞ്ഞുമാതാവിന്റെ കപ്പേളയില്‍ പോയി എല്ലാ ദിവസവും പ്രാര്‍ഥിക്കുമായിരുന്നു. ഈയടുത്ത് കണ്ടപ്പോള്‍ ക്രിസ്മസ് കഴിഞ്ഞ് കുടുംബാംഗങ്ങളെയെല്ലാം ഒരുമിച്ച് ഒരു യാത്ര കൊണ്ടുപോകാം എന്നു പറഞ്ഞിരുന്നു. ഇനി അത് നടക്കില്ലല്ലോ എന്ന് സഹോദരി പറഞ്ഞു.
അമ്മച്ചിയുടെ സഹോദരന് ജോസഫ് കളരിക്കല്‍ ഒരിക്കല്‍ സഹോദരങ്ങള്‍ ഒരുമിച്ചുകൂടിയ സമയത്ത് അമ്മച്ചിയോട് പറഞ്ഞു: ”നിന്റെ മോന് മെത്രാനാകും.” നിയുക്തമെത്രാന് ബെംഗളൂരുവില്‍ തത്ത്വശാസ്ത്ര പഠനം നടത്തുന്ന അവസരത്തിലായിരുന്നു ഈ പ്രവചനം. ഒരു കാര്യം കൂടെ അദ്ദേഹം ഓര്‍മിപ്പിച്ചു, ആ സമയത്ത് താന്‍ മരിച്ചുപോയിട്ടുണ്ടാവും. ”നീ ഇക്കാര്യം അന്ന് ഓര്‍ക്കണം” എന്ന് അമ്മാവന് അന്നു പറഞ്ഞതും സഹോദരി അല്‍ഫോന്‍സ അനുസ്മരിച്ചു. അമ്മാവന്റെ നാവ് പൊന്നാവായിത്തീര്ന്നു എന്നുള്ളതിന് ചരിത്രം തന്നെ സാക്ഷി.
മെത്രാഭിഷേക ദിനമടുക്കുമ്പോള്‍ കുടുംബാംഗങ്ങളെല്ലാം പ്രാര്‍ഥനയിലാണ്. ജപമാല ചൊല്ലിയും കരുണകൊന്ത ചൊല്ലിയും അവര്‍ തങ്ങളുടെ പ്രിയപ്പെട്ട അംബ്രോസച്ചന് കോട്ടപ്പുറം രൂപതയുടെ വലിയ ഇടയനെന്ന ദൗത്യം ദൈവേഷ്ടമനുസരിച്ച് പൂര്‍ത്തീകരിക്കാന്‍ ദൈവതിരുസന്നിധിയില്‍ മുട്ടിപ്പായി പ്രാര്ഥനാനിരതരാകുകയാണ്.